Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേനകറ്റാൻ മീനും ഇഞ്ചിയും

fish-migraine

വെറും തലവേദന ആണോ എന്നു ചോദിച്ചാൽ അല്ല. 24 മുതൽ 48 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ. തലച്ചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവർത്തനങ്ങളും വ്യത്യാസപ്പെടുമ്പോഴാണു പ്രധാനമായും മൈഗ്രേൻ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേൻ ഉണ്ടാക്കാമെന്നു ഗവേഷണങ്ങൾ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേൻ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേൻ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലർ ജനിതകമായിത്തന്നെ മൈഗ്രേൻ വരാൻ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരിൽ ചില പ്രത്യേക ഭക്ഷണങ്ങൾ മൈഗ്രേനു കാരണമാകാം.

ഭക്ഷണവും മൈഗ്രേനും

ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാർഥങ്ങളിലെ നൈട്രേറ്റ്, ടൈറമിൻ പോലുള്ള രാസഘടകങ്ങൾ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പിൽ പെട്ടവരുടെ രക്ത—നാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരിൽ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവർത്തനം മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തചംക്രമണം തടസപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരിൽ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലച്ചോറിനു പുറമെയുള്ള രക്തക്കുഴലുകൾ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപ്പെടുക.

ഏറ്റവും രസകരമായ വസ്തുത, നമ്മൾ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന ചോക്ലേറ്റ്, വൈൻ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലർജനുകളായി ശരീരം കരുതി പ്രവർത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാർഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.

ചെന്നിക്കുത്തിന് ഇഞ്ചി

നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാൻ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിൻബലമുണ്ട്. പാകപ്പെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ മൈഗ്രേൻ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവർത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോർമോൺ സമാന പദാർത്ഥങ്ങളായി പ്രോസ്റ്റാഗ്ലാൻഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേൻ കുറയ്ക്കുക.

മീനും മൈഗ്രേനും

മൈഗ്രേൻ പ്രതിരോധിക്കാൻ മീൻ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങൾ ദിവസേന കഴിക്കുന്നത് മൈഗ്രേൻ തവണകൾ കുറയ്ക്കുമെന്നു ഗവേഷണങ്ങൾ പറയുന്നു. മീൻ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്.

കടുത്ത മൈഗ്രേൻ രോഗികൾക്ക് ആറാഴ്ച മീനെണ്ണ ഗുളികകൾ നൽകിയപ്പോൾ അവരിൽ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിൻസിനാറ്റി മെഡിക്കൽ കോളജിൽ നടത്തിയ പരീക്ഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകൾ കഴിക്കുന്നതു ചില മൈഗ്രേൻ രോഗികൾക്കു ആശ്വാസം നൽകുന്നതായി കാണുന്നു.

അന്നജം കൂട്ടാം

ധാരാളം ബീകോംപ്ലക്സും പഞ്ചസാരയും അന്നജവും മൈഗ്രേനിന് ആശ്വാസം നൽകുന്നുണ്ട്. ആപ്പിൾ, ചെറിപച്ചമുന്തിരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയർത്തി മൈഗ്രേൻ കുറയ്ക്കും. ഇത്തരം പഴങ്ങൾ ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണു നല്ലത്. തണ്ണിമത്തൻ സത്ത് തണുപ്പിക്കാതെ കുടിക്കുന്നതും നല്ലതാണ്.

വേണം പ്രോട്ടീൻ

രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്നതു മൈഗ്രേൻ തലവേദനയ്ക്കു കാരണമാകുമെന്നു പറയാറുണ്ട്. ചിക്കൻ പോലുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാതെ നിലനിർത്തും. മുട്ട, ബീഫ്, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

ചിലരിൽ മൈഗ്രേൻ വരുന്നതിനു മുമ്പോ ശേഷമോ മഗ്നീഷ്യത്തിന്റെ നില താഴുന്നതായി കാണാറുണ്ട്. അതുകൊണ്ടു മഗ്നീഷ്യം അടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ്, പാൽ തുടങ്ങിയവ കഴിക്കുന്നതും മൈഗ്രേൻ കുറയ്ക്കും.

മൈഗ്രേൻ ഉണ്ടാക്കുന്ന ഭക്ഷണം

എല്ലാ ഭക്ഷണങ്ങളും മൈഗ്രേൻ ഉണ്ടാക്കുകയില്ല. അതുകൊണ്ടു തന്നെ ഏതു ഭക്ഷണമാണു പ്രശ്നമാകുന്നതെന്നു തിരിച്ചറിഞ്ഞു ഒഴിവാക്കണം.

സാധാരണയായി കാപ്പി, ചായ, കോള തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ, ചോക്ലേറ്റ്, അണ്ടിപ്പരിപ്പുകൾ, ആൽക്കഹോൾ, പൈൻആപ്പിൾ, ഓറഞ്ച്, പഴുത്ത മുന്തിരി, നാരങ്ങ, ഉള്ളി, ബീൻസ് മുതലായ പച്ചക്കറികൾ, ചിലതരം ബ്രെഡുകൾ കൃത്രിമമധുരം എന്നിവ പൊതുവെ മൈഗ്രേനും തലവേദനയും ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു മാസത്തേയ്ക്ക് ഒഴിവാക്കുക.

പതിവായി കാപ്പി, ചായ പോലുള്ള കഫീൻ പാനീയങ്ങൾ കുടിയ്ക്കുന്നവർ രണ്ടാഴ്ചത്തേയ്ക്കു നിർത്തുക.

തലവേദന കുറവുണ്ടെങ്കിൽ പതിയെ ഒഴിവാക്കിയ ഭക്ഷണങ്ങൾ ഓരോന്നായി കഴിച്ചു തലവേദന ഉണ്ടാകുന്നോ എന്നു നിരീക്ഷിക്കുക. ഉണ്ടെങ്കിൽ അവ ഒഴിവാക്കണം. ഭക്ഷണം കഴിച്ചു 24 മണിക്കൂർ കഴിഞ്ഞേ തലവേദന പ്രകടമാവുകയുള്ളൂ എന്നോർക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.