Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബോർഷനു ശേഷം സംഭവിക്കാവുന്ന 6 കാര്യങ്ങൾ

abortion

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയിൽ ചിലതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്. അണുബാധ, ഗർഭഛിദ്രം ശരിയായി നടക്കാതിരിക്കുക തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ഇങ്ങനെയുള്ള അസ്വസ്ഥതകൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിലെത്തി വിദഗ്ധരുടെ സേവനം ഉറപ്പാക്കുക.

ഗർഭഛിദ്രത്തിനു ശേഷം കണ്ടു വരുന്ന പ്രധാന ആറു കാര്യങ്ങൾ ഇവയാണ്

1. ശക്തമായ രക്തസ്രാവം

എല്ലാവരിലും ഇത് സംഭവിക്കണമെന്നില്ല. എന്നാൽ ചിലരിൽ ശക്തമായ ബ്ലീഡിങ്, രക്തം കട്ടയായി പോകുക, ബ്രൗൺ കളറാകുക തുടങ്ങിയവ മൂന്ന് മുതൽ നാല് ആഴ്ച വരെ നീണ്ടു നിൽക്കാറുണ്ട്. ഒന്നു മുതൽ രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു പ്രാവശ്യം വരെ പാഡുകൾ മാറ്റേണ്ടതായും വരുന്നു. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. വലിയ ക്ലോട്ടുകളായി രക്തം പുറത്തേക്കു പോകുന്നതിനു കാരണം യൂട്രസിനുള്ളിൽ ഉണ്ടായ മുറിവുകളാകാം.

2. അസഹനീയമായ വേദന

ഗർഭം ധരിക്കുന്ന സമയത്ത് യൂട്രസ് വലുതാകുന്നു. എന്നാൽ അബോർഷനു ശേഷം ഇതു പതിയെ സാധാരണ അവസ്ഥയിലേക്കു മടങ്ങി വരുന്നു. ഈ സമയത്ത് ചെറിയ തരിപ്പും വേദനയും അനുഭവപ്പെടാം. ആർത്തവ സമയതത്ത് അനുഭവപ്പെടുന്ന വേദനയെക്കാളും കൂടുതൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. വേദനസംഹാരികൾ കഴിക്കുക, ചൂടു വെള്ളം കുടിക്കുക, ചൂടുവെള്ളം വയറിലും തരിപ്പ് അനുഭപ്പെടുന്ന സ്ഥലങ്ങളിലും വച്ച് മസാജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വേദനയ്ക്ക് ശമനം ഉണ്ടാകേണ്ടതാണ്. എന്നാൽ ഇവയ്ക്കൊന്നും പരിഹരിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ വിദഗ്ധ സേവനം ലഭ്യമാക്കണം. ഇതു ചിലപ്പോൾ ശരിയായ രീതിയിൽ ഗർഭഛിദ്രം നടക്കാത്തതിന്റെ സൂചനയാകാം.

3. അണുബാധ

അബോർഷൻ നടന്നു കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് ഗർഭാശയമുഖം തുറന്നിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ ഇത് ചിലപ്പോൾ അണുബാധയ്ക്ക് കാരണമായേക്കാം. ഇതൊഴിവാക്കാൻ ടബ് ബാത്ത് പോലുള്ള ഒഴിവാക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടാതിരിക്കുകയും ചെയ്യാൻ ശ്രമിക്കുക.

4. പനി

ശരീരത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനി തീർച്ചയായും പിടികൂടിയിരിക്കും.

5. ഗർഭധാരണ ലക്ഷണങ്ങൾ

അബോർഷനു ശേഷവും ഗർഭാവസ്ഥയിലുണ്ടാകുന്ന രീതിയിലുള്ള അസ്വസ്ഥതകൾ അലട്ടിയേക്കാം. ഓക്കാനം, ഛർദ്ദി പോലുള്ളവ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഉണ്ടായേക്കാം. ശരീരം തടിക്കുകയും തലകറക്കം പോലുള്ളവ അനുഭപ്പെടുകയും ചെയ്യാം. ഈ ലക്ഷണങ്ങൾ ചിലപ്പോൾ ഒരാഴ്ച വരെ നീളാം.

6. വിഷാദം

നവജാത ശിശു ജനിച്ച് ആദ്യത്തെ ആറാഴ്ച വരെ അനുഭവപ്പെടുന്ന അതേ അസ്വസ്ഥതകൾ അബോർഷനു ശേഷവും അനുഭവിക്കാം. ഇതു ചിലപ്പോൾ വിഷാദം, ഉത്കണ്ഠ പോലുള്ളവയിലേക്കും നയിക്കാം. ഏറ്റവും നല്ലത്, ശരീരം ശരിയായ നിലയിൽ എത്തുന്നതുവരെ ആവശ്യമായ വിശ്രമം നൽകുക എന്നതു തന്നെ. വിഷാദത്തിലേക്കു വഴുതി വീഴുന്നു എന്നു തോന്നിയാൽ കൗൺസിലറുടെ സേവനം തേടുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.