Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവാനന്തരം ചെയ്യേണ്ടത്

after-delivery

ഗര്‍ഭിണിക്കു നല്‍കുന്ന പരിചരണം കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയുള്ളതാണെന്നു നമുക്കറിയാം. എന്നാല്‍ പ്രസവത്തിനുശേഷമുള്ളതോ? പ്രസവാനന്തരം അമ്മയ്ക്കു നല്‍കുന്ന പരിചരണം ആയുഷ്ക്കാലം അമ്മയ്ക്കു വേണ്ടിയുള്ളതാണ്. മാത്രമല്ല, വരും തലുറകളെ വളര്‍ത്താനുള്ള ആരോഗ്യം നല്‍കാനുള്ളതും. പ്രസവാനന്തര പരിചരണത്തിനു മൂന്നു ഘട്ടങ്ങളാണ്.

  1. പ്രസവശേഷം ഒരാഴ്ച ഗര്‍ഭാശയശുദ്ധിക്കുള്ള ഔഷധങ്ങള്‍.
  2. പിന്നീടുള്ള രണ്ടാഴ്ച പ്രസവത്തോട് അനുബന്ധിച്ചുള്ള വാതവികാരങ്ങള്‍ മാറി ഗര്‍ഭാശയത്തിനു ബലമുണ്ടാകാനുള്ള ഔഷധങ്ങള്‍.
  3. മൂന്നാം ഘട്ടം: ദേഹപുഷ്ടിക്കു വേണ്ട ഔഷധങ്ങള്‍.

പ്രസവശേഷം 90 ദിവസം വരെയോ അടുത്ത ആര്‍ത്തവം തുടങ്ങുന്നതു വരെയോ സ്ത്രീയെ സൂതിക എന്ന പേരില്‍ ആയുര്‍വേദത്തില്‍ പറയുന്നു. ശരിയായ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി സൂതികയയ്ക്കു പ്രത്യേകം ആഹാരവും പരിചരണവും ശാസ്ത്രം നിര്‍ദേശിക്കുന്നു. ഇത്തരം പരിചരണം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സഹായിക്കുന്നതു കൂടാതെ ശരിയായി മുലപ്പാലുണ്ടാകാനും രോഗാണുബാധ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു.

ആദ്യഘട്ടത്തില്‍ വേണ്ട ഔഷധങ്ങള്‍: ദീപ്യകാദികഷായം,ദീപ്യകാദിചൂര്‍ണം, പഞ്ചകലോസവം, പഞ്ചകോലപൂര്‍ണം, പുളിലേഹ്യം, അശോകാരിഷ്ടം, ഹിംഗുചാദിചൂര്‍ണം മുതലായവ കഴിക്കാം.

രണ്ടാംഘട്ടത്തില്‍ : വാതഹരങ്ങളായ ഔഷധങ്ങള്‍ ധന്വാന്തരം കഷായം, വിദാര്യാദി കഷായം, ദശമൂലം കഷായം, ധ്വാനന്തരം ഗുളിക, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, ധാന്വന്തരാരിഷ്ടം, മൃതസജ്ജീവനി, ദ്രാക്ഷാരിഷ്ടം ഇവയും.

മൂന്നാംഘട്ടത്തില്‍: ശരീരപുഷ്ടിക്കുവേണ്ടിയുള്ള സൌഭാഗ്യശുണ്ഠി, വിദാര്യാദി ഘൃതം, ച്യവനപ്രാശം, അശ്വഗന്ധാദിലേഹ്യം, അമൃതപ്രാശം ഇവ വിധിപ്രകാരം സേവിക്കണം.

മേല്‍പറഞ്ഞ ഔഷധങ്ങള്‍ വൈദ്യ നിര്‍ദേശപ്രകാരം അല്ലാതെ സേവിക്കരുത്. ശാരീരികസ്ഥിതി അനുസരിച്ച് അളവില്‍ വ്യത്യാസം വരുത്തണം.

എണ്ണതേച്ചു കുളിക്കുന്നതിന്

ധാന്വന്തരം തൈലം, പിണ്ഡതൈലം, ലാക്ഷാദി, ബലാശാവഗന്ധാദി, സഹചരാദി ഇവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. പഴുത്ത പ്ളാവില ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുളിക്കാന്‍ നല്ലതാണ്.

പ്രസവിച്ച് 12 ദിവസം കഴിയുന്നതുവരെ മത്സ്യമാംസാദികള്‍ ഒഴിവാക്കാം. ചുവന്നുള്ളിയും മഞ്ഞള്‍പ്പൊടിയും കൂടി നറുനെയ്യില്‍ വറുത്തതു കഴിക്കാം. കപ്പല്‍ മുളക്, മരപ്പുളി, ഗുരുത്വമുള്ള ആഹാരങ്ങള്‍, പച്ചവെള്ളം മുതലായവ വര്‍ജിക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. മലബന്ധമുണ്ടാക്കുന്ന ആഹാരങ്ങള്‍ വര്‍ജിച്ച് ധാരാളം നാരുകള്‍ അടങ്ങിയവ ഉപയോഗിക്കുക. ഉദാ: ജലക്കറികള്‍, പഴങ്ങള്‍ എന്നിവ.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്

ഇന്നത്തെക്കാലത്തു പ്രസവവും സിസേറിയനും നടന്നുവരുന്നത് അലോപ്പതി ഹോസ്പിറ്റലുകളില്‍ മാത്രമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം ഹോസ്പിറ്റലുകളില്‍ കൊടുക്കുന്ന മരുന്നുകളും ടോണിക്കുകളും എല്ലാം തീര്‍ന്നതിനുശേഷം മാത്രമേ പ്രസവരക്ഷയ്ക്കുള്ള മരുന്നിനായി ഒരു ആയുര്‍വേദ വൈദ്യനെ സമീപിക്കുന്നുള്ളൂ. അപ്പോഴേക്കും മരുന്നു കഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കും. അതിനാല്‍ പ്രസവിച്ച ഉടന്‍ തന്നെ ചികിത്സ തുടങ്ങാം.

മറ്റൊരു പ്രധാന കാര്യം പ്രസവപരിചരണത്തിനു നില്‍ക്കുന്ന സ്ത്രീകള്‍ തന്നെ മരുന്നുകള്‍ ഉണ്ടാക്കി കൊടുക്കുന്ന പ്രവണതയാണ്. പണ്ട് പ്രത്യേക പ്രാവീണ്യം നേടിയവരായിരുന്നു ഇവര്‍. എന്നാല്‍ ഇന്നു സ്ഥിതി അതല്ലല്ലോ. ഇപ്പോള്‍ പുസ്തകശാലകളില്‍ മാത്രമല്ല വൈദ്യപുസ്തകങ്ങള്‍ കണ്ടുവരുന്നത്, വഴിയോരങ്ങളിലും മറ്റുമുള്ള വില്‍പ്പനച്ചരക്കുകള്‍ ആയതിനാലുള്ള ദോഷഫലങ്ങള്‍ ആണിത്. വിധിയാംവണ്ണവും മാത്രാനുസൃതമായും അല്ല ഔഷധങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്നത്. ലേഹ്യങ്ങളുടെയും ഘൃതങ്ങളുടെയും ശരിയായ പാകം നോക്കാതെയാണ് ഇവര്‍ ഔഷധനിര്‍മാണം നടത്തുന്നത്.

തേന്‍ വീണ്ടും ചൂടാക്കരുത്

പ്രസവശേഷം കഠിനമായ ഛര്‍ദിയോടെ ഒരു സ്ത്രീയെ കാണാനിടയായി. വിവരം അന്വേഷിച്ചപ്പോള്‍ അവരുടെ വീട്ടില്‍ പ്രസവപരിചരണത്തിനു നിന്ന സ്ത്രീ ദേഹപുഷ്ടിക്കുള്ള ലേഹ്യം ഉണ്ടാക്കിക്കൊടുത്തു. അതിന്റെ പാകം ശരിയാകാത്തതിനാല്‍ തേന്‍ ചേര്‍ത്തതിനുശേഷം വീണ്ടും അടുപ്പില്‍ വച്ചു ചൂടാക്കി. തേന്‍ ചേര്‍ന്ന ഔഷധം ചൂടാക്കിയാല്‍ അതു വിഷസമാനമാകും എന്ന് ആയുര്‍വേദം പറയുന്നു. ഔഷധ യോഗങ്ങളില്‍ പറഞ്ഞിരിക്കുന്ന ഓരോ യോഗത്തിലുള്ള മരുന്നുകള്‍ക്കും അതിന്റേതായ മാത്രയുണ്ട്. അതിന് അനുസരിച്ചു നിര്‍മിക്കുന്നതാണ് ഉത്തമം. ഔഷധമാത്ര കൂടുന്നതോ കുറയുന്നതോ കൊണ്ടോ പ്രയോജനമില്ല. ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും നല്‍കുന്ന ശ്രദ്ധയും പരിചരണവും മരണം വരെ ഗുണം ചെയ്യുമെന്നറിയുക.

_തയാറാക്കിയത്: ഡോ. എസ് ശ്രീജിത്ത്_