Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാശയഗള കാൻസറും പ്രതിരോധ മാർഗങ്ങളും

uterine-vancer

വരാതെ തടയാൻ സാധിക്കുന്നതും വന്നു കഴിഞ്ഞാൽ ചികിത്സിച്ചു പൂർണമായും ഭേദമാക്കാൻ കഴിയുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ. ഗർഭപാത്രം തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന ഒരു രോഗമാണിത്. ഗർഭാശയഗള കാൻസർ വരുന്നതിനു 10–15 വർഷങ്ങൾക്കു മുന്നേ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. ഗർഭാശയഗളത്തിൽ നിന്നെടുക്കുന്ന സ്രവം ഉപയോഗിച്ച് പാപ്ടെസ്റ്റു വഴി കോശങ്ങളിലുള്ള വ്യതിയാനം വച്ചാണ് ഇതിനുള്ള സാധ്യത മനസ്സിലാക്കുന്നത്. വൈറസാണ് രോഗകാരണം.

പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. വെള്ളപോക്ക്, ചൊറിച്ചിൽ, സാധാരണ അല്ലാത്ത സ്രവം ഉണ്ടാകുക എന്നിവ ലക്ഷണമാണ്. എന്നാൽ ഇത് എല്ലാവരിലും കാണാറില്ല. പിന്നീടാണ് ബ്ലീഡിങ് ഉണ്ടാകുന്നത്. സാധാരണ ഭാരം എടുക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുക, ആർത്തവസമയത്ത് അല്ലാതെ ഇടവിട്ട സമയങ്ങളിൽ ബ്ലീഡിങ് വരിക, ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ലഘുചികിത്സകളിലൂടെ ചികിത്സിച്ചു മാറ്റാവുന്ന സ്റ്റേജ് കഴിഞ്ഞിരിക്കും എന്നതാണ് ഈ കാൻസറിന്റെ ഒരു പ്രത്യേകത.

ഇത് ഒരുതരം ലൈംഗികരോഗമാണെന്നു പറയാം. അങ്ങനെയാണ് ഇത് കണക്കാക്കപ്പെടുന്നതും. ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത ഒരു സ്ത്രീക്കും ഈ രോഗം വരില്ല. സാധരണ ശുചിത്വവും ലൈംഗികശുചിത്വവും ആവശ്യമാണ്. ഏകപത്നി, ഏകഭർത്താവ് എന്നുള്ള ജീവിതരീതി തുടരുന്നത് ഈ രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്.

രോഗം വന്ന് ആദ്യഘട്ടത്തിൽ ഓപ്പറേഷനും ലൈറ്റും കീമോതെറാപ്പിയും ചെയ്യാം. പ്രാരംഭഘട്ടത്തിൽ അതായത് ഗർഭാശയഗളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അവസരത്തിൽ ഗർഭപാത്രം എടുത്തു മാറ്റുന്ന ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഇത് കുറച്ച് വിപുലമായി ചെയ്യേണ്ടിവരും. ഗർഭപാത്രത്തിനു ചുറ്റുമുള്ള മറ്റ് കോശങ്ങളും നീക്കം ചെയ്യേണ്ടതായി വരും.

ഇതിന്റെ ഘട്ടം കഴിഞ്ഞു പോയാൽ ലൈറ്റും കീമോതെറാപ്പിയുമേ മാർഗമുള്ളു. നമ്മുടെ നാട്ടിൽ 35 വയസു കഴിഞ്ഞാൽ എല്ലാ സ്ത്രീകളും ഒരു വർഷത്തിൽ ഒരിക്കലെങ്കിലും പാപ്സ്മിയർ ടെസ്റ്റു ചെയ്താൽ ഈ രോഗം വരാതെ പ്രതിരോധിക്കാനാകും.

ഡോ. സി.നിർമ്മല സുധാകരൻ
ഗൈനക്കോളജി വിഭാഗം മേധാവി
എസ് എ ടി തിരുവനന്തപുരം