Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യകരമായ ചമ്മന്തികള്‍

chammanthi

ഉപ്പും മുളകും ഉള്ളിയും തേങ്ങയും ചേര്‍ത്ത് കല്ലില്‍ വച്ച് മെല്ലേ ചതച്ചെടുത്താല്‍ നാവില്‍ വെള്ളമൂറുന്ന ചമ്മന്തി റെഡി. ഉപ്പിനും ഉള്ളിക്കും മുളകിനുമൊപ്പം പുളിയോ മാങ്ങയോ വെളുത്തുള്ളിയോ ഇഞ്ചിയോ ചേര്‍ത്തും ചമ്മന്തി അരയ്ക്കാം. ഇവയോടൊപ്പം തേങ്ങ ചേര്‍ത്തും ചമ്മന്തിയാക്കാം. ചമ്മന്തിയുടെ ചേരുവ അനുസരിച്ച് പോഷകങ്ങള്‍ കൂടിയും കുറഞ്ഞും വരും. വേവിക്കാതെ തയാറാക്കുന്നതിനാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുമില്ല. കറിവേപ്പില കൂടുതലായി ചമ്മന്തിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ വര്‍ധനവു കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ശമിക്കുന്നു. ഇലക്കറി കഴിക്കുന്നതിന്റെ ഗുണവും ലഭിക്കും. ബലം, ആയുസ്, ബുദ്ധി എന്നിവ കൂടും. ചുവന്നുള്ളിയുടെ ഉപയോഗം പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം, ക്ഷയം എന്നീ രോഗങ്ങളെ പ്രതിരോധിക്കും. ഇരുമ്പിന്റെ അംശം പുളിയില്‍ വളരെ കൂടുതലുള്ളതിനാല്‍ വിളര്‍ച്ച ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. കുടംപുളി കഴിക്കുന്നതു വഴി വയറിന്റെ ശുദ്ധീകരണം നടക്കും. പച്ചമുളകിന്റെ ഉപയോഗം വിറ്റമിന്‍ സി ലഭ്യമാക്കും. കാന്താരിമുളക് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒരുപരിധി വരെ നല്ലതാണ്. പക്ഷേ, വറ്റല്‍ മുളകിന്റെ നിത്യോപയോഗം ശരീരം ശോഷിപ്പിക്കുന്നു. പുളിക്കു പകരം ചെറുനാരങ്ങ ചേര്‍ത്ത ചമ്മന്തിയാണെങ്കില്‍ വിറ്റമിന്‍ സിയുടെ അളവ് ധാരാളം ഉണ്ടായിരിക്കും. വെളുത്തുള്ളി ദഹനത്തെ സഹായിക്കുന്നു. കൊളസ്ട്രോളും കുറയ്ക്കും. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നീ ചേരുവകളടങ്ങിയ ചമ്മന്തി പതിവായി കഴിക്കുന്നത് രോഗപ്രതിരോധത്തിന് നന്ന്.

ദോഷമുണ്ടോ: പച്ചക്കറികള്‍ കഴിക്കാതെ ചമ്മന്തി മാത്രം കറിയായി ഉപയോഗിച്ചാല്‍ പോഷക നഷ്ടത്തിനിടയാക്കാം. വിളര്‍ച്ചയ്ക്കും കാരണമാകും. അധികം എരിവു ചേര്‍ക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് വറ്റല്‍ മുളകിന്റെ അളവു കുറച്ചു മതി. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ പതിവായി തേങ്ങ അരച്ച ചമ്മന്തി കഴിക്കരുത്. ചമ്മന്തിക്കായി മുളകും മറ്റും എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ചുട്ടെടുക്കുന്നതാണ്.

_ഷൈജി ഡയറ്റീഷ്യന്‍, ഇ എം എസ് ആശുപത്രി, പെരിന്തല്‍മണ്ണ_

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.