Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദഹനക്കേട് ഉണ്ടാക്കേണ്ട : പകരം പത്തില കഴിക്കാം

leaf-thazhuthama തഴുതാമ

കർക്കടക മാസത്തിൽ താളു തകരയെന്നിങ്ങനെ പത്തില തിന്നണമെന്നു പഴമക്കാർ പറയും. ഇലക്കറികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്നതിനു തെളിവ്. വറുതിയുടെ കർക്കടകകാലത്ത് തൊടിയിൽനിന്ന് എളുപ്പം ലഭിക്കുന്നത് ഇലകളായിരുന്നു. അതിനാൽ ഇലക്കറികൾക്ക് അക്കാലത്ത് ഉപയോഗമേറി.

മാംസ്യം, കൊഴുപ്പ്, നാര്, അന്നജം, കാൽസ്യം, ഇരുമ്പ്, ജീവകങ്ങൾ തുടങ്ങി പോഷണമൂലകങ്ങളെല്ലാം ഇലക്കറികളിലുണ്ട്. ചീര, ചേമ്പിൻതാള്, തഴുതാമ, ചേനത്തണ്ട്, തകര, പയറിന്റെ ഇല തുടങ്ങിയവ ഉൾപ്പെടുത്തണം. കുടലിന്റെ ചലനം വർധിപ്പിച്ച്, കുടലിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളെ പുറം തള്ളാൻ ഇവ സഹായിക്കും. ചെറുപയർ, മുതിര തുടങ്ങിയ വെന്തു വരുന്ന ജലം കുടിക്കാൻ ഉപയോഗിക്കാം. തൈർത്തെളിയും (തൈര് ഉറയ്‌ക്കുന്ന സമയത്ത് മുകളിൽ വരുന്ന വെള്ളം) ഉത്തമമാണ്.

leaf-colocasia

മധുരം, പുളി, ഉപ്പ് തുടങ്ങിയവയായിരിക്കണം കർക്കടക ഭക്ഷണത്തിന്റെ പ്രധാന രുചികൾ. (രക്‌തസമ്മർദമുള്ളവർ ഉപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം). എരിവ്, ചവർപ്പ്, കയ്‌പ് തുടങ്ങിയ രുചികൾ അരുത്. ഇതു വാതത്തെ പ്രകോപിപ്പിക്കും.

വർജിക്കേണ്ട ഭക്ഷണങ്ങൾ

എളുപ്പത്തിൽ ദഹനം നടക്കാത്ത കഠിന ഭക്ഷണങ്ങൾ ഒഴിവാക്കണം. ചെറുപയർ ഒഴികെയുള്ള പയറുവർഗങ്ങൾ, കടല, പൊറോട്ട, അമരക്കായ, ഉഴുന്നുചേർത്ത ഭക്ഷണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും. ഐസ്‌ക്രീം പോലെ റഫ്രിജറേറ്ററിൽ വച്ച തണുത്ത ആഹാരങ്ങളും ഒഴിവാക്കണം. മൽസ്യാഹരത്തിന്റെ അമിതമായ ഉപയോഗവും വർജിക്കണം.

മുരിങ്ങയില വേണ്ട

ഭഗവതിയുടെ താലിയാണ് മുരിങ്ങയില, അതിനാൽ അതുപയോഗിക്കരുതെന്ന് കർക്കടക കാലത്ത് ആരെങ്കിലുമൊക്കെ പറയുന്നതു കേട്ടിട്ടുണ്ടോ? ആയുർവേദവും കർക്കടകത്തിൽ മുരിങ്ങയില കറിക്കുപയോഗിക്കുന്നതിനെതിരാണ്. കാലാവസ്‌ഥാ വ്യതിയാനവും നീണ്ടു നിൽക്കുന്ന മഴയും മുരിങ്ങയിലയിൽ വിഷസ്വഭാവം (കട്ട്) ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണിത്.

leaf-drumstick മുരിങ്ങയില

കർക്കടകക്കഞ്ഞി

മരുന്നു കഞ്ഞി കർക്കടകത്തിലേക്കു മാത്രമുള്ളതല്ല. ചരകസംഹിതയിൽ വിവിധയിനം കഞ്ഞികളെക്കുറിച്ചു പ്രതിപാദിക്കുന്ന അധ്യായം തന്നെയുണ്ട്. വർഷത്തിൽ 12 മാസവും ശീലിക്കേണ്ട ഒന്നാണു കഞ്ഞിയെന്ന് ആയുർവേദം പറയുന്നു.

karkidaka-kanji

ഓരോ നാട്ടിലും കഞ്ഞി തയ്യാറാക്കുന്നതു പല രീതികളിലാണ്. കുറുന്തോട്ടി വേരിന്മേൽതൊലി, ജീരകം, പഴുക്കപ്ലാവില ഞെട്ട് മുതലായവ ഒരു നിശ്‌ചിത തോതിൽ അരച്ച് ആട്ടിൻപാലും പശുവിൻപാലും സമം ചേർത്ത് അതിൽകലക്കി നാലിരട്ടി വെള്ളം ചേർത്ത് അടുപ്പത്ത് വച്ചുവറ്റിച്ച് പകുതി വറ്റിയാൽ പാകത്തിൽ നവരയുടെ ഉണക്കലരിയിട്ട് വെന്തു പാകമായാൽ വാങ്ങി ആറി രാവിലെ പ്രാതലിനു പകരം കഴിക്കുകയാണ് സാധാരണ പതിവുള്ളത്.

ഭക്ഷ്യയോഗ്യവും ഔഷധയോഗ്യവുമായ, വിശ്വസനീയമായി ലഭ്യമാകുന്ന ഔഷധക്കൂട്ടുകൾ നവരയരിയോ ഉണക്കലരിയോ ചേർത്ത് രുചിപ്രധാനമായി ഉപയോഗിക്കാം എന്ന് കർക്കടകക്കഞ്ഞിയെക്കുറിച്ചു പൊതുവായി പറയാം.

ഉച്ചയുറക്കം വേണ്ടേ വേണ്ട...

കർക്കടക മാസത്തിലെ ഒരിക്കലും പാടില്ലാത്ത ശീലങ്ങളിലൊന്നാണ് ഉച്ചയുറക്കം. പകലുറക്കം വിശപ്പു കുറയ്‌ക്കും. ശരിയായ ദഹനത്തെയും ഇതു ബാധിക്കും. പൊതുവേ ദഹനശക്‌തി കുറവുള്ള സമയമാണു വർഷകാലം. വിശപ്പു കുറവായിരിക്കും. വിശപ്പുണ്ടാക്കുകയാണു കർക്കടകക്കഞ്ഞിയുടെ ദൗത്യം. പകലുറങ്ങുമ്പോൾ ശരിയായ രീതിയിൽ ദഹനം നടക്കാതെ വരികയും ശരീരത്തിൽ വേണ്ടവിധം ദഹിക്കാതെ പോഷണ പദാർഥങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യും. ഇതു പിന്നീടു രോഗങ്ങളായി പരിണമിക്കും. പകലുറക്കം കഫ, പിത്തദോഷങ്ങളെ വർധിപ്പിക്കും. ഇതും വിശപ്പുകുറയ്‌ക്കാനിടയാക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.