Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേൻ വെള്ളത്തിൽ കലർത്തി കുടിച്ചാൽ?

Honey

തേൻ പോലെ മധുരിക്കുക എന്നാണു പറയാറുള്ളത്. അതുകൊണ്ട് മധുരത്തിന്റെ നിർവചനം പോലും തേൻ ആണോ എന്നു തോന്നിപ്പോകുന്നു. പ്രകൃതി നമുക്കായി ഒരുക്കിത്തന്ന, അത്രയേറെ രുചികരമായ വിഭവമാണ് സ്വർണനിറമുള്ള ഈ ദ്രാവകം. രുചിക്കു മാത്രമല്ല, വളരെ പണ്ടുമുതൽക്കേ തേനിന‍ു ഗൃഹചികിത്സയിലും വലിയ സ്ഥാനമ‍ാണുള്ളത്.

ഒരു വയസ്സാകും മുമ്പ് നൽകേണ്ട

തേനിൽ നിന്നും കിട്ടുന്ന മധുരം ഫ്രക്ടോസിൽ നിന്നും ഗ്ലൂക്കോസിൽ നിന്നും ലഭിക്കുന്നതാണ്. പഞ്ചാസാരയിൽ നിന്നും ലഭിക്കുന്ന മധുരത്തിന്റെ അതേ അളവിൽ തന്നെ തേനിൽ നിന്നും മധുരം ലഭിക്കും തേനിൽ വെള്ളത്തിന്റെ അംശം വളരെ കുറവായതുകൊണ്ടു സൂക്ഷ്മജീവികൾ വളരുന്നില്ല. ആന്റിബാക്ട‍ീരിയലായും ആന്റിഫംഗലായും ആന്റിസെപ്ടിക്കായും തേൻ ഉപയോഗിക്കാം. എന്നാൽ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കു തേൻ സുരക്ഷിതമല്ല. ചില ബാക്ടീരിയകളുടെ പ്രവർത്തനം മൂലം വിഷഘടകം ഉണ്ടാകുന്നതിനാൽ കുഞ്ഞുങ്ങൾക്ക് അത് അപകടകരമാണ്. രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നവര‍ായതിനാൽ പ്രതികൂലമായി ബാധിക്ക‍ാം.

അന്നജവും പോഷകങ്ങളും

അന്നജത്തിന്റെ നല്ലൊരു സ്രോതസ്സാണു തേൻ പാചകത്തിനും ബേക്കിങ്ങിനും പുഡ്ഡിങ്ങുകൾക്കും ഇത് ഉപയോഗ‍ിക്കുന്നു. ജലാംശത്തിന്റെ അളവ് 20%ത്തോളം മാത്രമേയുള്ളൂ. ജലത്തിന്റെ അളവു കുറയുന്നതനുസരിച്ചു തേനിന്റെ ഗുണം കൂടുതലാണ്. ഫ്രക്ടോസിന്റെ അളവു കൂടുന്നതനുസരിച്ച് തേനിന്റെ മധുരം കൂടുന്നു. വൈറ്റമിൻ B6, നിയാസിൻ, റൈബോഫ്ല‍േവിൻ എന്നിവയും ചില അമിനോ ആസിഡുകളും കാൽസ്യം, കോപ്പർ, അയൺ, മാംഗനീസ്, മഗ്നീഷ്യം, സ‍ിങ്ക് മുതലായ ധാതുക്കളും ചെറിയ അളവിലാണെങ്കിലും തേനിലുണ്ട്.

100 ഗ്രാം തേനിൽ 20 ഗ്രാം ജലാംശം ഉണ്ട്. കൂടാതെ 0.3 ഗ്രാം പ്രോട്ടീനും 0.2 ഗ്രാം ധാതുക്കളും 79 ഗ്രാം കാർബോഹൈഡ്രേറ്റും 0.696 മി.ഗ്രാം അയണും ലഭ്യമാണ്. ഊർജത്തിന്റെ അളവു 349 കാലറിയാണ്. കാൽസ്യം അഞ്ചു മി.ഗ്രാമും ഫോസ്ഫറസ് 16 മി.ഗ്രാമും തേന‍ിൽ അടങ്ങിയിരിക്കുന്നു.

തേൻ ചികിത്സയ്ക്ക്

പുരാതന പാരമ്പര്യചികിത്സയിലും ആയുർവേദത്തിലും തേൻ പ്രധാന ഘടകമാണ്. കഴിക്കുന്ന രീതിയനുസരിച്ചു ശരീരത്തിൽ തേൻ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.

വെള്ളത്തിൽ കലർത്തി തേൻ കുടിക്കുന്നതു ചുവന്ന രക്താണുക്കളുടെ അളവു കൂടുന്നതിനു സഹായിക്കുന്നു. വിളർച്ചാ രോഗത്തിന്റെ ലക്ഷണങ്ങളായ ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാൻ സഹായിക്കും. ഹീമോഗ്ലോബിന്റെ അളവു കൂടുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. തേനിൽ കാണുന്ന ഡെസ്ക്റ്റിൻ (Desctin) എന്ന അന്നജഫൈബർ പ്രമഹരോഗികൾക്ക് അനുകൂല ഘടകമായി പറയുന്നുണ്ടെങ്കിലും ഇതു ശരിയല്ല.

പഞ്ചസാരയ‍ിൽ നിന്നും തേനിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവ് ഏകദേശം ഒരുപോലെയാണ്. തേനും പഞ്ചസാരയും ഒരേ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ തേനിൽ നിന്നും ലഭിക്കുന്ന ഊർജം കൂടുതലായിരിക്കും. തേനിന്റെ സാന്ദ്രത കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രതിരോധശക്തിക്ക്‌

ശരീരത്തിലെ എല്ലാം വ്യാവസ്ഥകളുടെയും സുഗമമായ പ്രവർത്തനത്തിന‍ു തേൻ വളരെ നല്ലതാണ്. തേനിലുള്ള ആന്റിഒാക്സിഡന്റുകൾ ശരീരത്ത‍ിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. വളരെ വർഷങ്ങൾക്കു മുമ്പേ തന്നെ മുറിവുകൾ പെട്ടെന്നുണങ്ങുന്നതിനു തേൻ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു ആന്റിസെപ്ടിക്കായി പ്രവർത്തിക്കുന്നതിനാൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ തേൻ സഹായിക്കും.

ദഹനവ്യവസ്ഥയുടെ പ്രവർത്തനം നന്നായി നടക്കുന്നതിനു തേൻ നല്ലതാണ്. പെട്ടെന്ന് ആഹാരം ദഹിപ്പിക്കുന്നതിനും തേനിനു കഴിവുണ്ട്. ആസ്മ പോലുള്ള ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുടരെയുള്ള ഉപയോഗം സഹ‍ായിക്കും. ചെറിയ രീതിയിലുള്ള തെ‍ാണ്ടവേദനയ്ക്ക് ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്തുണ്ടാക്കുന്ന പാനീയം പരിഹാരമാണ്. ശരീരവേദനയെ ശമിപ്പിക്കുന്നത് എൻഡോർഫിൻ ആണ്. ഏതു മധുരപദാർഥം കഴിച്ചാലും തലച്ചോറിൽ നിന്നും എൻഡോർഫിൻ കൂടുതലായി ഉത്പാദിപ്പിക്കും. തേൻ കഴിച്ചാൽ വേദനകൾ ശമിക്കുന്നതിന് ഇതും ഒരു കാരണമാണ്. തേൻ എനർജി ബൂസ്റ്ററായും പ്രവർത്തിക്കും.

വിശപ്പു ശമിക്കാൻ

ഒളിംപിക് മത്സരത്തിൽ പങ്കെടുത്തിരുന്ന താരങ്ങൾ തേൻ കഴിച്ചിരുന്നതായി പറയുന്നുണ്ട്. ലോകനമ്പർ വൺ ടെന്നീസ് താരം നൊവാക് ജോകോവിച്ചിന് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന് ന്യൂസിലാൻഡിൽ നിന്നുള്ള മാനുകാഹണിയെന്ന സവിശേഷ തേനാണെന്ന വാർത്ത പ്രസിദ്ധമാണെല്ലോ.

ആധുനിക പഠനങ്ങളും ഗ്ലൈക്കോജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനു തേൻ സഹായിക്കുന്നതായി തെളിയിക്കുന്നു. തേനി‍ൽ ചാലിച്ചു കുടിക്കുന്ന ആയുവർവേദ മരുന്നുകളും വളരെ പെട്ടെന്ന് ശരീരകോശങ്ങളിൽ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തേൻ പ്രോബയോട്ടിക് ആഹാരമായി കര‍ുതുന്നു. ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പ‍ാദിപ്പിക്കുന്നതിനും വളർച്ചയ്ക്കും തേൻ സഹായ‍ിക്കും. തേൻ ചേർത്ത ഭക്ഷണം കഴിച്ചാൽ പെട്ടെന്നു വിശക്കാതിരിക്കും. മലബന്ധത്തെ തടഞ്ഞു ചെറിയ ലാക്സേറ്റീവ് ആയും തേൻ പ്രവർത്തിക്കുന്നുണ്ട്.

വാട്ടർമെലൺ ഹണി ഡ്രിങ്ക്

തണ്ണിമത്തൻ – കാൽ ഭാഗം
ഇഞ്ചി – ഒരു കഷണം
പുതിനയില – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
തേൻ – മൂന്നു ടേബ‍ിൾ സ്പൂൺ
വെള്ളം – അര കപ്പ്

തയാറാക്കുന്ന വിധം

തണ്ണിമത്തനിലെ കുരു കളഞ്ഞശേഷം കഷണങ്ങളാക്കുക. ഇഞ്ചിയും കുരുമുളകും ഉപ്പും പുതിനയിലയും വെള്ളവും തേനും ചേർത്തു നന്നായി ബ്ലൻഡ് ചെയ്ത് അരിച്ചശേഷം ഉപയോഗിക്കുക.

ഡോ. അനിതാ മോഹൻ
ന്യൂട്രിഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസൽറ്റൻറ് തിരുവനന്തപുരം‌