Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമാക്കാം ഗർഭകാലം

pergnancy-care

ഗർഭിണി വീട്ടിലുണ്ടെങ്കിൽ വീട്ടിലെല്ലാവരും കണ്ണും കാതും തുറന്നിരിക്കണമെന്നാണ്. ഗർഭിണികളെ തനിച്ച് വീടിനു പുറത്തിറങ്ങാൻ പോലും പണ്ടത്തെ മുത്തശിമാർ അനുവദിക്കുമായിരുന്നില്ല. ഇന്നത്തെക്കാലത്തെ ആളും ബഹളവുമില്ലാത്ത കൊച്ചു കുടുംബങ്ങളിൽ ഇത്ര ശ്രദ്ധിക്കാനൊന്നും ആരുമുണ്ടാകില്ല. അതുകൊണ്ട് ചില അത്യാഹിത സാഹചര്യങ്ങളെയെങ്കിലും നേരിടാൻ വേണ്ട അറിവ് ഗർഭിണിക്കുണ്ടാകണം. ഗർഭകാലത്ത് ഉണ്ടായേക്കാവുന്ന ചെറിയ അപകടങ്ങളും പെട്ടെന്നുള്ള പരിഹാര മാർഗങ്ങളും അറിയാം.

വയർ എവിടെയെങ്കിലും തട്ടിയാൽ

ഗർഭിണിയുടെ വയർ കുഞ്ഞിന് ഏറെ സുരക്ഷിതമായ ഒരു അറയാണ്. പേശീദൃഢമായ ഗർഭപാത്രത്തിനുള്ളിൽ അമ്നിയോട്ടിക് ദ്രവത്തിനുള്ളിൽ കുഞ്ഞ് സുഖമായി കിടക്കുന്നു. അത്ര പെട്ടെന്നൊന്നും പുറമേ നിന്നുള്ള തട്ടലോ മുട്ടലോ കുഞ്ഞിന് പ്രശ്നമുണ്ടാക്കില്ല. ഗർഭസ്ഥശിശുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ടത്ര താങ്ങു നൽകാനുള്ള ശക്തിയും കരുത്തും ഗർഭിണിയുടെ വയറിനുണ്ടാകും. മാത്രമല്ല, ആദ്യ മൂന്നുമാസങ്ങളിൽ ഗർഭപാത്രം ഇടുപ്പെല്ലിന്റെ ഉൾഭാഗത്തേക്ക് ഏറെ താഴ്ന്നിരിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമാണ്. എന്നാൽ, വയർ എവിടെയെങ്കിലും ചെന്ന് ആഞ്ഞടിച്ചാലോ, വയർ തട്ടിയ ശേഷം വേദനയോ രക്തസ്രാവമോ കണ്ടാലോ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കണ്ട് കുഞ്ഞിനു പ്രശ്നമില്ല എന്ന് ഉറപ്പാക്കണം.

ടിപ്സ്— ഒരുപാട് ആളുകൾ തിങ്ങിയുള്ള ബസ് യാത്രകൾ കുറയ്ക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും നിന്നുള്ള യാത്രകൾ. ബസിൽ ഇരിക്കുമ്പോൾ ഒരുപാടു മുമ്പിലും പിമ്പിലും അല്ലാതെ മധ്യഭാഗത്തായി ഇരിക്കണം.

വീഴ്ചകൾ

ഗർഭകാലത്ത് വീഴാനുള്ള സാധ്യത കൂടുതലാണ്. തള്ളി നിൽക്കുന്ന വയർ മൂലം ബാലൻസ് തെറ്റിപ്പോകാം. വലിയ ഉയരത്തിൽ നിന്നുള്ളതല്ലാത്ത വീഴ്ചകൾ അപൂർവമായെ കുഞ്ഞിനെ ദോഷം ചെയ്യൂ. എന്നാൽ പടികളിൽ നിന്നുള്ള വീഴ്ചകൾ ചിലപ്പോൾ അപകടകരമാകാം. വീണതിനു ശേഷം വേദനയോ രക്തസ്രാവമോ കണ്ടാൽ സ്കാൻ ചെയ്ത് കുഞ്ഞിന് പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് ഉറപ്പിക്കാം.

ടിപ്സ്— വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗർഭം അലസിയിട്ടുള്ളവർ ഉപ്പൂറ്റി ഉയർന്ന ചെരിപ്പുകൾ സുരക്ഷിതമല്ല. പരന്ന ചെരിപ്പുകളാണ് നല്ലത്. സാവധാനം നടക്കണം. കസേരയിലോ മറ്റോ കയറി നിന്നുള്ള ജോലികൾ ഒഴിവാക്കണം. പടി കയറുമ്പോഴും ഇറങ്ങുമ്പോഴും കൈവരികളിൽ പിടിക്കണം.

രക്തസ്രാവം വന്നാൽ

ആദ്യ മൂന്നു മാസങ്ങളിലുണ്ടാകുന്ന കടുത്ത വയറുവേദന എക്ടോപിക് പ്രെഗ്നൻസിയുടെ ലക്ഷണമാകാം. ഗർഭപാത്രത്തിനു പുറത്തെവിടെയെങ്കിലും വച്ച് ഗർഭധാരണം നടക്കുന്നതിനാണ് എക്ടോപിക് പ്രെഗ്നൻസി എന്നു പറയുന്നത്. രണ്ടാം ട്രൈമെസ്റ്ററിന്റെ ആദ്യഘട്ടത്തിൽ (4—5 മാസം) ഉണ്ടാകുന്ന രക്തസ്രാവം ഗർഭം അലസുന്നതിന്റെയാകാം. മൂന്നാം ട്രൈമെസ്റ്ററിലാണ് രക്തസ്രാവം ഉണ്ടാകുന്നതെങ്കിൽ പ്ലാസന്റ വിട്ടുപോരുന്നതാകാം. കാരണം മേൽപറഞ്ഞതൊക്കെ സാധ്യതകൾ മാത്രമാണ്. ഓരോരുത്തരിലും കാരണം വ്യത്യസ്തമാകാം. അതിനാൽ ചെറിയ തുള്ളികളാണെങ്കിൽ (സ്പോട്ടിങ്) പോലും രക്തസ്രാവം കണ്ടാൽ ഡോക്ടറെ കണ്ട് കാര്യം സംസാരിക്കുന്നതാകും ഉചിതം.

കുഞ്ഞിന് അനക്കം കുറവ്

കുഞ്ഞ് ആരോഗ്യവാനാണ് എന്ന് ഉറപ്പാക്കാനാണ് ഇടയ്ക്ക് കുഞ്ഞിന്റെ ചലനങ്ങൾ ശ്രദ്ധിക്കാൻ ഡോക്ടർ പറയുന്നത്. ഇത് കൃത്യമായി പാലിക്കണം. കുഞ്ഞിനു ചലനം ഇല്ലെന്നോ കുറവാണെന്നോ കണ്ടാൽ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ അനാവശ്യ ഭീതിയും വിനയാകാം. കുഞ്ഞിന് അനക്കമില്ല എന്നുകണ്ടാൽ ആദ്യം ചെയ്യേണ്ടത് അതു താൽക്കാലികം മാത്രമാണോ എന്നുറപ്പാക്കുകയാണ്. അതിന് എന്തെങ്കിലും തണുത്ത വെള്ളം കുടിക്കുകയോ ബിസ്ക്കറ്റോ മറ്റെന്തെങ്കിലും ചെറിയ സ്നാക്കുകൾ കഴിക്കുകയോ ചെയ്യണം. തുടർന്ന് ഒരുവശം ചരിഞ്ഞ് കിടന്ന് അനക്കം ശ്രദ്ധിക്കുക. മണിക്കൂറിൽ മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോ എന്ന് ഉറപ്പാക്കുക. എന്നിട്ടും ചെറിയൊരു ചലനം പോലുമില്ലെങ്കിൽ ആശുപത്രിയിൽ പോകാം.

ടിപ്സ്— ഗർഭസമയത്ത് കൃത്യമായി ഭക്ഷണം കഴിക്കണം. ഏറെ നേരം വിശന്നോ ദാഹിച്ചോ ഇരിക്കരുത്. ചേമ്പ്, കിഴങ്ങ് പോലുള്ള ഗ്യാസ് ഉളവാക്കുന്ന ഭക്ഷ്യപദാർഥങ്ങൾ കഴിവതും വൈകുന്നേരങ്ങളിൽ കഴിക്കരുത്.

ഗർഭിണിക്ക് ഷോക്കടിച്ചാൽ

തേപ്പുപെട്ടി, ഹെയർഡ്രയർ എന്നിവയിൽ നിന്നൊക്കെ ഷോക്കേൽക്കാം. ഗർഭിണിക്കേറ്റ ഷോക്കിന്റെ തീവ്രതയനുസരിച്ചിരിക്കും ഗർഭസ്ഥശിശുവിന്റെ അവസ്ഥ. ഷോക്കടിച്ചാൽ വൈദ്യുതിയുമായുള്ള ബന്ധം വിഛേദിച്ച് വേണ്ട പ്രഥമശുശ്രൂഷ നൽകി വൈകാതെ തന്നെ ആശുപത്രിയിലെത്തിക്കണം. 24 മണിക്കൂർ നേരം ഗർഭിണിയേയും ഗർഭസ്ഥശിശുവിനെയും നിരീക്ഷണത്തിൽ വച്ച് കുഴപ്പമൊന്നുമില്ല എന്നുറപ്പാക്കണം. ഇതിന് ആശുപത്രിവാസം വേണ്ടിവരാം.

ഭക്ഷ്യവിഷബാധകൾ

വയറുവേദന, ഛർദി, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ. ഗർഭത്തിന്റെ അവസാനമാസങ്ങളിലാണ് ഭക്ഷ്യവിഷബാധ വരുന്നതെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ മേൽനോട്ടം ആവശ്യമാണ്. വീട്ടുമരുന്നുകൾ കഴിച്ചാൽ പോരാ. ഛർദിയും വയറിളക്കവും കടുത്ത് നിർജലീകരണത്തിലെത്തിയാൽ ചിലപ്പോൾ എവെി ആയി മരുന്നുകളും ഗ്ലൂക്കോസും നൽകേണ്ടി വരും.

ടിപ്സ്— ഗർഭകാലത്ത് കഴിവതും ഹോട്ടൽ ഭക്ഷണം ഒഴിവാക്കണം. പ്രത്യേകിച്ച് ഇതുവരെ കഴിക്കാത്ത തരം വിഭവങ്ങൾ. കല്യാണവിരുന്നുകളാണെങ്കിലും ഒരുപാട് മസാല കലർന്നതോ, കൃത്രിമ ചേരുവകൾ ചേർന്നതോ ആയ ഭക്ഷണം കുറയ്ക്കാം. ഭക്ഷണത്തിന് രുചിവ്യത്യാസം തോന്നിയാലും തുടർന്നു കഴിക്കരുത്. പലപ്പോഴും ഇതെളുപ്പമാണ്. കാരണം ഗർഭകാലത്ത് ചെറിയൊരു രുചി ഭേദത്തെ പോലും അറിയാവുന്നത്ര സംവേദന ക്ഷമമാണ് നാവിലെ രുചിമുകുളങ്ങൾ. മണമറിയാനുള്ള ശേഷിയും കൂടും.

ഗ്യാസ്ട്രൈറ്റിസ്

ഗർഭകാലത്തുണ്ടാകുന്ന വയറുവേദനയുടെ ഒരു പ്രധാനകാരണമാണ് ഗ്യാസു കയറിയുണ്ടാകുന്ന പ്രശ്നങ്ങൾ. പലപ്പോഴും പ്രസവവേദനയായി ഇതു തെറ്റിദ്ധരിക്കപ്പെടാം. ഏതെങ്കിലും പ്രത്യേക ഭക്ഷണത്തെ തുടർന്നുള്ള വേദനയാണെങ്കിൽ അൽപനേരം കൂടി കാത്ത് വേദന കുറയുന്നുണ്ടോ എന്നു നോക്കാം. വേദന കൂടുതൽ ശക്തമാവുകയാണെങ്കിലോ കുഞ്ഞിന്റെ ചലനത്തിൽ എന്തെങ്കിലും അപാകത (അനക്കം കുറവ്, വല്ലാതെ കൂടുതൽ) കാണുകയാണെങ്കിലോ വൈകാതെ ആശുപത്രിയിലെത്തണം. സാധാരണഗതിയിൽ ഗ്യാസ് കുറയ്ക്കാനുള്ള മരുന്നുകളും വേദനാസംഹാരികളുമാണ് ചികിത്സ.

ടിപ്സ് — ഗർഭകാലത്ത് ഗ്യാസുണ്ടാക്കാനിടയുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. പ്രത്യേകിച്ച് കിഴങ്ങുവർഗങ്ങൾ. ഗ്യാസിന്റെ വേദനയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ ചെറുചൂടുവെള്ളം കുടിക്കാം. വയറ്റിൽ ഹീറ്റിങ് പാഡ് വച്ച് ചൂടേൽപ്പിക്കരുത്.

കടുത്ത തലവേദനയും ഫാൾസ് പെയ്നും

നിർജലീകരണം കാഴ്ചപ്രശ്നങ്ങൾ, മൈഗ്രേൻ, പല്ലിന്റെ പ്രശ്നങ്ങൾ, ഉയർന്ന ബിപി എന്നിവ മൂലം കടുത്ത തലവേദന വരാം. പാരസിറ്റമോൾ പോലുള്ള മരുന്നുകൾ കൊണ്ടും ചില്ലറ വീട്ടുപരിഹാരം കൊണ്ടും വേദന മാറുന്നില്ലെങ്കിൽ ശ്രദ്ധിക്കണം. തലവേദനയോടൊപ്പം കൈകാലുകളിൽ നീരും കണ്ടാൽ പ്രീ എക്ലാംപ്സിയ എന്ന ഗുരുതരാവസ്ഥ സംശയിക്കാം. ഇത് ഉറപ്പാക്കാൻ ഗർഭിണിയുടെ ബിപി ഉയർന്നിട്ടുണ്ടോ എന്നു നോക്കണം.

ടിപ്സ്— പല്ലിനുള്ള പോടുകളും പ്രശ്നങ്ങളും സമയാസമയത്ത് പരിഹരിക്കുക. ഗർഭിണിയായശേഷം ഇതിനു ചികിത്സിക്കുന്നതു പ്രായോഗികമല്ല. നിർജലീകരണം ഒഴിവാക്കാൻ ദിവസവും ധാരാളം വെള്ളം കുടിക്കണം. ദൈർഘ്യമുള്ള, കടുത്ത തലവേദനയും ഒപ്പം കൈ കാൽ നീരും കണ്ടാൽ ആശുപത്രിയിലെത്തുക.

ഗർഭകാലത്തിന്റെ അവസാനമാസങ്ങളിൽ വരുന്ന പ്രസവവേദനയല്ലാത്ത വേദനകളാണ് ഫാൾസ് പെയ്ൻ. കടുത്ത പേശീവേദനയും നടുവേദനയും ഉണ്ടാകാം. പ്രസവവേദന എന്നൊരു തെറ്റിദ്ധാരണ വരാം. ഫാൾസ് പെയ്നും പ്രസവവേദനയും തിരിച്ചറിയാനാകണം.

ടിപ്സ്— ആരംഭത്തിൽ ചെറിയ തോതിൽ തുടങ്ങി ഇടവേളകൾ കുറഞ്ഞ്, തീവ്രത കൂടിക്കൂടി വരുന്ന വേദനയാണ് പ്രസവവേദന. ഇതോടൊപ്പം ചിലരിൽ യോനീസ്രവങ്ങളും വരാം. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

വളർത്തുമൃഗങ്ങൾ കടിച്ചാൽ

മൃഗങ്ങളിൽ നിന്നുള്ള കടിയോ മാന്തലോ പോറൽ പോലുമോ നിസാരമാക്കരുത്. എത്രയും വേഗം ഡോക്ടറെ കാണിച്ച് ഉപദേശം തേടണം. ഗർഭകാലത്ത് റേബീസ് വാക്സിനേഷൻ എടുക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ല. അതിനൊപ്പം പ്രതിരോധത്തിനായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പുകളും എടുക്കണം. വളർത്തുമൃഗമാണ്, പ്രതിരോധ കുത്തിവയ്പ് എടുത്തതാണ് എന്നതൊന്നും ന്യായങ്ങളല്ല. ഏതു മൃഗം കടിച്ചാലും നിർബന്ധമായും കുത്തിവയ്പ് എടുക്കണം. ടിപ്സ്— ഗർഭകാലത്ത് പട്ടി, പൂച്ച പോലുള്ള മൃഗങ്ങളെ പരിചരിക്കാൻ പോകരുത്. നേരത്തെ റാബീസ് വാക്സിൻ എടുത്തിട്ടുള്ളതാണ് എന്നത് പിന്നീട് ഒരുതരത്തിലും സംരക്ഷണം തരുന്നില്ല. എന്നാൽ ചിക്കൻപോക്സ്, റൂബല്ല, മീസിൽസ് എന്നിവയുടെ വാക്സിനേഷനുകൾ ഗർഭകാലത്ത് എടുക്കാൻ പാടുള്ളതല്ല.

ഡോ. എലിസബത്ത് മാത്യു

ഗൈനക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റൽ,

മാങ്ങാനം, കോട്ടയം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.