Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവ വേദന അടുത്തറിയാം

pregnancy

ലോകത്തിൽവച്ച് ഏറ്റവും വലിയ വേദന. പ്രസവ വേദനയെക്കുറിച്ച് ഇതിലപ്പുറം പറയാൻ പറ്റില്ല. ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ഭയക്കുന്നതും ഈ വേദനയെത്തന്നെ. സത്യത്തിൽ എങ്ങനെയാണ് പ്രസവ വേദന. പ്രസവം അടുക്കാറാകുമ്പോൾ തോന്നുന്ന വേദനയിൽ ഏതാണ് യഥാർഥ പ്രസവ വേദന.

തിരമാല പോല

പ്രസവ വേദന തിരമാല പോലെയാണ്. ഗർഭപാത്രത്തിന്റെ ഉളളിൽനിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന. തീരത്തണഞ്ഞതു പോലെ ആ വേദന പെട്ടെന്ന് തീരും. ആദ്യ തിരമാലയ്ക്കു ശേഷം പത്തു മിനിറ്റിനുള്ളിൽ അടുത്തത്. വീണ്ടും പത്ത് മിനിറ്റിനുള്ളിൽ അടുത്തത്. അങ്ങനെ തുടങ്ങി വേദനയുടെ ഇടവേള അഞ്ച് മിനിറ്റിലേക്കും മൂന്നു മിനിറ്റിലേക്കും ഒരു മിനിറ്റിലേക്കുമായി കുറഞ്ഞു വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം. അതു പ്രസവ വേദന തന്നെ. ആദ്യമാദ്യം വരുന്ന വേദന മൂന്നോ നാലോ സെക്കൻഡ് കൊണ്ട് അവസാനിക്കുമെങ്കിൽ പ്രസവ സമയം അടുക്കും തോറുമുണ്ടാകുന്ന വേദന ഏറെ സമയം നിൽക്കും. ഒന്നിനു പിന്നാലെ ഒന്നായി വന്ന് പൊട്ടിത്തെറിക്കുന്ന പോലെയുള്ള അവസ്ഥയിലേക്ക്. പ്രസവ വേദനയുടെ തുടക്കത്തിൽ ഗർഭിണി സാവധാനം നടക്കണം. എളുപ്പം ദഹിക്കുന്ന ആഹാരം ചെറുതായി കഴിക്കാം. കാരണം ഇനിയങ്ങോട്ട് നിങ്ങൾക്ക് ഒരുപാട് എനർജി ആവശ്യമാണ്.

വാട്ടർ ബ്രേക്ക്

ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയാൽ എത്രയും വേഗം ആശുപത്രിയിലെത്തണം. കുഞ്ഞ് കിടക്കുന്ന അമ്നിയോട്ടിക് ഫ്ലൂയിഡ് ആണ് പുറത്തേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകിത്തീർന്നാൽ അതു കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കും. സിനിമയിലും മറ്റും കാണുന്നതുപോലെ തറയിൽ ഒരു കപ്പ് വെള്ളം ഒഴിച്ചതു പോലെയൊന്നും വാട്ടർ ബ്രേക്ക് ഉണ്ടാവണമെന്നില്ല. അതു സാവധാനം ഒഴുകി തുടയിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ മനസിലാക്കാൻ പോലും പറ്റണമെന്നില്ല. ഉറക്കത്തിലാണെങ്കിൽ പ്രത്യേകിച്ചും.

മ്യൂക്കസ് പ്ലഗ്

ഗർഭാശയത്തിനുള്ളിലേക്ക് അണുക്കൾ കടക്കാതെ സീൽ ചെയ്തതു പോലെ സൂക്ഷിക്കുന്ന മ്യൂക്കസ് പ്ലഗ് എന്ന സ്തരം പൊട്ടുകയാണ് അടുത്ത ഘട്ടം. വാട്ടർ ബ്രേക്കിനൊപ്പമോ അതിനു ശേഷമോ സ്തരവും പൊട്ടി പുറത്തു വരും. കേവലം ഒരു സെന്റീ മീറ്റർ മാത്രം കനമുള്ള ഈ സ്തരം പൊട്ടി പുറത്തു വരുന്നത് ചിലപ്പോൾ അറിയാൻ കഴിയണമെന്നില്ല. എങ്കിലും പ്രസവം ആരംഭിച്ചതിന്റെ ലക്ഷണമാണിത്.

എത്ര വേദന സഹിക്കണം

പ്രസവം വേദനാജനകം തന്നെ. അതിൽനിന്ന് ഓടിയൊളിക്കാനാവില്ല. ശിശു കിടക്കുന്ന പൊസിഷൻ അനുസരിച്ച് വേദന ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. തലകീഴായി അമ്മയുടെ നട്ടെല്ലിനു നേരെയാണ് പ്രസവസമയത്ത് കുഞ്ഞ് കിടക്കേണ്ടത്. പക്ഷേ നിർഭാഗ്യവശാൽ കുഞ്ഞ് തലകീഴായി വരാത്ത സംഭവങ്ങളും ഉണ്ടാകും. ഗർഭാശയത്തിനു സമീപമുള്ള മിക്കവാറും മസിലുകൾക്ക് ആകെ ഉപയോഗം വരുന്നതു പ്രസവ സമയത്തു മാത്രമാണ്. അതുകൊണ്ടാണ് വേദന ഇത്ര കഠിനമായി അനുഭവപ്പെടുന്നത്.

പ്രസവത്തെക്കുറിച്ചുള്ള പേടിയും ആകാംക്ഷയും പലപ്പോഴും വേദന കൂട്ടുകയേ ഉള്ളു. വേദന വരുമ്പോൾ ഒന്നു മുതൽ എണ്ണിക്കോ എന്നു പറയുന്നവരാണ് പല ഡോക്ടർമാരും. എന്നാൽ മനസിനെയും ശരീരത്തിലെ മസിലുകളെയും പരമാവധി റിലാക്സ് ചെയ്യിക്കുകയാണ് അപ്പോൾ ചെയ്യേണ്ടത്. അതു വേദനയുടെ തീവ്രത കുറയ്ക്കും.

വേദനയില്ലാത്ത പ്രസവം

നട്ടെല്ലിൽ മരുന്ന് കുത്തിവച്ച് വേദന അറിയാതെ പ്രസവിക്കുന്ന എപ്പിഡ്യുറൽ രീതി പലരും പരീക്ഷിക്കാറുണ്ട്. പക്ഷേ വേദന കുറയ്ക്കാൻ വേറെയുമുണ്ട് വഴികൾ. വെള്ളത്തിൽ പ്രസവിക്കുന്നത് വേദന കുറയ്ക്കുമെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ചിലർക്ക് ചെറുചൂടുവെള്ളം ധാര കോരുമ്പോഴാണ് വേദന കുറയുന്നത്.

വയറ്റീന്നു പോക്ക്

പ്രസവസമയത്ത് പലർക്കും മലം പുറത്തു വരാറുണ്ട്. അതു പേടിക്കേണ്ട കാര്യമല്ല. കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നതിന്റെ പ്രഷർ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ലേബർ റൂമിലേക്ക് പ്രവേശിക്കും മുൻപ് വയർ കാലിയാക്കിയാൽ മതി.

കുഞ്ഞിന്റെ കഴുത്തിൽ കോഡ് ചുറ്റൽ

അമ്പുലിക്കൽ കോഡ് കഴുത്തിൽ ചുറ്റിയതുകൊണ്ട് സിസേറിയൻ വേണ്ടി വന്നു എന്നു നാട്ടിൻപുറങ്ങളിൽ പോലും ഇപ്പോൾ കേൾക്കാം. അമ്മയിൽനിന്നു പോഷകവും രക്തവുമൊക്കെ സപ്ലൈ ചെയ്യുന്നത് അമ്പുലിക്കൽ കോഡ് വഴിയാണ്. ഈ കോ‍ഡാണ് കുഞ്ഞിന്റെ കഴുത്തിൽ ചുറ്റുന്നത്. കുഞ്ഞ് അംനിയോട്ടിക് ഫ്ലൂയിഡിൽ കിടക്കുന്നതു കൊണ്ട് കോഡ് കുഞ്ഞിനെ ഞെക്കി ശ്വാസം മുട്ടിക്കുകയൊന്നുമില്ല. എങ്കിലും തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു കുറയുന്നത് അപകടകരമാണ്. ഡോക്ടറുടെ സഹായം ഉറപ്പായും തേടണം.

പെരിനിയം കട്ട്

കുഞ്ഞിന്റെ തല പുറത്തേക്കു വരാൻ പെരിനിയം കട്ട് ചെയ്തു കൊടുക്കേണ്ടി വരും. കൂടുതൽ ഭാഗം കട്ട് ചെയ്യേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ episiotomy ആണു ചെയ്യുക. കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുക, ഫോഴ്സെപ്സ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്ത് എടുക്കേണ്ടി വരിക, കുഞ്ഞിനു വലുപ്പം കൂടിയിരിക്കുക, അമ്മയുടെ ആരോഗ്യം മോശമാവുക തുടങ്ങിയ സന്ദർഭങ്ങളിലാണ് episiotomy നടത്തുക. പെരിനിയം കട്ട് ചെയ്യുന്നത് പലതായി തിരിക്കാം.

1. പെരിനിയവും വജൈനയുടെ പിൻ വശവും ചെറുതായി കട്ട് ചെയ്യുക. ഇതിനു സ്റ്റിച്ച് ഇടേണ്ട ആവശ്യം പോലുമില്ല. സാവധാനം മുറിവ് ഉണങ്ങിക്കൊള്ളും. 2. വജൈനയുടെ പിൻഭാഗം പെരിനിയം മസിൽ എന്നിവ ഉൾപ്പെടെ കട്ട് ചെയ്യുന്നതാണ് അടുത്തത്. ഇതിനു സ്റ്റിച്ച് ഇടേണ്ടി വരും.

സിസേറിയൻ

പ്രസവ സമയം അടുക്കുമ്പോൾ തലകീഴായി വേണം കുഞ്ഞിന്റെ പൊസിഷൻ. കുഞ്ഞ് തിരിഞ്ഞു വരാതിരുന്നാൽ സിസേറിയൻ അല്ലാതെ പരിഹാരമില്ല.

അമ്പുലിക്കൽ കോഡ് കഴുത്തിൽ ചുറ്റി നോർമൽ പ്രസവം സാധ്യമാവുന്നില്ലെങ്കിൽ സിസേറിയൻ നടത്തണം. പ്രസവം മണിക്കൂറുകൾ നീണ്ടു പോവുന്നതുമൂലം കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുന്നു എന്ന ഘട്ടം വരുമ്പോൾ സിസേറിയൻ നടത്തണം.

നോർമൽ ആണെങ്കിലും സിസേറിയൻ ആണെങ്കിലും പ്രസവം വേദനാജനകം തന്നെ. പക്ഷേ മയക്കത്തിൽനിന്നുണർന്ന് കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതിൽ അലിയും അതുവരെ സഹിച്ച വേദനകളൊക്കെയും.