Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെർവിക്കൽ കാൻസറിനെ അടുത്തറിയാം

cervical-cancer

സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറുകളിൽ ഏതാണ്ട് 25 ശതമാനവും ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാ‌ൻസർ) ആണ്. കൃത്യസമയത്തു കണ്ടെത്തുകയും ആവശ്യമായ ചികിൽസയ്ക്കു വിധേയമാകുകയും ചെയ്താൽ പൂർണമായി ഭേദമാകാൻ സാധ്യതയുള്ള അസുഖമാണ് ഇത്.

ഗർഭാശയമുഖ കാൻസർ
ഹ്യൂമൻ പാപ്പിലോമ (എച്ച് പിവി) എന്ന വൈറസ് ബാധയെ തുടർന്നാണ് പലപ്പോഴും ഗർഭാശയമുഖ കാൻസർ ഉണ്ടാകുന്നത്. ഗർഭാശയത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന മൂത്രാശയം, മലദ്വാരം തുടങ്ങിയ അവയവങ്ങളിലേക്ക് ഇതു പിന്നീട് നേരിട്ടു വ്യാപിക്കാം. അടിവയറ്റിലും മേൽവയറ്റിലുമുള്ള കഴലകളിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിലും ചുരുക്കം ചില സാഹചര്യങ്ങളിൽ കരളിനെയും ബാധിക്കുന്നതായി കാണാറുണ്ട്. ചെറുപ്രായത്തിലും ഗർഭാശയമുഖ കാൻസറിന് സാധ്യതയുണ്ടെങ്കിലും മുപ്പത്തിയഞ്ചു വയസ്സിനു ശേഷമാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. തുടക്കത്തിലേ കണ്ടെത്തുകയും കൃത്യമായ ചികിൽസ നൽകുകയും ചെയ്താൽ തൊണ്ണൂറു ശതമാനവും പൂർണമായി ഭേദമാകാൻ സാധ്യതയുണ്ട്. രോഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലാണെങ്കിൽ പോലും പൂർണമായി ഭേദമാക്കാൻ സാധിക്കാറുണ്ട്. രോഗം നാലാം ഘട്ടത്തിലോ അതിനുശേഷമോ ആണെങ്കിൽ പോലും കൃത്യമായി ചികിൽസ നൽകിയാൽ ചെറിയ ശതമാനമെങ്കിലും ഭേദമാക്കാനും നീണ്ടകാലത്തേക്ക് ജീവൻ നിലനിർത്താനും സാധിക്കും. രോഗം ഏറ്റവും തുടക്കത്തിൽത്തന്നെ കണ്ടെത്തിയാൽ അത്യപൂർവമായി ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള ചികിൽസയും സാധ്യമായിട്ടുണ്ട്. ഇതുമൂലം രോഗിക്ക് പിന്നീട് ഗർഭധാരണത്തിനും സാധിച്ചേക്കാം.

ലക്ഷണങ്ങൾ
∙ വെള്ളപോക്ക് ∙ രക്തസ്രാവം ∙ നടുവേദന ∙ വയറുവേദന ∙ മൂത്രക്കുഴലുകളിലുണ്ടാകുന്ന തടസ്സം മൂലം കിഡ്നിയുടെ പ്രവർത്തനം ചിലപ്പോൾ പൂർണമായോ ഭാഗികമായോ തകരാറിലായേക്കാം. ഇതുമൂലം കാലിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിലും നീരുണ്ടാകാവുന്നതാണ്. ∙ രോഗം കരളിനെ ബാധിക്കുന്ന സാഹചര്യത്തിൽ വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങൾ കാണാം. ∙ പലപ്പോഴും ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുന്നതായിരിക്കാം ആദ്യ രോഗലക്ഷണം ∙ ആർത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം ∙ ആർത്തവത്തിന് ഇടയ്ക്കുള്ള രക്തസ്രാവം

കാരണം
∙ വളരെ ചെറുപ്പത്തിലേയുള്ള ലൈംഗികബന്ധം ∙ പല പുരുഷന്മാരുമായുള്ള ലൈംഗികബന്ധം ∙ പല സ്ത്രീകളുമായി ബന്ധപ്പെടുന്ന പുരുഷന്മാരുമായുള്ള ലൈംഗികബന്ധം ∙ കൂടെക്കൂടെയുള്ള പ്രസവം ∙ ലൈംഗിക ശുചിത്വമില്ലായ്മ

ശ്രദ്ധിക്കാൻ
∙ രോഗി കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ടു ചികിൽസയ്ക്ക് വിധേയയാകുന്നതിൽ വീഴ്ച വരുത്തരുത്. ∙ മലബന്ധമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക ∙ രോഗം വരാതിരിക്കാൻ, ചെറുപ്രായത്തിലേയുള്ള വിവാഹം, ലൈംഗികബന്ധം ഇവ ഒഴിവാക്കണം ∙ പെൺകുട്ടികൾക്ക് ചെറുപ്രായത്തിലേ ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ നൽകുക ∙ ലൈംഗിക ശുചിത്വം പാലിക്കുക ∙ രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടണം.

പാപ്സ്മിയർ ടെസ്റ്റ്
ഗർഭാശയമുഖ കാൻസർ സാധ്യത കണ്ടെത്തുന്നതിനായി മുപ്പത്തിയഞ്ചു വയസ്സിനു ശേഷമുള്ള സ്ത്രീകൾ പാപ്സ്മിയർ ടെസ്റ്റിന് വിധേയമാകുന്നത് നല്ലതാണ്. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്തതുമായ ഈ പരിശോധനയ്ക്ക് ചുരുങ്ങിയ സമയവും ചെലവുമേ ആവശ്യം വരുന്നുള്ളു.

ചികിൽസ
റേഡിയേഷൻ ചികിൽസയാണ് ഒന്നു മുതൽ നാലാം ഘട്ടം വരെ രോഗികൾക്ക് സാധാരണ നൽകിവരുന്ന പ്രധാന ചികിൽസ. രോഗം ആദ്യഘട്ടത്തിലും രോഗി വളരെ ചെറുപ്പവുമാണെങ്കിൽ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലനിർത്തിക്കൊണ്ടുള്ള ചികിൽസ എന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്കു വിധേയയാകാവുന്നതാണ്. ഗർഭാശയത്തിന്റെ അനുബന്ധഭാഗങ്ങളിൽ കാൻസറിന്റെ വിത്തുകോശങ്ങളുണ്ടെങ്കിൽ ആ ഭാഗം കൂടി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യേണ്ടി വന്നേക്കാം. ഹൈ റസലൂഷൻ സിടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ തുടങ്ങിയവയിലൂടെ ഈ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാൻ ഇന്നു സാധിക്കും.

ഇതിനു ശേഷമാണ് റേഡിയേഷൻ ചികിൽസയ്ക്കു വിധേയമാക്കുക. രോഗകോശങ്ങളിൽ കൂടിയ അളവിൽ റേഡിയേഷൻ നൽകാനും മറ്റു കോശങ്ങളെ റേഡിയേഷൻ ബാധിക്കുന്നതു പരിമിതപ്പെടുത്താനും, ചുരുങ്ങിയ സമയംകൊണ്ട് ഫലപ്രദമായ ചികിൽസ നൽകാനുള്ള സംവിധാനങ്ങൾ (ബ്രാക്കി തെറപ്പി) ഇന്നു ലഭ്യമാണ്. യോനി, ഗർഭാശയം പോലുള്ള അവയവങ്ങൾക്ക് വളരെ വലിയ അളവിൽത്തന്നെ റേഡിയേഷൻ താങ്ങാനുള്ള കഴിവുണ്ട്. അതേക്കുറിച്ചുള്ള ആശങ്കയും ആവശ്യമില്ല.

വിവരങ്ങൾ: ഡോ. സി. എസ്. മധു
കാൻസർ ചികിൽസാ വിഭാഗം മേധാവി,
ലൂർദ് ഹോസ്പിറ്റൽ, എറണാകുളം.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.