Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിനു പാലുകൊടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ലേ; ചോദ്യം ഇന്നത്തെ സമൂഹത്തോടു കൂടിയാകുമ്പോൾ...

breast-feeding

മുലയൂട്ടലിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. മുലപ്പാൽ കുഞ്ഞിന് എത്രമാത്രം ആവശ്യമാണെന്നും അതിന്റെ പോഷകഗുണത്തെക്കുറിച്ചും ആർക്കും സംശയവുമില്ല. എന്നാൽ കുഞ്ഞിന് പാലൂട്ടുമ്പോൾ പലപ്പോഴും അമ്മമാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുമായി പുറത്തു  പോകുമ്പോൾ പാലു കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മിക്ക അമ്മമാരും തുറിച്ച് നോട്ടങ്ങൾക്കും കമന്റുകൾക്കും വിധേയരാകാറുണ്ട്. എന്നാൽ ഇതിനെതിരെ പലരും പ്രതികരിക്കാറില്ലെന്നതാണ് വാസ്തവം. 

പൊതുയിടങ്ങളിൽ മുലയൂട്ടുന്നതിനുള്ള സൗകര്യക്കുറവും ഇത്തരം തുറിച്ചു നോട്ടങ്ങളും കാരണം കുഞ്ഞുങ്ങളുടെ ഈ അവകാശം നിഷേധിക്കുവാൻ പലപ്പോഴും അമ്മമാർ നിർബന്ധിതരാകാറുണ്ട്. 'അമ്മമാർ മുലയൂട്ടട്ടെ...ആരെയും ഭയക്കാതെ...' എന്ന തലക്കെട്ടിൽ വീണ ജെ എസ് എന്ന യുവതി  ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് ഇവിടെ വളരെ പ്രസക്തമാണ്. മുലയൂട്ടലിന്റെ പ്രസക്തിയെക്കുറിച്ചും കുഞ്ഞുങ്ങൾക്ക് എപ്രകാരമാണ് മുലയൂട്ടലിന്റെ ഓരോഘട്ടവും പ്രയോജനകരമാണെന്നതിനെ കുറിച്ചുമെല്ലാമാണ് ഈ കുറിപ്പിൽ വിവരിക്കുന്നത്. 

വീണ ജെ എസ് ന്റെ പോസ്റ്റ് വായിക്കാം...

അമ്മമാർ മുലയൂട്ടട്ടെ..ആരെയും ഭയക്കാതെ..❤

 

വർഷങ്ങൾക്കുമുന്നേയാണ്. 

കസിന്റെ ഭാര്യ തന്റെ കൊച്ചിന് മുലയൂട്ടുകയാണ്. എന്റെ വീടിന്റെ നടുമുറിയിൽ ഇരുന്ന്‌. ഞാനത് നോക്കിയിരിക്കുകയാണ്. കുഞ്ഞു പാലുകുടിക്കുന്നത്, അമ്മയുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കുന്നത്, ചേച്ചി(കസിന്റെ ഭാര്യ)കുഞ്ഞിനോട് കൊഞ്ചിസംസാരിക്കുന്നത് അങ്ങനെ എല്ലാം. പെട്ടെന്ന് ഒരു family കടന്നുവന്നു. കുഞ്ഞിനെ കാണുന്ന ചടങ്ങ് ! ചേച്ചി മുലയൂട്ടൽ തുടർന്നു. എനിക്കെന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി എന്നുള്ളത് സത്യമാണ്. പക്ഷെ അതെന്താണെന്നൊന്നും അപ്പൊ മനസ്സിലായില്ലായിരുന്നു. 

എന്തായാലും, കുഞ്ഞ് ഉറങ്ങിപ്പോയി. ചേച്ചി പതുക്കെ അവനെ കൊണ്ടുപോയി കിടത്തിയിട്ട് തിരിച്ചു വന്ന് എല്ലാരോടും സംസാരിച്ചു തുടങ്ങി. ചേച്ചി ഇറങ്ങിപ്പോയ അന്നുമുതൽ കുറച്ച് നാളത്തേക്ക് സംസാരം ഇതായിരുന്നു. "ഒരു തോർത്തെടുത്തു മറച്ചുകൂടെ ? ഇതാരെ കാണിക്കാനാ അങ്ങനങ്ങു തൊറന്നിടുന്നത് ?????

വർഷം 2015. എനിക്ക് ഈവ ഉണ്ടായി. പാലുകൊടുക്കാൻ നേരമാവുമ്പോ ഒക്കെ എന്റമ്മ മുറ തെറ്റാതെ ഒരു തോർത്തും കൊണ്ടോടി വരും. കാര്യം എന്താണെന്നോ ? കുഞ്ഞ് ഒരു മുല കുടിച്ചുകൊണ്ടിരിക്കുമ്പോ മറ്റേ മുലയിൽ നിന്നും പാൽ തെറിച്ചു പോകുമായിരുന്നു. Milk production കൂടുതലുള്ളവരിൽ ഇത് സംഭവിക്കും. ബ്രായും ഡ്രെസ്സും നനയാതിരിക്കാൻ എപ്പോഴും ഒരു തോർത്ത്‌ കൂടെ കരുതേണ്ടത് അത്യാവശ്യം ആയിരുന്നു. പക്ഷെ, bed റൂമിൽ അല്ല മുലയൂട്ടുന്നതെങ്കിൽ, ആ തോർത്തിന്റെ മറ്റേ അറ്റം വളരെ സ്വാഭാവികമെന്നോണം മുലയൂട്ടുന്ന ഭാഗത്തെ മറച്ചുപിടിക്കാൻ എന്നോ ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു !

വർഷം 2012. തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഓപിയിൽ ഇരുന്ന് എന്റെ കൂട്ടുകാരി അവളുടെ കുഞ്ഞിന് മുലയൂട്ടുന്നു. കുഞ്ഞിന്റെ കണ്ണ് പരിശോധിക്കണം. ക്യൂവിൽ നിൽക്കുമ്പോൾ ആണ് കുഞ്ഞ് കരയുന്നത്. പുറത്ത് പോയി room കണ്ടുപിടിച്ചു പാൽ കൊടുത്തു വരുമ്പോളേക്കും ക്യൂ മാറും. So, അവൾ അവിടെ തന്നെ ഇരുന്നു കൊടുത്തു. Protection against sex discrimination during breast feeding എന്നൊരു concept ഉണ്ടെന്നറിയുന്ന വളരെ ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നുകാണും അവൾ. അവളുടെ മുലകളെ മറച്ചുപിടിച്ചു സംരക്ഷിക്കേണ്ടത് കൂടെ ചെന്ന ഞാൻ ആകണം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ. ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. പക്ഷെ രണ്ടു ചെക്കന്മാർ ഒടുക്കത്തെ നോട്ടം. വൃത്തികെട്ട നോട്ടം പെണ്ണുങ്ങൾക്ക്‌ പെട്ടെന്ന് തിരിച്ചറിയാല്ലോ ! Complaint കൊടുക്കണം എന്ന് ഞാൻ പറയുമ്പോളേക്ക് അവരോടു അവളൊറ്റ ചോദ്യം ! "ഇതുവരെ കണ്ടിട്ടില്ലേ ?" ബാക്കി എന്താ ചോദിക്കുക എന്നറിയാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു. പക്ഷെ, ഒപിയിലെ ഊഴം കാത്തുനിൽക്കാതെ അവരോടിയ കണ്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കുന്നതിനിടയിൽ ഞാൻ അത് മറന്നുപോയി !!

പങ്കുവെക്കാൻ ഉള്ള കാര്യങ്ങൾ ഇതാണ്. മുലപ്പാൽ കുടിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ പാൽ കുറച്ച്തവണ വലിച്ചുകുടിച്ചശേഷം ആണ് ശ്വസനപ്രക്രിയ നടത്തുന്നത്. കുറച്ച് തവണ പാൽ വലിച്ചുകുടിച്ചശേഷം ഈ സാരിക്കുള്ളിലോ തോർത്തിനുള്ളിലോ ഉള്ള ശ്വാസം വലിക്കൽ ഒന്ന് ഊഹിച്ചു നോക്കിയേ. തലവേദനക്കൊ ജലദോഷത്തിനോ ആവിപിടിക്കുമ്പോ കുറച്ചുനേരം തുണിയുടെ ഉള്ളിൽ ഇരുന്നു ശ്വസിക്കുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തുനോക്കിയാൽ നന്നാവും. ചൂടാവി ഇല്ലെന്നു പറയുന്നവരോട്, ഒരു പുതപ്പിന്റെ ഉള്ളിൽ ഒരു ഇരുപതു മിനിട്ടിരുന്നു straw ഉപയോഗിച്ച് ഈ പറഞ്ഞപോലെയൊന്നു കുടിച്ചുനോക്കു ട്ടാ.

Breast feeding. അത് വളരെ important ആണ്. ജനിച്ചു ആദ്യത്തെ ആറുമാസം വരെ മുലപ്പാൽ മാത്രമേ കുഞ്ഞിന് കൊടുക്കാവൂ (വിറ്റാമിൻ D3 drops കൂടെ കൊടുക്കണം doctor പറയുന്നത് പ്രകാരം). കുഞ്ഞിന്റെ അവകാശമാണത്. 

തുറിച്ചുനോക്കലുകൾ സ്ത്രീകളെ അതിൽ നിന്നും തടയും. ഒരുപരിധിവരെയെങ്കിലും തടയും.

Breast feeding rooms പല സ്ഥലങ്ങളിലും ഇന്ന് ലഭ്യമാണ്. പക്ഷെ, തിരക്ക് കൂടിയ ബസ്സുകൾ, മറ്റു സ്ഥലങ്ങളിൽ എന്നിവിടങ്ങളിലും ചിലപ്പോൾ കുഞ്ഞിന് മുലപ്പാൽ ആവശ്യമായിവരും. തുറിച്ചുനോട്ടങ്ങൾ സ്ത്രീകളുടെ മേലുള്ള കടന്നു കയറ്റങ്ങൾ ആണെങ്കിലും അവരത് നിശബ്ദം സഹിച്ചേക്കാം. പക്ഷെ അതുകാരണം തന്റെ അവകാശം നിഷേധിക്കപ്പെടുന്ന കുഞ്ഞിന്റെ കരച്ചിൽ ഉയരുന്നത് തുറിച്ചുനോക്കുന്നവരുടെ നേർക്കു തന്നെയാണ്. അതുകേട്ടെങ്കിലും നിങ്ങൾ ഒരുനിമിഷത്തേക്കു നിങ്ങളുടെ കണ്ണുകൾ മുറുക്കെയടക്കുക, കുറച്ചുനേരത്തേക്കു വഴിമാറിപ്പോകുക. സ്ത്രീകളുടെ ശരീരങ്ങളും, അവയിലെ മുലകളും മടക്കുകളും ഒടിവുകളും കുഴികളും അങ്ങനെ എല്ലാം എല്ലാം അവിടെ തന്നെ ബാക്കികാണും. കുഞ്ഞുകരയുന്ന കുറച്ചുനേരത്തേക്കെങ്കിലും നിങ്ങൾ ഒന്ന് മാറിപ്പോവുക. 

Statutory warning ==> നിങ്ങൾ എന്നത് ചുരുക്കം ചിലർ മാത്രം.

 

ജനിച്ചു ഒരു മാസം ഒക്കെ ആവുമ്പോളേക്കും കുഞ്ഞ് അമ്മയോട് ഒരു തരം അടുപ്പം കാണിക്കും. Intense regard for mother's face, sound, smell. അതുകൊണ്ടാണ്, മുലകുടിക്കുന്നതിനിടയിലും കുഞ്ഞ് അമ്മയെ നോക്കുന്നത് (ഇടയ്ക്കു പാൽകുടിക്കുന്നത് നിർത്തിക്കൊണ്ട്പോലും). അമ്മയോടുള്ള സ്വാഭാവികമായ മാനസികഅടുപ്പം വികസിക്കുന്നതിനു ഇത് വളരെ സഹായകം ആണ്. മൂടിവെച്ചു മുലകൊടുക്കുമ്പോൾ ഇല്ലാതാവുന്നത് വളർച്ചയിലെ പ്രത്യേക ഘട്ടം തന്നെയാണ്.

 

മുലയൂട്ടുമ്പോൾ ഉള്ള തുറിച്ചുനോട്ടങ്ങളെ വീണ്ടും വീണ്ടും എടുത്തു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. Fore milk, hindmilk എന്നൊരു വിഭജനം ഉണ്ട്. മുലയൂട്ടുമ്പോൾ ആദ്യം വരുന്ന പാൽ foremilk, അവസാനഭാഗം hindmilk. ആദ്യം വരുന്ന പാലിൽ വെള്ളവും പോഷകമിനെറലുകളും ആണ് കൂടുതൽ ഉള്ളത് . വിശപ്പില്ലാതാക്കാനും, വളർച്ചക്കും ആവശ്യമായ (പ്രത്യേകിച്ച് മസ്തിഷ്‌കത്തി്റെ വളർച്ചക്ക് ആവശ്യമായ) കൊഴുപ്പ് hindmilkലുമാണ് കൂടുതൽ. അതായത്, ഒരു മുല അതിലുള്ള പാൽ മുഴുവനായും ചുരത്തിക്കഴിയുമ്പോൾ മാത്രമേ ആവശ്യമായ എല്ലാ പോഷകവും കുഞ്ഞിന് ലഭ്യമാകുന്നുള്ളു. Foremilk മാത്രം ലഭിക്കുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തും. കാരണം,കുറച്ചുനേരത്തേക്കുള്ള ദാഹം മാറിക്കിട്ടുന്നു. പക്ഷെ, കുറച്ചുകഴിയുമ്പോൾ ക്ഷീണവും വിശപ്പും കൂടുന്നു. തുറിച്ചുനോട്ടങ്ങൾ ഉള്ളിടത്തു foremilk മാത്രം കിട്ടി, വിശപ്പിന്റെ അടുത്ത കരച്ചിലിന് മുന്നേയുള്ള കുറച്ച് നേരത്തെ ശാന്തതയിലാവുന്നു കുഞ്ഞ്.

Read More : Health Magazine