Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കുഞ്ഞിനെ എനിക്കു വേണം, അബോർഷൻ വേണ്ട.... ഈ അമ്മയുടെ വിലാപം കേൾക്കാതെ പോകരുത്

ഡോ. ഷിംന അസീസ്
pregnancy Representative Image

ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്നവർ ഇപ്പോഴും നമുക്കു ചുറ്റിലുമുണ്ട്. ഇതിനിടയിൽ കിട്ടിയ കൺമണിയെ ഗർഭത്തിലെതന്നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരും കുറവല്ല. അബോർഷൻ നിയമവിധേയമാകുന്ന കാര്യങ്ങൾക്കപ്പുറം ഒരു പൂവ് പിച്ചിക്കളയുന്ന ലാഘവത്തോടെ ഗർഭപാത്രത്തിൽ  വളരുന്ന ഒരു കുഞ്ഞ് ജീവൻ നശിപ്പിച്ചു കളയുന്നവർ വായിച്ചിരിക്കണം ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്. ഗർഭപാത്രത്തിൽ വളരുന്ന ജീവൻ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചതിനെത്തുടർന്ന് ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ച അബോർഷൻ ഒഴിവാക്കാനുള്ള ഒരമ്മയുടെ വിലാപവാക്കുകളാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോക്ടർ ഷിംന അസീസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വായിക്കുന്ന ഏതൊരമ്മയുടെയും കണ്ണുകൾ ഈറനണിയിക്കും ഈ പോസ്റ്റ് 

"എനിക്കെന്തെങ്കിലും സംഭവിച്ചാലും വേണ്ടില്ല മാഡം, എന്റെ കുഞ്ഞ്‌ ജീവിച്ചാൽ മതിയായിരുന്നു..."

"കുഞ്ഞിന്‌ തലയോട്ടിയുടെ മേൽ ഭാഗമില്ല. തലച്ചോറ്‌ ഗർഭപാത്രത്തിലെ ആമ്‌നിയോട്ടിക്‌ ദ്രവത്തിൽ തട്ടിയാണ്‌ നിൽക്കുന്നത്‌. നിങ്ങളുടെ കുഞ്ഞ്‌ ജീവിക്കില്ല. നിങ്ങളുടെ ഗൈനക്കോളജിസ്‌റ്റ്‌ മാഡം പറഞ്ഞതനുസരിച്ച്‌ രണ്ടാമതും സ്‌കാൻ ചെയ്‌തുറപ്പിച്ചതല്ലേ...ആ വൈകല്യം അങ്ങനെ തന്നെയല്ലേ?"

"എന്നാലും അബോർഷൻ...അത്‌ വേണ്ട മാഡം. ഞാൻ പ്രസവിച്ചോളാം. എനിക്ക്‌ പത്ത്‌ മാസം എന്റെ കുഞ്ഞിനൊപ്പം. ഞാൻ മാഡത്തിനെ വന്ന്‌ കാണട്ടേ?.."

"ഞാൻ ഗൈനക്കോളജിസ്‌റ്റല്ല. എംബിബിഎസ്‌ ഇപ്പോ കഴിഞ്ഞേയുള്ളൂ..."

"എന്നാലും വേണ്ടില്ല"

"എന്റെ കുട്ടി കുറച്ച്‌ നാള്‌ കൂടി എന്നോടൊപ്പം തുടർന്നോട്ടെ മാഡം, പ്ലീസ്‌...എന്നിട്ട്‌ ചെയ്‌താൽ പോരേ..."

നിശ്ശബ്‌ദത..എവിടെയോ മുറിഞ്ഞ്‌ വീഴുന്ന തേങ്ങലുകൾ. പൂ പറിച്ച്‌ വലിച്ചെറിയും പോലെ ലാഘവത്തോടെ കുഞ്ഞുങ്ങളെ പിഴുതെറിയുന്ന നാട്ടിൽ ഒരമ്മ ഒരിക്കലും ജീവിക്കില്ലാത്തൊരു കുഞ്ഞിന്‌ വേണ്ടി...പതിനൊന്ന്‌ ആഴ്‌ച കഴിഞ്ഞു ആ ഗർഭത്തിന്‌. അവൾക്ക്‌ അത്‌ തുടരണം, ആ കുഞ്ഞിനെ വേണം. ദൈവത്തിന്‌ നിരക്കാത്തത്‌ ചെയ്യരുത്‌, വൈദ്യശാസ്‌ത്രം തിരിച്ചാവശ്യപ്പെടുന്നു എന്നൊക്കെ പറഞ്ഞ്‌ വിതുമ്പുന്നു. ആശ്വാസവാക്കുകൾക്ക്‌ വേണ്ടിയാണവൾ വിളിച്ചത്‌.

 

പറയാനൊന്നുമില്ലായിരുന്നു- "തുടരരുത്‌, എത്രയും വേഗം അബോർട്ട്‌ ചെയ്യണം. ഗൈനക്കോളജിസ്‌റ്റിനെ തന്നെ കാണൂ" എന്നല്ലാതെ...

മൂന്നു കാരണങ്ങൾക്കാണ്‌ അബോർഷൻ നിയമവിധേയമാകുന്നത്‌- ഗർഭം തുടരുന്നത്‌ കൊണ്ട്‌ അമ്മക്ക്‌ ജീവഹാനി, ഗർഭസ്‌ഥശിശുവിന്‌ സാരമായ അംഗവൈകല്യം, ഗർഭനിരോധനമാർഗം പരാജയപ്പെടുക. മൂന്നാമതെഴുതിയത്‌ ദുരുപയോഗം ചെയ്‌താണ്‌ മിക്കവരും ഒരു കൂസലുമില്ലാതെ അബോർഷൻ ആവശ്യപ്പെടുക. ആശിച്ച്‌ കിട്ടിയ കുഞ്ഞിനെ നഷ്‌ടപ്പെടുത്തേണ്ട വേദന അതിലൂടെ കടന്ന്‌ പോയവരോട്‌ തന്നെ വേണം ചോദിച്ചറിയാൻ.

 

വെറുതേ 'ഒഴിവാക്കുന്നവർ' ഇതെല്ലാം ഒന്നറിഞ്ഞിരിക്കുന്നത്‌ നന്നാകും. "കളയാൻ മരുന്ന്‌ പറഞ്ഞു തരുമോ" എന്ന്‌ ചോദിക്കുന്നവരെ ഗൗനിക്കാതെ ഗൈനക്കോളജിസ്‌റ്റിനെ കാണാൻ ഉപദേശിക്കുന്നതും വ്യക്തിപരമായി ആ 'എളുപ്പപ്പണി'യോട്‌ കടുത്ത എതിർപ്പുള്ളത്‌ കൊണ്ടാണ്‌. ഗർഭനിരോധനമാർഗങ്ങൾ ഇത്രയേറെ, എന്നിട്ടും MTP എന്ന ഓപ്‌ഷൻ തോന്നിയ പോലെ എടുത്തുപയോഗിക്കുന്നവർ. മറുഭാഗത്ത്‌ കുഞ്ഞിന്‌ വേണ്ടി തേങ്ങിയൊടുങ്ങുന്നവർ !

 

ഗർഭം ധരിച്ചെന്നറിയുമ്പോൾ മുതൽ അവൾ അമ്മയാണ്‌, ജീവിതം ഏറ്റവും ധന്യമാകുന്ന 280 ദിവസം. രണ്ട്‌ തവണ അതിലൂടെ കടന്നു പോയതുമാണ്‌. അതെല്ലാം എഴുതി വെച്ചത്‌ ബാധ്യതയാകുന്നത്‌ സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതാകുമ്പോഴാണ്‌. അത്‌ പ്രതീക്ഷിച്ച്‌ മുന്നിലേക്കെത്തുന്ന സംഭാഷണങ്ങളിൽ ഒരു വൻപരാജയമാവുമ്പോഴാണ്‌...എന്താണ്‌ പറയേണ്ടത്‌, എന്താണ്‌ പറയരുതാത്തത്‌...അവളും അമ്മയാണല്ലോ...

Read More Health News