Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് എന്റെ കഥ: അറിയാം ഒന്നാം മാസം മുതൽ പ്രസവം വരെ

179222508

ഇത് എന്റെ കഥയാണ്. ഞാൻ അമ്മയുടെ വയറ്റിൽ രൂപം കൊണ്ടതു മുതൽ അമ്മയുടെ നെഞ്ചിന്റെ ചൂടിലേക്കു എത്തിയതു വരെയുള്ള കഥ. എനിക്ക് പേരില്ല കേട്ടോ. അതൊക്കെ ഞാൻ പുറത്തുവന്നതിനു ശേഷം അമ്മയും അച്ഛനും വീട്ടുകാരും ചേർന്ന് ഇടും. ഇനി കഥയിലേക്ക് കടക്കാം.

ഇന്ന് ഞാൻ അമ്മയുടെ ഉദരത്തിൽ എത്തിയിട്ട് നാല് മാസം ആകുന്നു. പക്ഷെ അച്ഛനും അമ്മയും എന്റെ ഹൃദയമിടിപ്പ് നേരത്തെ കേട്ടിട്ടുണ്ട് കേട്ടോ. അതെപ്പോഴാണെന്നോ. ഞാൻ അമ്മയുടെ വയറിൽ വളർന്നു തുടങ്ങി എന്നു മനസ്സിലായ ശേഷം, ആദ്യമായി സ്കാൻ ചെയ്തപ്പോൾ. ആറ് ആഴ്ച പ്രായമാകുമ്പോൾ തന്നെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിയും. ആദ്യ സ്കാൻ ആയതുകൊണ്ട് മുറിയിലേക്ക് അച്ഛനേയും കയറ്റിയിരുന്നു. ഹൃദയമിടിപ്പ് കേട്ടപ്പോൾ അമ്മയും അച്ഛനും എന്തുമാത്രം സന്തോഷിച്ചെന്നോ. എല്ലാ മാസവും അമ്മ ഡോക്ടറെ കാണാൻ പോകുന്നുണ്ട്. ഞാൻ എന്തു മാത്രം വളർന്നു, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നൊക്കെ അറിയണമെങ്കിൽ കൃത്യമായ പരിശോധന വേണമല്ലോ, അല്ലേ....

നാലാം മാസത്തിൽ വിരല്‍കുടി

ഇപ്പോഴാണ് എനിക്ക് കുഞ്ഞിന്റെ രൂപം കൈവന്നത്. വിരൽ കുടിക്കാനും എനിക്കു കഴിയുന്നുണ്ട്. ജനിച്ചു കഴിഞ്ഞാലും കുറച്ചു ദിവസം ഈ ശീലം എനിക്കുണ്ടാകും കേട്ടോ. അതിന് എന്നെ വഴക്കു പറയരുത്. ഇത്രയും ദിവസങ്ങൾ അച്ഛനും അമ്മയ്ക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. എന്നെ നഷ്ടപ്പെടുമോ എന്നോർത്ത്. എന്നാൽ ഇനി അതിനുള്ള സാധ്യത കുറവാണെന്ന് അമ്മയെ പരിശോധിക്കുന്ന ഡോക്ടർ ആന്റി പറഞ്ഞു. അമ്മയ്ക്കു ടെറ്റനസ് വാക്സിനും കൊടുത്തിട്ടുണ്ട്. ഡോക്ടർ‌ ആന്റി അമ്മയുടെ വയർ തൊട്ട് നോക്കി, ഞാൻ മിടുക്കി കുഞ്ഞായി വളരുന്നുണ്ട് എന്നു പറഞ്ഞു.

fetus

എന്നെ ഇപ്പോൾ കണ്ടാൽ ഒരു നാടൻ പേരയ്ക്കയുടെ വലുപ്പം മാത്രമേയുള്ളു. ഭാരമോ ഏതാണ്ട് 140 ഗ്രാമും. ഇത്രയും നാൾ ഞാൻ വന്നതു കാരണം അമ്മയ്ക്കു ഛർദിയും മനംപിരട്ടലും ഉണ്ടായിരുന്നു. പാവം അമ്മ. വല്ലാതെ കഷ്ടപ്പെട്ടു. ഇപ്പോള്‍ അതു കുറഞ്ഞു വരുന്നുണ്ട്. ഞാൻ പതിയെ വളരുന്നത് അമ്മയുടെ വയർ വലുതാകുന്നതു വഴി എല്ലാവർക്കും കാണാൻ സാധിക്കുന്നുണ്ടാകും.

അഞ്ചിലെ അനക്കം

ഗര്‍ഭപാത്രത്തിലെ അഞ്ചാം മാസം ആഘോഷിക്കുകയാണ് ഞാൻ. ഇപ്പോൾ നന്നായി അനങ്ങാൻ തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് എന്റെ ചലനം അറിയാനും സാധിക്കുന്നുണ്ട്. ഇപ്പോൾ എന്റെ ശരീരമാകെ കട്ടി കുറഞ്ഞ രോമങ്ങൾ പൊതിഞ്ഞിരിക്കുന്നുണ്ട്. ഇതിന് ലാനുഗോ എന്നാണ് പറയുന്നത്. വെണ്ണപോലുള്ള ഒരു വസ്തുവും എന്റെ ശരീരത്തിനു പുറത്തു കാണുന്നുണ്ട്. ഇവ രണ്ടും എന്റെ രക്ഷാകവചങ്ങളാണ്. ഈ സമയമായപ്പോഴേക്കും എന്റെ മൂത്രസഞ്ചിയും വൃക്കകളും പ്രവർത്തിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഞാൻ മൂത്രമൊഴിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്റെ ഹൃദയമിടിപ്പ് ഡോക്ടർക്ക് സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് അറിയാൻ സാധിക്കും. ഈ സമയത്താണ് ഞാൻ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതു കൊണ്ട് അമ്മയും അച്ഛനും അതിനു ശ്രമിച്ചില്ല. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഞാൻ ജനിക്കണമെന്ന ആഗ്രഹമേ അവർക്കുണ്ടായിരുന്നുള്ളൂ. അഞ്ചാം മാസത്തിലെ സ്കാനിങ്ങിലാണ് എനിക്ക് അംഗവൈകല്യങ്ങൾ ഒന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞത്. എനിക്ക് ഇപ്പോൾ ഏകദേശം 356– 360 ഗ്രാം ഭാരമുണ്ട്. 27 സെ. മീ നീളവും.

ഈ മാസം മുതൽ അമ്മ ചില ദിവസങ്ങളിൽ കുഴമ്പ് തേയ്ച്ചു കുളിക്കും. ദേഹത്ത് കുഴമ്പ് തേയ്ക്കുന്നത് സുഖപ്രസവത്തിനു നല്ലതാണെന്നു മുത്തശ്ശി പറഞ്ഞുവത്രേ,

പാട്ടുകളും ശബ്ദങ്ങളും കേട്ട്

Pregnant woman playing music to her baby through headphones

ഇപ്പോൾ ആറാംമാസത്തിലാണ്. അമ്മയുടെ വയറ്റിനുള്ളിലാണെങ്കിലും പുറം ലോകത്തെ ശബ്ദങ്ങൾ എനിക്കു കേള്‍ക്കാം. വലിയ ശബ്ദം കേൾക്കുമ്പോൾ ഞാൻ പ്രതികരിക്കാറുണ്ട്.. അമ്മ പാട്ടു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അമ്മ ഇടയ്ക്കിടെ എന്നോടു സംസാരിക്കാറുണ്ട്. അമ്മയുടെ ശബ്ദം കേൾക്കുന്നത് എന്ത് ആശ്വാസമാണെന്നോ. എന്നാലും കൂടുതലും സമയവും ഞാൻ ഉറങ്ങും. ഇടയ്ക്ക് കണ്ണ് തുറന്നു നോക്കും. എന്റെ ശരീരത്തിൽ കൊഴുപ്പടിയുന്നുണ്ട്. എന്റെയും അമ്മയുടെയും ശരീരഭാരം കൂടുന്നുണ്ട്. അതുകൊണ്ടു തന്നെ അമ്മയ്ക്കു നടുവേദന ഉണ്ടാകുന്നുണ്ട്. എന്നെ താങ്ങുന്നതു കൊണ്ടാവാം.

ഈ മാസമാണ് അമ്മയ്ക്കു പ്രമേഹം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയത്. രോഗമുണ്ടെങ്കിൽ വയറ്റിൽ കിടക്കുന്ന എന്നെയും അതു ദോഷകരമായി ബാധിക്കുമത്രേ, അമ്മയുടെ വയറിനുള്ളിൽ കിടന്ന് ഞാൻ അനങ്ങുന്നത് വയറിൽ കൈ വച്ചാൽ മനസ്സിലാക്കാൻ കഴിയും. അച്ഛൻ ഇടയ്ക്കിടെ അമ്മയുടെ വയറിൽ കൈവച്ച് എന്നെ തൊടാറുണ്ട്. എന്നോട് സംസാരിക്കാറുമുണ്ട്.

അമ്മ തൻ സ്വരം തിരിച്ചറിഞ്ഞ്

അമ്മ ഏഴാം മാസത്തിലേക്ക് കടന്നിട്ടുണ്ട്. ഈ മാസം മുതൽ എന്റെ അനക്കം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഞാനാണെങ്കിൽ നന്നായി അനങ്ങുകയും ചെയ്യും. ആഹാരം കഴിഞ്ഞ് ഒരു മണിക്കൂറിൽ മൂന്നു പ്രാവശ്യം ഞാൻ അനങ്ങുന്നുണ്ടോ എന്നു നോക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ചില നേരങ്ങളിൽ എന്റെ അനക്കം കൂടുന്നത് അമ്മയുടെ ഉറക്കം നഷ്ടമാക്കുന്നുണ്ട്. അമ്മയുടെ ശബ്ദം എനിക്കിപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഈ മാസവും സ്കാൻ ചെയ്തു. ഞാൻ ഉഷാറായി ഇരിക്കുന്നുണ്ട്, പേടിക്കേണ്ടെന്ന് ഡോക്ടർ
പറഞ്ഞു.

എന്റെ ശ്വാസകോശം, കരൾ എന്നീ അവയവങ്ങൾ പൂർണമായി വളർന്നിട്ടുണ്ടാകും. എന്റെ പ്രതിരോധ വ്യവസ്ഥയും പുറം ലോകത്തിലെ അണുക്കളെ നേരിടാനായി തയാറായിട്ടുണ്ട്. എനിക്കിപ്പോൾ ഒന്നര കിലോയോളം ഭാരമുണ്ട്. ചിലപ്പോൾ മാസം തികയാതെ ഞാൻ പുറത്തു വരാനും സാധ്യതയുണ്ട്. ഇപ്പോൾ അമ്മയുടെ വയർ കണ്ടാൽ ഒരു ഫുട്ബോൾ പോലിരിക്കും. ഈ മാസം മുതല്‍ അമ്മ എന്നും എണ്ണ തേച്ചു കുളിക്കാൻ തുടങ്ങുകയാണ്. എണ്ണ ശരീരത്തിലാകെ തേയ്ച്ചു പിടിപ്പിച്ച്, കുറച്ചുനേരം കഴി‍ഞ്ഞ് ഇളം ചൂടു വെളളത്തിൽ കുളിക്കും.

കിടപ്പുരീതി മാറ്റി

Pregnant woman lying in bed sleeping

എട്ടാം മാസമായതോടെ ഞാൻ എന്റെ കിടപ്പിന്റെ രീതി ഒന്നു മാറ്റി. തല താഴേക്കു കൊണ്ടുവന്നു. ഇങ്ങനെ കിടക്കുന്നതാണ് അമ്മയ്ക്കു പ്രസവിക്കാൻ എളുപ്പം. ഇപ്പോൾ എനിക്കു കൺപോളകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം. തല വശങ്ങളിലേക്കു ചരിച്ചു നോക്കാനും കഴിയും. എന്റെ തലച്ചോർ അതിവേഗം വളരുകയാണ്. ഈ മാസം മുതൽ രണ്ടാഴ്ച കൂടുമ്പോൾ ഡോക്ടറെ കാണണമെന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മയ്ക്കാണെങ്കിൽ അസ്വസ്ഥതകൾ കൂടി വരികയാണ്. വയർ വലുതാകുന്നതു കൊണ്ടാകാം അമ്മയ്ക്കു രാത്രി ശരിക്കു കിടക്കാൻ പോലും സാധിക്കുന്നില്ല. ചരിഞ്ഞു മാത്രമേ കിടക്കാവൂ എന്നു ഡോക്ടർമാർ പറഞ്ഞിട്ടുള്ളതു കൊണ്ട് കിടക്കുന്ന ഭാഗം ഭയങ്കര വേദനയാണെന്ന് അമ്മ പറയുന്നതു കേൾക്കാം.

കുറച്ചു ദിവസങ്ങൾ കൂടി

അമ്മയുടെ ഗര്‍ഭപാത്രത്തിൽ എനിക്ക് ഒമ്പതാം മാസമാണ്. ഇനി കുറച്ചു ദിവസങ്ങൾ മാത്രം ഇതിനുള്ളിൽ കിടന്നാൽ മതി. കൊഴുപ്പ് നന്നായി അടിയുന്നതിനാൽ എന്റെ ശരീരത്തിനു ചുവപ്പു നിറം മാറി റോസ് നിറമായിട്ടുണ്ട്. ഇനി അങ്ങോട്ട് നല്ല ശ്രദ്ധ വേണമെന്ന് എല്ലാവരും കൂടി അമ്മയെ ഉപദേശിക്കുന്നതു കേൾക്കാം. പാവം അമ്മ എല്ലാം കേട്ട് പേടിച്ചിട്ടുണ്ടാകും. ഞാൻ അമ്മയെ അധികം വേദനിപ്പിക്കില്ലെന്ന് പറയണമെന്നുണ്ട്, പക്ഷേ പറ്റില്ലല്ലോ. ഇടയ്ക്കു അമ്മയും അച്ഛനും കൂടി ആശുപത്രിയിൽ നടക്കുന്ന ക്ലാസ്സ് കേൾക്കാൻ പോയി. ഞാൻ പുറത്തു വരുന്ന സമയത്തെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു അത്. ഇതിനിടെ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും കൂടി എനിക്കുള്ള ഷോപ്പിങ് ഒക്കെ നടത്തി കേട്ടോ. ഞാൻ പുറത്തു വരുമ്പോള്‍ ഇടാനുള്ള ഉടുപ്പ്, പുതയ്ക്കാൻ നല്ല ടൗവ്വലുകൾ, തൊട്ടിൽ...അങ്ങനെ കുെറ സാധനങ്ങൾ. ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ളത് പ്രത്യേകം ബാഗിലാക്കി വയ്ക്കണമെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു. എനിക്ക് നേരത്തെ വരണമെന്നു തോന്നിയാൽ സാധനങ്ങൾ തിരഞ്ഞു സമയം കളയാതെ ആശുപത്രിയിലേക്കു പോകാമല്ലോ.

ഞാൻ വരുകയാണേ....

നാളെയാണ് ഞാൻ പുറത്തു വരുമെന്ന് ഡോക്ടർ പറഞ്ഞ ദിവസം. പക്ഷേ ഞാൻ ഒരു കുറുമ്പ് കാണിച്ചു. നേരത്തെ വന്നാലെന്താ എന്ന് ഒരു തോന്നൽ. പതിയെ താഴേക്കു വരാന്‍ ശ്രമം തുടങ്ങി. അമ്മയ്ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. ഉടനെ ആശുപത്രിയിൽ എത്തി. വന്ന ഉടനെ അമ്മയെ ലേബർ റൂമിലേക്ക് മാറ്റണം
എന്നു ഡോക്ടർ പറയുന്നതു കേട്ടു. ഇതിനിടെ എനിക്കു ചുറ്റിലുമുണ്ടായിരുന്ന വെള്ളം പോലത്തെ ദ്രാവകം പുറത്തേക്കു പോകാൻ തുടങ്ങി. അതു കഴിഞ്ഞപ്പോൾ മുതൽ എനിക്കും വല്ലാത്ത ബുദ്ധിമുട്ട്. എങ്ങനെയെങ്കിലും പുറത്തു കടന്നാൽ മതിയെന്നായി.

ലേബർ റൂമിലേക്കു കയറ്റിയപ്പോൾ മുതൽ എന്റെ ഹൃദയമിടിപ്പ് എല്ലാവരും കേൾക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെ വേറൊരു കട്ടിലിലേക്ക് മാറ്റി. എന്റെ തല എവിടെയോ തടഞ്ഞു നിൽക്കുകയാണ്. ഞാൻ പുറത്തു വരാൻ അമ്മ നല്ലതുപോലെ ശ്രമിക്കുന്നുണ്ട്. ഇടയ്ക്കു അമ്മ കരയുന്നുമുണ്ട്. ഒടുവിലതാ ഞാൻ പുറത്തേക്കുവന്നു. ആദ്യം തലയിൽ ആരോ എന്നെ താങ്ങിപ്പിടിച്ചു. പുറത്തു വന്നതിൽ സന്തോഷമുണ്ടെങ്കിലും അറിയാതെ കര‍ഞ്ഞുപോയി. പക്ഷേ എന്റെ കരച്ചിൽ കേട്ടപ്പോഴാണ് ഡോക്ടർ ആന്റിക്കു സന്തോഷമായത്. അവർ എന്നെ എടുത്തു അമ്മയുടെ അടുത്തേക്കു കാണിച്ചു. മോളാണ് കേട്ടോ എന്ന് അമ്മയോട് പറഞ്ഞു.

പിന്നെ ഞാൻ കുറച്ചു നേരം നഴ്സുമാരുെട അടുത്തായിരുന്നു. അവർ എന്റെ ദേഹം പതിയെ തുടച്ചെടുത്തു. ചെവിയുടെയും മൂക്കിന്റെയും അകത്തു നിറയെ എന്തോ ദ്രാവകം നിറഞ്ഞിരിക്കുകയായിരുന്നു. അതെല്ലാം എടുത്തു കള‍ഞ്ഞു. ഇത്രയും കാലം അമ്മയുടെ വയറിനുള്ളിലെ സുഖമുള്ള ഇളംചൂടിൽ കിടന്നതു കൊണ്ടാവാം പുറത്തുവന്നപ്പോൾ വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. എന്നെ വൃത്തിയാക്കിയ ശേഷം നല്ല തുണി കൊണ്ടു പുതപ്പിച്ചു. ഇതെല്ലാം നടക്കുമ്പോഴും അമ്മയെയാണ് ഞാൻ തിരഞ്ഞത്. ഒമ്പതു മാസം കേട്ടു പരിചയിച്ച ആ ശബ്ദം മാത്രം കേള്‍ക്കുന്നില്ല. പതിയെ ‍ഞാൻ കണ്ണുകൾ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ
എന്നെ എടുത്തു.. ആരുടെയൊ നെഞ്ചിലാണ് ഞാൻ കിടക്കുന്നത്. അമ്മൂട്ടിയേ.. പതിഞ്ഞ ക്ഷീണിച്ച സ്വരത്തിലുള്ള ആ വിളി ഞാൻ തിരിച്ചറി‍ഞ്ഞു.. എന്റെ അമ്മ.... അമ്മയുടെ നെഞ്ചിലാണ് ഞ‍ാൻ ഇപ്പോൾ.

My brain

നാലാഴ്ച പ്രായമുള്ളപ്പോഴാണ് ഭ്രൂണത്തിന് തല ഉണ്ടാകാൻ തുടങ്ങുന്നത്. എട്ടാമത്തെ ആഴ്ചയോടെയാണ് മുഖം രൂപപ്പെടുന്നത്. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ ഹിന്റ് ബ്രെയിൻ (Hint brain) – മെഡുല്ലാ ഒബ്ലോംഗേറ്റ, സെറിബെല്ലം, പോൺസ് എന്നിവ അടങ്ങിയ മസ്തിഷ്ക കാണ്ഡത്തിന്റെ, (ബെയിൻ സ്റ്റെം) താഴ്ഭാഗം – നന്നായി കാണാൻ സാധിക്കും. 26–ാമത്തെ ആഴ്ച പ്രായമാകുമ്പോഴാണ് തലച്ചോറിന്റെ കാഴ്ച, കേൾവി വ്യവസ്ഥകൾ പ്രവർത്തിക്കാൻ തുടങ്ങുന്നത്. 31 ആഴ്ച ആകുന്നതോടെ തലച്ചോറിന്റെ വളർച്ച അതിവേഗം നടക്കുന്നു. 33 ആഴ്ചയിലേക്കു കടക്കുമ്പോൾ തലച്ചോർ കാരണം കുഞ്ഞിന്റെ തലയ്ക്കു വലുപ്പം വയ്ക്കുന്നു.
 

Your Rating: