Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കായി; കുഞ്ഞിനും

newborn-checkup

ലോകത്തിലേക്കു വച്ചു തന്നെ ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് പ്രസവം. അതിന്റെ ഫലമാകട്ടെ ഏറ്റവും വലിയ സന്തോഷവും. പത്ത് മാസം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ആ കൊച്ച‍ു ജീവൻ കൈകളിൽ എത്തുന്നതോടെ സന്തോഷത്തോടൊപ്പം നിരവധി സംശയങ്ങളും അമ്മമാർക്കും അവരെ പരിചരിക്കുന്നവർക്കും ഉണ്ടാകുന്നു. പ്രസവം കഴിഞ്ഞ് ആദ്യ മാസങ്ങളിൽ സ്ത്രീകൾക്ക് പല ശാരീരിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ആശുപത്രിയിൽ കിടക്കുന്ന സമയം മുതലുള്ള ചില സംശയങ്ങൾക്കുള്ള മറുപടിവായിക്കാം.

1. പ്രസവം കഴിഞ്ഞുടൻ സ്ത്രീയെ മുറിയിലേക്ക് മാറുന്നതിനുമുമ്പ് എന്തെല്ലാം പരിശോധനകൾ നടത്താറുണ്ട്? പരിശോധനകൾ എന്തിനു വേണ്ടിയാണ് നടത്തുന്നത്?


സാധാരണ പ്രസവം കഴിഞ്ഞു നാലു മണിക്കൂറിനു ശേഷമാണു വാർഡിലേക്കു മാറ്റുന്നത്. ഈ സമയത്ത് അര മണിക്കൂർ ഇടവിട്ട് ഹൃദയമിടിപ്പ് (Pulse), നാഡിമിടിപ്പ്, രക്തസമ്മർദം എന്നിവ നോക്കണം. ഗർഭപാത്രം ചുരുങ്ങിയിട്ടുണ്ടോ, സാധാരണയിൽ കവിഞ്ഞ രക്തസ്രാവം ഉണ്ടോ എന്നിവ പരിശോധിക്കണം. ഈ സമയത്താണ് പ്രസവാനന്തരമുണ്ടാകാവുന്ന അമിത രക്തസ്രാവം കാണുന്നത്. നമ്മുടെ രാജ്യത്തു പ്രസവത്തോടനുബന്ധിച്ചുള്ള മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രസവാനന്തര രക്തസ്രാവമാണ്. ഇത് ഒഴിവാക്കാൻ ഈ സമയത്തുള്ള സൂക്ഷ്മനിരീക്ഷണവും പരിചരണവും സഹായിക്കും.

വാർഡിലേക്ക് മാറ്റുന്നത‍ിനു മുമ്പു യോനിയിലുള്ള മുറിവിനുപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മൂത്രം ഒഴിച്ചുവെന്നും ഉറപ്പാക്കണം. ഈ സമയത്തു ബന്ധുക്കളിൽ ഒരാളെ സ്ത്ര‍ീയുടെ കൂടെ ഇരിക്കുവ‍ാൻ പല ആശുപത്രികളിലും അനുവദിക്കാറുണ്ട്. പ്രസവശേഷം കഴിവതും നേരത്തെ; അതായത് സാധാരണ പ്രസവത്തിനുശേഷം നാലു മണിക്ക‍ൂർ കഴിഞ്ഞും സിസേറിയനുശേഷം 24 മണിക്കൂർ കഴിഞ്ഞും സാവധാനം നടക്കുകയും കിടക്കുമ്പോൾ കാലും കൈയും ചലിപ്പിക്കുകയും വേണം (Early ambulate) . ഈ സമയത്തു നടക്കുമ്പോൾ എപ്പോഴും ഒരാൾ കൂടെ ഉണ്ടാവണം. ചിലപ്പോൾ തലകറക്കം വന്നു താഴെ വീഴാം.

2.  ആശുപത്രിയിൽ കഴിയുമ്പോൾ ദിവസേന ചെയ്യുന്ന പരിശോധനകൾ എന്തെല്ല‍ാമാണ്? ഗർഭിണികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്?
ആശുപത്രിയിൽ കഴിയുന്ന ദിവസങ്ങളിൽ ശരിയായ രീതിയിലാണോ പാല‍ു കൊടുക്കുന്നതെന്ന് പരിശോധിക്കാറുണ്ട്. കൂടാതെ കുഞ്ഞിന്റെ പെ‍ാക്കിൾകൊടിയും പരിശോധിക്കും. പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളിൽ അമ്മ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഒന്നു മുലയൂട്ടലുമായി ബന്ധപ്പെട്ടതാണ്.

1. പാലു കുറയുക: ഇതു കൂടുതലും അമ്മമാരുടെ തോന്നലാണ്.
ആദ്യത്തെ 1-2 ദിവസങ്ങളിൽ കുറച്ചു പാൽ മാത്രമേ കാണുകയുള്ളൂ. ഇതിൽ ആദ്യം വരുന്ന മഞ്ഞ നിറമുള്ള കൊളസ്ട്ര‍െം കു‍ഞ്ഞിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ അത്യാവശ്യമാണ്. കു‍ഞ്ഞിന്റെ ആവശ്യാനുസരണം പാൽ കൊടുക്കണം. ഒരു പ്രവശ്യം കൊടുക്കുമ്പോൾ രണ്ടു സ്തനങ്ങളിൽ നിന്നും കൊടുക്കണം. കുഞ്ഞിനെ ശരീയായ രീതിയിൽ എടുത്തു പാൽ കൊടുക്കണം.

2. നിപ്പിളിൽ ഉണ്ടാകാവുന്ന ചെറിയ മുറിവുകൾ (Cracked nipple).

3. ഉൾവലിഞ്ഞിരിക്കുന്ന നിപ്പിൾ (Retracted nipple)
മുലകളിൽ നീരും വേദനയും ഈ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണം.

ശരിയായ അളവിലുള്ള, ബ്രേസിയേഴ്സ് ധരിക്കുകയും പാലുകൊടുക്കുന്നതിനു മുമ്പും പിമ്പും സ്തനങ്ങൾ കഴുകി വൃത്തിയാക്കുകയും വേണം.

പ്രസവം കഴിഞ്ഞു വാർഡിലേക്ക് മാറ്റിയാൽ ഉടൻ തന്നെ ലഘുവായ ഭക്ഷണവും പാന‍ീയങ്ങളും കൊടുക്കണം. ഈ സമയത്ത് നല്ല ഉറക്കം ആവശ്യമാണ്. എല്ലാ ദിവസവും ഗർഭപാത്രം ചുരുങ്ങിയിട്ടുണ്ടോ, രക്തസ്രാവം കൂടുതലുണ്ടോ, എന്നും ശ്രദ്ധിക്കണം. മുറിവിനു നീരോ വേദനയോ ഉണ്ടെങ്കിൽ അതു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം കു‍ഞ്ഞിനു പ്രതിരോധ കുത്തിവയ്പ് എടുക്കുകയും പൊക്കിൽകൊടി വൃത്തിയായി സൂക്ഷിക്കുകയും വേണം. സാധാരണ പ്രസവമാണെങ്കിൽ മൂന്നാം ദിവസവും സിസേറിയനാണെങ്കിൽ അഞ്ചാം ദിവസവുമാണ് ഡിസ്ചാർജ് ചെയ്യുന്നത്.

3. എത്ര ദിവസം കഴിഞ്ഞാണ് അമ്മയ്ക്കും കുഞ്ഞിനും പുനഃപരിശോധന (റിവ്യൂ) നടത്ത‍ുന്നത്?

ആറാഴ്ച കഴിഞ്ഞാണ് അമ്മയും കുഞ്ഞും റിവ്യൂവിനു വരേണ്ടത്. അമ്മയ്ക്ക് നടത്തുന്ന പരിശോധനയിൽ ഗർഭപാത്രം സാധാരണസ്ഥിതിയിലാണോ എന്ന് ഉറപ്പാക്കും ദുർഗന്ധമുള്ള യോനീസ്രാവമുണ്ടെങ്കിൽ അത് അണുബാധയുടെ സൂചനയാണ്. ഗർഭത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ (രക്തസമ്മർദം, പ്രമേഹം, തൈറായിഡിസം അസുഖങ്ങൾ) ഉണ്ടെങ്കിൽ പ്രത്യേകനിർദേശങ്ങൾ കൊടുക്കും. ചിലർക്കു മരുന്നുകൾ തുടർന്നു കഴിക്കേണ്ടിവരും. രക്തക്കുറവ് തോന്നുന്നുവെങ്കിൽ രക്തത്തിന്റെ അളവ് പരിശോധിക്കാറുണ്ട്. ശരീരഭാരം. ബിപി എന്നിവയും നോക്കും. ഏറ്റവും പ്രധാനപ്പെട്ടത് ഗർഭനിരോധനമാർഗങ്ങളെക്കുറിച്ച്, ഒാരോന്നിന്റെയും ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കി അവരവർക്ക് യോജിച്ചതു തിരഞ്ഞെടുക്കാൻ അമ്മയെ സഹായിക്കുന്നതാണ്.

ശിശുരോഗവിദഗ്ധൻ കു‍ഞ്ഞിനെ പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകും. കുഞ്ഞിന്റെ ഭാരം, നീളം, തലയുടെ ചുറ്റളവ് എന്നിവ പരിശോധിച്ച് രേഖപ്പെടുത്തും. കുഞ്ഞിന് വളർച്ചാവൈകല്യമുണ്ടോ എന്ന് അറിയാൻ ഈ പരിശോധനകൾ സഹ‍ായിക്കും.

4. പ്രസവം കഴിഞ്ഞും സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട മരുന്നുകൾ എന്തെല്ലാമാണ്? എത്രനാൾ വരെ ഗുളിക കഴിക്കണം?

പ്രസവം കഴിഞ്ഞ് അഞ്ചു ദിവസം വരെ ആവശ്യമെങ്കിൽ ആന്റിബയോട്ടിക് കഴിക്കണം. അതിനു ശേഷം വേറെ ആരോഗ്യപ്രശ്നങ്ങൾ(ഹൈപ്പർ ടെൻഷൻ, തൈറോയ്ഡ് രോഗം മുതലായവ) ഒന്നും ഇല്ലെങ്കിൽ അയൺ, കാത്സ്യം ഗുളികകൾ കഴിക്കണം. ഇത് 3-6 മാസം വരെ കഴിക്കാം. കഴിയുമെങ്കിൽ പാലു കൊടുക്കുന്ന കാലയളവിൽ മുഴുവനും കാത്സ്യം ഗുളികകൾ കഴിക്കുന്നതു നല്ലതാണ്. ഇതു മുലയൂട്ടുന്ന അമ്മയ്ക്ക് കൂട‍ുതൽ ആരേ‍‍ാഗ്യം നൽകും .

5. സ്റ്റിച് ഉണങ്ങാത്തതു മുതൽ എന്തെല്ലാം പ്രശ്നങ്ങളാണ് സാധാരണ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് സംഭവിക്കാൻ സാധ്യതയുള്ളത്? ഇതിനു പരിഹാരങ്ങൾ എന്തെല്ലാമാണ്?

സാധാരണ പ്രസവത്തിനു യോനിഭാഗത്തും സിസേറിയന് വയറിലുമാണ് മുറിവു കാണുന്നത്. മുറിവ‍ുള്ള ഭാഗത്ത് ചുവന്നനിറം കാണുക, നീരുവരുക, വേദനയുണ്ടാകുക എന്നീ ലക്ഷണങ്ങളാണ് അണുബാധയുള്ളപ്പോൾ കാണുന്നത്. അണുബാധയുണ്ടായാൽ അതിനു ചേരുന്ന ആന്റിബയോട്ടിക്കുകൾ നൽകാം. അണുബാധയുണ്ടാകാതിരിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടതും ശുചിത്വമാണ്. എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം (നനച്ച് വെയിലത്ത് ഉണങ്ങിയത്) പ്രസവം കഴിഞ്ഞ് പ്രത്യേകിച്ച്, സിസേറിയനാണെങ്കിൽ, സന്ദർശകരെ കുറയ‍്ക്കണം. വൃത്തിയുള്ള സാന‍‍‍ിറ്ററി നാപ്കിനുകൾ ഉപയോഗിക്കുകയും 4-5 മണിക്കൂർ‍ കൂടുമ്പോൾ മാറ്റുകയും വേണം വയറിലെ മുറിവ് സോപ്പുവെള്ളമൊഴിച്ച് കഴുകുകയും ആന്റിബയോട്ടിക് ക്രീം പുരട്ടുകയും ചെയ്യണം. സാധാരയായി കാണുന്ന ഒന്നാണു മൂത്രത്തിലെ അണുബാധ. ധാരാളം വെള്ളം കുടിക്കുകയും മൂത്രം പിടിച്ചുവയ്ക്കാതെ ഇടയ്ക്കിടെ ഒഴ‍ിക്കുകയും വേണം.

6. പ്രസവശേഷം വജൈനൽ അണുബാധ പോലുള്ള ഇൻഫെക്ഷനുകൾക്ക് സാധ്യതയുണ്ടോ? എന്താണു കാരണം? പ്രതിവിധി നിർദേശിക്കാമോ?

വജൈനൽ അണുബാധ സാധാരണ പ്രസവം കഴിഞ്ഞ് നാല് ആഴ്ചകൾ കഴിഞ്ഞാണു കാണുന്നത്. മഞ്ഞനിറമ‍ുള്ള ദുർഗന്ധമുള്ള സ്രവം, യോനിയിൽ ചൊറിച്ചിൽ, അടിവയറിൽ വേദന എന്നീ ലക്ഷണങ്ങൾ കാണും. യോന‍ീഭാഗം കഴുകുമ്പോൾ മുന്നിൽ നിന്നു പുറകിലോട്ടു കഴുകാൻ ശ്രദ്ധിക്കണം. എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും നല്ല ഗുണമേന്മ ഉള്ളസാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുകയും വേണം. ഇപ്പോൾ പലതരത്തിലുള്ള വജൈനൽ വാഷുകൾ ലഭ്യമാണ്. അതുപയോഗിക്കാം. അണുബാധയുണ്ട‍െങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് കഴിക്കണം.

7. പ്രസവാനന്തരം സ്ത്രീക്കു വരാവുന്ന മാനസികപ്രശ്നങ്ങൾ വിശദമാക്കാമോ? ഇതിന് എന്താണ് പ്രതിവിധി?

പ്രസവശേഷം 50 ശതമാനത്തോളം സ്ത്രീകൾക്ക് മാനസികബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട് ഇതു സാധാരണ മൂന്നു മുതൽ അഞ്ചു ദിവസങ്ങളിലാണു കാണുന്നത്. ആരോടും സംസാരിക്കാതെ ഇരിക്കുക, ഉറക്കം കുറയുക, പെട്ടെന്നു ദേഷ്യം വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. ഇതു ബന്ധുക്കളുടെ പ്രത്യേകിച്ചും ഭർത്താവിന്റെ സ്നേഹപൂർണമായ പരിചരണം കൊണ്ടു മാറാവുന്നതേയുള്ളൂ. ഹോർമോൺ വ്യതിയാനം കാരണമാണ് മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത്.

∙ പോസ്റ്റ് പാർട്ടം ഡിപ്രഷൻ (Post partum depression)
പത്തു ശതമാനത്തോളം സ്ത്രീകളിൽ ഇതു ഡിപ്രഷനിലേക്കു പോകാറുണ്ട്. പ്രസവശേഷം ആറുമാസത്തിനുള്ളിലാണ് കാണുന്നത്. മേൽ പറഞ്ഞ ലക്ഷണങ്ങൾ കൂടിയ അളവിൽ കാണും ഇവരിൽ ആത്മഹത്യാപ്രവണത കാണാറുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ എപ്പോഴും ഇവരുടെ കൂടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടാവണം. ഇക്കൂട്ടർക്ക് ചെറിയ തോതിൽ മരുന്ന് ആവശ്യമായിവരും.

∙ പോസ്റ്റ് പാർട്ടം സൈക്കോസിസ്(Post partum phychosis)
പതിനായിരത്തിൽ ഒരു പ്രസവത്തിൽ(1/10,00) ഇതു കാണാറുണ്ട്. നേരത്തെതന്നെ മാനസികരോഗങ്ങൾ ഉള്ളവരിൽ ഇതു കൂടുതലായി കാണാം. ഇവർക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു മനോരോഗവിദഗ്ധന്റെ പരിചരണം ആവശ്യമാണ്. തുടർന്നുള്ള പ്രസവങ്ങളിലും ഇതു വരാൻ സാധ്യതയുണ്ട്.

8. സിസേറിയൻ പ്രസവം കഴിഞ്ഞ് വേതു വെള്ളത്തിൽ ചൂടുപിടിക്കുകയോ കുളിക്കുകയോ ചെയ്യാമോ?

സിസേറിയൻ കഴിഞ്ഞു മുറിവ് ഉണങ്ങിയതിനുശേഷം. (ഏകദേശം രണ്ടാഴ്ച കഴിഞ്ഞ്) വേതുവെള്ളത്തിൽ കുളിക്കാം. പക്ഷേ, മുറിവിന്റെ ഭാഗത്തു കഴിവതും എണ്ണയും കുഴമ്പും മറ്റും വീഴാതെ നോക്കണം. ഇതു ചിലപ്പോൾ അണുബാധയ്ക്കു കാരണമാകും.

9. പ്രസവം കഴിഞ്ഞ സ്ത്രീകൾ വയറു കുറയ്ക്കുന്നതിനു ബെൽറ്റ്, തുണി പോലുള്ളവ വയറിനു മുകളിൽ കെട്ടുന്നത് എപ്പോൾ വേണം? പ്രസവം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ചെയ്യാമോ? എത്ര മാസം വരെ ഇതു കെട്ടാം?

ബെൽറ്റ് ഉപയോഗിച്ചാൽ വയറു കുറയുമെന്നു പെതുവേ ഒരു ധാരണയുണ്ട്. എന്നാൽ ഇതുകൊണ്ടു വലിയ പ്രയോജനം കാണാറില്ല. പക്ഷേ, മാസംപേശികൾ അയഞ്ഞു തൂങ്ങിയ വയറിന് ഇത് ഒരു സപ്പോർട്ട് നൽകും. പ്രത്യേകിച്ചു ജോലി ചെയ്യുമ്പോൾ തുണികൊണ്ടുള്ള ബെൽറ്റിനെക്കാൾ നല്ലത് അളവെടുത്ത് ഉണ്ടാക്കുന്ന ഇലാസ്റ്റിക് ബൈൻഡർ ആണ്. സാധാരണ പ്രസവത്തിനുശേഷം എപ്പോൾ വേണമെങ്കിലും ബൈൻഡർ ഉപയോഗിക്കാം. എന്നാൽ സിസേറിയനുശേഷം മുറിവ് ഉണങ്ങിയിട്ടേ ബൈൻഡർ ഉപയോഗിക്കാവൂ. വയറു കുറയാൻ ഏറ്റവും നല്ലത് വ്യായാമങ്ങളാണ് (Postnatal exercises) പ്രസവം കഴിഞ്ഞ് ആറ് ആഴ്ചയ്ക്കു ശേഷവും സിസേറിയനു മൂന്നു മാസത്തിനു ശേഷവും വ്യായാമം ചെയ്യാവുന്നതാണ്.

10. പ്രസവം കഴിഞ്ഞാൽ എത്ര ദിവസം രക്തസ്രാവം ഉണ്ടാകും? ദിവസം കഴിയും തോറും അളവ് കുറഞ്ഞു വരുമോ?

പ്രസവം കഴിഞ്ഞാൽ ഒരു മാസം വരെ രക്തസ്രാവം ഉണ്ടാകും. ഇതിന്റെ അളവ് കുറഞ്ഞുവരും. ആദ്യം നല്ല ചുവപ്പുനിറവും പിന്നീടു നിറം കുറഞ്ഞു മഞ്ഞകലർന്ന വെള്ളനിറത്തിലുള്ള സ്രവമായി മാറും. ഇതിനു ദുർഗന്ധമുണ്ടെങ്കിൽ അണുബാധ സാധ്യതയുണ്ട്. ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കുക. വൃത്തിയുള്ള തുണികൾ ധരിക്കുക. കൃത്യമായി ഇടവേളകളിൽ സാനിറ്ററി നാപ്കിൻസ് മാറണം. ദിവസം രണ്ടു പ്രാവശ്യം അടിവസ്ത്രങ്ങൾ മാറുകയും ഉപയോഗിച്ചവ അലക്കി, വെയിലിൽ ഉണക്കുകയും വേണം.

കുഞ്ഞിന്റെ ആദ്യ പരിശോധന

കുഞ്ഞ് ജനിച്ചയുടൻ ആദ്യം നോക്കുന്നത് കരയുന്നുണ്ടോ എന്നാണ്. തുടർന്ന് മൂക്കിനകത്തും വായ്ക്കുള്ളിലും ചെവിക്കുള്ളിലും നിറ‍ഞ്ഞിരിക്കുന്ന ഫ്ളൂയിഡ് പൂർണമായും നീക്കം ചെയ്യും. പൊക്കിൾക്കൊടി വേർപെടുത്തി ക്ല‍ിപ്പ് ഇടും. കുഞ്ഞിന്റെ ദേഹം നല്ല വൃത്ത‍ിയുള്ള കോട്ടൺ‌ തുണ‍ി കൊണ്ട് തുടച്ച് വൃത്തിയാക്കും. തുടയ്ക്കാൻ വെള്ളം ഉപയോഗിക്കില്ല. ശിശ‍ുരോഗ വിദഗ്ധൻ കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കും. ചൂണ്ടിന്റെയും നാക്കിന്റെയും നിറം നോക്കി രക്തചംക്രമണം സാധാരണരീതിയിലാണോ എന്ന് തിട്ടപ്പെടുത്തും. കുഞ്ഞിന്റെ പ്രതികരണശേഷി, ശരീരത്തിന്റെ നിറ‍ം, ശ്വസനഗതി, പേശീദൃഢത എന്നിവയും പരിശോധിക്കും. കുഞ്ഞിന്റെ ഭാരം, നീളം, തലയുടെ ചുറ്റളവ് എന്നിവയും അളക്കും.

കുഞ്ഞിന് ജന്മനാൽ ശരീര വൈകല്യമുണ്ടോ എന്നറിയാൻ (പൊക്കകുറവോ മറ്റോ) തല മുതൽ കാൽപാദം വരെയയുള്ള നീളം അളക്കും. കുഞ്ഞിന്റെ മലദ്വ‍ാരം തുറന്നതാണോ എന്നും പരിശോധിക്കും. ഈ പരിശോധനകൾ എല്ലാം കഴിഞ്ഞശേഷം കുഞ്ഞിനെ അമ്മയുടെ പക്കൽ എത്തിക്കും.

ഡോ. ഗീത ജി നായർ

കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്

ജില്ലാ മെഡിക്കൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം

Your Rating: