Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ ഇളനീർ

tender-coconut

ഇളനീരിന് ഗുണങ്ങളേറെയാണ്. ക്ഷീണമകറ്റി ഉൻമേഷം സ്വന്തമാക്കാൻ പ്രകൃതിദത്തമായ ഈ പാനീയം കുടിച്ചാൽ മതി. കരിക്കിൻ വെള്ളത്തിൽ ധാരാളം ആന്റി ഓക്സിഡന്റ്സും മിനറൽസും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, ബി- കോംപ്ലക്സ് വൈറ്റമിനുകൾ, പൊട്ടാസ്യം, കാൽസ്യം, അയൺ, മാംഗനീസ് എന്നിവയാൽ സമൃദ്ധമാണിത്.

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കരിക്കിൻ വെള്ളം കുടിച്ചാൽ മതി. പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന ചുളിവുകൾ തടയാനും കരിക്കിൻ വെള്ളത്തെ കൂട്ടു പിടിക്കാം. മികച്ച ദാഹശമിനിയാണിത്. നിർജലീകരണം തടയാൻ ഇളനീരിനു കഴിയും. അതിസാരം, കടുത്ത ഛർദിമുലമുള്ള നിർജലീകരണം എന്നിവ തടയാൻ രോഗികൾക്ക് ധാരാളം ഇളനീരു കുടിക്കാൻ കൊടുക്കാം. ദഹനക്കേടിനു പ്രതിവിധിയായും ഇതുപയോഗിക്കാം.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാൻ ഇളനീരിനു കഴിയും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഇളനീരിനെ ആശ്രയിക്കാം. ഹൃദയത്തിലെ മോശം കൊളസ്ട്രോളിന്റെ ( എൽഡിഎൽ) അളവു കുറച്ച് നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവു കൂട്ടി ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇളനീരിനു കഴിയും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആഴ്ചയിൽ മൂന്നു നാലു തവണ ഇളനീരു കുടിച്ചാൽ മതി. മൈഗ്രേൻ പോലുള്ള കടുത്ത തലവേദന അകറ്റാൻ ഇളനീരു കുടിച്ചാൽ മതി. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം കടുത്ത തലവേദന നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഇളനീരിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. പ്രമേഹ രോഗികളുടെ ശരീരഭാരം നിയന്ത്രിക്കാനും കൈകാലുകളിലെ മരവിപ്പകറ്റാനും ഇളനീരിനു കഴിയും.

മൂത്രാശയ രോഗങ്ങൾക്കൊരു പരിഹാര മാർഗമാണിത്. മൂത്രാശയ അണുബാധ ഒഴിവാക്കാൻ ഇളനീരു കുടിക്കാം. മൂത്രാശയ കല്ലിനെ പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇളനീരിനു കഴിയും.