Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫലോപ്പിയൻ ട്യൂബിലെ ഗർഭധാരണം; കാരണങ്ങളും പരിഹാരവും

tubular-pregnancy

ഇരുപത്തിയൊന്നു വയസ്സുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി. കുട്ടികളില്ല. കല്യാണംകഴിഞ്ഞു പോയിട്ട് രണ്ടുവർഷം കഴിഞ്ഞാണ് ഭർത്താവ് തിരികെ വന്നത്. പിന്നീട് ഞാൻ ഗർഭിണിയായി. പക്ഷേ, അത് ട്യൂബിലായിരുന്നതുകൊണ്ട് ഓപ്പറേഷനിലൂടെ നീക്കം ചെയ്തു.

ട്യൂബിൽ ഗർഭം ധരിക്കുന്നത് എന്തുകൊണ്ടാണ്? സ്ത്രീയുടെ കുഴപ്പംകൊണ്ടാണോ ഇതു സംഭവിക്കുന്നത്? ഇനിയും ഇത് ആവർത്തിക്കുമോ? കുട്ടികൾ ഉണ്ടായാൽ അവർക്ക് അംഗവൈകല്യം ഉണ്ടാകുമോ? ആറുമാസം കഴിഞ്ഞാൽ ഭർത്താവ് മടങ്ങിവരും. എനിക്കു വലിയ ഭയമാണ്. ഇനി ഇങ്ങനെ ഉണ്ടാകുമോ എന്നാണു പേടി. ഇരുന്നു ബന്ധപ്പെട്ടാൽ കുട്ടികൾ ഉണ്ടാവില്ലേ? ദയവായി എന്റെ സംശയങ്ങൾക്കു മറുപടി തന്നു സഹായിക്കണം.

​ഉത്തരം: 

സാധാരണ പ്രസവം മാതാവിനു വേദനാജനകമാണെങ്കിലും​ അതിൽകൂടി മാതൃശിശു ബന്ധവും കുടുംബഭദ്രതയും അരക്കിട്ടുറപ്പിക്കുകയാണു ചെയ്യുന്നത്. മനുഷ്യരാശിയിൽ ഓരോ കോശത്തിലും ​ഇരുപത്തിമൂന്നു ജോഡി (നാൽപത്തിയാറ്) ക്രോമസോം ഉണ്ടെങ്കിലും സ്ത്രീയുടെ അണ്ഡത്തിലും പുരുഷബീജത്തിലും ജോഡി വേർതിരിഞ്ഞ് ഓരോന്നിലും ഇരുപത്തിമൂന്നു ക്രോമസോം മാത്രമേ നിലവിലുള്ളൂ. സംയോജിച്ച് ഗർഭപാത്രത്തിൽ കുഞ്ഞു വളരുമ്പോൾ കോശങ്ങളിൽ ഓരോന്നിലും വീണ്ടും ക്രോമസോം എണ്ണം ഇരുപത്തിമൂന്നു ജോ‍ഡിയായി തീരുന്നു.

സ്ത്രീയുടെ പ്രജനനാവയവങ്ങളായി അടിവയറിൽ ഓരോ വശത്തും ഒരു അണ്ഡാശയമുണ്ട്. ഇരുപത്തിയെട്ടു ദിവസം ആർത്തവ ചക്രമുള്ള സ്ത്രീക്ക് ആർത്തവ ആരംഭാനന്തരം പതിനാലാം ദിവസമായിരിക്കും അടുത്ത മാസത്തെ അണ്ഡം ഇടതുവശത്തുനിന്നോ വലതുവശത്തുനിന്നോ വിക്ഷേപിക്കപ്പെടുന്നത്. വിക്ഷേപിച്ച അണ്ഡത്തിന്റെ ആയുസ്സ് ഏകദേശം ഒരു ദിവസം മാത്രമാകയാൽ ആ ദിവസംതന്നെ അണ്ഡവും പുരുഷ ബീജവുമായി സന്ധിച്ചെങ്കിൽ മാത്രമേ ഗർഭിണിയാകാൻ സാധ്യതയുള്ളൂ. ബീജം അണ്ഡകവചം തുരന്ന് അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ അണ്ഡകവചത്തിന് ചില പ്രത്യേകതകൾ സംഭവിക്കുന്നതിനാൽ പിന്നീട് വേറെ ഒരു ബീജത്തിനും അകത്തേക്കു പ്രവേശിക്കുവാൻ സാധിക്കയില്ല. 

പുരുഷബീജം നിക്ഷേപിക്കുന്നത് യോനിയിലാണ്. അതു സാധിക്കുമെങ്കിൽ പുരുഷ ലിംഗത്തിന്റെ നീളക്കുറവോ വണ്ണക്കുറവോ ബന്ധപ്പെടുന്ന രീതിയോ ഗർഭിണി ആകുന്നതിനു പ്രശ്നമാകയില്ല. ഒരു പാമ്പിന്റെ ആകൃതിയിലുള്ള ബീജം സ്വന്തം ചലനശേഷികൊണ്ടാണ് യോനിയിലേക്കു തള്ളിനിൽക്കുന്ന ഗർഭാശയഗളം നുഴഞ്ഞു കടന്നു ഗർഭാശയത്തിലെത്തി അവിടെനിന്നും ഫലോപ്പിയൻ ട്യൂബുവഴി സ്ത്രീയുടെ അണ്ഡാശയത്തിൽനിന്നു വിക്ഷേപിക്കപ്പെ‌ടുന്ന അണ്ഡവുമായി ഒന്നിച്ച് ഗർഭാരംഭ പ്രക്രിയ കുറിക്കുന്നത്. വീണ്ടും ട്യൂബുവഴി ഉരുണ്ട് ഗർഭപാത്രത്തിലെത്തുമ്പോഴാണ് ഗർഭം തുടങ്ങുന്നത്. ഗർഭപാത്രത്തിലല്ലാതെ സ്ഥാനംപിടിച്ചാൽ ഗർഭം പൂർത്തീകരിക്കയില്ല. അങ്ങനെ വന്നാൽ വികസിക്കുമ്പോൾ വിണ്ടുകീറി പൊട്ടിയാൽ മാരകവുമാകാം. 

സ്ഥാനം തെറ്റി ഗർഭം ധരിക്കുന്നത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഗർഭപാത്രത്തിൽനിന്ന് അണ്ഡാശയത്തിലേക്കുള്ള ട്യൂബിലാണ് – തൊണ്ണൂറ്റിയഞ്ചു ശതമാനം. 

വയറിന്റെ സ്കാനിങിൽകൂടി അതു കണ്ടുപിടിക്കാവുന്നതാണ്. ഓപ്പറേഷൻ ചെയ്ത് എടുത്തുകളയേണ്ടിവരും. മറുവശത്ത് അണ്ഡാശയം പ്രവർത്തിക്കുന്നതിനാൽ വീണ്ടും കുട്ടികളുണ്ടാകുന്നതിനു പ്രശ്നമുണ്ടാകാറില്ല. എന്നാൽ ട്യൂബിൽ ഗർഭം ധരിക്കുന്നവരുടെ എണ്ണം സ്വൽപമെങ്കിലും കൂടിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. മുന്നൂറു ഗർഭിണികളിലൊരാളുടെ ഗർഭം ട്യൂബിലാണെന്നാണ് ചില പഴയ കണക്കുകൾ കാണിക്കുന്നത്. ട്യൂബിൽകൂടിയുള്ള സഞ്ചാരം കൂടുതൽ മന്ദഗതിയിലാകുന്നതാണു കാരണമായി കരുതുന്നത്. ഗർഭപാത്രത്തിൽ കൂടി പഴുപ്പു കയറുന്നതും കാരണമാകാം. ഗർഭം അലസിപ്പിക്കുന്നത്, ക്ഷയരോഗം, അപ്പൻഡിസൈറ്റിസ്, ട്യൂബിനു ചുറ്റും ഒട്ടിപ്പിടിക്കൽ മുതലായവ എല്ലാം കാരണമാകാം. 

എന്നാൽ പലപ്പോഴും ഒരു കാരണവും വ്യക്തമല്ല. അടുത്ത ഗർഭവും ട്യൂബിലായിരിക്കുമെന്നു ഭയപ്പെടേണ്ട കാര്യമില്ല.