Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ പപ്പായ

papaya

കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. പപ്പയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നുണ്ട്. പറമ്പുകളിൽ സുലഭമായി ഇവ വളരാറുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രാധാന്യം പലരും ഈ ഫലത്തിന് നൽകാറുമില്ല. പക്ഷേ ഗുണത്തിലും രോഗപ്രതിരോധത്തിലും ഏറെ മുന്നിലാണ് പപ്പായ. ഇതറിയാവുന്നവരാകട്ടെ ഇതിനെ ഒരിക്കലും നിസാരവൽക്കരിക്കുകയുമില്ല.

ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിനുകൾ, മിനറലുകൾ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായയിലുള്ളത്. കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ് പപ്പായ.

1. ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ് പപ്പായ. ഇതിലുള്ള പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി സുഗമമയ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീൻ കൊഴുപ്പായി അടിയുന്നതു തടയുന്നതു വഴി ആർത്രൈറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മര‍ദ്ദം തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു.

2. ശരീരഭാരം കുറയ്ക്കാനായി കഷ്ടപ്പെടുന്നവർക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. ഒരു ചെറിയപാത്രം പപ്പായ രാത്രിയിലോ അതിരാവിലെയോ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. പോഷകങ്ങൾ കൂടുതലായി അടങ്ങിയിട്ടുങ്കിലും കാലറി വളരെ കുറവാണ്.

3. അണുബാധയിൽ നിന്നു സംരക്ഷിക്കാനും ഈ ഫലത്തിനു സാധിക്കും. വിരകളെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുള്ളതിനാൽത്തന്നെ അതുവഴി പിടിപെടാനുള്ള രോഗങ്ങളെയും തടയാൻ സാധിക്കും.

4. പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കും.

5. ബ്രെസ്റ്റ്, പാൻക്രിയാസ് തുടങ്ങിയ കാൻസറുകൾക്കെതിരെ പ്രവർത്തിക്കാൻ പപ്പായ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

6. ചർമസംരക്ഷകൻ കൂടിയാകുന്നു പപ്പായ. അതുകൊണ്ടുതന്നെ നിരവധി ക്രീമുകളിലും മസാജിങ്ങിനുമൊക്കെയായി പപ്പായ ഉപയോഗിക്കുന്നുമുണ്ട്.

7. പപ്പായയുടെ കുരുക്കൾ ഹൃദയരോഗ്യത്തിനും ഉത്തമമാണ്.

8. ക്രമം തെറ്റിയുള്ള ആർത്തവം ക്രമീകരിക്കാൻ പച്ച പപ്പായ ഉപയോഗിക്കുന്നുണ്ട്.

9. ഡങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഔഷധമായി പപ്പായ ഇല ഉപയോഗിക്കുന്നുണ്ട്.

10. പപ്പായയുടെ കുരുവിലുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങൾ വൃക്കയുടെ തകരാറുകൾ തടയുകയും കരളിൽ നിന്ന് വിഷാംശങ്ങൾ നീക്കി ശുദ്ധീകരിക്കുകയും ചെയ്യും.

ഗർഭിണികളായവർ പപ്പായ കഴിക്കാൻ പാടില്ല.