Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവപ്രശ്നങ്ങൾക്ക് ഹോമിയോ പ്രതിവിധി

periods-homoeo

ആർത്തവകാല വ്യാധികൾ ശരീരത്തിന്റെ പൊതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കായികമായി അധ്വാനിക്കുന്ന, ആരോഗ്യമുള്ള സ്ത്രീകളിൽ ആർത്തവകാലം വലിയ വിഷമതകളൊന്നും ഉണ്ടാക്കാറില്ല. മറ്റുള്ളവരിൽ മറിച്ചാണു നില. ഇതോടൊപ്പമുണ്ടാകുന്ന ചെറിയ വേദനകളെയും അസ്വാസ്ഥ്യങ്ങളെയും അവഗണിക്കുകയാണു നല്ലത്. എന്നാൽ ചിലരിൽ തീവ്രമായ വേദനയും അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകുന്നു. ഇതിനു ചികിത്സ ആവശ്യമാണ്. ശസ്ത്രക്രിയയൊ, ഹോർമോൺ ചികിത്സയൊ കൂടാതെ തന്നെ ഹോമിയോ മരുന്നുകൾ കഴിച്ചു ഇവ ഭേദമാക്കാം.

രക്തസ്രാവം ആരംഭിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ തന്നെ ചിലരുടെ അരക്കൂടിനുള്ളിൽ തിങ്ങിഞെരുങ്ങുന്നതു പോലെയുള്ള വേദന ആരംഭിക്കുന്നു. ഉദരസംബന്ധിയായ അസുഖങ്ങളും — മലബന്ധവും ഉള്ളവരിൽ വേദനയുടെ തീവ്രത ഏറിയിരിക്കും. പുറംവേദനയും കാലുകഴപ്പും ഇതോടൊപ്പം ഉണ്ടാകാം.

ഇത്തരം വേദനകൾക്കു നക്സ്ഫേം, ബെലഡോണ, പൾസാറ്റില തുടങ്ങി നിരവധി ഹോമിയോ മരുന്നുകൾ വേഗം ആശ്വാസം നൽകും. ഒപ്പം ദഹനം സുഗമമാക്കുന്ന ഭക്ഷണവും. മലബന്ധവും പൈൽസും അലട്ടുന്നവർക്കു ലൈക്കോപോഡിയം, ഈസ്ക്കുലസ് തുടങ്ങിയ മരുന്നുകൾ ലക്ഷണമനുസരിച്ചു നൽകണം.

വേദനകൾക്കു മരുന്ന്

ചിലരിൽ ആർത്തവകാലത്തു കൊളുത്തി വലിക്കുന്ന വേദന അനുഭവപ്പെടാറുണ്ട്. ചിലർക്കു നിവർന്നു നിൽക്കാൻ പോലും പറ്റാത്ത നിലയുണ്ടാവാം. ഇവർക്ക് കൊളോസിന്ത്, ചാമോമില്ല, വൈബർനം തുടങ്ങിയ മരുന്നുകൾ ഫലപ്രദമാണ്. ഒന്നോ രണ്ടോ ദിവസം മാത്രം നീളുന്ന ഈ തീവ്രവേദനയോടൊപ്പം ചിലരിൽ ഛർദ്ദി, വയറിളക്കം, ബോധക്ഷയം എന്നിവയും ഉണ്ടാകാറുണ്ട്. ഇതിനു കോക്കുലസ്, ഈപ്പെക്ക്, പെരാത്രം, ആൽബം തുടങ്ങിയ മരുന്നുകൾ നൽകണം. ഗർഭാശയത്തിലോ, അണ്ഡാശയത്തിലോ രോഗമുള്ളവരിലാണ് ആർത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നത്. ഈ വിഷമതകൾ അനുഭവിക്കുന്നവർക്ക് ബോറാക്സ്, മാറ്റ്കനയിൻ, ചാവോമില്ല തുടങ്ങിയ മരുന്നുകൾ മാറി മാറി നൽകിയാൽ മതി.

മരുന്നു കഴിച്ചിട്ടും ശാശ്വതമായ ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ രക്തപരിശോധനയും സ്കാനിങും നടത്തിയ ശേഷമേ ചികിത്സ തുടരാവൂ.

ചില സ്ത്രീകളിൽ രക്തസ്രാവത്തിന്റെ കാലയളവു വളരെ നീണ്ടുപോകാറുണ്ട്. ആർത്തവാരംഭഘട്ടത്തിലാണ് ഇതുണ്ടാകുന്നതെങ്കിൽ കാര്യമായി ഗൗനിക്കേണ്ടതില്ല. ആവശ്യത്തിനു വിശ്രമമെടുക്കുന്നതോടൊപ്പം പോഷകാഹാരവും കഴിക്കണം. എന്നാൽ, ആർത്തവവിരാമ ഘട്ടങ്ങളിലാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നതെങ്കിൽ മരുന്നു കഴിക്കണം. ഇതിനു ലാച്ചെസിസ്, പ്ലാറ്റിന, മില്ല ഫോളിയോ എന്നീ മരുന്നുകൾ ഏറെ ഫലപ്രദമാണ്.

മധ്യവയസ്കരിൽ

മധ്യവയസ്കരിൽ രക്തം സാധാരണയിൽ കൂടിയ അളവിൽ പോയാൽ ലാച്ചെസിസ്, ഫോസ്, പ്ലാറ്റിന, തൂജ, ഹമാമെലിസ് തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കണം. രക്തം കട്ടയായി വരികയാണെങ്കിൽ സബൈന, ബെലഡോണ എന്നീ മരുന്നുകളാണ് ഉചിതം. അമിതാധ്വാനം ചെയ്യുന്നവരിലാണ് ഈ വിഷമങ്ങൾ ഉണ്ടാകുന്നതെങ്കിൽ ആസ്രം, ഹറിജെറോൺ, കാൽക്കേറിയ തുടങ്ങിയ മരുന്നുകളാണു നല്ലത്.

വിളർച്ചയുള്ളവരിൽ അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതിനു മരുന്നിനോടൊപ്പം പോഷകപ്രധാനമായ ഭക്ഷണവും ആവശ്യമാണ്.

കാൽക്കേറിയ ഫോസ്, ഫെറംഫോസ്, ആൽഫാൽഫ എന്നീ മരുന്നുകളാണ് ഇവർക്കു നിർദേശിക്കേണ്ടത്. ക്രമം തെറ്റിയ ആർത്തവമുണ്ടാകുന്നവർക്ക് ആസ്രം, നാട്രമൂർ, പാൾസാറ്റില, കാർക്കേറിയ കാർബ് തുടങ്ങിയവ ലക്ഷണപ്രകാരം കഴിക്കണം. അണ്ഡാശയങ്ങളിലെ അതിപ്രവർത്തനം മൂലവും ക്രമം തെറ്റിയുള്ള ആർത്തവവൈഷമ്യങ്ങൾ ഉണ്ടാകുന്നു. ഇതിനു കാർബോണിയം സൾഫ്, കൊണിയം, സൾഫർ തുടങ്ങിയ മരുന്നുകളോ, അശോക കഷായമോ നൽകിയാൽ മതിയാവും.

ആർത്തവദിനങ്ങൾ ആരംഭിക്കുന്നതിനു മുമ്പോ, ഒപ്പംതന്നെയോ, പല സ്ത്രീകളിലും മാനസികമായ പിരിമുറുക്കങ്ങളും ഉടലെടുക്കാറുണ്ട്. ചാമോമില്ല, കൊളോസിന്ത്, ഇഗ്നേഷ്യം, അക്കണൈറ്റ്, സിംസിഫ്യൂഗ തുടങ്ങിയ മരുന്നുകൾ, കൃത്യമായ ലക്ഷണങ്ങൾ വിലയിരുത്തി നൽകണം. പീരിയഡ് തുടങ്ങുന്നതിനു മുമ്പു സ്തനങ്ങളിൽ വീക്കവും വേദനയും ഉണ്ടാകാം. അതിനു പൾസാറ്റില, ഫൈറ്റോലക്ക എന്നീ മരുന്നുകൾ ഉപയോഗിക്കണം.

ചുരുക്കം ചിലരിൽ പീരിയഡിനു മുമ്പു മൂക്കിൽ നിന്നും രക്തവാർച്ച ഉണ്ടാകാറുണ്ട്. ഇതിനു ലാട്രസസ് എന്ന മരുന്ന് ഉപയോഗിക്കാം.

ഡോ. സെലിൻ പോൾ, അളകനന്ദ ഹോമിയോ ക്ലിനിക്, എളമക്കര, കൊച്ചി.