Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ധൈര്യമായി കഴിച്ചോളൂ നല്ല എരിവുള്ള മുളക്

red-chillies

നല്ല എരിവും മണവുമുള്ള ‘സ്പൈസി’ ഭക്ഷണമില്ലാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകാറില്ല. കറികളില്ലെങ്കിൽപ്പോലും ചുമ്മാ ഒരു മുളകും കടിച്ച് കുമുകുമാ കഞ്ഞിയും കപ്പയും ചോറും കഴിക്കുന്നവരാണ് നമ്മള്‍. ഇത്രയൊക്കെ എരിവുമിട്ട് ഭക്ഷണം തയാറാക്കേണ്ട ആവശ്യമുണ്ടോയെന്നാണ് കേരളത്തിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ പ്രധാന സംശയം. ഇനിയിപ്പോൾ അങ്ങനെയൊരു ചോദ്യത്തിനു പോലും പ്രസക്തിയില്ല. കാരണം യുഎസിൽ നിന്ന് ഒരു പഠന റിപ്പോർട്ട് എത്തിയിരിക്കുന്നു-‘സ്പൈസി’ ഭക്ഷണം മാത്രമല്ല അതിലെ പ്രധാന ചേരുവകളിലൊന്നായ ചുവപ്പൻ മുളകും ആരോഗ്യദായകമാണ്. കൃത്യമായിപ്പറഞ്ഞാൽ, കൊടും എരിവുള്ള ചുവപ്പൻ മുളക് മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ വരെ സഹായിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾ, മസ്തിഷ്കാഘാതം എന്നിവ വഴിയുള്ള മരണത്തിന്റെ സാധ്യത 13 ശതമാനം വരെ കുറയ്ക്കാൻ ചുവന്ന മുളകിനു സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിലും ചൈനയിലും നൂറുകണക്കിന് വർഷങ്ങളായി ഒരു ഔഷധമെന്ന നിലയിലും ചുവന്ന മുളകും കാന്താരിമുളകുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. ഇതിന്റെ യഥാർഥ ഔഷധഗുണമറിയാൻ 2015ൽ ചൈന ബൃഹത്തായ ഗവേഷണവും നടത്തിയിരുന്നു. അന്നു കണ്ടെത്തിയ ഫലങ്ങളോട് ചേർന്നു പോകുന്നതാണ് ഇപ്പോൾ യുഎസിലെ ലാണർ കോളജ് ഓഫ് മെഡിസിനിലെ വിദ്യാർഥി മുസ്തഫ ഷോപനും പ്രഫസർ ബെഞ്ചമിൻ ലിറ്റൻബെർഗും കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ‘പ്ലസ് വൺ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

യുഎസിലെ നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രിഷണൽ എക്സാമിനേഷൻ സർവേ രേഖകൾ ഉപയോഗപ്പെടുത്തിയാണ് ഇവർ അന്തിമനിഗമനത്തിലെത്തിയത്. സർവേയിൽ ഉൾപ്പെട്ട പതിനാറായിരത്തോളം പേരുടെ 18 വർഷത്തെ ആരോഗ്യവിവരങ്ങൾ ഇതിന്റെ ഭാഗമായി പരിശോധനയ്ക്കു വിധേയമാക്കി. സ്ഥിരമായി ചുവന്നമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം, മസ്തിഷ്കാഘാതം എന്നീ പ്രശ്നങ്ങൾ കുറവാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതെന്തുകൊണ്ടാണെന്ന കാരണം കണ്ടെത്താൻ ഇനിയും ക്ലിനിക്കൽ ട്രയലുകൾ ഏറെ വേണമെന്നാണ് ഷോപനും ലിറ്റന്‍ബെർഗും പറയുന്നത്.

മുളകിന്റെ ‘ദീർഘായുസ്സ്’ നൽകാനുള്ള കഴിവിനു കാരണമായി പക്ഷേ ചില നിഗമനങ്ങളുണ്ട് റിപ്പോർട്ടിൽ. മുളകിന് എരിവു പകരുന്നത് കാപ്സീസിൻ എന്ന രാസഘടകമാണ്. ഇതിനു പക്ഷേ ഏറെ ഔഷധഗുണമുണ്ട്. വേദനാസംഹാരി എന്ന നിലയിലും സോറിയാസിസിന്റെ ഫലമായുണ്ടാകുന്ന ചൊറിച്ചിലിന് പ്രതിവിധിയായും ക്രീമുകളിൽ കാപ്സീസിൻ ഉപയോഗപ്പെടുത്താറുണ്ട്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. മനുഷ്യശരീരത്തിനകത്ത് കാപ്സീസിൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഗവേഷകർ ഇത്തവണ പ്രധാനമായും പരിശോധിച്ചത്. പൊണ്ണത്തടി തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് കാപ്സീസിൻ. ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ ക്രമീകരിക്കുന്നതിലും ഈ രാസഘടകം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് നിഗമനം. കുടലിലും മറ്റുമുള്ള ആരോഗ്യത്തിന് ഹാനികരങ്ങളായ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുന്നതിലും കാപ്സീസിന് പങ്കുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്. പുതിയ ഗവേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്തൊക്കെയാണെങ്കിലും സ്ഥിരം ഭക്ഷണം ‘സ്പൈസി’യാക്കുന്നതിലും അതിൽ ആവശ്യത്തിന് മുളക് ചേർക്കുന്നതിലും തെറ്റില്ലെന്നാണ് ഗവേഷകർ പറയുന്നത്. മലയാളികളോട് അക്കാര്യമിനി പ്രത്യേകം പറയേണ്ട ആവശ്യവുമില്ലല്ലോ! 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.