Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപസ്മാരം സ്ത്രീകളില്‍

apasmaram

മസ്തിഷ്ക രോഗങ്ങളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് അപസ്മാരം അഥവാ ചുഴലി. ഏകദേശം 200 ലക്ഷം വരെ ആളുകള്‍ ഓരോ വര്‍ഷവും ഈ രോഗ ബാധിതരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. തലച്ചോറിനുണ്ടാകുന്ന ഏതു തരത്തിലുള്ള ക്ഷതവും ഈ രോഗത്തിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും ഇതിന് ശരിയായ കാരണമെന്തെന്ന് കണ്ടു പിടിക്കാന്‍ സാധ്യമാവാറില്ല.

ചുരുക്കത്തില്‍ പറഞ്ഞാല്‍ തലച്ചോറിലുണ്ടാകുന്ന വൈദ്യുതതരംഗങ്ങളുടെ ചെറിയ വ്യതിയാനങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. പരമ്പരാഗതമായി ഈ അസുഖം. കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത ഏകദേശം 10%ത്തില്‍ താഴെയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നത്.

സ്ത്രീകളില്‍ കാണുന്ന അപസ്മാരം പുരുഷന്മാരില്‍ നിന്നും പലകാരണങ്ങളാല്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഉദാഹരണമായി ആര്‍ത്തവചക്രം, ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം പല തരത്തിലും ഈ രോഗത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സാനിര്‍ണ്ണയത്തിനും ഏറ്റവും അനുയോജ്യമായ മരുന്ന് തിരഞ്ഞെടുക്കുന്നതിനും വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

അപസ്മാരവും ആര്‍ത്തവചക്രവും

പലപ്പോഴും പെണ്‍കുട്ടികളില്‍ അപസ്മാരത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണപ്പെടുന്നത് കൗമാര ദിശയിലായിരിക്കും. സ്ത്രീകളില്‍ കാണുന്ന ഈസ്ട്രോജന്‍ എന്ന സെക്സ് ഹോര്‍മോണിന്റെ രക്തത്തിലുള്ള തോത് വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ഉദാ: ആര്‍ത്തവസമയം, അപസ്മാരത്തിലുള്ള സാധ്യത വളരെ കൂടുതലായി കണ്ടുവരുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചു.

അപസ്മാരം ഗര്‍ഭിണികളില്‍

അപസ്മാരം ഗര്‍ഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുവാന്‍ വളരെയേറെ പഠനങ്ങള്‍ ഇപ്പോഴും നടന്നു വരുന്നു. അപസ്മാര ബാധിതരായ സ്ത്രീകള്‍ എല്ലാവരും തന്നെ തനിക്ക് ജനിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ ഈ രോഗം ഏതു വിധത്തില്‍ ബാധിക്കും എന്നതില്‍ ആശങ്കാ ഭരിതമാണ് ഈ കാരണത്താല്‍ തന്നെ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നതിനു മുന്‍പ് തന്റെ ഡോക്ടറുമായി വിശദമായി രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവതികളാകേണ്ടതാണ്. ഗര്‍ഭകാലത്ത് അപസ്മാരത്തിന്റെ മരുന്നുകള്‍ തുടരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. അനേകം സ്ത്രീകളില്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ ഡോക്ടറുടെ അഭിപ്രായം അറിയാതെ തന്നെ മരുന്നുകള്‍ നിറുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് അസുഖത്തിന്റെ തീവ്രത കൂട്ടുവാനും കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അപസ്മാരമുള്ള സ്ത്രീകള്‍ തങ്ങള്‍ ഗര്‍ഭിണിയാവാന്‍ തീരുമാനിക്കുന്നതിനു മുന്‍പുതന്നെ ഫോളിക് ആസിഡ് എന്ന വിറ്റമിൻ കഴിക്കുകയാണെങ്കില്‍ ഇതുമൂലം ജനിതക വൈകല്യങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്.

ജനിതക വൈകല്യങ്ങള്‍ക്കുള്ള സാധ്യത

അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ അംഗവൈകല്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതും കഴിക്കുന്ന മരുന്നിനേയും അതിന്റെ അളവിനേയും ആശ്രയിച്ചിരിക്കും. ശരിയായ രീതിയിലുള്ള രോഗനിര്‍ണ്ണയവും, ചികിത്സയും ഈ അംഗവൈകല്യങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതില്‍ സഹായകമാകും.

അമ്മമാര്‍ മൂലയൂട്ടാമോ?

6 മാസമെങ്കിലും മുലയൂട്ടുന്നതിനു എല്ലാ സ്ത്രീകളേയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. അപസ്മാരത്തിന് മരുന്നു കഴിക്കുന്ന അമ്മമാര്‍ തങ്ങള്‍ മുലയൂട്ടുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ആശങ്കാഭരിതരാണ്. അപസ്മാരത്തിനുപയോഗിക്കുന്ന പല മരുന്നുകളും ചെറിയ അളവുകളില്‍ മുലപ്പാലിലുള്ളതുകൊണ്ട് അതുമൂലം കുട്ടികളില്‍ അസാധാരണ രീതിയിലുള്ള ഉറക്കം, പാല്‍ കുടിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. അങ്ങനെ കാണപ്പെട്ടുവരുമെങ്കില്‍ ഡോക്ടറുടെ ഉപദേശ പ്രകാരം മുലപ്പാലിന് പകരം പശുവിന്‍ പാലോ മറ്റോ കൊടുക്കേണ്ടതായി വരും. (ഇത് ഒരു പരിധിവരെ മുലപ്പാലിനു പകരം സഹായകമാണ്.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം അപസ്മാരത്തെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ ഇപ്പോഴും പഠനങ്ങള്‍ നടന്നു വരികയാണ്. ഈ സമയങ്ങളില്‍ അപസ്മാരം കൂടുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതിന് തക്കതായ കാരണങ്ങളൊന്നും തന്നെയില്ല. പക്ഷേ ഈ സ്ത്രീകളില്‍ എല്ലുകള്‍ക്കുള്ള തേയ്മാനത്തിന്‍ സാധ്യതകൂടുന്നു. അതുകൊണ്ട് മരുന്നുകള്‍ കഴിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പോക്ഷകാഹാരത്തെക്കുറിച്ചും വ്യായാമ മുറകളെക്കുറിച്ചും ഉപദേശിക്കേണ്ടതാണ്.

ചുരുക്കി പറഞ്ഞാല്‍ സ്ത്രീകളില്‍ അപസ്മാരത്തിന്റെ ശരിയായ പരിപാലത്തിന് ചികിത്സാ നിയന്ത്രണം മാത്രമല്ല മറിച്ച് ജീവിതത്തിന്റെ വിവിധ ഘട്ടമനുസരിച്ചുള്ള ചികിത്സ ക്രമീകരണവും ആവശ്യമാണ്. രോഗികളോടുള്ള സമീപനവും രോഗികളുടെ ബന്ധുകള്‍ക്കു അപസ്മാരത്തിന്റെ അറിവും നൽകുകയാണെങ്കില്‍ ഇവര്‍ക്കു സാധാരണ രീതിയിലുള്ള ജീവിതം നയിക്കാന്‍ കഴിയും.

ഡോ. പ്രിയരഞ്ജിനി എസ് പ്രദീപ്

കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്

കിംസ് ഹോസ്പിറ്റൽ, കൊച്ചി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.