Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭധാരണം വൈകിയാൽ?

late-pregnancy Representative Image. Courtesy: Vanitha Magazine

വൈകിയുള്ള ഗർഭ ധാരണം പക്ഷാഘാതവും ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജോലിയിലെ ഉയർച്ചക്കും മറ്റുമായി സ്ത്രീകൾ ഗർഭ ധാരണം വൈകിപ്പിക്കുന്നത് ഇത്തരത്തിലുള്ള രോഗസാധ്യതാ നിരക്കു കൂട്ടുമെന്നും ഗവേഷകർ പറയുന്നു. 40 വയസിനും അതിനു മുകളിലും പ്രായമുള്ള സ്ത്രീകൾ ഗർഭം ധരിക്കുന്നതിനു മുമ്പ് ഇതു സംബന്ധിച്ച് ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നല്ലതാണ്.

പ്രായം കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് പ്രായം കൂടുതലുള്ള സ്ത്രീകൾ ഗർഭം ധരിക്കുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. മിനസോട്ടയിലെ സീനത്ത് ഖുറേഷി സ്ട്രോക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. യുഎസിൽ 50 വയസിനും 70 വയസിനും ഇടയിലുള്ള 72,221 സ്ത്രീകളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

ഇതിൽ 40 വയസിനു ശേഷം ഗർഭം ധരിച്ച 3306 സ്ത്രീകൾ അടുത്ത 12 വർഷത്തിനുള്ളിൽ സ്ട്രോക്ക്, തലച്ചോറിലുള്ള രക്ത സ്രാവം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ മൂലം മരിച്ചതായി കണ്ടെത്തി. വൈകിയുള്ള ഗർഭ ധാരണമാണ് ഈ മരണങ്ങൾക്ക് കാരണമെന്ന് ഗവേഷകനായ അഡ്നൻ ഖുറേഷി പറയുന്നു.

വൈകി ഗർഭം ധരിക്കുന്ന സ്ത്രീകൾ അവരുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകിച്ചു ഹൃദയാരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്നും ഖുറേഷി പറയുന്നു. പ്രസവത്തിനു ശേഷം ഡോക്ടർമാർ ഇവരുടെ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൃത്യമായ ഇടവേളകളിൽ വിദഗ്ദ്ധ പരിശോധനകൾ നടത്തണമെന്നും ഖുറേഷി നിർദേശിച്ചു. സ്ട്രോക്കും ഹൃദയാരോഗ്യ പ്രശ്നങ്ങളും കണ്ടെത്താനും മുൻകരുതലെടുക്കാനും ഈ പരിശോധനകൾ സഹായിക്കും.