Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംശയം അകറ്റി സുഖപ്രസവം

baby

ഗര്‍ഭകാലം ശരിക്കും ചിട്ടകളുടെ കാലമാണ്. ഭക്ഷണത്തിലും വ്യായാമത്തിലും ഉറക്കത്തിലുമെല്ലാം ചിട്ടകള്‍ പാലിക്കേണ്ട കാലം. ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ കുഞ്ഞുവാവയെ ഏറ്റു വാങ്ങുന്നതു വരെയുള്ള കാലത്തു ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം.

∙ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഓക്കാനവും ഛര്‍ദിയും കടുത്ത രീതിയിലായാല്‍ പ്രത്യേക ശ്രദ്ധവേണ്ടതുണ്ടോ?

ചിലരില്‍ 12 ആഴ്ച വരെയുള്ള കാലഘട്ടം അല്‍പം ദുര്‍ഘടം നിറഞ്ഞതായി കാണാം. ഓക്കാനവും ഛര്‍ദിയും സാധാരണമാണ്. ക്രമേണ അതു കുറഞ്ഞു കൊള്ളും. ബിസ്ക്കറ്റുപോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു ഛര്‍ദ്ദി കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണവും പാനീയങ്ങളും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയാക്കി കഴിക്കുന്നതാണു നല്ലത്.

അധികരിച്ച ഓക്കാനവും ഛര്‍ദിയും ചിലപ്പോള്‍ മരുന്നു കൊണ്ടും പാനീയ ചികിത്സകൊണ്ടും മാറാതെ വരുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ചികിത്സ തേടണം. കരളിനെയും വൃക്കകളെയും പ്രവര്‍ത്തനരഹിതമാക്കുന്ന സ്ഥിതിവരെ വരാം. തീവ്രപരിചരണം വേണ്ടി വരാറുണ്ട്. ഇരട്ടഗര്‍ഭം ധരിക്കുന്നവര്‍ക്കും മോളാര്‍ പ്രഗ്നന്‍സി ഉള്ളവര്‍ക്കും അധികരിച്ച ഛര്‍ദ്ദി കാണാറുണ്ട്.

∙ ഗര്‍ഭകാലത്തു ധാരാളം വെള്ളം കുടിക്കണമെന്നു പറയുന്നതെന്തുകൊണ്ട്?

ദിവസം എല്ലാത്തരം പാനീയങ്ങളുമുള്‍പ്പെടെ രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചായയും കാപ്പിയും അധികം വേണ്ട. പഴച്ചാറുകള്‍ നല്ലതാണ്. ഇവ തയാറാക്കുമ്പോള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ പഴങ്ങള്‍ പതിനഞ്ചുമിനിട്ടു ഇട്ടു വച്ചതിനുശേഷം മാത്രം തയാറാക്കുന്നതാണു നല്ലത്. കീടനാശിനികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ അതു സഹായിക്കും. ഗര്‍ഭകാലത്തു മിക്കവരിലും കാണുന്ന യൂറിനറി ട്രാക്ട് ഇന്‍ഫക്ഷന്‍ കുറയ്ക്കുന്നതിനും കൂടുതല്‍ വെള്ളം കുടിക്കണം. ഗര്‍ഭകാലത്തു വിയര്‍പ്പും കൂടുതലായിരിക്കും.

∙ ഗര്‍ഭിണി പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതുകൊണ്ടു ദോഷമുണ്ടോ?

ഇഷ്ടമുള്ള ഏതാഹാരവും കഴിക്കാം. പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതില്‍ തെറ്റില്ല. ഗര്‍ഭകാലത്തു സ്വാദിഷ്ഠമായ ആഹാരം കഴിക്കാന്‍ താല്‍പര്യം തോന്നാം. ചിലതു വേണ്ടെന്നും തോന്നാം. അധികം വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണം ഒഴിവാക്കുന്നതു നന്ന്. ചോറില്‍ ഉപ്പിട്ടു കഴിക്കുന്നതും ഉപ്പിലിട്ടതും ഉണക്കമീനും ഉപ്പേരിയും പപ്പടവും ഒഴിവാക്കുന്നതും നന്നായിരിക്കും.

∙ ഗര്‍ഭകാലത്ത് എത്ര തൂക്കം കൂടണം?

ഗര്‍ഭകാലത്ത് ആകെ 10-12 കി ഗ്രാം തൂക്കം വരെ കൂടാം. കുഞ്ഞിന്റെയും മറുപിള്ളയുടെയും ഫ്ളൂയിഡിന്റെയും അമ്മയുടെയും എല്ലാം ഉള്‍പ്പെടെയാണിത്. ആദ്യത്തെ മൂന്നു മാസം തൂക്കം കൂടില്ല. ചിലപ്പോള്‍ കുറഞ്ഞുവെന്നും വരാം. പിന്നീട് ആഴ്ചയില്‍ അര- ഒന്ന് കി ഗ്രാം അനുസരിച്ചു കൂടുകയും ചെയ്യുന്നു. വളരെ അപൂര്‍വമായി തൂക്കം കുറഞ്ഞും വരാറുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്കുറവും ആഗിരണം ചെയ്തിരിക്കുന്ന ലായനിയുടെ കുറവും ഇതിനു കാരണമാകാം. ചിലപ്പോള്‍ തൂക്കം അധികമാകാറുണ്ട്. രക്തസമ്മര്‍ദം കൂടുന്നതിന്റെ മുന്‍പായുള്ള നീരുകൊണ്ടും വെള്ളം കെട്ടുന്നതുകൊണ്ടും വലിയ കുട്ടി ആകുന്നതും ഇതിനു കാരണമാകാം. ഇത്തരം അവസ്ഥകളില്‍ പ്രത്യേകം ശ്രദ്ധ വേണം.

∙ ഗര്‍ഭകാലത്തെ അമിതവണ്ണം അപകടമാണോ?

ഗര്‍ഭകാലത്തുണ്ടാകുന്ന അമിതവണ്ണം പ്രസവശേഷം കുറയ്ക്കുന്നത് ഏറെ ശ്രമകരമാണ്. ചിലര്‍ക്കു ഗര്‍ഭകാലത്തെ അമിതവണ്ണം മൂലം പില്‍ക്കാലത്തു അസുഖങ്ങളുണ്ടാകാം. ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുകയും വേണ്ടത്ര വ്യായാമം ചെയ്യുകയുമാണ് അമിതവണ്ണം തടയാനുള്ള മാര്‍ഗം. വണ്ണം വയ്ക്കുമെന്നു കരുതി ഡയറ്റിങ് നടത്തുന്നതു ഗര്‍ഭകാലത്ത് അപകടമാണ്. അമിതവണ്ണമുള്ളവരില്‍ പ്രസവത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

∙ ഗര്‍ഭകാല വ്യായാമം എങ്ങനെവേണം? ജോലികള്‍ ചെയ്യാമോ? ഏതുതരം വ്യായാമങ്ങളാണ് അനുയോജ്യം?

ഏതു തരത്തിലുള്ള ജോലി നേരത്തെചെയ്തിരുന്നോ അതൊക്കെ തുടര്‍ന്നും ചെയ്യാം. ഉദ്യോഗസ്ഥകള്‍ ഒരേ ഇരിപ്പില്‍ ഇരിക്കാതെ ഇടയ്ക്കു എഴുന്നേറ്റു നടക്കാന്‍ ശ്രമിക്കണം. കാല്‍ പൊക്കിവയ്ക്കാനുള്ള സംവിധാനവും നല്ലതുതന്നെ. ഒരുപാടുനേരം നിന്നു ജോലി ചെയ്യുന്നതു നന്നല്ല.

എല്ലാ ദിവസവും ശുദ്ധ വായു കിട്ടുന്ന അന്തരീക്ഷത്തില്‍ അരമണിക്കൂര്‍ നടക്കുന്നതു നüല്ലത്. ഇടുപ്പെല്ലുകള്‍ക്ക് അയവു വരുത്താനുതകുന്ന വ്യായാമമുറകളും യോഗയും ചെയ്യാം. വ്യായാമം തുടങ്ങും മുമ്പു സങ്കീര്‍ണമല്ലാത്ത ഗര്‍ഭമാണെന്ന് ഉറപ്പു വരുത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ വ്യായാമങ്ങള്‍ ഒഴിവാക്കുക. ഏതായാലും ഗര്‍ഭിണിക്കു കഠിന വ്യായാമം വേണ്ട.

∙ എന്താണ് ട്യൂബല്‍ പ്രഗ്നന്‍സി? ഇത് എത്രത്തോളം അപകടകരമാണ്?

അപൂര്‍വമായി ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത്, അതായത് അണ്ഡവാഹിനിക്കുഴലിലോ, അണ്ഡാശയത്തിലോ വയറിലോ പറ്റിപ്പിടിച്ചു വളരാന്‍ ശ്രമിക്കാറുണ്ട്. അതുമൂലം ഭ്രൂണത്തിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതെ പൊട്ടുകയും പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തുനിന്നും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും അപകടം തിരിച്ചറിയുന്നതിനു മുമ്പുതന്നെ അമ്മയ്ക്കു ജീവഹാനി സംഭവിച്ചെന്നും വരാം. ഇത് ഒഴിവാക്കാന്‍ ആദ്യഘട്ട സ്കാനിങ് സഹായിക്കും.

ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ അമിതമായി വയറുവേദന, പ്രത്യേകിച്ച് ഒരു വശത്തുള്ള വേദന, നടുവുകഴപ്പ്, രക്തംപോക്ക് ഇവ കണ്ടാല്‍ ഉടന്‍തന്നെ പരിശോധന നടത്തേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഗര്‍ഭം അലസുന്നതിന്റെ ലക്ഷണങ്ങളും ഏറെക്കുറെ സമാനമാണ്.

∙ ഗര്‍ഭകാലത്തു സൌന്ദര്യ പ്രശ്നങ്ങള്‍ കൂടുമോ? മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകള്‍, സ്ട്രെച്ച് മാര്‍ക്ക് എന്നിവ മാറ്റാനാവുമോ?

ഗര്‍ഭകാലത്തു ചിലര്‍ക്കു കഴുത്തിലും മാറിടത്തിലും വയറ്റിലും കറുത്ത പാടുകള്‍ കൂടുതലായി ഉണ്ടാകാറുണ്ട്. നീരുവരുന്നതുകൊണ്ടും മുഖം വികൃതമാകാനിടയുണ്ട്. വയറില്‍ സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകും. ഇവ കുറയ്ക്കാനായി പലതരം ക്രീമുകളും ജല്ലികളും ഇന്നു സുലഭമാണ്. പ്രസവാനന്തരമുള്ള തേച്ചുകുളിയോടു കൂടി കറുത്തപാടുകളൊക്കെ സാധാരണ മാറാറുണ്ട്.

സ്ട്രെച്ച് മാര്‍ക്ക് കുറെയൊക്കെ വെളുത്ത പാടായി കിടക്കാറുണ്ട്. പ്രത്യേകിച്ചും ഒന്നില്‍ കൂടുതല്‍ ഗര്‍ഭം ധരിച്ചവര്‍ക്കും വലിയ കുട്ടിയെ ഗര്‍ഭം ധരിച്ചവര്‍ക്കും വയറു ചാടാനും സ്ട്രെച്ച് മാര്‍ക്ക് കൂടുതലായി കാണാനും ഇടയുണ്ട്.

∙ ഗര്‍ഭിണി ഏതുതരം വസ്ത്രം ധരിക്കുന്നതാണു സുഖകരം?

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ വയറിനു അസ്വസ്ഥതയുണ്ടാക്കും. ഗര്‍ഭകാലത്തു മുന്‍ഭാഗം തുറക്കുന്ന തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുട്ടി ഉണ്ടായിക്കഴിഞ്ഞും ഉപയോഗിക്കാന്‍ എളുപ്പമാണ്. വൃത്തിയുള്ള കോട്ടണ്‍ പാന്റീസ് ധരിക്കണം. വൃത്തിയില്ലാത്ത പാന്റീസ് ധരിച്ചാല്‍ യോനീഭാഗത്ത് അണുബാധയുണ്ടാകും. ഇതു ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകാനും ഇടയാക്കും.

ഗര്‍ഭകാലത്തു സ്തനങ്ങളുടെ വലിപ്പം കൂടുന്നതുകൊണ്ടു പുതിയ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാനിടയാകും.

∙ ഗര്‍ഭകാലത്ത് മടമ്പുയര്‍ന്ന ചെരിപ്പു ധരിക്കുന്നതു അപകടമാണോ?

ഗര്‍ഭകാലത്ത് അധികം ഹീല്‍സ് ഉള്ള ചെരിപ്പ് ഇടാതിരിക്കുന്നയാണു നല്ലത്. പുറം വേദനയും നടുവേദനയും കൂടാന്‍ ഇടയുണ്ട്.

∙ ഗര്‍ഭിണിയുടെ കാര്യത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വൃതിയാനങ്ങള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റം സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തു മാനസികസംഘര്‍ഷം കഴിവതും ഒഴിവാക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതാണ്. ഭര്‍ത്താവിന്റെ സാമീപ്യം ഉദരത്തില്‍ വളരുന്ന ശിശു തിരിച്ചറിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ മാനസികനില മനസിലാക്കാന്‍ കഴിവുണ്ടാകുമെന്നതുകൊണ്ട് അമ്മ എപ്പോഴും സന്തോഷവതിയായിരിക്കണം.

∙ സിസേറിയന്‍ മുന്‍കൂട്ടി പ്രവചിക്കാനാവുമോ? സാധാരണ പ്രസവമാണോ സിസേറിയനാണോ നല്ലത്?

ഗര്‍ഭപരിചരണകാലത്തു തന്നെ പ്രസവം സാധാരണ നിലയിലോ ഓപ്പറേഷനോ എന്നു ഏറെക്കുറെ പറയാന്‍ സാധിക്കും. ചില കാരണങ്ങള്‍ കൊണ്ടു സിസേറിയന്‍ വേണമെന്നു നേരത്തെ തീരുമാനിക്കാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം കുഞ്ഞിന്റെ തലയും അമ്മയുടെ ഇടുപ്പ് അസ്ഥികളും തമ്മിലുള്ള താരതമ്യമാണ്. കുഞ്ഞിന്റെ തല ചെറുതാണെങ്കിലും വലുതാണെങ്കിലും സുഖപ്രസവത്തിനു സാധ്യത കുറയും.

കൂടാതെ കുഞ്ഞിന്റെ കിടപ്പിന്റെ വ്യത്യാസം, മറുപിള്ള സ്ഥാനം താഴെയായിട്ടുള്ളത്, അധികരിച്ച രക്തസമ്മര്‍ദം തുടങ്ങിയവ മൂലവും ഗര്‍ഭപാത്രമുഴകള്‍ കുഞ്ഞിന്റെ താഴോട്ടുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍ വന്നാലും സിസേറിയന്‍ തന്നെ വേണം.

സുഖപ്രസവമാണോ സിസേറിയനാണോ മെച്ചമെന്നു പറയാന്‍ പറ്റില്ല. രണ്ടിനും അതിന്റേതായ മെച്ചവും തകരാറുകളും ഉണ്ട്.

സിസേറിയന്‍ ചെയ്യുമ്പോഴുള്ള അനസ്തീഷ്യയുടെ റിസ്ക് ഇന്ന് വളരെ അധികം കുറഞ്ഞിട്ടുണ്ട്. ചെയ്യുന്ന രീതിയിലും തയ്ക്കാനുപയോഗിക്കുന്ന നൂലുകളിലും വന്നിട്ടുള്ള പുരോഗതികൊണ്ടു നേരത്തെ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്കും കുറവുവന്നിട്ടുണ്ട്. ഗര്‍ഭധാരണം അസുഖമല്ല. സാധാരണ വരുന്ന ഒരു പ്രക്രിയയായി കണക്കാക്കി സുഖപ്രസവം നടത്തുന്നതാണ് ഉത്തമം.

∙ സുഖപ്രസവസാധ്യത കുറയുന്നതെങ്ങനെ?

സാധാരണ പ്രസവം എന്നു തീരുമാനത്തില്‍ എത്തിയാല്‍ സ്വതവേയുള്ള വേദന തുടങ്ങി, വേദനസംഹാരികള്‍ ആവശ്യാനുസരണം നല്‍കി വേണ്ട പരിരക്ഷ നടത്തി പ്രസവിക്കാവുന്നതാണ്. വിചാരിച്ചിരുന്ന തീയതി കടന്നു പോകുക, വളര്‍ച്ച മുരടിക്കുക, രക്തസമ്മര്‍ദം കൂടുക, രക്തസ്രാവം ഉണ്ടാവുക. ഗര്‍ഭപാത്രമുഖം ക്രമാനുസൃതമായി വികസിക്കാതിരിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ഉടനെതന്നെ പ്രസവം ത്വരിതപ്പെടുത്തുകയോ ഓപ്പറേഷന്‍ ചെയ്യുകയോ വേണം.

∙ ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണ്ടി വരുമോ?

ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണമൊ എന്നുള്ളതു നേരത്തെ ചെയ്തതിന്റെ കാരണവും രണ്ടാമത്തെ ഗര്‍ഭകാലത്തെ നിരീക്ഷണങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്. വീണ്ടും സിസേറിയന്‍ തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രണ്ടോ മൂന്നോ സിസേറിയന്‍ ആകുമ്പോള്‍ പ്രസവം നിറുത്തുന്ന ശസ്ത്രക്രിയ കൂടി ചിലപ്പോള്‍ ചെയ്യാറുണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും സിസേറിയന്‍ നടത്താവുന്നതാണ്. 14 വരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

∙ ഇരട്ടഗര്‍ഭത്തില്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?

ഒന്നിലധികം ഗര്‍ഭധാരണം ഇപ്പോള്‍ കുറച്ചുകൂടി കൂടിയിട്ടുണ്ട്. വന്ധ്യതാ ചികിത്സ കൊണ്ടും ഒന്നിലധികം ഗര്‍ഭം ധരിക്കാനിടയുണ്ട്. സ്കാനിങ് വഴി ഏതു തരമാണെന്നു കണ്ടുപിടിക്കാനും കുട്ടിയുടെ കിടപ്പു നിരീക്ഷിക്കാനും പറ്റും. ഗര്‍ഭകാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ അധികരിച്ചുണ്ടാകാം. ഛര്‍ദി, വിളര്‍ച്ച, രക്തസമ്മര്‍ദം, രക്തസ്രാവം, ക്ഷീണം തുടങ്ങിയവ ഉണ്ടാകാം. സിസേറിയന്‍ മിക്കപ്പോഴും വേണ്ടിവരാറുണ്ട്.

∙ കാലിലെ നീര് അപകടകരമാണോ?

നീര് അപകടകരമല്ല. അതു വിശ്രമിച്ചാല്‍ കുറയും. എന്നാല്‍ കൈകളിലും മുഖത്തും നീരു കാണുന്നുവെങ്കില്‍ അതു നിസാരമാക്കരുത്. ചികിത്സ തേടണം.

യþത്രയില്‍ ശ്രദ്ധിക്കാന്‍

യാത്ര മിതമായി ആകാം. അമിതമായ ആയാസവും കുലുക്കവുമുള്ള യാത്ര കഴിവതും ഒഴിവാക്കണം. മൂത്രം കെട്ടിനില്‍ക്കാന്‍ ഇടയാകാതെ ശ്രദ്ധിക്കണം.

ആദ്യ മൂന്നു മാസങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നതു കുറയ്ക്കാം. വളരെ നീണ്ട യാത്രകള്‍ ഗര്‍ഭിണിക്ക് അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ചെറുതായി വിശ്രമിക്കുന്നതു നല്ലതാണ്. നേരത്തെ ഗര്‍ഭം അലസിയവര്‍ യാത്രകളില്‍ പ്രത്യേകം കരുതലെടുക്കണം.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം. ചിക്കന്‍പോക്സ്. ഹെപ്പറൈറ്റിസ്, ടൈഫോയിഡ് എന്നിങ്ങനെയുള്ള സാംക്രമിക രോഗങ്ങള്‍ യാത്രയ്ക്കിടെ പിടിപെടാം. അതുകൊണ്ടു ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവയ്പുകളെടുത്തിരിക്കണം.

യാത്രയില്‍ ഛര്‍ദിക്കുന്നവരും മറ്റു അസ്വസ്ഥതകളുള്ളവരുമായ ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ആവശ്യമായ മരുന്നുകള്‍ കഴിച്ചാല്‍ മതി. ഗര്‍ഭം 36 ആഴ്ച പിന്നിട്ടു കഴിഞ്ഞാല്‍ യാത്ര ചെയ്യുന്നതു സുരക്ഷിതമല്ല.

ഉറക്കം ചരിഞ്ഞു കിടന്നു വേണം

മലര്‍ന്നു കിടക്കുമ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭപാത്രം മാതാവിലെ രക്തധമനികളില്‍ സമ്മര്‍ദം ചെലുത്തും. അതുവഴി കുഞ്ഞിനു കിട്ടേണ്ട രക്തത്തിന്റെ അളവും പ്രാണവായുവും കുറയാനിടയുണ്ട്. അതു കാരണം മലര്‍ന്നു കിടക്കുന്നതു നല്ലതല്ല. സ്വതവെ ഗര്‍ഭപാത്രത്തിനു വലത്തോട്ടു ചെറിയ ചരിവുള്ളതിനാല്‍ ഇടതുവശം ചരിഞ്ഞുകിടക്കാനാണ് ഉപദേശിക്കുന്നത്. വശങ്ങളിലേക്കു ചരിഞ്ഞുകിടക്കുന്നതാണു നല്ലത്. വളരെ പ്രയാസമുള്ളവര്‍ തലയണവശത്തു വച്ചു നടുവു ഉയര്‍ത്തി കിടക്കാന്‍ ശ്രമിക്കുന്നു. രണ്ടു തലയിണ വച്ചു വലതുകാല്‍ ഉയര്‍ത്തിക്കിടക്കുന്നതും സുഖകരമായ രീതിയാണ്.

ഗര്‍ഭിണി രാത്രിയില്‍ ആറുമുതല്‍ എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇതു കൂടാതെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വിശ്രമിക്കണം. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ തകരാറുകള്‍ എന്നിവയുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഉറങ്ങണം.

Your Rating: