Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭപാത്രം കളയും മുൻപ്

uterus

‘അമിത രക്തസ്രാവമാണ്. ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ എടുത്തു കളയണം...’സാധാരണയായി നാം കേൾക്കുന്ന വാക്കുകളാണിവ.

ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ‘ഹിസ്ട്രക്റ്റമി’എന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ അന്തിമപരിഹാരമാണെന്ന തെറ്റായധാരണയാണ്. ഈ വർധനവിന്റെ പ്രധാന കാരണം. മറ്റു ചികിത്സാമാർഗങ്ങളെല്ലാം പരാജയപ്പെട്ടാൽ മാത്രം ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിച്ചാൽ മതി.

വേണം നല്ല കൗൺസലിങ്

രോഗിക്ക് വേണ്ട സമയത്ത് നല്ല കൗൺസലിങ് കിട്ടാത്തതാണ് ശസ്ത്രക്രിയ വർധിക്കാനുളള പ്രധാനകാരണം. ശസ്ത്രക്രിയയ്ക്കു മുൻപ് രോഗിക്ക് ഡോക്ടർ വ്യക്തമായ കൗൺസലിങ് നൽകണം. കൗൺസലിങിലൂടെ ഗർഭപാത്രത്തിൻറെയും അണ്ഡായശയത്തിന്റെയും ആവശ്യകതയും നീക്കം ചെയ്താലുള്ള ഭവിഷ്യത്തുക്കളും രോഗിയെ ബോധ്യപ്പെടുത്തുന്നു.

ശസ്ത്രക്രിയയല്ലാതെയുള്ള മറ്റു ചികിത്സാമാർഗങ്ങളിലൂടെ ലക്ഷണങ്ങൾ പരിഹരിക്കാമെന്നു ബോധ്യപ്പെടുത്തണം. അങ്ങനെ ചെയ്തു പ്രശ്നം പരിഹരിച്ചവരുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാം. എത്രയധികം രക്തസ്രാവമുണ്ടെങ്കിലും ചികിത്സ പരാജയപ്പെട്ടാൽ മാത്രം ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിച്ചാൽ മതി എന്ന മനോഭാവം വളർത്തിയാൽ ഗർഭപാത്രത്തെ ഒരു പരിധിവരെ നിലനിർത്താനാകും.

35നു ശേഷം...

35 വയസു മുതൽ 55 വയസുവരെയുള്ളവരിലാണ് യൂട്രസ് നീക്കം ചെയ്യൽ കൂടുതൽ. 35 വയസിൽ താഴെ പ്രായമുള്ളവരിൽ, സിസേറിയൻ പ്രസവാനന്തരം രക്തസ്രാവം നിലയ്ക്കാതെ വരുമ്പോൾ ചെയ്യുന്ന സിസേറിയൻ ഹിസ്ട്രക്റ്റമി കൂടുതൽ കണ്ടു വരുന്നു. ചില യുവതികളിൽ ആദ്യം പ്രസവത്തെത്തുടർന്നു തന്നെ സിസേറിയൻ ഹിസ്ട്രക്റ്റമി വേണ്ടി വരാറുണ്ട്.

ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരാറുള്ള സാഹചര്യങ്ങൾ താഴെ പറയുന്നു.

ഫൈബ്രോയിഡ് യൂട്രസ്

ഗർഭപാത്രത്തിലുള്ള അപകടകാരികളല്ലാത്ത മുഴകളാണ്. ഫൈബ്രോയിഡുകൾ. ഗർഭപാത്രത്തിന്റെ പുറമേയും (സബ്സീറസ് ലെയർ—മയോമെട്രിയം) ഗർഭപാത്രത്തിന്റെ ഭിത്തിയിലും (സബ്മ്യൂക്കസ് ലെയർ—എൻഡോമെട്രിയം) ഫൈബ്രോയിഡുകളുണ്ടാകുന്നു. എൻഡോമെട്രിയത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകളാണ് രക്തസ്രാവം ഉണ്ടാക്കുന്നത്. ഫൈബ്രോയിഡ് മുഴകൾ 20 മുതൽ 40 വയസുവരെയുള്ളവരിലാണു കൂടുതൽ കണ്ടു വരുന്നത്.

അമിതരക്തസ്രാവം ഉണ്ടായാൽ ഗർഭപാത്രത്തിന്റെ ഉൾഭാഗം കാണാൻ സഹായിക്കുന്ന ഹിസ്റ്ററോസ്കോപ് എന്ന ഉപകരണത്തിലൂടെ ഫൈബ്രോയിഡ് നീക്കം ചെയ്യാം. ഗർഭപാത്രത്തിന്റെ പുറമെയും മസിലുകളിലുമുണ്ടാകുന്ന മുഴകൾ അസാധാരണ വലിപ്പത്തിൽ വളരാൻ സാധ്യതയുള്ളവയാണ്. മയോമെക്റ്റമി ശസ്ത്രക്രിയയിലൂടെ ഈ മുഴകൾ മാത്രം നീക്കം ചെയ്യാം. അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രം ഹിസ്ട്രക്റ്റമി ചെയ്താൽ മതി.

ലക്ഷണങ്ങൾ ശ്രദ്ധിക്കൂ.

നീക്കം ചെയ്യേണ്ട ഫൈബ്രോയിഡുകളാണെങ്കിൽ താഴെ ചേർക്കുന്ന ലക്ഷണങ്ങൾ പ്രകടമാകാം.

അമിതരക്തസ്രാവം. ആർത്തവകാലത്ത് സാധാരണഗതിയിൽ 80 മി. ലി, രക്തം മാത്രമേ പോകൂ.

നടുവേദന

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നൽ

മലബന്ധം

അടിവയർവേദന (ചിലരിൽ)

എൻഡോമെട്രിയോസിസ്

ഗർഭപാത്രത്തിന്റെ ആന്തരിക ആവരണമായ എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്തു കാണുന്ന അവസ്ഥയാണിത്. ഈ രോഗാവസ്ഥയുള്ളവരിൽ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ, ആവരണമായ പെരിട്ടോണിയം എന്നിവിടങ്ങളിലെല്ലാം എൻഡോമെട്രിയം കാണപ്പെടുന്നു. ഇതേത്തുടർന്ന് അതികഠിനമായ വയറുവേദനയുണ്ടാകും. മരുന്നു കഴിച്ച് രോഗം മാറിയില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

യൂട്രൈൻ പ്രൊലാപ്സ്

ഗർഭപാത്രത്തിനു സ്ഥാനചലനമുണ്ടായി. താഴേയ്ക്കു തള്ളി വരുന്ന അവസ്ഥയാണ് യൂട്രൈൻ പ്രൊലാപ്സ്. യോനിയിലൂടെ ഗർഭപാത്രം പുറത്തേയ്ക്കു വരാനുമിടയാകും. ഇതു മൂലം മൂത്രസഞ്ചി താഴേയ്ക്കിറങ്ങി, മൂത്രം പോകാൻ തടസം അനുഭവപ്പെടും. മലബന്ധവും വരാം. ഇതിന് ഹിസ്ട്രക്റ്റമി ചെയ്യണം. ഈ അവസ്ഥയിൽ പെസറി എന്ന ഉപകരണം ഉപയോഗിക്കാം.

കാൻസർ മുതൽ രക്തസ്രാവം വരെ

ഗർഭപാത്രം, ഗർഭാശയഗളം, അണ്ഡാശയം എന്നിവയെ കാൻസർ ബാധിച്ചാൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. കാൻസർ നേരത്തെ കണ്ടെത്തിയാൽ ശസ്ത്രക്രിയ ചെയ്യാം. എന്നാൽ സ്റ്റേജ് 2 ബി (രണ്ടാംഘട്ടം) കഴിഞ്ഞാൽ ശസ്ത്രക്രിയ ചെയ്യാറില്ല. പരിഹാരം കാണാനാകാത്ത വിധം കാൻസർകോശങ്ങൾ വ്യാപിച്ചിട്ടുണ്ടാകാമെന്നതാണു കാരണം. ആർത്തവത്തോടനുബന്ധിച്ചുള്ള രക്തസ്രാവം അമിതമാകുന്നത് അസ്വാഭാവികമാണ്. 40 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇതു കാണുന്നു. വിളർച്ച, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മരുന്നുകൊണ്ടുള്ള ചികിത്സ പരാജയമായാൽ മാത്രം ശസ്ത്രക്രിയ മതി.

ക്രോണിക് പെൽവിക് പെയിൻ

ഗർഭപാത്രത്തിലും അതിനോടു ചേർന്നഭാഗങ്ങളിലുമുണ്ടാകുന്ന അണുബാധയാണ് ക്രോണിക് പെൽവിക് പെയിനു കാരണം. ആറുമാസത്തിൽ കൂടുതൽ നിലനിൽക്കുന്ന, ഇടയ്ക്കിടയ്ക്കോ സ്ഥിരമായോ അടിവയറ്റിലുണ്ടാകുന്ന വേദനയാണ് ക്രോണിക്പെയിൻ. പല അവയവങ്ങളിൽ നിന്നുത്ഭവിക്കുന്ന വേദനയാണിത്. ഗർഭപാത്രം, അണ്ഡാശയങ്ങൾ, ആമാശയങ്ങൾ, മൂത്രാശയം, മസ്തിഷ്കം എന്നിവയുമായി ബന്ധപ്പെട്ടു ക്രോണിക്പെയിൻ വരാം. ലക്ഷണങ്ങൾക്കനുസൃതമായി മറ്റു ചികിത്സകൾ ചെയ്യുന്നതിലൂടെ ശസ്ത്രക്രിയ ഒഴിവാക്കാം.

പ്രസവശേഷം മിക്ക സ്ത്രീകളും പരിശോധനകളിൽ അലംഭാവം കാണിക്കും. തുടക്കത്തിലെ പരിശോധനയിലൂടെ ചെറിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ വലിയ പ്രശ്നങ്ങൾ തടയാം.

ശസ്ത്രക്രിയകൾ പലതരം

ടോട്ടൽ ഹിസ്ട്രക്റ്റമി : അബ്ഡൊമിനൽ ഹിസ്ട്രക്റ്റമി, വജൈനൽ ഹിസ്ട്രക്റ്റമി എന്നിങ്ങനെ ഇത് രണ്ടു തരത്തിൽ ചെയ്യുന്നുണ്ട്. അടിവയറ്റിൽ മുറിവുണ്ടാക്കി അബ്ഡൊമിനൽ ഹിസ്ട്രക്റ്റമിയും യോനിയിലൂടെ വജൈനൽ ഹിസ്ട്രക്റ്റമിയും ചെയ്യുന്നു. ഗർഭപാത്രം, ഗർഭാശയഗളം എന്നിവ ടോട്ടൽ ഹിസ്ട്രക്റ്റമിയിലൂടെ പൂർണമായി നീക്കം ചെയ്യുന്നു. 15,000 നും 25,000നും മധ്യേയാണ് ചെലവ്.

റാഡിക്കൽ ഹിസ്ട്രക്റ്റമി : ഗർഭപാത്രം, ഗർഭാശയഗളം, യോനിയുടെ മുകൾ ഭാഗം, അനുബന്ധകലകൾ എന്നിവ നീക്കം ചെയ്യുന്നു. കാൻസർരോഗികളിലാണ് സാധാരണ ഇത്തരം ഹിസ്ട്രക്റ്റമി ചെയ്യുന്നത് 25,000 നും 30,000നും മധ്യേയാണ് ചെലവ്.

ലാപ് അസിസ്റ്റഡ് വജൈനൽ ഹിസ്ട്രക്റ്റമി : പൊക്കിളിൽ ദ്വാരമുണ്ടാക്കി ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ഗർഭപാത്രത്തിന്റെ മുകൾഭാഗം വേർതിരിച്ച് താഴ്ഭാഗം യോനിയിലൂടെ നീക്കം ചെയ്യുന്നു.

ഹിസ്ട്രക്റ്റമി ചെയ്യാനുദ്ദേശിക്കുന്നവർ ശസ്ത്രക്രിയയ്ക്കു മുമ്പ് ഗർഭധാരണം, പ്രസവം എന്നിവയെല്ലാം പൂർത്തിയാക്കിയിരിക്കണം. പിന്നീട് അവ സാധ്യമാകാതെ വരും.

ചില പാർശ്വഫലങ്ങൾ

∙ ശസ്ത്രക്രിയയെ തുടർന്ന് അമിതരക്തസ്രവമുണ്ടാകാം. അതിനാൽ രക്തം നൽകേണ്ടി വരുന്നു. ∙ മൂത്രസഞ്ചിക്ക് ക്ഷതമേൽക്കാനിടയാകും.∙ ആമാശയത്തിന് ക്ഷതമേൽക്കാം. അനസ്തീഷ്യ നൽകുന്നതിനെ തുടർന്ന് ശ്വാസതടസവും ഹൃദയപ്രവർത്തനത്തിന് ബുദ്ധിമുട്ടും ∙ മുറിവിന്റെ വേദനയും വലിച്ചിലും ∙ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്ത സ്ത്രീകളിൽ ലൈംഗികതാത്പര്യക്കുറവിനൊപ്പം രതിസുഖക്കുറവും രതിമൂർച്ഛക്കുറവും ഉണ്ടാകുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം

ഈസ്ട്രജന്റെ അഭാവം മൂലം അമിത ചൂടും പുകച്ചിലും അനുഭവപ്പെടും. ഇതോടൊപ്പം മൂഡ്വ്യതിയാനങ്ങൾ, ഓസ്റ്റിയോപൊറോസിസ്, ക്ഷീണം, അമിതവിയർപ്പ് എന്നിവയും കാണാറുണ്ട്. പെട്ടെന്ന് ചൂട് അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടുതൽ, വിഷാദം, ഉറക്കമില്ലായ്മ, കൈകാൽവിരൽ മരവിപ്പ്, മാനസികവിഭ്രാന്തി, നടുവേദന, സന്ധിവേദന, മൂത്രംചുടീൽ മുതലായ ലക്ഷണങ്ങളും കാണാറുണ്ട്. ഗർഭപാത്രം നഷ്ടമാകുമ്പോൾ മിക്ക സ്ത്രീകളും ദുഃഖിതരാകാം. കുടുംബാംഗങ്ങൾ സ്നേഹവും പരിഗണനയും ഇവർക്കു നൽകണം.

അബ്ഡൊമിനൽ ഹിസ്ട്രക്റ്റമി കഴിഞ്ഞാൽ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം വീട്ടിൽ പോകാം. മൂന്നു മാസം വരെ അമിതഭാരമുള്ള വസ്തുക്കൾ ഉയർത്തരുത്. ലഘുവായ വീട്ടുജോലികൾ ചെയ്യുന്നതിനു കുഴപ്പമില്ല. ആറാഴ്ച കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരം ഓഫീസിൽ പോകാം. ആഹാരകാര്യത്തിൽ പ്രത്യേകനിഷ്ഠകളില്ല. എങ്കിലും പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, ഫൈറ്റോഈസ്ട്രജനുകളടങ്ങിയ, ചേന, ചേമ്പ്, കാച്ചിൽ, സോയൊബീൻ, ധാന്യങ്ങൾ, തവിട് എന്നിവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം.

മറ്റു പരിഹാരമാർഗങ്ങൾ

ഗർഭപാത്രം നീക്കാതെ മറ്റു പരിഹാരമാർഗങ്ങളുമുണ്ട്.

ഗുളികകളും മരുന്നുകളും

എൻഡോമെട്രിയൽ അബ്ലേഷൻ—എൻഡോമെട്രിയത്തെ ഒരു ഉപകരണത്തിന്റെ സഹായത്തോടെ നശിപ്പിക്കുന്നു. അങ്ങനെ രക്തസ്രാവം നിലയ്ക്കുന്നു. യൂട്രൈൻ ആർട്ടറി എംബോളൈസേഷൻ—ഫൈബ്രോയിഡിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നതിലൂടെ ഫൈബ്രോയിഡിന്റെ വളർച്ചയും വേദനയും രക്തസ്രാവവും കുറയ്ക്കാനാകുന്നു. മയോമെക്റ്റമി — പ്രശ്നമുള്ളമുഴയെ മാത്രം നീക്കുന്നു. ∙ വജൈനൽ പെസറി— തള്ളി വരുന്ന ഗർഭപാത്രത്തെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നു. മെറീന (ഇൻട്രായൂട്രൈൻ ഡിവൈസ്) കോപ്പർടീ പോലുള്ള ഈ ഉപകരണം ഹോർമോൺ പുറപ്പെടുവിക്കുകയും അങ്ങനെ രക്തസ്രാവം കുറയ്ക്കുകയും ചെയ്യുന്നു.

ഗർഭപാത്രത്തെ അറിയാം

സ്ത്രീശരീരത്തിലെ സുപ്രധാന പ്രത്യുത്പാദന അവയവമാണ് ഗർഭപാത്രം. ബീജസങ്കലനത്തെത്തുടർന്ന് അണ്ഡവാഹിനിക്കുഴലുകളിൽ ഭ്രൂണം രൂപപ്പെടുന്നു. തുടർന്ന് ഈ ഭ്രൂണം ഗർഭപാത്രത്തിലേയ്ക്ക് മാറ്റപ്പെടുന്നു. ഗർഭപാത്രത്തിന്റെ ഒരു അറ്റമായ ഗർഭാശയഗളം യോനിയിലേയ്ക്കു തുറന്നിരിക്കുന്നു. മറ്റേ അറ്റം അണ്ഡവാഹിനിക്കുഴലുകളുടെ ഇരുവശങ്ങളുമായി ചേർന്നിരിക്കുന്നു. ഗർഭപാത്രത്തിന്റെ ഏറ്റവും പുറമെയുള്ള കവചമാണ് പെരിമെട്രിയം. അതിന്റെ ഉള്ളിൽ മൃദുപേശിയായ മയോമെട്രിയം കാണപ്പെടുന്നു. ഗർഭപാത്രത്തിന്റെ ഉള്ളിലുള്ള പാളിയാണ് എൻഡോമെട്രിയം. ബീജസങ്കലനം സംഭവിച്ച അണ്ഡം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നാണു വളരുന്നത്. പെരിറ്റോണിയം എന്ന കവചം ഗർഭപാത്രത്തെ പൊതിഞ്ഞിരിക്കുന്നു.