Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവചക്രത്തിൽ സ്ത്രീയിൽ സംഭവിക്കുന്നതെന്ത്? വിഡിയോ കാണാം

menstrual-life

ഒരു ആർത്തവചക്രത്തിൽ നിന്നും അടുത്ത ആർത്തവചക്രത്തിലൂടെയുള്ള യാത്രയാണ് ഓരോ സ്ത്രീ ജീവിതവും. ഏകദേശം 12 മുതൽ 55 വയസ്സുവരെ നീളുന്ന യാത്ര. ഓരോ ദിവസവും അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്താണ് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നതെന്നറിയാൻ എല്ലാ സ്ത്രീകൾക്കും ആകാംക്ഷയുണ്ടാകും.

ആർത്തവസമയത്തുണ്ടാകുന്ന എല്ലാ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് ഉത്തരവാദികൾ ചില ഹോർമോണുകളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ സ്ത്രീയുടെയും ദിനങ്ങളെ നിർണയിക്കുന്നത്. ആർത്തവത്തിന്റെയും ആർത്തവപൂർവ അസ്വസ്ഥതകളുടെയും ഫലമായി കടുത്ത വയറുവേദന, സ്തനങ്ങളിൽ കല്ലിപ്പും വേദനയും, തലവേദന, മുഖക്കുരു തുടങ്ങിയവ ഉണ്ടാകാം.

ഒരു സ്ത്രീയുടെ വികാരങ്ങളുടെ കയറ്റിറക്കങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് ആർത്തവചക്രമാണ്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ടെസ്റ്റ്സ്റ്റിറോൺ എന്നീ ഹോർമോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ആർത്തവചക്രം ഒരു സ്ത്രീയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അറിയണോ?

ആർത്തവത്തിന്റെ ആദ്യരണ്ടു ദിവസം ഈസ്ട്രജന്റെ അളവു കുറവായിരിക്കും. അത് നിങ്ങളിൽ ക്ഷീണമുണ്ടാക്കും. മിക്ക സ്ത്രീകൾക്കും ഈ സമയത്ത് വയറിനു വേദനയുമുണ്ടാകും. ഈ ദിവസങ്ങളിൽ ലളിതമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അത് ഇടവിട്ടുള്ള വേദന കുറയ്ക്കുന്നു.

മൂന്നു മുതൽ അഞ്ചു ദിവസം ആകുമ്പോഴേക്കും ആർത്തവം ഏതാണ്ട് അവസാനിച്ചിരിക്കും. ഈസ്ട്രജന്റെ അളവു കൂടുന്നു. ഈ സമയത്ത് ചർമം കൂടുതൽ സുന്ദരമാകുന്നു. മുമ്പുള്ളതിലുമധികം ഊർജ്ജവും നിങ്ങൾക്ക് അനുഭവപ്പെടുന്നു.

ആറു മുതൽ ഒൻപതാം ദിവസം വരെ ഈസ്ട്രജന്റെ അളവ് പാരമ്യത്തിലെത്തുന്നു. നിങ്ങളുടെ മുഖം കൂടുതൽ സിമട്രിക്കലാകുന്നു. ചർമം തിളങ്ങുന്നു. ടെസ്റ്റോസ്റ്റിറോൺ നിലയും കൂടുന്നു.

പത്താം ദിനം മുതൽ 13–ാം ദിനം വരെ വളരെയധികം ശുഭാപ്തിവിശ്വാസമുള്ളവരും സാമൂഹികമായ ഇടപെടലുകൾ നടത്തുന്നവരുമാകുന്നു. ഈ സമയത്ത് ഈസ്ട്രജൻ നില ഉയരുന്നു.

14–ാമത്തെ ദിവസം ഓവുലേഷൻ അണ്ഡാശയം അണ്ഡം വിസർജിക്കുന്നു.

15 മുതൽ 18–ാം ദിവസം വരെ പെട്ടെന്നു ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നു. ക്ഷീണം കൂടുന്നു. വികാരങ്ങളുടെ വേലിയേറ്റ സമയം.

23 മുതൽ 25–ാം ദിവസം വരെ പ്രൊജസ്ട്രോൺ നില ഉയരുന്നു. ഈ സമയത്ത് ഒന്നും ചെയ്യാൻ തോന്നില്ല. ആർത്തവപൂർവ അസ്വസ്ഥതകളെ മറികടക്കുന്നു.

26 മുതൽ 28 ദിവസം വരെയുള്ള ദിനങ്ങളിൽ വ്യായാമം ചെയ്യുക. ശരീരത്തിൽ‌ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കഫീന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. കാരണം എന്തെന്നോ... വീണ്ടും ഒന്നു മുതൽ തുടങ്ങുകയായി. നിഗൂഢമായ, സുന്ദരമായ സ്ത്രീ ജീവിതം തുടരുകയായി...