Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങള്‍ക്ക്‌ എത്ര നാള്‍ മുലയൂട്ടണം?

breast-feeding

അമ്മിഞ്ഞപ്പാല്‍ അമൃതത്തിനു തുല്യം എന്നാണല്ലോ. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനു മുലയൂട്ടല്‍ പ്രധാനമാണ്. മിക്ക അമ്മമാരുടെയും സംശയമാണ് എത്ര നാള്‍ മുല കൊടുക്കണം എന്നത്. 

ഓഗസ്റ്റ്‌ ആദ്യ വാരം ലോകമുലയൂട്ടല്‍ വാരമായാണ് ആചരിക്കുന്നത്. കുഞ്ഞിന് എത്ര നാള്‍ പാല്‍ കൊടുക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ പലവിധ അഭിപ്രായമുണ്ട്. ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. രണ്ടു വയസ്സു വരെ പാലു കൊടുക്കുന്നതാണ് നല്ലത്. ഇതിനു ശേഷവും ഇഷ്ടമുള്ളിടത്തോളം കുഞ്ഞിന് പാല്‍ കൊടുക്കാം. 

മുലയൂട്ടല്‍ എത്ര നാള്‍ ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലതെന്നു നോക്കാം. 

ആദ്യ ആഴ്ച - പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും. 

4 - 6 ആഴ്ച -കുഞ്ഞിനെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവരുന്ന സമയമാണ് ഇത്. കുഞ്ഞിന്റെ പ്രതിരോധ ശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു രക്ഷിക്കാനും ഈ സമയത്ത് മുലയൂട്ടുന്നത് ഏറ്റവും നല്ലതാണ്. കാതിലെ അണുബാധ തടയാനും ശ്വാസകോശ രോഗങ്ങളില്‍ നിന്നും വയറ്റിലെ ഗ്യാസ് പോലെയുള്ള അസ്വസ്ഥതകളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ ഈ സമയം മുലയൂട്ടുന്നത് അത്യാവശ്യം.

ആറു മാസം - ആറു മാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനു ഏറെ പ്രധാനമാണ്. അമ്മയുടെ ആരോഗ്യത്തിനും ഇതു തന്നെയാണ് നല്ലത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഇതു വഴി സാധിക്കും. 

ഒന്‍പതു മാസം - മറ്റ് ആഹാരങ്ങള്‍ ഈ സമയം കുഞ്ഞു കഴിച്ചു തുടങ്ങും. എങ്കിലും ഈ സമയം മുലയൂട്ടുന്നത് കുഞ്ഞിന്റെ ബ്രെയിന്‍ വളര്‍ച്ചയ്ക്കും ശാരീരികവളര്‍ച്ചയ്ക്കും സഹായകമാകും. ബുദ്ധിശക്തി കൂട്ടാനും ഇത് നല്ലതാണ്.

ഒരു വർഷം - വീട്ടില്‍ ഉണ്ടാക്കുന്ന ഒരുവിധം എല്ലാ ആഹാരങ്ങളും ഈ സമയം കുഞ്ഞു കഴിച്ചു തുടങ്ങും. ഫോര്‍മുല ഫുഡുകള്‍ കൊടുക്കാതെ വീട്ടിലെ ആഹാരം കുഞ്ഞിനു നല്‍കുന്നതു തന്നെയാണ് നല്ലത്. ഏറ്റവും മികച്ച പ്രതിരോധശേഷി കുഞ്ഞിനു ലഭിക്കുന്നതിനു ഈ മുലയൂട്ടല്‍ സഹായിക്കും. 

18 മാസം- ഒന്നരവയസ്സ് വരെയുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനു ഏറ്റവും മികച്ചതാണ്. ഏറ്റവും നല്ല പോഷകങ്ങളും പ്രതിരോധശേഷിയും കുഞ്ഞില്‍ ഇതിനോടകം എത്തിയിട്ടുണ്ടാകും. പാല്‍ കൊടുക്കുന്നത് നല്ലതാണെങ്കിലും മറ്റെല്ലാ ആഹാരവും ഈ സമയം നല്‍കിത്തുടങ്ങണം. മാത്രമല്ല മുലപ്പാല്‍ കേവലമൊരു ആരോഗ്യവിഷയമല്ല. മുലയൂട്ടുന്നതു വഴി അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കുകയാണ്. 

Read More : ആരോഗ്യവാർത്തകൾ