Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചില്‍ അധികമാണോ; എങ്കില്‍ സൂക്ഷിക്കുക

hair-loss

'എവിടെ നോക്കിയാലും മുടി തന്നെ, ഇതെന്തു മുടി കൊഴിച്ചിലാണ് ',  മിക്ക സ്ത്രീകളും ജീവിതത്തില്‍ ഈ ഒരു വിഷമഘട്ടം അഭിമുഖീകരിച്ചിട്ടുണ്ടാകും. ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനം നിമിത്തമാകും. മറ്റു ചിലര്‍ക്ക് കാലാവസ്ഥ മാറിയതിന്റെയോ വെള്ളം പിടിക്കാത്തതോ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാകും.

എന്നാല്‍ ഈ മുടി കൊഴിച്ചിലിനെ അങ്ങനെ അങ്ങ് നിസ്സാരമായി തള്ളികളയാന്‍ വരട്ടെ.  സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത മുടികൊഴിച്ചില്‍ ഗര്‍ഭാശയമുഴകളുടെ ലക്ഷണമാകാമെന്നു പുതിയ കണ്ടെത്തല്‍. ഇവ കാന്‍സര്‍ മുഴകള്‍ അല്ലെങ്കില്‍ തന്നെ ഗര്‍ഭാശയഭിത്തികളില്‍ ഉണ്ടാകുന്ന ഈ മുഴകളെ ലാഘവത്തോടെ കാണരുത് എന്നാണു വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നത്. 

ആയിരത്തോളം അമേരിക്കന്‍ അഫ്രിക്കന്‍ സ്ത്രീകളില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു സാഹചര്യത്തെ കുറിച്ചു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഫൈബ്രോയിഡ് എന്ന് വിളിക്കാവുന്ന ഈ മുഴകളും മുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ട് എന്നാണു റിപ്പോര്‍ട്ട്. 

അതുപോലെ തലമുടി ഉച്ചിയില്‍ നിന്നും അധികമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയായ സെന്‍ട്രല്‍ സെന്റ്രിഫ്യൂഗല്‍ സിസട്രിക്കല്‍ അലോപേഷ്യ (Central Centrifugal Cicatricial Alopecia (CCCA))  ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഴകള്‍ക്കുള്ള സാധ്യത അഞ്ചുമടങ്ങാണെന്ന് ഡോക്ടർമാര്‍ പറയുന്നു. 

2013-17 വര്‍ഷങ്ങളില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള 4,86,000  സ്ത്രീകളില്‍ ഈ പഠനം നടത്തിയിരുന്നു. ഇതുപ്രകാരം CCCA ഉള്ള സ്ത്രീകള്‍ക്ക്  ഫൈബ്രോയിഡ്  സാധ്യത ഏറെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നു. CCCA ഉള്ള  13.9 ശതമാനം സ്ത്രീകള്‍ക്കും  ഗര്‍ഭാശയമുഴകള്‍ ഉള്ളതായും കണ്ടെത്തി. 

കറുത്തനിറക്കാരായ സ്ത്രീകളിലാണ്  CCCA കൂടുതലും ബാധിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. 4,86,000 പേരില്‍  നടത്തിയ ഈ പഠനത്തില്‍ 16,212 പേര്‍ക്കും ഫൈബ്രോയിഡ് ഉണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.

 അതുകൊണ്ടതന്നെ CCCA  യുമായി ബന്ധപ്പെട്ടു ചികിത്സ തേടുന്ന സ്ത്രീകള്‍ക്ക് ഫൈബ്രോയിഡ് ഉണ്ടോ എന്ന് ഡോക്ടർമാര്‍ പരിശോധിക്കേണ്ടതാണെന്നാണു വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ചു അവര്‍ക്ക് രക്തസ്രാവമോ വയറുവേദനയോ ഉണ്ടെന്നു കണ്ടെത്തിയാല്‍ ഉറപ്പായും അവരെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ജാമ ഡര്‍മ്മറ്റോളജി ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

Read More : Healthy Life