Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: പകരുന്നത് വവ്വാൽ വഴിയോ? തെളിവില്ല

bat-3

ഇന്ത്യയിൽ ആദ്യത്തെ നിപ്പ വൈറസ് ബാധയുണ്ടായ ബംഗാളിലെ സിലിഗുഡിയിലും വവ്വാലുകളെയാണ് ആദ്യം സംശയിച്ചതെങ്കിലും സ്ഥിരീകരിക്കാനായിരുന്നില്ല. തൊട്ടടുത്ത ബംഗ്ലദേശിൽ ഈ വൈറസ് ബാധിച്ചിരുന്നതിനാൽ അവിടെ നിന്ന് ആരെങ്കിലും രോഗവുമായി എത്തിയതാകാം എന്ന നിഗമനത്തിലാണ് അന്ന് എത്തിയത്. രോഗം പകർത്തിയ മൃഗങ്ങളെയോ പക്ഷികളെയോ കണ്ടെത്താൻ ഒരു പഠനവും സിലിഗുഡിയിൽ നടത്തിയതുമില്ല– ലോകാരോഗ്യ സംഘടനയും പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും നടത്തിയ രണ്ടു പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

2001 ജനുവരി അവസാനവും ഫെബ്രുവരി 14നും ഇടയ്ക്കാണ് സിലിഗുഡിയിൽ നിപ്പ വൈറസ് ബാധയുണ്ടായത്. ബംഗാളിലെ നാദിയയിലും രണ്ടു വർഷത്തിനുശേഷം ഇതേ വൈറസ് ബാധയുണ്ടായി. സിലിഗുഡിയിൽ 61 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 45 പേർ മരിച്ചു. നാദിയയിൽ അഞ്ചു പേരും. വേണ്ടത്ര മുൻകരുതൽ എടുക്കാത്തതിനാൽ, രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഒരു ആശുപത്രിയിലെ 23 ജീവനക്കാർക്കു രോഗബാധയുണ്ടായി. ‌ജപ്പാൻ ജ്വരം എന്ന ധാരണയിലാണു ചികിൽസ തുടങ്ങിയത്. നിപ്പ വൈറസ് ആണെന്നു കണ്ടുപിടിച്ചപ്പോഴേക്കും 45 പേർ മരണപ്പെട്ടിരുന്നു.

നിപ്പ വൈറസിനു ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ‘റൈബവൈറിൻ’ കുറച്ചൊക്കെ രോഗശമനത്തിനു സഹായകമാകുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. വിറയൽ, ഛർദ്ദി തുടങ്ങിയവ നിയന്ത്രിക്കാൻ ഇതു സഹായിക്കും. പനി നിയന്ത്രിക്കുക, ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ചികിത്സിക്കുക എന്നിവയും പ്രധാനമാണ്. ആൽ വാക് കാനറി പോക്സ് വെക്റ്റോറെഡ് നിപ്പ എഫ് ആൻഡ് ജി വാക്സിൻ പന്നികളിൽ പരീക്ഷിച്ച് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ഇതു മനുഷ്യർക്കും ഉപയോഗിക്കാവുന്ന വാക്സിൻ ആണോ എന്ന പരീക്ഷണം തുടരുകയാണെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു.

Read More : Nipah Virus