Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാശയമുഖ കാൻസറും എച്ച്പിവിയും; സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത്

cervical-cancer

ഗർഭാശയമുഖ കാൻസർ അല്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഇന്നത്തെ കാലത്ത് സ്ത്രീകളുടെ മരണനിരക്കിനു കാരണമാകുന്ന പ്രധാനരോഗങ്ങളില്‍ ഒന്നായി മാറികൊണ്ടിരിക്കുകയാണ്. പലപ്പോഴും ഈ രോഗം തുടക്കത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നതുതന്നെയാണ് ഇതിനെ അപകടകാരിയാക്കുന്നതും.  

ഗർഭാശയമുഖത്ത് അസാധാരണമായ രീതിയിൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുന്നതു മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ്. ഇന്ത്യയില്‍ 6-29% സ്ത്രീകളുടെ മരണനിരക്കിനു കാരണമാകുന്നതും സെര്‍വിക്കല്‍ കാന്‍സര്‍ തന്നെയാണ്. 53 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ ഇത് കാണപ്പെടുന്നത് .

ഹ്യൂമൻ പാപ്പിലോമ വൈറസ് അല്ലെങ്കില്‍ എച്ച്പിവി ( HPV) ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറസാണ്. ഒന്‍പതു മുതല്‍ പന്ത്രണ്ടു വയസ്സു വരെ പ്രായമുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിൻ ഇന്നു നല്‍കാറുണ്ട്. എന്നാല്‍ വാക്സിനുകള്‍ നൂറുശതമാനം ഗുണം ചെയ്യുന്നില്ലെന്നും പറയപ്പെടുന്നു. 

അസാധാരണമായ രക്‌തംപോക്കുണ്ടാവുക, ലൈംഗികബന്ധത്തിനുശേഷമോ ആർത്തവവിരാമത്തിനുശേഷമോ അടിവയറ്റിൽ അല്ലെങ്കിൽ വസ്തിപ്രദേശത്ത് (പെൽവിസ്) വേദനയുണ്ടാകുക, യോനിയിൽനിന്ന് അസാധാരണമായ സ്രവം പുറത്തേക്കു പോകുക എന്നിവയാണ്  സെർവിക്കൽ കാൻസറിന്റെ ആദ്യലക്ഷണങ്ങള്‍. നേരത്തെയുള്ള കണ്ടെത്തലും പരിശോധനകളും വഴി ഗർഭാശയമുഖ കാൻസർ പരിഹരിക്കാവുന്നതാണ്. 

ഗർഭാശയമുഖ കാൻസറും എച്ച്പിവിയും 

ഓങ്കോജെനിക്ക് എച്ച്പിവി ( Oncogenic HPV) ആണ് സെര്‍വിക്കല്‍ കാന്‍സറിന് 100% കാരണമാകുന്ന വൈറസ്‌. എച്ച്പിവി വാക്സിൻ എടുക്കാത്ത മികച്ച പ്രതിരോധശേഷിയുള്ള ഒരാള്‍ക്ക് വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ചാല്‍പ്പോലും 15 – 20 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാകും രോഗബാധ ഉണ്ടാകുക. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഇത് 5-10 വര്‍ഷമാകുന്നു. എന്നാല്‍ പ്രതിരോധകുത്തിവെയ്പ്പ് എടുത്തവരില്‍ സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത വളരെയേറെ കുറവാണെന്ന് ഡോക്ടർമാര്‍ പറയുന്നു. 

നിലവില്‍ രണ്ടു തരത്തിലെ എച്ച്പിവി വൈറസുകള്‍ക്ക് എതിരെയാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.   

70% സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്ന  എച്ച്പിവി 16 , എച്ച്പിവി 18 എന്നിവയ്ക്കാണ് വാക്സിൻ നല്‍കുന്നത്. എന്നാല്‍ വാക്സിന്‍ എടുത്തതുകൊണ്ട് അടിക്കടിയുള്ള പരിശോധനകള്‍ നിര്‍ത്തുന്നതില്‍ അര്‍ഥമില്ല.

 വളരെ നേരത്തെയുള്ള കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താന്‍ നേരത്തെയുള്ള പാപ് പരിശോധനയ്ക്കും തുടർപരിശോധനകള്‍ക്കും സാധിക്കും. 

21 മുതൽ 49 വയസ്സുവരെ പ്രായമുള്ളവരിൽ മൂന്നുവർഷത്തിലൊരിക്കലും 50 വയസ്സിനു മുകളിൽ 65 വയസ്സു വരെയുള്ളവരിൽ അഞ്ചുവർഷത്തിലൊരിക്കലും പരിശോധന നടത്തുന്നതാണ് ഉചിതം.

 പാപ് സ്മിയര്‍ പരിശോധനകളില്‍ എന്തെങ്കിലും അസ്വാഭാവികതകള്‍ കണ്ടെത്തിയാല്‍ ഡോക്ടര്‍ കൂടുതല്‍ പരിശോധനകള്‍ നിര്‍ദേശിക്കുക പതിവാണ്.  എച്ച്പിവിടെസ്റ്റ്‌, ഡിഎന്‍എ ടെസ്റ്റ്‌ എന്നിവ നടത്തുക വഴി രോഗബാധ ഉണ്ടോയെന്നു സ്ഥിരീകരിക്കാന്‍ സാധിക്കുന്നതാണ്. 

Read More : Health Magazine