Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികൾക്കു പയർ കഴിക്കാമോ?

peas

പയർവിളകൾ അത്ര നിസാരക്കാരല്ല. ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് ഇവയോരോന്നും. 'പാവപ്പെട്ടവരുടെ മാംസ്യം' എന്നാണ് പയറുവർഗത്തിൽപ്പെട്ട ഭക്ഷ്യവസ്തുക്കളെ വിശേഷിപ്പിക്കുന്നത്. കലോറി വളരെ കുറഞ്ഞവയാണു പയറുവർഗങ്ങൾ. അതായത് 100 ഗ്രം പയറിൽ 260 മുതൽ 360 വരെ കിലോ കാലറി മാത്രമേ ഉള്ളു. അതേസമയം, കാർബോഹൈഡ്രേറ്റുകളും ഫൈബറുകളുമൊക്കെ ഇവയിൽ ധാരാളമുണ്ട്. വളരെ സാവധാനമേ പയറുകളുടെ ദഹനം നടക്കൂ. വിശപ്പുമാറ്റാനും പോഷകത്തിനായും ഇവ ഉത്തമമാണ്.

പയർ ഇനത്തിൽപ്പെട്ട വിളകളിലെല്ലാം വൈറ്റമിനുകൾ ധാരാളമുണ്ട്. അമ്മമാർ ഇവ കഴിക്കുന്നത് നവജാതശിശുക്കളിൽ സ്പിന ബൈഫിഡ എന്ന രോഗം ഉണ്ടാകാതിരിക്കാൻ സഹായിക്കും. കുഞ്ഞുങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നതും തളർച്ചയ്ക്കു കാരണമാകുന്നതുമായ ഒരു രോഗമാണിത്. പയർവിളകളിലെ ഇരുമ്പിന്റെ സാനിധ്യം വിളർച്ച പോലുള്ള രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുന്നു. പയർവിഭവങ്ങൾ കഴിക്കുന്നത് എല്ലുകൾക്ക് ബലമുണ്ടാകാൻ സഹായിക്കും. പയറുവർഗങ്ങളിലടങ്ങിയ ഇരുമ്പ് ശരീരത്തിലെ ഓക്സിജൻ ചംക്രമണം വോഗത്തിലാക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. പയർവർഗങ്ങളിലെ ഇരുമ്പ് നമുക്കു നന്നായി കിട്ടണമെങ്കിൽ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണത്തിനൊപ്പം ഇവ കഴിച്ചാൽ മതി. നാരകവർഗത്തിൽപ്പെട്ട ഫലങ്ങൾ വൈറ്റമിൻ സിയുടെ കലവറയാണ്.

ശരീരത്തിലെത്തുമ്പോൾ പഞ്ചസാരയായി മാറുന്ന കാർബോഹൈഡ്രേറ്റുകളുടെ അളവ് പയർവിളകളിൽ വളരെ കുറവാണ്. കുറഞ്ഞ അളവിലുള്ള കൊഴുപ്പും പെട്ടെന്നു ദഹിക്കുന്ന മികച്ച നാരുകളുമാണ് ഇവയിലുള്ളത്. പയറിലുള്ള ധാന്യകങ്ങൾ സങ്കീർണ ഘടനയുള്ളതാണ്. ഇവയെ ലളിതമായ രൂപത്തിലേക്കു മാറ്റിയാലേ ഊർജ്ജം വേർപെടുത്താനാകൂ. അതിനാൽ പയറുവിഭവങ്ങൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അത്ര പെട്ടെന്നു കൂടില്ല. അതിനാൽത്തന്നെ പയർവിഭവങ്ങൾ പ്രമേഹരോഗികൾക്കു ധൈര്യപൂർവം കഴിക്കാം.

വൈറ്റമിൻ ബി, ഫോളിക് ആസിഡ്, നാരുകൾ, പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം എന്നിവയൊക്കെ പയറുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാന്യങ്ങളിൽ 6–12 ശതമാനം മാംസ്യമുള്ളപ്പോൾ പയറിനങ്ങളിൽ ഇത് 20–24 ശതമാനം വരും.

ഹൃദ്രോഗത്തിനു കാരണമാകുന്ന കൊളസ്ട്രോൾ ഇല്ലാതാക്കാൻ പയർവിളകളിലെ നാരുകൾ സഹായിക്കുന്നു. മൈദയ്ക്കും മറ്റും പശപശപ്പു നൽകുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ മിശ്രിതം പയറുകളിൽ ഇല്ല എന്നത് ഇവയുടെ ഗുണങ്ങളിലൊന്നാണ്. കാൻസറിനെപ്പോലും പ്രതിരോധിക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകൾ പയറുകളിൽ ഉണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇവയ്ക്കുള്ളിലെ ഫൈബറുകൾ ശരീരത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടാത്തതിനാൽ ശരീരത്തിനു തൂക്കം പ്രദാനം ചെയ്യുന്നു. ഉദരത്തിൽ അടിയുന്ന വിഷവസ്തുക്കളെയും കൊളസ്ട്രോളിനെയും പുറത്തുകളയാനും ഈ ഫൈബറുകൾ സഹായിക്കും. ഇതിനു പുറമേ മികച്ച ഹൃദയാരോഗ്യം ഉറപ്പുവരുത്താനും പയറുവർഗങ്ങൾ ഉത്തമമാണ്.

പയർ സമീകൃതാഹാരമാണോ?

വൈറ്റമിനുകളുടെയും ധാതുക്കളുടെയും സങ്കേതമാണു പയറുകൾ. പക്ഷേ ഇവയെ സമീകൃതഭക്ഷണം എന്നു വിളിക്കാറില്ല. ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട അമിനോആസിഡുകളിൽ രണ്ടെണ്ണം പയറുകളില്ല എന്നതാണു കാരണം.

പയർ ഗ്യാസുണ്ടാക്കുമോ?

ചില പയർവിഭവങ്ങൾ കഴിച്ചാൽ വയർ 'ഭും' എന്നു വീർത്ത്, നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലെത്തും. പയറിലെ ആർ.ഒ.എഫ് എന്ന ഒളിഗോസാക്കറൈഡാണ് ഇവിടെ വില്ലൻ. ഇത് ദഹനത്തെ തടസപ്പെടുത്തി വയറ്റിൽ ഗ്യാസ് നിറയ്ക്കുന്നു. പയറിലുള്ള ട്രിപ്സിൻ ഇൻഹിബിറ്റേഴ്സ്, ട്രിപ്സിൻ എന്ന എൻസൈമിന്റെ പ്രവർത്തനങ്ങളെ തടഞ്ഞ് പ്രോട്ടീനുകളുടെ ദഹനത്തെ തടസപ്പെടുത്തും. പയറിലുള്ള ഫൈറ്റിക് ആസിഡ് കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുമായി കൂടിച്ചേരുന്നതോടെ കുടലിന് അവയെ വലിച്ചെടുക്കാൻ കഴിയാതെ വരുന്നു. വൈറ്റമിൻ ബിയുടെ ആഗിരണത്തിനും ഫൈറ്റിക് ആസിഡ് ഒരു തടസമാണ്.