Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭപാത്രം വലുതായാൽ

bulky-uterus

ഗർഭിണി അല്ലാതിരിക്കുമ്പോഴും ഗർഭപാത്രം വലുതാവുന്ന അവസ്ഥയാണ് ‘ബൾക്കി യൂട്രസ്’ അഥവാ ഗർഭപാത്രം വികസിക്കൽ. 

ഭൂരിഭാഗം കേസുകളിലും ഭയക്കേണ്ടതില്ലെങ്കിലും ശ്രദ്ധിക്കാതിരുന്നാൽ അണ്ഡാശയവും ഗർഭപാത്രവും നീക്കംചെയ്യാൻ തക്ക ഗുരുതരമാകാൻ സാധ്യതയുണ്ട്. ബൾക്കി യൂട്രസ് ഉള്ളവരുടെ ഗർഭപാത്രത്തിനു ഗർഭിണികളുടെ ഗർഭപാത്രത്തിന്റെ വലുപ്പമുണ്ടാകാം.  

കാരണങ്ങൾ 

∙ ഫൈബ്രോയിഡുകൾ 

ഗർഭപാത്രത്തിലെ മുഴകളാണു ബൾക്കി യൂട്രസിന്റെ ഒരു കാരണം. പൊതുവെ ഇവയ്ക്ക് അർബുദവുമായി ബന്ധമൊന്നുമില്ല. 0.1ശതമാനം പേരിൽ മാത്രമെ അർബുദമാകാറുള്ളൂ. ചില മുഴകൾ തീരെ ചെറുതാകും. ചില കേസുകളിൽ കൂടുതൽ വലുപ്പമുള്ള ഫൈബ്രോയ്ഡുകളും ഉണ്ടാകാം. 

∙ അഡിനോമയോസിസ് 

ഗർഭപാത്രത്തിനു മൂന്നു പാളികളാണുള്ളത്. ഉൾഭാഗത്തെ പാളിയായ എൻഡോമെട്രിയത്തിന്റെ കോശങ്ങൾ തൊട്ടടുത്ത മസിൽ പാളികളിലേക്കു തള്ളിക്കയറിനിൽക്കുന്ന അവസ്ഥയാണ് അഡിനോമയോസിസ്. ഇതു ഗർഭപാത്രം വികസിക്കാ‌ൻ കാരണമാകും. 

ഗർഭപാത്രത്തിനകത്തു നീരോ, വെള്ളമോ, രക്തമോ കെട്ടിക്കിടക്കുകയാണു മറ്റൊരു കാരണം. സെർവിക്കൽ കാൻസർ ബാധിച്ചാൽ സംഭവിക്കുന്ന ഗുരുതരാവസ്ഥയാണിത്. 45 വയസ്സിനു മുകളിലുള്ളവരിലാണു പൊതുവെ കണ്ടുവരുന്നത്. എൻഡോമെട്രിയൽ കാൻസറും ബൾക്കി യൂട്രസിനു കാരണമാകാം. 

എങ്ങനെ തിരിച്ചറിയാം 

മറ്റു രോഗങ്ങളുടെ ചികിൽസയുടെ ഭാഗമായുള്ള പരിശോധനകളിലാണു പലപ്പോഴും ബൾക്കി യൂട്രസ് കണ്ടെത്തുക. ആർത്തവസമയത്തെ അമിത രക്തസ്രാവം, കലശലായ വേദന, വയറിനകത്തു ഭാരം പോലെ അനുഭവപ്പെടുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. 

അൾട്രാ സൗണ്ട് സ്കാനി‌ങ്ങിലൂടെ ബൾക്കി യൂട്രസ് സ്ഥിരീകരിക്കാം. ഫൈബ്രോയിഡുകളാണു കാരണമെങ്കിൽ ഇവയുടെ എണ്ണവും വലുപ്പവും സ്കാനിങ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. അഡിനോമയോസിസാണെങ്കിൽ ഗർഭാശയഭിത്തിയുടെ കട്ടിയെത്രയെന്നും എത്ര വലുതായിട്ടുണ്ടെന്നുമൊക്കെ സ്കാനിങ്ങിൽ മനസ്സിലാക്കാം. 

ചികിൽസ 

ചികിൽസയ്ക്കു മൂന്നു ഘട്ടങ്ങളാണുള്ളത്. 

മരുന്ന് ചികിൽസ :  ഹോർമോൺ നില ക്രമീകരിക്കാനും മറ്റു രോഗാവസ്ഥകളുണ്ടെങ്കിൽ നിയന്ത്രിക്കാനും ആർത്തവം ക്രമത്തിലാകാനും വേദന കുറയാനുമുള്ള മരുന്നുകൾ നൽകും. 

ശസ്ത്രക്രിയ : മരുന്നു ചികിൽസ ഫലിച്ചില്ലെങ്കിൽ അടുത്തമാർഗം ശസ്ത്രക്രിയയിലൂടെ മുഴകൾ നീക്കം ചെയ്യുകയാണ്. ‌ൈഫബ്രോയ്ഡുകളുടെ എണ്ണം, വലുപ്പം, മറ്റു രോഗങ്ങൾ തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണു ശസ്ത്രക്രിയ നിർണയിക്കുക. 

അണ്ഡാശയവും ഗർഭപാത്രവും നീക്കൽ 

രോഗാവസ്ഥ കൂടുതൽ ഗുരുതരമെങ്കിലാണ് ഈ മാർഗം സ്വീകരിക്കുക. പൊതുവേ, 45 വയസ്സിനു മുകളിലുള്ള സ്ത്രീകളിലേ ഇതു ചെയ്യാറുള്ളൂ. 

വിവരങ്ങൾ: ഡോ. ശ്രുതി എം.കുമാർ, 

ഗൈനക്കോളജിസ്റ്റ്,  മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം.