Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾക്കൊരു ഉണർത്തുപാട്ട്

menarche

എനിക്കൊരു കൂട്ടുകാരിയുണ്ട്. അമേരിക്കയിൽ കംപ്യൂട്ടർ എൻജിനീയറുടെ ഭാര്യ. കൊല്ലങ്ങൾക്കു മുമ്പ്, ഒരിക്കൽ ഫോണിൽ സംസാരിക്കവെ അവൾ പറഞ്ഞു: മകൾക്കു മെനാർക്ക് ആയി. ഒരു രക്ഷയുമില്ല. വല്ലാത്ത കുട്ടിക്കളിയാണ്. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകളൊക്കെ ഒരു ശ്രദ്ധയുമില്ലാതെ അവിടെയുമിവിടെയുമൊക്കെ ഇട്ടുകളയും.

മമ്മീ, ഇതെന്തൊരു ന്യൂയിസൻസ് ആണ്. ഏതു പ്രായത്തിലാണ് ഇതൊന്നവസാനിക്കുക, എന്നാണ് അവളുടെ ചോദ്യം. മെനപോസ് എപ്പോൾ ആകും എന്നാണവളുടെ ആകാംക്ഷ! അത്രയ്ക്കും നിഷേധാത്മകമായ ഒരു സമീപനം, കൗമാരപ്രായത്തിലെത്തിയ ഒരു പെൺകുട്ടി, സ്ത്രീത്വത്തിന്റെ അടയാളമായ ആർത്തവാഗമനത്തോടു പുലർത്തുന്നു എന്നു കേട്ടപ്പോൾ പ്രയാസം തോന്നി.

ഋതുമതിയും പുഷ്പിണിയും

എന്തുകൊണ്ടിങ്ങനെ? പുതിയ തലമുറ, സ്ത്രീത്വത്തെയും മാതൃത്വത്തെയുമൊക്കെ എത്ര ഭാവനാശൂന്യമായാണു സമീപിക്കുന്നത്?

ഋതുമതിയാവുക, പുഷ്പിണിയാവുക എന്നീ വാക്കുകൾക്കു തന്നെയില്ലേ കാവ്യാത്മകത?

ഒരു ചെടിയിൽ ആദ്യത്തെ പൂവിരിഞ്ഞതു പോലെ, മുറ്റത്തെ കൊന്നത്തൈ ഒരു ദിവസം ആകെ പൂത്തുമറിഞ്ഞു നില്ക്കുന്നതുപോലെ, മനസിന്റെ മുറ്റത്തൊരു കൊച്ചു പാവാടക്കാരി വന്നു ചിരിച്ചു നില്ക്കുന്നില്ലേ, അതു കേൾക്കുമ്പോൾ? ഇല്ലെന്നോ, ഹാ കഷ്ടം!

തലമുറകൾ മാറുമ്പോൾ

ആർത്തവാഗമനം പെൺകുട്ടികളിൽ വളരെ നേരത്തെ ആകുന്നതു കൊണ്ടാണോ ഇന്നിങ്ങനെ? അതോ, ഇന്റർനെറ്റും ടെലിവിഷനും ബ്ലോഗുമൊക്കെയായി നേരത്തേ വളരുന്നവെന്നു തോന്നിപ്പിക്കുന്ന പെൺകുട്ടികളുടെ യഥാർഥ മാനസിക പക്വത പഴയ തലമുറകളോടു താരതമ്യപ്പെടുത്തുമ്പോൾ കുറച്ചു കൂടി വൈകിയാണെന്നാണോ?

അണുകുടുംബവും അമിതലാളനയും സമ്പന്നതയുടെ സൗഭാഗ്യങ്ങളും ഇതിനു കാരണമാകുന്നുണ്ടോ? ആർത്തവാഗമനത്തിന്റെ യഥാർഥമൂല്യവും പ്രാധാന്യവും പറഞ്ഞു കൊടുക്കുന്നതിൽ മുതിർന്നവർക്കു വീഴ്ച പറ്റുന്നതാണോ? എന്തൊക്കെയായാലും പണ്ടത്തെ തലമുറയിലെ പെൺകുട്ടികൾ ആർത്തവത്തെ സമീപിച്ച രീതിയല്ല ഇന്നിന്റേതെന്നു വ്യക്തം.

നഷ്ടപ്പെടുന്ന പറുദീസകൾ

ജനിതകകാരണങ്ങളാലും വൈകല്യങ്ങളാലും ഒരിക്കലും ആർത്തവം ലഭിക്കില്ലെന്നും മാതൃത്വത്തെ സ്വാംശീകരിക്കാനാകില്ലെന്നും അറിയുമ്പോൾ പെൺകുട്ടികളിലും അവരുടെ അമ്മമാരിലും ഉണ്ടാകുന്ന കഠിനമായ നൈരാശ്യവും അപകർഷതയും നേരിട്ടു കണ്ടിട്ടുള്ള ആൾ എന്ന നിലയിൽത്തന്നെ പറയട്ടെ, നഷ്ടപ്പെടുമ്പോഴേ, അല്ലെങ്കിൽ ഒരിക്കലും നേടാനാവില്ലെന്നറിയുമ്പോഴേ, ഒന്നിന്റെ പ്രാധാന്യം മനുഷ്യനാലോചിക്കാറുള്ളൂ.

വാസ്തവത്തിൽ, വളരെയേറെ ധന്യതയോടും ഉത്തരവാദിത്തത്തോടും കൂടി സ്വാഗതം ചെയ്യേണ്ട ഒരു ജീവിതകാലഘട്ടമാണ് ആർത്തവാഗമനത്തോടെ ഒരു പെൺകുട്ടിക്കു ലഭ്യമാകുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമായി തന്റെ ശരീരത്തിനകത്തൊരു കുഞ്ഞു ജീവനെ പൊതിഞ്ഞു വളർത്തുന്നതിലെ ആഹ്ലാദം, തന്റെ രക്തവും മാംസവുമായ അവനെ അല്ലെങ്കിൽ അവളെ, ഭൂമിയിലേക്കും വച്ച് ഏറ്റവും അടുപ്പമുള്ള ആളായി ഉമ്മ വയ്ക്കാനുള്ള അവകാശം, കരയാൻ മാത്രമറിയാവുന്ന നിസഹായ ബാല്യത്തിൽ നിന്ന് അവൻ വളർന്നു വളർന്നൊരു കുസൃതിക്കുരുന്നും പിന്നെയും വളർന്നൊരു സഫലജീവിതവുമായി മാറുന്നതു കണ്ടു നില്ക്കുന്നതിലെ നിർവൃതി, അങ്ങനെ, സൃഷ്ടി—സ്ഥിതി—സംഹാരമെന്ന പ്രകൃതിചാക്രികത്തിലെ ഏറ്റവും സർഗാത്മകമായ ആദ്യ പാദങ്ങളിൽ ഈശ്വരനോടൊത്തു പങ്കാളിയാകുന്നതിലെ ധന്യത, സ്ത്രീക്കു മാത്രം അവകാശപ്പെട്ട ധന്യതയല്ലേ അത്?

ഈ രീതിയിലുള്ളൊരു ക്രിയാത്മകസമീപനം പെൺകുട്ടിയുടെ ഉള്ളിൽ ഉണ്ടാക്കേണ്ട ചുമതല അമ്മമാർക്കും, സമൂഹത്തിനും കൂടിയുണ്ട്.

സ്ത്രീത്വത്തിന്റെ ചുമതലകൾ

പുരുഷനോടൊപ്പം ചേർന്നു നിന്ന്, വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ഇടപെടുമ്പോഴുംസ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും ചുമതലകളെ സർഗാത്മകമായി നിറവേറ്റാൻ ഈ തിരിച്ചറിവുകളും ആർത്തവത്തെപ്പറിയുള്ള ശാസ്ത്രീയമായ അറിവുകളും അവളെ പ്രാപ്തയാക്കും.

വെറുമൊരു ആകസ്മികതയോ, ഭാരമോ, പുരുഷൻ സ്ത്രീയോടു കാണിച്ച വിശ്വാസ വഞ്ചനയോ ആയി അധപതിക്കേണ്ട ഒന്നല്ല മാതൃത്വമെന്നും, സ്ത്രീയുടെ അഭിമാനവും ധന്യതയുമാണതെന്നും സ്ത്രീ മനസിലാക്കാൻ തുന്നിഞ്ഞില്ലെങ്കിൽപ്പിന്നെ ആർക്കവളെ രക്ഷിക്കാനാകും?

ഡോ ഖദീജ മുംതാസ് പ്രശസ്ത നോവലിസ്റ്റും കോഴിക്കോട് മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റും