Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്റ്റ് ഗർഭധാരണത്തെ ബാധിക്കുമോ?

infertility

എന്റെ മകൾക്ക് ഇരുപത്തിമൂന്നു വയസ്സായി. പഠിക്കുകയാണ്. അവൾക്കു പതിനൊന്നു വയസ്സിൽ മാസമുറ തുടങ്ങി. എന്നാൽ ഇപ്പോൾ ഒരു വർഷമായി രണ്ടു മൂന്നു മാസം കൂടുമ്പോഴാണ് ഉണ്ടാകുന്നത്. സ്കാൻ ചെയ്തു നോക്കി. അണ്ഡാശയത്തിൽ നാൽപത്തിയഞ്ച് മില്ലിമീറ്റർ ഉള്ള സിസ്റ്റ് ഉണ്ടെന്നു പറഞ്ഞു. അത് എടുത്തു കളയണമെന്നും ഒരു ഡോക്ടർ പറഞ്ഞു. പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ കല്യാണം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്നും തടി കുറയ്ക്കണമെന്നും പറഞ്ഞു. ഹോർമോൺ ടെസ്റ്റ് നടത്തി. ആ ഡോക്ടർ ഇരുപത്തിയൊന്നു ദിവസത്തേക്കുള്ള മരുന്നു തന്നു. കൂടാതെ തൈറോയ്ഡിനു രണ്ടു മാസത്തെ മരുന്നു വേറെയും തന്നു. വീണ്ടും സ്കാൻ ചെയ്തു. ഞങ്ങൾ കാണിച്ച ഡോക്ടർമാർ എല്ലാം ഗൈനക്കോളജിസ്റ്റുമാരാണ് . ഇനി ആരെയാണു സമീപിക്കേണ്ടത്? സിസ്റ്റ് എന്നു പറഞ്ഞാൽ എന്താണ്? കുട്ടികളുണ്ടാകാൻ ബുദ്ധിമുട്ടാണോ? ഇത് എടുത്തു കളയേണ്ടതാണോ. കല്യാണം കഴിഞ്ഞാൽ ഭർത്താവിനു സംശയമുണ്ടാകുമോ? ഞങ്ങൾ വല്ലാതെ പേടിച്ചിരിക്കുകയാണ്. വിവാഹാലോചനകൾ വരുന്നുണ്ട്.

കേരളത്തിൽ ഇന്നു വന്ധ്യതാ നിരക്കു കൂടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയിലും നേരിയ അളവിൽ പുരുഷ ഹോർമോണുകൾ  സൃഷ്ടിക്കപ്പെടുന്നുണ്ട്.  ഇതിന്റെ അപാകത സുഗമമായ അണുവിക്ഷേപത്തെ ബാധിച്ചേക്കാം. ഏകദേശം പത്തു ശതമാനം സ്ത്രീകളിലും ഇതു വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും വണ്ണക്കൂടുതലും കാരണങ്ങളാണ്. ഒരു മൊട്ടു സൂചിയുടെ തല വലുപ്പ ത്തിലുള്ള ജലസഞ്ചി (cyst) അടിയിൽ നിന്ന് ക്രമേണ നീങ്ങി അണ്ഡാശയത്തിന്റെ ഉപരിതലത്തിൽ വന്നു പൊട്ടിയാണ് അണ്ഡം വിക്ഷേപിക്കപ്പെടുന്നത്. നിങ്ങളുടെ മകളുടെ നാൽപ ത്തിയഞ്ച് മി.മീ വലുപ്പമുള്ള ജലസഞ്ചിയും അണ്ഡവിക്ഷേപത്തെ ബാധിക്കും. അണ്ഡാശയത്തിനു പുറമേ നോക്കിയാൽ നിറയെ കാണാവുന്ന സിസ്റ്റിനെയാണു സാധാരണമായ  പി.സി.ഒ.ഡി എന്നു പറയുന്നത്. 

വിവാഹബന്ധം പൂർത്തിയാകുന്നത് ഒരു കുഞ്ഞിന്റെ ജനനത്തോടെയാണ്. സ്ത്രീയിൽ അണ്ഡവിക്ഷേപശേഷം അണ്ഡം ഒരു ദിവസത്തിൽ കൂടുതൽ പ്രയോജനകരമായി ജീവിക്കുകയില്ല.  ബീജവും അതുപോലെ സ്ത്രീശരീരത്തിൽ രണ്ടു ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കുകയില്ല. അതിനാൽ സ്ത്രീയുടെ അണ്ഡവിക്ഷേപ സമയം കണ്ടുപിടിച്ച് അനുയോജ്യസമയത്തു ബന്ധപ്പെട്ടാൽ മാത്രമേ ഗർഭിണിയാവുകയുള്ളൂ. 

അണ്ഡവിക്ഷേപാനന്തരം  ഗർഭിണിയായില്ലെങ്കിൽ അതിനു തയാറെടുത്ത ഗർഭപാത്രത്തിലെ വികസിച്ച കോശങ്ങൾ പതിനാലാം ദിവസം ആർത്തവമായി പുറന്തള്ളപ്പെടുന്നു. സ്ത്രീയുടെ ആർത്തവചക്രം സാധാരണമായി  ഇരുപത്തിയെട്ടു ദിവസമാണ്. നിരവധി ഹോർമോണുകളുടെ പ്രതികരണമായിട്ടാണ്  ഇതു സംഭവിക്കുന്നത്. ആർത്തവം ആരംഭിച്ചു പതിനാലാം ദിവസം ആയിരിക്കും അടുത്ത മാസത്തെ അണ്ഡം വിക്ഷേപിക്കപ്പെടുന്നത്. ആ സമയത്തായിരിക്കും ഗർഭിണി ആകുവാനും സാധ്യതയുള്ളത്. ആർത്തവം തെറ്റിവരുന്നത് അണ്ഡവിക്ഷേപം കൃത്യമായി നടന്നിട്ടില്ല എന്നതിന്റെ സൂച നയാണ്. ദാമ്പത്യജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ കുട്ടിയുടെ സിസ്റ്റ് എടുത്തു കളയുന്നതായിരിക്കും നല്ലത്.  ഇതു ചെറിയ ദ്വാരത്തിൽ കൂടി ലാപ്രോസ്കോപ്പ് വഴി ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ സൂക്ഷിച്ചു വയ്ക്കയും വേണം.  രഹസ്യമായി വച്ചു വിശ്വാസം നഷ്ടപ്പെട്ടാൽ ദാമ്പത്യജീവിതത്തിന്റെ കെട്ടുറപ്പു തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 

Read More : ആരോഗ്യവാർത്തകൾ