Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭനിരോധനോപാധി ഉപയോഗിച്ച് ജീവൻ അപകടത്തിലായ യുവതി നൽകുന്ന മുന്നറിയിപ്പ്

shannon

ഗർഭനിരോധനോപാധികൾ ഉപയോഗിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് ഓസ്ട്രേലിയ സൺഷൈൻ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡ്. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന  (Intra Uterine Device (IUD) ) മിറേന  (Mirena) എന്ന കൃത്രിമഗര്‍ഭനിരോധനമാര്‍ഗം ഷാനോണ്‍ സ്വീകരിച്ചത്. ഡോക്ടറെ സമീപിച്ച ശേഷം, ഏറ്റവും പ്രചാരമുള്ള ഗര്‍ഭനിരോധനോപാധി എന്ന നിലയിലാണ് മിറേന തിരഞ്ഞെടുത്തത്. ഈ തീരുമാനം അവരെ കൊണ്ടെത്തിച്ചത് ഇനിയൊരിക്കലും ഒരമ്മയാകാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും.

മറ്റു ഗര്‍ഭനിരോധനരീതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലും ചില നിരോധനമരുന്നുകളോടുള്ള അലര്‍ജിയുമാണ്‌ ഈ വഴി സ്വീകരിക്കാന്‍ ഷാനോനെ പ്രേരിപ്പിച്ചത്. ഷാനോനും പങ്കാളി കോറി നാലാമതും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് താല്‍കാലികമായി ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ചത്.

നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും ഇല്ലായിരുന്നു. ഒരല്‍പം വളവുള്ള ഗർഭപാത്രമായിരുന്നു ഷാനോനിന് (retroverted uterus ). അതില്‍ പ്രത്യേകിച്ച് അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഡോക്ടറും പറഞ്ഞത്. 

വീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. രക്തം അമിതമായി നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തലകറക്കം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോന്‍. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കം ചെയ്തിട്ടും രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ balloon catheter ഉപയോഗിച്ച് ബ്ലീഡിങ് നിയന്ത്രിച്ചു. 

അപ്പോഴേക്കും ശരീരത്തില്‍ നിന്നും 20% രക്തം നഷ്ടമായിരുന്നു. അടുത്ത ദിവസം നടത്തിയ ശസ്ത്രക്രിയയിൽ ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു അതിന്റെ കാരണം. 

ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു കരുതുകയാണ് ഷാനോനും കുടുംബവും. ഇത്തരം ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കും മുന്‍പ് അത് നിങ്ങൾക്ക് എത്രത്തോളം യോജിക്കുമെന്നു ഉറപ്പു വരുത്തണമെന്ന് ഷാനോന്‍ പറയുന്നു. പ്രത്യേകിച്ച് കുഞ്ഞിനു മുലയൂട്ടുന്ന അമ്മമാര്‍. തക്കസമയത്ത് യോജിച്ച രക്തദാതാവിനെ ലഭിച്ചതു കൊണ്ടാണ് താന്‍ ഇന്ന് ജീവനോടിരിക്കുന്നതെന്നും ഈ അമ്മ പറയുന്നു.

Read More : Ladies Corner