Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം

cabbage-brinjal-tomato കാബേജ്, വഴുതനങ്ങ, തക്കാളി

നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാകാത്തതാണു പച്ചക്കറികൾ. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മറ്റും പച്ചക്കറികളിലുണ്ട്. സസ്യാഹാരത്തെക്കാൾ മാംസാഹാരം ഇഷ്‌ടപ്പെടുന്നവരാണു നമ്മളിൽ പലരും. എന്നാൽ മാംസാഹാരത്തെക്കാൾ ഏറെ പോഷകാംശമുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതും ഔഷധഗുണമുള്ളതുമാണു സസ്യാഹാരം.

പച്ചക്കറികൾ എല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകണം. എന്നാൽ നമ്മൾ കടയിൽനിന്നു വാങ്ങുന്ന പല പച്ചക്കറികളും കീടനാശിനികളുടെ വിഷാംശം നിറഞ്ഞതാണ്. കടയിൽനിന്നു വാങ്ങിയവ നന്നായി കഴുകാതെ പാകം ചെയ്യുന്നത് അപകടകരമാണ്.

നാം സാധാരണയായി ആഹാരമാക്കുന്ന ചില പച്ചക്കറികളെപ്പറ്റി കൂടുതലറിയാം.

കാബേജ്

പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. ഇതു തോരൻ, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാനുപയോഗിക്കുന്നു. ഇതിൽ വൈറ്റമിൻ എ, ബി–2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും അടങ്ങിയിരിക്കുന്നു. കണ്ണിനു കാഴ്‌ചശക്‌തി കൂടുന്നതിനും മുടി വളരുന്നതിനും നല്ലതാണ്. കാബേജ് കഴിക്കുന്നതു പ്രമേഹരോഗികൾക്കു ഗുണകരമാണ്.

വഴുതനങ്ങ

വെളുത്ത നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും വഴുതനങ്ങ കാണാറുണ്ട്. വഴുതനങ്ങയിൽ 92.7 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഒപ്പം പ്രോട്ടീൻ, നേരിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, കാർബോ ഹൈഡ്രേറ്റ് എന്നിവയുമുണ്ട്. വിറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വിറ്റമിൻ സി എന്നിവയും അടങ്ങിയിരിക്കുന്നു.

വഴുതനങ്ങ കഴിക്കുന്നത് രക്‌തത്തിലെ കൊളസ്‌ട്രോൾ താഴുന്നതിനും കരളിന്റെ തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. മഞ്ഞപ്പിത്തമുള്ളവർക്കു വഴുതനങ്ങ
ഗുണകരമാണത്രെ. ആസ്‌ത്‌മയ്‌ക്കു വഴുതനയിലയുടെ നീരു ഗുണപ്രദമാണ്. ഇലയും ജീരകവും ചേർത്തരച്ചു തേങ്ങാപ്പാലിൽ ചേർത്തു വെറുംവയറ്റിൽ കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകുമത്രേ.

തക്കാളി

നേർത്ത പുളിരസമുള്ള ഇതിന്റെ കായ് പച്ചയായും പഴുത്ത അവസ്‌ഥയിലും കറികളിൽ ചേർക്കുവാനുപയോഗിക്കുന്നു. പഴം പാകം ചെയ്യാതെയും കഴിക്കാവുന്നതാണ്.

തക്കാളിപ്പഴത്തിൽ ജലാംശം, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്‌ഫറസ്, വൈറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വൈറ്റമിൻ സി, വൈറ്റമിൻ കെ എ ന്നിവ അടങ്ങിയിരിക്കുന്നു. തക്കാളി കഴിക്കുന്നതു രക്‌തശുദ്ധിക്കും നാഡികൾക്കു ശക്‌തിയും പുഷ്‌ടിയുമുണ്ടാകുന്നതിനും നല്ലതാണ്. കൂടാതെ രക്‌തം ഉണ്ടാകുന്നതിനും അനീമിയ (വിളർച്ച) യെ തടയുന്നതിനും ഇതു സഹായിക്കുന്നു. മുഖകാന്തിയും ശരീരകാന്തിയുമുണ്ടാകുന്നതിനു തക്കാളിനീര് ഉപയോഗപ്രദമാണ്. കുട്ടികളുടെ വളർച്ചയ്‌ക്കും ബുദ്ധിവികാസത്തിനും തക്കാളി സ്‌ഥിരമായി കഴിക്കുന്നതു നല്ലതാണ്. ഇതൊരു ദഹനസഹായിയുമാണ്.

ത്വക്ക് രോഗങ്ങളും മോണരോഗങ്ങളും അകറ്റാനും പല്ല് ഉറയ്‌ക്കാനും പഴുത്ത തക്കാളി തിന്നുന്നതു നല്ലതാണ്. രക്‌തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന റെലക്കോപ്പിൻ ഒരു ശക്‌തമായ ആന്റി ഓക്‌സിഡന്റാണ്.

ഇതു പ്രോസ്‌ട്രേറ്റ് കാൻസർ തടയുന്നു. ത്വക്കിന് അൾട്രാവയലറ്റ് രശ്‌മികളിൽനിന്നു സംരക്ഷണം നൽകുവാനും യുവത്വത്തോടെ സൂക്ഷിക്കാനും തക്കാളിക്കു കഴിയും.

കോളിഫ്ലവർ

കാബേജിന്റെ കുടുംബത്തിൽ പെട്ട കോളിഫ്ലവർ കറികളുണ്ടാക്കിയും സൂപ്പായും സലാഡായും ഉപയോഗിക്കപ്പെടുന്നു. കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സൾഫർ അടങ്ങിയ സൾഫോ റാഫെയ്‌ൻ എന്നിവയും ഇതിലുണ്ട്.

കോളിഫ്ലവറിലടങ്ങിയ സൾഫോറാഫെയ്‌ൻ കാൻസർ സ്‌റ്റം സെല്ലുകളെ നശിപ്പിക്കാൻ സഹായകമാണ്. ഇതിലുള്ള കോളിൻ ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും കാക്കുന്നു.

cauliflower-cucumber-bottle-gourd കോളിഫ്ലവർ, വെള്ളരി, ചുരയ്‌ക്ക

വെള്ളരി

മനോഹരമായ ഓറഞ്ചു കലർന്ന മഞ്ഞനിറത്തിലും പച്ചനിറത്തിലും വെള്ളരിയിനങ്ങൾ ഉണ്ട്. ഇവയിൽ മഞ്ഞനിറത്തിലുള്ളത് വിഷുവിനു കണി വയ്‌ക്കാനുപയോഗിക്കുന്നതിനാൽ കണിവെള്ളരി എന്നാണറിയപ്പെടുന്നത്. സലാഡ്, അവിയൽ, സാമ്പാർ, തോരൻ എന്നീ ഭക്ഷ്യവിഭവങ്ങളിൽ വെള്ളരിക്ക ചേർക്കാറുണ്ട്. വെള്ളരി ജ്യൂസ് ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ സഹായകമാണ്. വെള്ളരിനീരോ വെള്ളരിനീരിൽ അതിന്റെ കുരു അരച്ചുചേർത്തതോ അടിവയറ്റിൽ പുരട്ടുന്നത് മൂത്രതടസ്സമുള്ളവർക്കു വേദനകൂടാതെ മൂത്രം പോകുന്നതിനു സഹായിക്കും. വെള്ളരിനീരു കഴിക്കുന്നതു പ്രമേഹരോഗികൾക്കു നല്ലതാണ്.

ചുരയ്‌ക്ക

ചുരയ്‌ക്കയെ നാടൻഭാഷയിൽ കഴുത്തൻകായ് എന്നും വിളിക്കാറുണ്ട്. ചുരയ്‌ക്ക വളരെയേറെ പോഷകാംശമുള്ള ഒരു പച്ചക്കറിയാണ്. ഇതിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വൈറ്റമിൻ ബി–1 (തയമിൻ), ബി–2 (റിബോഫ്ലാവിൻ), ബി–3 (നിയാസിൻ), ബി–5 (പാന്റോതെനിക് ആസിഡ്), ബി 6, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ചുരയ്‌ക്കാനീരു പതിവായി കഴിക്കുന്നതു ശരീരത്തിന്റെ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. നിത്യേന ചുരയ്‌ക്കാനീരു രാവിലെ കഴിച്ചാൽ അകാലനര ഒഴിവാക്കാം. പുതുതായി തയാറാക്കിയ ചുരയ്‌ക്കാനീരു നാരങ്ങാനീരിൽ ചേർത്തുകഴിച്ചാൽ മൂത്രാശയത്തിലെ അണുബാധ ഒഴിവാക്കാം. ചുരയ്‌ക്കാനീരിൽ എള്ളെണ്ണ ചേർത്തു കഴിക്കുന്നത് ഇൻസോമ്‌നിയയ്‌ക്കു (ഉറക്കമില്ലായ്മ) ഔഷധമാണ്.

വെണ്ടയ്‌ക്ക

വെണ്ടയ്‌ക്കാ മെഴുക്കുപുരട്ടിയും വെണ്ടയ്‌ക്കാ സൂപ്പും കേരളീയർക്ക് ഇഷ്‌ടമാണ്. വെണ്ടയ്‌ക്കയിൽ വിറ്റമിൻ എ, വിറ്റമിൻ സി എന്നിവയും ഇരുമ്പും ധാരാളം അടങ്ങിയിരിക്കുന്നു.

ഒരു കിലോ ആട്ടിറച്ചിയിൽനിന്നു ലഭ്യമാകുന്ന പോഷകാംശം ഒരു കിലോ വെണ്ടയ്‌ക്കയിൽനിന്നു ലഭ്യമാകുമത്രെ. ഇതു ധാതുക്ഷയം, ക്ഷീണം, രക്‌തക്കുറവ്, മലബന്ധം, വാതം, നടുകഴപ്പ്, വിളർച്ച തുടങ്ങിയ രോഗാവസ്‌ഥകൾക്കു മറുമരുന്നാണ്.

വെണ്ടയ്‌ക്കാ സൂപ്പ് തൊണ്ടയ്‌ക്ക് സൗഖ്യവും മൂത്രവർധനയും ഉണ്ടാക്കും. ദിവസേന വെണ്ടയ്‌ക്കാ സൂപ്പു കഴിച്ചാൽ നടുവേദനയ്‌ക്കു ശമനമുണ്ടാകും. മറ്റു ചില ഔഷധക്കൂട്ടുകളോടൊപ്പം വെണ്ടയ്‌ക്ക സൂപ്പ് ചേർത്തു കഴിച്ചാൽ വാതരോഗം മാറിക്കിട്ടും. എന്നാൽ ബ്ലഡ് പ്രഷറുള്ളവർക്കു വെണ്ടയ്‌ക്ക അധികം കഴിക്കുന്നതു നന്നല്ല എന്നു പറയാറുണ്ട്. വെണ്ടയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല.

okra-potato-pumpkin വെണ്ടയ്‌ക്ക, ഉരുളക്കിഴങ്ങ്, മത്തങ്ങ

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ജലാംശത്തോടൊപ്പം പ്രോട്ടീൻ, ഭക്ഷ്യനാര്, കാർബോ ഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്‌ഫറസ്, പൊട്ടാസ്യം, വിറ്റമിൻ എ, തയാമിൻ, വിറ്റമിൻ സി, ഓക്‌സാലിക് ആസിഡ്, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. അവിയൽ, തോരൻ, തീയൽ, സാമ്പാർ തുടങ്ങിയവയിൽ ചേർക്കുന്നതിനൊപ്പം സ്‌റ്റ്യൂ, ചിപ്‌സ്, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു. ബോണ്ട, മസാലദോശ തുടങ്ങിയ പലഹാരങ്ങളിലും ഇതുപയോഗിക്കുന്നു.

മത്തങ്ങ

മത്തയുടെ തളിരിലയും പൂവും തോരൻ വയ്‌ക്കാനുപയോഗിക്കുന്നു. ഇതു ദഹനത്തിനും വായുകോപത്തിനും മറുമരുന്നായും, വിശപ്പില്ലായ്‌മ പരിഹരിക്കുന്നതിനും നല്ലതാണ്. മത്തങ്ങയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കരോട്ടിൻ, വൈറ്റമിൻ എ, ബി, സി എന്നിവയും ഇതിലുണ്ട്.

കേരളീയരുടെ ഇഷ്‌ടവിഭവമാണ് മത്തങ്ങാ എരിശേരി. കൂടാതെ മത്തങ്ങാ ഹൽവ, മത്തങ്ങ നേർത്ത ചുണ്ണാമ്പുവെള്ളത്തിലിട്ട് പതം വരുത്തിയശേഷം ഉരുകിയ ശർക്കരയിലിട്ടു വരട്ടിയുണ്ടാക്കുന്ന മത്തങ്ങാവരട്ടി എന്നിവയും ചിലയിടങ്ങളിൽ തയാറാക്കുന്നുണ്ട്.

കുമ്പളങ്ങ

കുമ്പളങ്ങയിൽ 95% ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ചെറിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. കുമ്പളങ്ങ രണ്ടിനമുണ്ട്. ഇതിൽ നെയ്‌ക്കുമ്പളം എന്നറിയപ്പെടുന്ന ചെറിയ കുമ്പളം പതിവായുപയോഗിച്ചാൽ ക്ഷയരോഗത്തിന് ആശ്വാസം ലഭിക്കും. കൂടാതെ അത് രക്‌തദോഷം, പിത്തം എന്നിവ കുറയ്‌ക്കാനും സഹായകമാണ്.

പിത്തം, വാതം, മലബന്ധം, രക്‌തദോഷം, പ്രമേഹം എന്നിവയ്‌ക്ക് ഔഷധമാണ് വലിയ കുമ്പളം. ചില ആയുർവേദ മരുന്നുകളുടെ ഒരു ഘടകമാണു കുമ്പളങ്ങ.

അവിയൽ, സാമ്പാർ തുടങ്ങിയ കറികളിൽ ചേർക്കുന്നതു കൂടാതെ തോരൻ വയ്‌ക്കാനും കുമ്പളങ്ങ ഉപയോഗിക്കുന്നു.

പച്ചമുളക്

പച്ചമുളകിൽ വിറ്റമിൻ എയും സിയും ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ തോതിൽ ചെമ്പിന്റെ അംശവുമുണ്ട്. കൂടാതെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, വിറ്റമിൻ ബി എന്നിവയും അടങ്ങിയിട്ടുണ്ട്.

ash-gourd-chilli-beetroot കുമ്പളങ്ങ, പച്ചമുളക്, ബീറ്റ്‌റൂട്ട്

അജീർണം, അഗ്നിമാന്ദ്യം, അതിസാരം എന്നിവയ്‌ക്ക് മുളക് ഔഷധമാണ്. കുടലിലെ വായു കോപം ഒഴിവാക്കുന്നതിനും മുളകു നല്ലതാണ്. കാന്തിരിമുളക് രക്‌തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനു സഹായകമാണ്.

ഒട്ടേറെ ഗുണങ്ങളുണ്ടെങ്കിലും മുളക് ധാരാളമായി ഉപയോഗിക്കുന്നതു നന്നല്ല.

ബീറ്റ്‌റൂട്ട്

ഇതിന്റെ ഇലയും കിഴങ്ങും കറികൾക്ക് ഉപയോഗിക്കുന്നു. ഇളം മധുരം കലർന്ന രുചിയാണ് ബീറ്റ്‌റൂട്ടിന്. ഇതിന്റെ ഇലയിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഓക്‌സാലിക് ആസിഡ്, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തയമിൻ, റിബോഫ്ലാവിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് ഇലയും കിഴങ്ങും ആഹാരമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും വിറ്റമിൻ സി, കാൽസ്യം തുടങ്ങിയവയുടെ അപര്യാപ്‌തതയുള്ളവർക്ക് ഇതു കഴിക്കുന്നത് ഏറെ ഫലപ്രദം.

ക്യാരറ്റ്

ഇളം ഓറഞ്ചുനിറമുള്ള ക്യാരറ്റ് പച്ചയ്‌ക്കും കറിവച്ചും കഴിക്കാറുണ്ട്. ഇതിൽ വൈറ്റമിൻ എ, ബി, സി എന്നിവ കൂടാതെ അയൺ, ഫോസ്‌ഫറസ്, സൾഫർ അടങ്ങിയിരിക്കുന്നു. ക്യാരറ്റിലുള്ള പോഷകഘടകങ്ങളുടെ സാന്നിധ്യംകൊണ്ട് അതിനെ ‘ടോണിക് ട്യൂബർ’ എന്നു വിളിക്കാറുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഇഷ്‌ടമായ ക്യാരറ്റുകൊണ്ടു തോരനുണ്ടാക്കാറുണ്ട്. ക്യാരറ്റ് ജൂസുണ്ടാക്കിയും ഉപയോഗിക്കുന്നു. കുട്ടികൾക്കു ബുദ്ധിവികാസത്തിനും വളർച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നതു നല്ലതാണ്.

രക്‌തക്കുറവ്, വിളർച്ച, മൂത്രമൊഴിക്കുമ്പോൾ ചുട്ടുനീറ്റൽ തുടങ്ങിയവയ്‌ക്കു ക്യാരറ്റ് ഔഷധമാണ്. ഹൃദ്രോഗത്തിന് ഇതു ഫലപ്രദമായ മരുന്നാണ്. നിത്യേന ക്യാരറ്റ് ജൂസുപയോഗിച്ചാൽ ഹൈപ്പർ അസിഡിറ്റി മാറും. കരൾ രോഗങ്ങൾ, മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങൾ, വയറെരിച്ചിൽ, വയറുകടി എന്നിവയ്‌ക്കും ഇതു സിദ്ധൗഷധമത്രേ. ക്യാരറ്റ് സൂപ്പ് ക്ഷയരോഗത്തിനു നല്ലതാണ്. നാഡീരോഗങ്ങൾ ഒഴിവാക്കാനും ക്യാരറ്റ് പ്രയോജനപ്പെടുന്നു.

carrot-drumstick ക്യാരറ്റ്, മുരിങ്ങയ്‌ക്ക

മുരിങ്ങയ്‌ക്ക

മുരിങ്ങയുടെ ഇലയും പൂവും കായും ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയിലയിൽ വൈറ്റമിൻ എയും സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറി വച്ചും സൂപ്പുണ്ടാക്കിയും മുരിങ്ങയില കഴിക്കാറുണ്ട്. മുരിങ്ങയ്‌ക്ക സസ്യ വിഭവങ്ങളിലും മാംസ വിഭവങ്ങളിലും ചേർത്ത് ഉപയോഗിക്കാറുണ്ട്.

അവിയൽ, തോരൻ, സാമ്പാർ, തീയൽ തുടങ്ങിയ സസ്യ വിഭവങ്ങളിലും മീൻകറി, ഉണക്കമീൻ തോരൻ എന്നീ മാംസ്യ വിഭവങ്ങളിലും മുരിങ്ങയ്‌ക്ക ചേർക്കാറുണ്ട്.

മുരിങ്ങക്കയിലും മുരിങ്ങയിലയിലും ജലാംശത്തോടൊപ്പം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കാൽസ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, നിക്കോട്ടിനിക് ആസിഡ്, പ്രോലമിൻ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. മുരിങ്ങപ്പൂവ് തോരൻ വച്ചു കഴിക്കാറുണ്ട്. ഇതിൽ നേർത്ത അളവിൽ ആൽക്കലോയ്‌ഡും കാൽസ്യവും കൊഴുപ്പും അടങ്ങിയിരിക്കുന്നു.

മുരിങ്ങയില സ്‌ഥിരമായി കഴിക്കുന്നതു രക്‌തക്കുറവിനും രക്‌തസമ്മർദത്തിനും മരുന്നാണ്. ഇലയുടെ നീരിൽ തേൻ ചേർത്തു കഴിച്ചാൽ ബ്ലഡ് പ്രഷർ കുറയും. മുരിങ്ങയില അരച്ചു പുരട്ടിയാൽ എളുപ്പത്തിൽ മുറിവുണങ്ങും. മുരിങ്ങയിലയും ഉപ്പും ചേർത്തരച്ചു പുരട്ടുന്നതു ശരീരഭാഗങ്ങളിലെ നീര് ശമിപ്പിക്കും. മുരിങ്ങക്കുരുവിൽനിന്നുള്ള എണ്ണ ആമവാതം, പെരുമുട്ടുവാതം എന്നിവ കുറയ്‌ക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.