Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനിടയിലെ സങ്കീർണതകൾ; ഡോ. നെൽസൺ ജോസഫ് പറയുന്നു

x-default

പ്രസവം അത് സങ്കീർണമായ ഒന്നുതന്നെയാണ്. ഒരു ജീവനെ രണ്ടാക്കി മാറ്റിയാലും അപകടം പതിയിരിക്കുന്ന സങ്കീർണ പ്രതിഭാസം. എത്ര വിദഗ്ദരായ ഡോക്ടർമാരായാലും ചിലപ്പോൾ ആർക്കെങ്കിലും അപകടം ഉണ്ടായെന്നും വരാം. ഇത്രയും അപകടസാധ്യതകൾ ഉള്ള പ്രസവം യുട്യൂബ് വിഡിയോ കണ്ട് വീട്ടിൽ നടത്താമെന്നു വച്ചാലോ? അതാണ് കഴിഞ്ഞ ദിവസം തിരുപ്പൂരിൽ കൃതിക എന്ന അധ്യാപികയ്ക്കും സംഭവിച്ചത്. ഇവിടെ കുഞ്ഞിനെ കിട്ടിയെങ്കിലും അമ്മ മരണത്തിനു കീഴടങ്ങി. പ്രസവത്തിലെ സങ്കീർണതകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഡോ. നെൽസൺ ജോസഫ് എഴുതിയതു വായിക്കാം.

ലേബർ റൂമിൽ വന്ന ആ അമ്മയെ ഇപ്പൊഴും ഓർമിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് നിയോനേറ്റൽ ഐ.സി.യുവിൽ കിടക്കുന്ന സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാൻ കഴിയാതെ ലേബർ റൂമിൻ്റെ റിസപ്ഷൻ്റെ സൈഡിലെ കട്ടിലിൽ കിടന്നിരുന്ന ആ അമ്മയെ. കുഞ്ഞ് വിശന്ന് കരയുമ്പൊ ഫീഡ് നൽകിയിരുന്നത് ഐ.സി.യുവിലെ നഴ്സസായിരുന്നു.

അമ്മയുടെ പ്രസവം നടന്നത് നോർമലായാണ്. പക്ഷേ കുഞ്ഞ് പുറത്ത് വന്ന് അധികസമയമായിട്ടും മറുപിള്ള (പ്ലാസൻ്റ) പുറത്ത് വന്നില്ല. കുഞ്ഞ് പുറത്തെത്തി മറുപിള്ളയും പുറത്തുവന്ന് ഗർഭപാത്രം ചുരുങ്ങാൻ തുടങ്ങിയാലേ രക്തസ്രാവം നിയന്ത്രണവിധേയമാവൂ. മറുപിള്ള പൂർണമായി പുറത്തെത്താഞ്ഞതുകൊണ്ട് ഗർഭപാത്രം ചുരുങ്ങിയില്ല. രക്തം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

കൂട്ടിരിപ്പുകാർ ആരും അവിടെയില്ല. എന്തോ പ്രത്യേക സാഹചര്യമായിരുന്നു അത്. കൂട്ടിരിപ്പുകാരില്ലാതെ അനാഥരാവുന്ന രോഗികൾക്ക് ഹൗസ് സർജനാണ് ബന്ധു.. അതിവേഗം ആശുപത്രിയിൽ നിന്ന് പ്രഥമശുശ്രൂഷകളോടെ മെഡിക്കൽ കോളജിലെത്തിച്ചിട്ടും നില അതിവേഗം വഷളാവുന്നു. അന്ന് അവർക്ക് രക്തം എത്തിക്കാൻ ബ്ലഡ് ബാങ്കിലേക്കും അവിടെനിന്ന് ഓപ്പറേഷൻ തിയറ്ററിലേക്കും പലതവണ ഓടിയിരുന്നു.

അത് പ്രസവവും കഴിഞ്ഞുള്ള അവസാന കടമ്പയുടെ കഥ.(അവസാനമെന്ന് പറഞ്ഞൂടാ...പോസ്റ്റ് പാർട്ടം പീര്യഡ് പിന്നെയും കിടക്കുന്നു) .അതിനു മുൻപ് എവിടെവച്ച് വേണമെങ്കിലും തട്ടിത്തൂവിപ്പോകാവുന്ന, തടസങ്ങളും അപകടഘട്ടങ്ങളുമുണ്ടാവുന്ന, ഏറ്റവും അപകടകരമായ ജീവിതസാഹചര്യങ്ങളിലൊന്നാണ് പ്രസവം.

ബീജവും അണ്ഡവും ഒന്നുചേർന്ന് ഗർഭപാത്രത്തിലേക്കുള്ള യാത്രയിൽ മടിപിടിച്ച് ഫലോപിയൻ ട്യൂബിലോ ഗർഭാശയത്തിനു വെളിയിലെവിടെയെങ്കിലുമോ പറ്റിപ്പിടിക്കുന്ന അതിഗുരുതരമായേക്കാവുന്ന അവസ്ഥ തൊട്ട് അവസാനം പ്ലാസൻ്റയുടെ ഒരു കഷണമെങ്കിലും ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുന്ന അവസ്ഥ വരെ ബ്ലഡ് പ്രഷർ വ്യതിയാനവും അംനിയോട്ടിക് സ്രവം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ഗർഭാശയത്തിന്റെയും ഗർഭാശയമുഖത്തിന്റെയും ഇടുപ്പിന്റെയും പ്രശ്നങ്ങൾ കൊണ്ടും അല്ലാതെയുമുണ്ടാകാവുന്ന നൂറുനൂറായിരം കുഴപ്പങ്ങളെ അതിജീവിക്കുന്നതിലൂടെയാണ് ഓരോ അമ്മയും കുഞ്ഞും കടന്നുപോവുന്നതുതന്നെ.

അതു മനസിലുള്ളതുകൊണ്ട് സ്വന്തം ഭാര്യയുടെ കാര്യം വന്നപ്പൊ ഓരോ തവണയും വയറ്റിൽ വേദനയെന്ന് കേൾക്കുമ്പൊഴും ഇതിലേതെങ്കിലുമൊന്നാണു മനസിലൂടെ പൊയ്ക്കൊണ്ടിരുന്നതും..

അന്ന് ഗർഭാശയത്തിൽ നിന്ന് പ്ലാസന്റെ നീക്കം ചെയ്ത് അമ്മയെ രക്ഷിക്കാൻ പെടാപ്പാട് പെട്ട മെഡിക്കൽ കോളജിലെ ഗൈനക്കോളജി മാഡത്തെ തൊട്ട് ഡി.എൻ.ബി ചെയ്ത സമയത്ത് ഡാനുവിനെ പ്രസവിക്കുന്ന സമയത്ത് ലേബർ റൂമിൽ നിന്നപ്പൊ കണ്ട ഡോ.സ്മിത വരെ നീളുന്ന ഗൈനക്കോളജിസ്റ്റുകളുടെ പെടാപ്പാട് ആവശ്യത്തിലധികം കണ്ടിട്ടുള്ളതാണ്.

മാതൃമരണനിരക്ക് വെറുതെയങ്ങ് കുറയുന്നതല്ല. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സംഭാവനയും അദ്ധ്വാനവുമാണത്. സർക്കാർ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ ഇക്കാര്യത്തിൽ വ്യത്യാസവുമില്ല.ഒരു പ്രസവം നടത്തുമ്പോൾ ഡോക്ടറും അമ്മയും അനുഭവിക്കുന്ന സമ്മർദം മറ്റാർക്കും മനസ്സിലാവില്ല

പ്രകൃതിയിൽ ചില ക്ഷുദ്രജീവികളുണ്ട്. കൊമ്പൻ ചെല്ലി, തണ്ടുതുരപ്പൻ, മുഞ്ഞ, ചാഴി എന്നൊക്കെയാണു വിളിപ്പേരുകൾ. നന്നായി നോക്കി പൊന്നുപോലെ പരിപാലിക്കുന്ന വിളകളെ ഒരൊറ്റ രാത്രികൊണ്ട് കരണ്ടുനശിപ്പിച്ചുകളയും ഇതിൽ ചിലതൊക്കെ. അതുപോലെയാണ് പ്രകൃതിചികിൽസയെന്നും വീട്ടിലെ പ്രസവമെന്നുമെല്ലാം പറഞ്ഞുനടക്കുന്ന ചില പാഷാണത്തിൽ കൃമികൾ. ഇത്രയും നാൾ കൊണ്ട് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ മാതൃ-ശിശു മരണനിരക്കിനെ ഇവർ കുത്തനെ ഉയർത്തും.

കൊള്ളാവുന്ന ഏതെങ്കിലും ആശുപത്രിയിൽ ജനിച്ച്, വാക്സിനുകളൊക്കെ എടുത്ത് ഇനി മറ്റുള്ള രോഗങ്ങളൊക്കെ വന്നാലും ആന്റിബയോട്ടിക്കും ആധുനിക ചികിൽസയുമൊക്കെ സ്വീകരിച്ച് ഇലക്ട്രിസിറ്റിയും ഇന്റർനെറ്റും മൊബൈൽ ഫോണുമടക്കം ആധുനിക ശാസ്ത്രത്തിന്റെ സകല ഔദാര്യവും സ്വീകരിച്ച് സുഖമായിട്ടിരിക്കുമ്പൊ എല്ലിന്റെടേലുള്ള ചോറ് കുത്താൻ തുടങ്ങും.

അപ്പൊ ഓരോ തോന്നലുകളുണ്ടാകും. കക്കൂസ് ശരിയല്ലെന്നും തുറസായ സ്ഥലത്ത് വെളിക്കിരിക്കുന്നതാണു സുഖമെന്നും പ്രകൃതിയിലേക്ക് മടങ്ങണമെന്നും വീട്ടിൽ കിടന്ന് പ്രസവിക്കണമെന്നുമെല്ലാം..എന്റെ മുത്തശ്ശിയുടെ മുത്തശ്ശിയൊക്കെ ജീവിച്ചിരുന്ന കാലത്ത് നമ്മുടെ അമ്മമാർ വീട്ടിലൊക്കെ നെല്ലു കുത്തുന്നതിനിടയ്ക്ക് വന്ന് ചുമ്മാ പ്രസവിച്ചിട്ട് തിരിച്ചുപോയി നെല്ലിടിക്കുമായിരുന്നത്രേ..അന്ന് നെല്ലിടിക്കുന്നിടത്തൂന്ന് പോയ എത്ര പെണ്ണുങ്ങൾ ജീവനോടെ തിരിച്ച് വന്നെന്നോ എത്ര കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചെന്നോ ഈ പറയുന്ന ഒറ്റയൊരുത്തൻ പറയില്ലാ

അടുത്ത ഡയലോഗാണ് ആശുപത്രിയിൽ അമ്മമാർ മരിക്കുന്നുണ്ടല്ലോ എന്നത്. മരിക്കുകയാണോ അതോ കൂടുതൽ ആളുകളെ രക്ഷപെടുത്തുകയാണോ എന്ന് വളരെ സിമ്പിളായി പറയാം. ഹെല്മറ്റ് വച്ച് ബൈക്ക് ഓടിച്ച ആയിരം പേർക്ക് ആക്സിഡന്റ് ഉണ്ടായപ്പോൾ അതിൽ 11 പേർ മരിച്ചു. ഹെല്മറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ച 25 പേർക്ക് ആക്സിഡന്റുണ്ടായപ്പോൾ അതിൽ 9 പേരേ മരിച്ചുള്ളൂ. ഏതാണ് കൂടുതൽ സുരക്ഷിതമെന്ന് അത്യാവശ്യം തലയിൽ ആൾത്താമസമുള്ളവനു മനസിലാകും. അവർക്ക് ഈ പോസ്റ്റിന്റെയൊട്ട് ആവശ്യവും വരില്ല.

പതിമൂന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 1.11.2011 ൽ ശ്രീ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ചോദ്യത്തിന് മറുപടിയായി അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ അടൂർ പ്രകാശ് നൽകിയ ഉത്തരത്തിൽ ഈ രോഗത്തിന്റെ പേരുണ്ട്. മലപ്പുറത്ത് ഒരു കുഞ്ഞിന്റെ ജീവൻ അപഹരിച്ച നിയോനേറ്റൽ ടെറ്റനസ്. ഗർഭകാലത്ത് ഡോക്ടറെ കാണിക്കാത്തതിന്റെയും വാക്സിനെടുക്കാത്തതിന്റെയുമൊക്കെ ഭവിഷ്യത്ത്

കുറച്ചുനാൾ മുൻപ് ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഒരു പ്രകൃതി ജീവന വാദം മുന്നോട്ട് വച്ച ആൾ ഉണ്ടായിരുന്നു.അയാളുടെ ഒരു വാചകം ഡയറക്റ്റ് ക്വോട്ട് ചെയ്യുന്നു...

" ഞാനൊരു ഡാർവിനിസത്തിൽ വിശ്വസിക്കുന്ന ആളാണ്.ഇങ്ങനെ ശിശുമരണനിരക്ക് കുറയ്ക്കുന്നത് പ്രകൃതിയുടെ സിദ്ധാന്തത്തിനെതിരാണ്.ആരോഗ്യമുള്ള കുഞ്ഞാണ് ജീവിക്കേണ്ടത്.ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ നിന്നോ ജനനസമയത്തോ ഇല്ലാതാകേണ്ടതാണ്.അതാണു പ്രകൃതിനിയമം.

അനാരോഗ്യമുണ്ടാക്കുന്ന,കുടുംബജീവിതത്തെ, സാമൂഹ്യജീവിതത്തെ തകർത്തെറിയുന്ന അനാരോഗ്യമുള്ള തലമുറയെ മരിക്കാനനുവദിക്കണം.അതായത്, വാല്വില്ലാതെ ജനിച്ച കുട്ടി,കിഡ്നി ഇല്ലാതെ ജനിച്ച കുട്ടി, ആ കുഞ്ഞ് ഈ ഭൂമിയിൽ ജീവിക്കാൻ പാടില്ല"

വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...എന്തുകൊണ്ട് ആശുപത്രിയിൽ പിറക്കണമെന്ന് വാശി പിടിക്കുന്നെന്ന് മനസിലാകുമെന്നും കരുതുന്നു...ഞങ്ങൾ ഡോക്ടർമാർ ഡാർവിനിസത്തിനെതിരാണ്. ഒരു പ്രകൃതിജീവിക്കും ആരൊക്കെ ജീവിക്കണം, ജീവിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

സർക്കാരാശുപത്രിയിൽ സൗജന്യമായി കിട്ടുന്ന സേവനങ്ങളാണ് പ്രസവവുമായി ബന്ധമുള്ള മിക്കതുമെന്ന് മാത്രമല്ല, അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനുള്ള ധനസഹായങ്ങളും ലഭിക്കാറുണ്ട്...അപ്പൊ കൊള്ളയിൽ നിന്ന് രക്ഷിക്കാനാണെന്ന വാദം വിലപ്പോവില്ല. അത് മാത്രവുമല്ല വില കൊടുക്കേണ്ടിവരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനുമാണ്.

ഏതാനും ദിവസങ്ങൾക്കുമുൻപ് യൂട്യൂബ് നോക്കി പ്രസവം നടത്തുന്നതിനെക്കുറിച്ച് മാതൃഭൂമി ഒരു സ്റ്റഡിക്ലാസ് എടുത്തിരുന്നു. ഇപ്പൊ അതിൻ്റെ ദുരന്തവുമറിഞ്ഞത് ആകസ്മികം. പക്ഷേ ഇത്തരം വ്യാജന്മാർക്ക് മൈലേജുണ്ടാക്കുന്നതിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.ഉത്തരവാദിത്വം കാട്ടിയേ മതിയാകൂ

അതുകൊണ്ട് പ്രകൃതി ചികിൽസയെന്ന ഉടായിപ്പും വീട്ടിലും വെള്ളത്തിലുമുള്ള പ്രസവവുമൊക്കെ വിട്ടിട്ട് ആശുപത്രിയിലേ പ്രസവിക്കാവൂ എന്ന് നിർബന്ധം പിടിക്കും...പിടിച്ചേ തീരൂ...മതത്തിൻ്റെ പേരിലുള്ള "ഗൈനക്കോളജി"ക്കും ഇവിടെ പുല്ലുവിലയാണ് ഞങ്ങൾ നൽകുക.

ജനിച്ചാൽ ഒരിക്കൽ മരിക്കും. അത് ആത്മഹത്യ തന്നെ വേണമെന്ന്...അല്ലെങ്കിൽ വേണ്ട, വേറൊരു വിവരദോഷിയുടെ കൈകൊണ്ട് മരിക്കണമെന്ന് നിങ്ങക്കെന്താണു ഹേ നിർബന്ധം?

ഈ എഴുത്ത് എം.ബി.ബി.എസ് പഠിച്ചോണ്ടിരിക്കുമ്പൊ എഴുതിയിരുന്നേൽ അപ്പൊത്തന്നെ യൂണിവേഴ്സിറ്റി വിളിച്ചിട്ട് ഒരു ഗൈനക്കോളജി പി.ജി തന്നേനെ. അത്രത്തോളം ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ വ്യാജസന്ദേശത്തിൻ്റെ ലക്ഷങ്ങളുടെ വ്യൂസോ പത്രങ്ങളുടെ ലക്ഷങ്ങളുടെ സർക്കുലേഷനോ ഒരിക്കലും ഇത്തരം എഴുത്തുകൾക്ക് കിട്ടാറില്ലെന്ന് മാത്രം.

Read More : ആരോഗ്യവാർത്തകൾ