Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാല്‍കുടിച്ച് പണിവാങ്ങല്ലേ...

milk

രാത്രിയിൽ ഒരു ഗ്ലാസ് പാൽ കുടിച്ചിട്ടു കിടക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന ഉപദേശത്തെ തുടർന്നു കുറച്ചുനാളായി അതു പിന്തുടരുന്നുണ്ട്. നല്ല ഉറക്കത്തോടൊപ്പം നല്ല ആരോഗ്യവും ഉണ്ടാകുമല്ലോ. പക്ഷേ, കഴി‍ഞ്ഞ ദിവസം.... പാൽ കുടിച്ചു തുടങ്ങിയപ്പോൾ ചെറിയൊരു പുളിപ്പുണ്ടോ എന്നൊരു സംശയം. പക്ഷേ തോന്നലാകുമെന്നു കരുതി പാൽ കുടിച്ചിട്ടു കിടന്നു. 15 മിനിറ്റ് കഴിഞ്ഞതേയുള്ളൂ– വയറിനുള്ളിൽ നിന്നു ചില്ലറ ഒച്ചയും ബഹളവുമൊക്കെ കേട്ടുതുടങ്ങി. പിന്നെ ആകെയൊരു പരക്കംപാച്ചിലായിരുന്നു. ഒന്നൊന്നര മണിക്കൂറിനു ശേഷം നന്നായി ഉറങ്ങി, അത്രയ്ക്കു തളർന്നിരുന്നു.

പണി തന്നതു പാൽ തന്നെ. പാലിനു പണി കൊടുത്തത് വേനലും. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി കൂടി വരുന്ന സാഹചര്യത്തിൽ പാൽ പെട്ടെന്നു പിരിഞ്ഞു പോകും.
എന്തുകൊണ്ടാണു പാൽ പിരിയുന്നത്...? പാലിനു പുളിപ്പ് എന്നു പറഞ്ഞാൽ എന്താണ്..? അന്തരീക്ഷത്തിലെ ബാക്ടീരിയയും മറ്റു സൂക്ഷ്മജീവികളും താമസിച്ചു പെട്ടെന്നു പെറ്റുപെരുകി പാലിനെ അമ്ലമാക്കി മാറ്റുന്നു.
കൊടും ചൂടുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙കടകളിൽ പാൽ എത്തിയാൽ ഉടനെ ഫ്രിജ്, ഫ്രീസർ, പഫ് ബോക്സ് എന്നിവയിലേക്ക് മാറ്റാം.
∙പാൽ തുറസ്സായ സ്ഥലങ്ങളിലോ വെള്ളത്തിലോ സൂക്ഷിക്കരുത്.
∙ശീതീകരണ സംവിധാനമില്ലാത്തവർ പാൽ വാങ്ങിയാലുടൻ തിളപ്പിച്ച് സൂക്ഷിക്കാം.

പാൽ കേടാകാതിരിക്കാനുള്ള വിദ്യയാണു പാസ്‌ചറൈസേഷൻ. അതെന്താണെന്നറിയാമോ..?
പാലിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ 100 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി, തിളപ്പിച്ച് പെട്ടെന്നു തണുപ്പിച്ചു മൈനസ് സീറോയിലേക്കു കൊണ്ടുവരുന്ന വിദ്യയാണിത്. മഹാനായ ലൂയി പാസ്റ്ററായിരുന്നു ഈ വിദ്യ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായാണു പാസ്ചറൈസേഷന്‍ എന്ന പേര്.

അന്യസംസ്‌ഥാനങ്ങളിൽ നിന്നു വരുന്ന പാലിന്റെ കാര്യത്തിലും പ്രശ്നം ഗുരുതരമാണ്. പാസ്‌ചറൈസേഷൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെങ്കിലും സ്വകാര്യ, സഹകരണ, സർക്കാർ ഇതര ഏജൻസികൾ ഉൾപ്പെടെയുള്ളവർ സംസ്‌ഥാനത്തു വിതരണം ചെയ്യുന്ന പാൽ സാംപിളുകളിൽ ചിലതിന്റെ മൈക്രോബിയൽ കൗണ്ട് ആശങ്കയ്‌ക്കു വക നല്‍കുന്നുണ്ട്.

കോളിഫോം, ഇ-കോളി, സ്റ്റെഫൈലോ കോക്കസ്, ഓറിയസ് എന്നിവയുടെ സാന്നിധ്യം പാസ്‌ചറൈസ് ചെയ്‌ത ശേഷവും ചിലപ്പോഴൊക്കെ കാണാറുണ്ട്. ജെലാറ്റിൻ, പഞ്ചസാര, അമോണിയം സൾഫേറ്റ്, സോപ്പിന്റെ അശം ഇവയൊക്കെ പാലില്‍ മാലിന്യമായി കാണാറുണ്ട്.

പാൽ കറക്കുന്ന സമയം മുതല്‍ ഓരോ ഘട്ടത്തിലും ശുചിത്വ പാലനത്തിനു ക്ഷീരകർഷകർക്കു ബോധവൽക്കരണം നടത്തണം. പാൽ സംസ്‌കരണ പ്ലാന്റിലെ പാസ്‌ചറൈസർ, പൈപ്പ്‌ലൈൻ, സ്‌റ്റോറേജ് ടാങ്ക്, പാക്കിങ് യന്ത്രങ്ങൾ ഇവ ശുചിയായി സൂക്ഷിക്കണം. ഒത്തുപിടിച്ചാൽ ഈ വേനല്‍ക്കാലത്ത് ആരോഗ്യകരമായി പാല്‍ കുടിക്കാം.

Your Rating: