Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ്: പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

nipah-infographics

സംസ്ഥാനത്തു ഭീതി പരത്തി നിപ്പ വൈറസ് മൂലമുള്ള മരണം തുടരുകയാണ്. വായുവിലൂടെ പകരാത്ത ഈ രോഗത്തിന്റെ പ്രധാന വാഹകർ വവ്വാലുകളാണ്. ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ രോഗബാധയെ അത്യന്തം മാരകമാക്കുന്നത്. 1998 ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായതുകൊണ്ടാണ് ഈ വൈറസിന് നിപ്പാ എന്നു പേരു ലഭിച്ചത്.

എങ്ങനെയാണ് ഈ വൈറസ് പകരുക? പ്രതിരോധിക്കാൻ എന്തുചെയ്യാം?

നിപ്പ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. രോഗികളെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിപ്പ വൈറസ് ബാധിച്ചതിന്റെ ഉറവിടം കിണർവെള്ളമാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു ജീവികളിലൂടെ രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂയെന്നും മന്ത്രി വ്യക്തമാക്കി.

പകരുന്നതെങ്ങനെ

∙ വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് (കടിയിലൂടെ)
∙ മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് (സ്രവങ്ങളിലൂടെ)
∙ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ)
∙ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)
∙ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

ലക്ഷണങ്ങൾ
∙ പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം.
∙ ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും.
∙ ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും.
∙ തുടർന്ന് അബോധാവസ്ഥ.
∙ മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം.

സൂക്ഷിക്കുക
∙ പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്.
∙രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം.
∙ രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം.
∙ വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.