Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം അൻപതു കഴിഞ്ഞോ? എങ്കിൽ ഇങ്ങനെ തടയാം ഹൃദ്രോഗത്തെ

heart-attack

ആർത്തവ വിരാമം വന്നതോ അറുപതു വയസ്സു കഴിഞ്ഞതോ ആയ സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. വ്യായാമം ചെയ്യാനും ആരോഗ്യം ശ്രദ്ധിക്കാനും ഒന്നും ഒരു പ്രായം കഴിഞ്ഞാൽ താൽപര്യവും ഉണ്ടാകില്ല മിക്കവർക്കും. എന്നാൽ കൂടുതൽ അധ്വാനിക്കാതെ തന്നെ ഹൃദയാരോഗ്യം ലഭിക്കാൻ മാര്‍ഗം ഉണ്ടെന്നാണ് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 67–ാമത് വാർഷിക ശാസ്ത്രീയ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു പഠനം പറയുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നാൽപ്പതു മിനിട്ടോ അതിൽ കൂടുതലോ നടക്കുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 21 മുതൽ 25 ശതമാനം വരെ കുറയ്ക്കുമത്രെ.

സാവധാനം നടക്കുന്നവരെക്കാൾ വേഗത്തിൽ നടക്കുന്ന സ്ത്രീകൾക്ക് രോഗസാധ്യത 26 മുതൽ 38 ശതമാനം വരെ കുറവാണെന്നും കണ്ടു.

ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്നറിയാമെങ്കിലും വെറും നടത്തം കൊണ്ട് അത് സാധ്യമാകും എന്നത് ഈ പഠനം തെളിയിച്ചു എന്ന് ഗവേഷകർ.

50 മുതൽ 79 വയസ്സുവരെ പ്രായമുള്ള 89,000 സ്ത്രീകളിൽ പത്തുവർഷക്കാലം നീണ്ട പഠനം നടത്തി. നടത്തത്തിന്റെ സമയം, വേഗത എത്ര തവണ നടക്കുന്നു ഇതെല്ലാം പരിശോധിച്ചു. നടത്തത്തിലൂടെ ചെലവാകുന്ന ഊർജ്ജോപഭോഗവും മെറ്റബോളിക് ഇക്വലന്റ് ഓഫ് ടാസ്ക് അഥവാ എം ഇ ടി യിലൂടെ കണക്കൂ കൂട്ടി. ആഴ്ചതോറും കൂടിയ എം ഇ ടി സ്കോർ ലഭിച്ചവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 25 ശതമാനം കുറവാണെന്നു കണ്ടു.

അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകൾക്കു പോലും നടത്തം ഹൃദയാരോഗ്യമേകുമെന്ന് പഠനം പറയുന്നു. ആറര ദശലക്ഷം പേരാണ് ഹൃദ്രോഗം ബാധിച്ചവർ. പ്രായം കൂടുന്തോറും ഹൃദ്രോഗ സാധ്യതയും കൂടും. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കാത്ത, പതിവായി വ്യായാമം ചെയ്യാൻ പറ്റാത്ത എല്ലാ സ്ത്രീകൾക്കും ഈ പഠനഫലം ആശ്വാസമേകും.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നാൽപതു മിനിട്ട് നടത്തം, ആർത്തവ വിരാമം വന്ന സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്ന ഈ പഠനം സെന്റ് വിൻസന്റ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധയും ബ്രൗൺ സർവകലാശാല ഗവേഷകയുമായ സോം വെയ്ൽ റാസിയയും സംഘവും ആണ് നടത്തിയത്.

Read More : Health Tips