Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഡോക്ടറെ കാണാം

pregnancy-dr

ഗര്‍ഭമുണ്ടോയെന്ന സംശയത്തോടെയും പരിശോധന നടത്തി ഗര്‍ഭം ഉറപ്പാക്കിയുമാണു ഭൂരിപക്ഷം പേരും ഡോക്ടറുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഡോക്ടര്‍ മൂത്രപരിശോധനയിലൂടെ ഗര്‍ഭം ഉറപ്പാക്കിയശേഷമാണ് ആദ്യ കൂടിക്കാഴ്ചയിലെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്.

ഗര്‍ഭധാരണം ഉറപ്പുവരുത്തിയാലുടനെ പ്രതീക്ഷിക്കുന്ന പ്രസവദിവസം പറയാന്‍ ഡോക്ടര്‍ക്കു കഴിയും. ഇതിന് അവസാന മാസമുറ എന്ന ദിവസത്തോടൊപ്പം 9 മാസവും 7 ദിവസവും കൂട്ടിയാല്‍ മതി.

ആദ്യഘട്ടത്തില്‍ ഛര്‍ദി മൂലം പലപ്പോഴും വേണ്ടയളവില്‍ എല്ലാ ആഹാരങ്ങളും കഴിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. രണ്ടു ഗാസ് പാല്‍ എങ്കിലും ഇവര്‍ കുടിക്കണമെങ്കിലും പാലിനോടുള്ള വിരക്തി ചിലരില്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തൈര് നല്ലൊരു ഉപാധിയാണ്. മിക്ക ഛര്‍ദിയും ആദ്യഘട്ടം കഴിയുന്നതോടെ മാറുമെങ്കിലും ചിലരില്‍ ഇതു തുടരാറുണ്ട്. കഠിനമായ ഛര്‍ദിമൂലം ആഹാരം ഒട്ടും കഴിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായാല്‍ മരുന്നു നല്‍കി ഛര്‍ദി കുറയ്ക്കേണ്ടി വരും. അല്ലെങ്കില്‍ ഡ്രിപ് കൊടുക്കേണ്ട സാഹചര്യവും വരാം. പക്ഷേ, ഇതു ഭയക്കേണ്ട അവസ്ഥയല്ല.

ആദ്യ പരിശോധനയില്‍

ആദ്യ ചെക്കപ്പിനു പോകുമ്പോള്‍ തന്നെ കുടുംബാരോഗ്യചരിത്രം ഡോക്ടര്‍ ചോദിച്ചറിയും. ബി പി പ്രമേഹം, അലര്‍ജി എന്നിവ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രമേഹ പശ്ചത്തലമുണ്ടെങ്കില്‍ അഞ്ചുമാസം കഴിയുമ്പോള്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റു നടത്തി കണ്ടുപിടിക്കണം. കാരണം, ഗര്‍ഭകാലത്തു ചിലര്‍ക്കു രോഗം വരാനുള്ള സാധ്യതയുണ്ട്. ചിലരില്‍ രക്താതിമര്‍ദ്ദവും കാണാറുണ്ട്. നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത പല രോഗങ്ങളും ഗര്‍ഭാരംഭ പരിശോധനകളിലാണു തിരിച്ചറിയുന്നത്.

അത്തരത്തില്‍ ഏതെങ്കിലും രോഗം ശ്രദ്ധയില്‍ പെട്ടാല്‍ അതു ഗര്‍ഭത്തെ ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും ചികിത്സയും ഡോക്ടറുടെ നിര്‍ദേശാനുസരണം സ്വീകരിക്കണം.

ഗര്‍ഭം അലസിയാല്‍

ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭമലസിപ്പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുമ്പ് എപ്പോഴാണോ ഗര്‍ഭമലസിയത് ആ കാലം കഴിയുന്നതു വരെ വിശ്രമിച്ചു മരുന്നു കഴിക്കേണ്ടതാണ്. ചിലരില്‍ ഗര്‍ഭിണിയായി മാസമുറ നില്ക്കുമ്പോള്‍ത്തന്നെ ശക്തമായ വയറുവേദന ഉണ്ടാകാറുണ്ട്. ഒപ്പം ചിലരില്‍ തലചുറ്റലും ബോധക്ഷയവും സംഭവിക്കാം.

ഗര്‍ഭാശയത്തിനു പുറത്തു ബീജവാഹിനി കുഴലില്‍ ഗര്‍ഭം ധരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്. ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാകണം. മറ്റു പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകും. പക്ഷേ, സ്കാന്‍ ചെയ്ത് അതു ട്യൂബല്‍ പ്രഗ്നന്‍സി അല്ലെന്നു ഉറപ്പുവരുത്തണം.

മരുന്നുകള്‍ ശ്രദ്ധയോടെ

ഗര്‍ഭത്തിന്റെ ആദ്യകാലത്തു ഫോളിക് ആസിഡും ആവശ്യമെങ്കില്‍ ദഹനത്തിനുള്ള മരുന്നുമൊഴികെ മറ്റൊന്നും കൊടുക്കാറില്ല. പിന്നെ ഗര്‍ഭിണിയുടെ ശാരീരിക സ്ഥിതി അനുസരിച്ചു മരുന്നുകള്‍ നല്‍കും. ചില മരുന്നുകള്‍ കുഞ്ഞിനു തകരാറുകള്‍ വരുത്തുമെന്നതിനാല്‍ ശ്രദ്ധയോടെ മാത്രമേ നല്‍കാവൂ. അതുകൊണ്ടു സാധാരണ കാണുന്ന ഡോക്ടറെ അല്ലാതെ അത്യാവശ്യത്തിനു മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവന്നാല്‍ രോഗി, താന്‍ ഗര്‍ഭിണിയാണെങ്കില്‍ ആ വിവരം പരിശോധിക്കുന്ന ഡോകടറെ അറിയിക്കണം. കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം.

എല്ലാവിധ ശസ്ത്രക്രിയയും കഴിയുന്നതും ഈ കാലത്ത് ഒഴിവാക്കുന്നതാണു നല്ലത്. മാനസികരോഗങ്ങള്‍ക്കും എപ്പിലപ്സി (അപസ്മാരം) രോഗങ്ങള്‍ക്കും മരുന്നുകള്‍ മുടക്കാന്‍ പാടില്ലാത്തതാണ്. ഈ മരുന്നുകള്‍ പൊതുവേ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കില്ല എങ്കിലും ഈ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അതു ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. അതുപോലെ ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ഗര്‍ഭിണിയാകരുതെന്നു നിഷ്കര്‍ഷയുണ്ട്.

ശാന്തമാകാം മനസ്

ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. സ്ത്രീജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. സന്തോഷപൂര്‍വം ഇതിനെ സ്വീകരിക്കുക. ഗര്‍ഭധാരണം നടന്നതു മുതല്‍ സന്തോഷമായിരിക്കാന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. അമ്മയുടെ ടെന്‍ഷന്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുമെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. അമ്മയുടെ പിരിമുറുക്കം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും വളര്‍ച്ചയെയും ബാധിക്കാം. അതുകൊണ്ട് അമ്മയുടെ മാനസികാരോഗ്യം പ്രധാന ഘടകമാണ്.

മനസിനെ ശാന്തമാക്കുന്ന യോഗ, സംഗീതം എന്നിവയെല്ലാം വളരെ നല്ലതാണ്. പക്ഷേ, ആയാസമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭമലസാന്‍ സാധ്യതയുള്ളവരിലൊഴികെ നടത്തം ഒരു നല്ല വ്യായാമമാണ്. സംഗീതം, വായന ഇവയും മനസിനു സന്തോഷം പകരും. പക്ഷേ, ഒരിക്കലും കിടന്നു വായിക്കരുതെന്ന് ഓര്‍ക്കണം.

തിരഞ്ഞെടുപ്പു പ്രധാനം

ആശുപത്രിയിലേയ്ക്കുള്ള ദൂരം, ആശുപത്രിയിലെ സൌകര്യങ്ങള്‍, ഡോക്ടറുടെ പരിചയസമ്പന്നത, ആശുപത്രിയുടെ വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തി വേണം ഡോക്ടറേയും ആശുപത്രിയേയും തിരഞ്ഞെടുക്കാന്‍. ആദ്യകൂടിക്കാഴ്ച മുതല്‍ പ്രസവം വരെ ഒരു ഡോക്ടറെ തന്നെ കാണാനായാല്‍ നന്ന്. കഴിയുന്നില്ലെങ്കില്‍ നാലഞ്ചുമാസങ്ങള്‍ക്കുശേഷമെങ്കിലും പ്രസവത്തിനു തിരഞ്ഞെടുക്കുന്ന ആശുപത്രിയില്‍ തന്നെ ഡോക്ടറെ കണ്ടുതുടങ്ങണം.

മിക്ക സ്വകാര്യ ആശുപത്രികളിലും രോഗിയുടെ ഫയല്‍ ആശുപത്രിയില്‍ത്തന്നെ സൂക്ഷിക്കാറാണു പതിവ്. ആദ്യ കൂടിക്കാഴ്ച മുതലുള്ള വിവരങ്ങള്‍ (ഡോക്ടറുടെ ഉപദേശങ്ങള്‍, മരുന്നിന്റെ വിവരങ്ങള്‍, പരിശോധനാ ഫലങ്ങള്‍ മുതലായവ) ഉള്‍പ്പെടുന്ന ഫയല്‍ സ്വന്തമായി സൂക്ഷിക്കുന്നതു നല്ലതാണ്. ഒരു അടിയന്തര സാഹചര്യത്തില്‍ മറ്റൊരാശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ഈ ഫയല്‍ ഏറെ സഹായകരമാകും.