എട്ടു വയസ്സുകാരന്റെ ആത്മഹത്യ, ക്ഷമ പറഞ്ഞ് മാതാപിതാക്കൾ; സൈക്യാട്രിസ്റ്റ് അനുഭവം പങ്കുവയ്ക്കുന്നു
Mail This Article
"ഡോക്ടർക്ക് ഞങ്ങളെ ഓർമ്മയുണ്ടോ?"
വാതിൽ കടന്നുവന്ന ദമ്പതികൾ കണ്ണീരോടെ എന്നോട് ചോദിച്ചു.
പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിവന്നത് എട്ടു വയസ്സുകാരൻ വരുണിന്റെ മിഴികളാണ്. നിസ്സഹായതയും പേടിയും നിരാശയും നിറഞ്ഞ നോട്ടമായിരുന്നു അവന്റേത്. ഓർമ വന്ന ആ നിമിഷത്തിൽ തന്നെ ഞാൻ ചോദിച്ചു,
നിങ്ങൾ എന്താണ് പിന്നീട് വരാതിരുന്നത്? വരുൺ എവിടെ?
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
ഡോക്ടർ ഞങ്ങളോട് ക്ഷമിക്കണം. ഡോക്ടർ പറഞ്ഞത് പാടെ നിഷേധിച്ചതിന്റെ ശിക്ഷയാണ് ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
അവൻ പോയി ഡോക്ടറെ...!
പഠിക്കാൻ പിന്നോട്ടായിരുന്നതാണ് നാലാം ക്ലാസിൽ പഠിക്കുന്ന വരുണിന് എന്റെ അടുത്ത് കൊണ്ടുവരുന്നത്. വിശദമായ പരിശോധനയിൽ അവന് വിഷാദരോഗമാണെന്ന് മനസ്സിലായി. അവന്റെ ചിന്തകളിൽ ആത്മഹത്യാ പ്രവണതയുണ്ടെന്ന് അവന്റെ കണ്ണുകൾ വിളിച്ചോതൊന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് സംസാരിച്ചപ്പോൾ സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി ഉള്ള തോട്ടിലേക്ക് എടുത്തുചാടുന്നതിന് പലവട്ടം തോന്നിയിരുന്നുവെന്ന് വരുൺ എന്നോട് പറഞ്ഞു.
മുൻപ് എപ്പോഴെങ്കിലും ആത്മഹത്യാശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് മാതാപിതാക്കളോട് അന്വേഷിച്ചപ്പോൾ അവർ ക്ഷോഭിച്ചു.
വരുണ്‍ ആത്മഹത്യയുടെ വക്കത്താണ്. അതുകൊണ്ട് മരുന്നും തുടർച്ചയായ നിരീക്ഷണവും ആവശ്യമാണെന്നും മുഴുവൻ സമയവും ആരെങ്കിലും ഉണ്ടായിരിക്കണമെന്നും ഞാൻ അവന്റെ മാതാപിതാക്കളോട് ഉപദേശിച്ചിരുന്നു. ക്ഷുഭിതരായ മാതാപിതാക്കൾ എന്നോട് കോപിച്ചു. മരുന്നു കൊടുക്കുവാൻ കൂട്ടാക്കിയില്ല. അടുത്തുള്ള ഒരു ദിവ്യന്റെ ഉപദേശം സ്വീകരിച്ച് വേണ്ട പ്രതിവിധികളൊക്കെ ചെയ്ത് അവർ മനസമാധാനത്തോടെയിരുന്നു.
എന്നാൽ മൂന്നാം നാൾ വരുൺ സ്കൂൾ വിട്ടുവന്ന വഴിക്ക് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.
വിഷാദ രോഗത്തിന്റെ ആരംഭം പലപ്പോഴും കൗമാരത്തിൽ ആയിരിക്കും. അത് നമ്മൾ ഗൗരവപൂർവ്വം പരിഗണിച്ച് വേണ്ടത്ര ചികിത്സ നൽകിയാൽ ഒഴിവാക്കാവുന്ന ഒരു ദുരന്തമാണ് ആത്മഹത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന പ്രായം കൗമാര, യൗവന കാലഘട്ടത്തിലാണ്. ഭാവിയിലെ വാഗ്ദാനങ്ങളെ മുളയിലേ നുള്ളിക്കളയുന്ന ഈ വിപത്തിനെ അവബോധത്തിലൂടെ പ്രതിരോധിക്കുക എന്നതാണ് ഈ സംഭവത്തിന്റെ ഗുണപാഠം.
ഇനി മറ്റൊരു സംഭവം പറയാം.
11 വയസ്സുള്ള പ്രണവ് വലിയ ദേഷ്യക്കാരനാണ്. ദേഷ്യം വന്നാൽ അവൻ ബഹളം വയ്ക്കുകയും കണ്ണിൽ കണ്ടതൊക്കെ വലിച്ചെറിയുകയും ചെയ്യും. ക്ലാസിലെ സ്ഥിരം പ്രശ്നക്കാരനാണ് കക്ഷി. ഞാൻ കാണുമ്പോൾ ആത്മഹത്യയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കാത്തതിനെത്തുടർന്ന് കുളിമുറിയിൽ അവന്റെ അമ്മയുടെ ഷോളിൽ തൂങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.
സത്യാവസ്ഥ വെളിപ്പെടുത്താതിരുന്ന അധ്യാപക ദമ്പതിമാർ കുട്ടി ബോധം കെട്ടതാണ് എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ വിശദമായി കുട്ടിയെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാശ്രമമാണെന്ന് തിരിച്ചറിയാനായത്. എഡിഎച്ച്‌ഡി എന്ന പ്രശ്നമായിരുന്നു കുട്ടിയിൽ ഉണ്ടായിരുന്നത്. ഒപ്പം മൊബൈലിനോടുള്ള അഡിക്‌ഷനും. ഇത്തരം കുട്ടികളിൽ സ്വഭാവ വൈകൃതങ്ങൾ കാണാനുള്ള സാധ്യത വളരെ വലുതാണ്. മാതാപിതാക്കൾ അവരുടെ വികൃതികളെ പ്രോത്സാഹിപ്പിക്കുന്നത് സ്വഭാവ വൈകല്യത്തിന് കാരണമായി തീർന്നേക്കാം. കുട്ടികളിൽ കാണുന്ന ഇത്തരം വൈകല്യങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായാൽ മികച്ച ഫലം ഉണ്ടാക്കാനാകുമെന്നത് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.
∙ ആത്മഹത്യാ പ്രതിരോധ ദിനം
ലോകാരോഗ്യസംഘടന സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുകയാണ്. "സംവാദത്തിലൂടെ ആത്മഹത്യാ വിപത്തിനെ പുനരാഖ്യാനം ചെയ്യാം" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇതുവഴി ആളുകളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തി, മതിയായ പരിഹാരം കണ്ടെത്തി ഈ വലിയ വിപത്തിൽ നിന്ന് രക്ഷനേടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മഹത്യ മാത്രം പോംവഴിയായി കാണുന്നവർക്ക് പുതു പ്രതീക്ഷ നൽകി ജീവിതത്തിന് പുതിയ മാനങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. 'പ്രശ്നങ്ങളെ തരണം ചെയ്യാൻ തക്കവണ്ണം ആളുകളെ ശാക്തീകരിച്ച് അവരെ സജ്ജരാക്കുക എന്നുള്ളതാണ് ഇതിനുള്ള മാർഗം.
∙ ആത്മഹത്യാ നിരക്ക്
ലോകത്താകമാനം പ്രതിവർഷം ഏകദേശം 70 ലക്ഷം ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നതാണ് കണക്ക്. അതായത് ഓരോ 40 സെക്കൻഡിലും ഒരാൾ എന്ന നിരക്കിൽ ഇത് നടക്കുന്നു. കോവിഡ് മൂലം ഉണ്ടായ ആകെ മരണസംഖ്യ 45 ലക്ഷം ആണെന്ന് നാം ഓർക്കുക. എന്നിട്ടും ഈ പ്രശ്നത്തെ ഒരു സാമൂഹിക പ്രശ്നമായി കണക്കാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വെറും 38 രാഷ്ട്രങ്ങളാണ് ലോകത്തിൽ തയ്യാറായിട്ടുള്ളത് എന്ന് അറിയുമ്പോഴാണ് ഈ ദിനത്തിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത്.
ആത്മഹത്യ തടയാൻ പറ്റുന്ന ഒരു വിപത്താണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അതിന് പ്രധാനമായി വേണ്ടത് സാമൂഹികബോധമാണ്. മാനസിക രോഗങ്ങൾക്ക് നൽകിയിരിക്കുന്ന അയിത്തം സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ നാം പരിശ്രമിക്കണം. ഏതൊരു ശാരീരിക രോഗം പോലെ തന്നെ ഉള്ളതാണ് മാനസികരോഗവും എന്ന തിരിച്ചറിവ് പൊതുജനങ്ങളിൽ വളർത്തിയെടുത്തത് ഇത്തരം രോഗികളെ ഫലപ്രദമായി ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ചെയ്യേണ്ടത്.
ആത്മഹത്യചെയ്യാൻ ഹൈ റിസ്ക്കുള്ളവരെ കണ്ടെത്തി ശാക്തീകരിക്കുക എന്നുള്ളത് അടുത്ത പടിയാണ്.
∙ ഹൈ റിസ്ക്കുള്ളവർ ആരൊക്കെ?
ആത്മഹത്യാ ശ്രമത്തിന്റെ മുൻകാല ചരിത്രമുള്ളവർ, കുടുംബപശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്തവർ, മാനസികരോഗമുള്ള വ്യക്തികൾ പ്രത്യേകിച്ച് വിഷാദരോഗം, ലഹരി ഉപയോഗം തുടങ്ങിയവയുള്ളവർ ഹൈ റിസ്ക്കുള്ളവരാണ്.
ദുരന്തങ്ങളോ അതിക്രമങ്ങളോ അടിച്ചമർത്തലുകളോ നഷ്ടങ്ങളോ അനുഭവിക്കുന്നവർ, അഭയാർത്ഥികൾ, കുടിയേറിപ്പാർക്കുന്നവർ, ട്രാൻസ്ജെൻഡേഴ്സ്, പാർശ്വവൽക്കരിക്കപ്പെട്ടവർ, ജീവിതത്തിൽ ഏതെങ്കിലും പ്രതിസന്ധികൾ നേരിടുന്നവരും ഹൈ റിസ്ക്കുള്ളവരാണ്. അത് സാമ്പത്തികമാകാം ബന്ധങ്ങളുടെ ശിഥിലീകരണമാകാം, മാറാവ്യാധികളോ കഠിനമായ ശാരീരിക വേദനകൾ അനുഭവിക്കുന്നവരോ നിരന്തരമായ അപമാനം നേരിട്ടവരോ ഒക്കെയാകാം. ഇത്തരക്കാരെ പ്രത്യേകം കണ്ടെത്തി നിരീക്ഷിക്കേണ്ടത് പൊതുജനാരോഗ്യ പ്രവർത്തകരുടെയും സമൂഹത്തിന്റെയും ചുമതലയാണ്.
∙ എങ്ങനെ തടയാം?
നേരത്തെ സൂചിപ്പിച്ചതുപോലെ റിസ്ക്ക് ഉള്ളയാളുകളെ കണ്ടെത്തി അവരെ പരിഗണിക്കുകയാണ് ആദ്യം വേണ്ടത്.
ഇത്തരക്കാർ ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങളുടെ ലഭ്യത കുറയ്ക്കുകയാണ് അടുത്ത മാർഗം. മനോരോഗമുള്ളവരെ കണ്ടെത്തി ശരിയായ ചികിത്സ നൽകുക വഴി മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ തടയാനാകും.
കുട്ടികൾക്ക് കോപ്പിങ്ങ് സ്കിൽസ് വർധിപ്പിച്ചെടുത്ത് പുതുതലമുറയ്ക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലങ്ങളിൽ തന്നെ തുടങ്ങേണ്ടത് കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുമ്പോൾ ഉത്തരവാദിത്വബോധത്തോടെ നൽകുവാൻ നിർദ്ദേശിക്കുക.
പ്രത്യേകിച്ച് പ്രശസ്തരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കുക തന്നെ വേണം. ഇത് സൂയിസൈഡ് ക്ലസ്റ്റർ തടയുവാൻ സഹായിക്കും. ആത്മഹത്യകൾ ധീരതയുടെ പര്യായമായി കണക്കാക്കുന്ന സാമൂഹിക രാഷ്ട്രീയ മനോഭാവങ്ങളിൽ ഇടപെട്ട് ബോധവൽക്കരണം നടത്തേണ്ടതുമാണ്. ആത്മഹത്യ എന്നത് ഒരു പരിഹാരമാർഗ്ഗമല്ലയെന്ന് സമൂഹത്തെ ബോധവൽക്കരിക്കുക. ആത്മഹത്യ നിവാരണത്തിന് ആരോഗ്യമേഖല മാത്രം പരിശ്രമിക്കുകയല്ല വേണ്ടത് മറ്റു മേഖലകളെ കൂടെ ഉൾപ്പെടുത്തണം.
വിദ്യാഭ്യാസം നീതിന്യായം, തൊഴിൽ, ധനകാര്യം മാധ്യമ വിവര സാങ്കേതികവിദ്യ മുതലായ വിഭാഗങ്ങളെ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. മത സാമുദായിക രാഷ്ട്രീയ തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്കും ആത്മഹത്യാ പ്രതിരോധത്തിൽ നിർണ്ണായക പങ്ക് വഹിക്കാനുണ്ട്. സാമൂഹ്യമായ കെട്ടുറപ്പുള്ള ഒരു വ്യവസ്ഥ ജനങ്ങളെ സംരക്ഷിക്കാനായി ഉണ്ട് എന്ന ബോധ്യം ജനങ്ങളിൽ വളർത്തിയെടുത്ത് നമുക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം .
(ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൽട്ടൻറ് സൈക്യാട്രിസ്റ്റ് ആണ് )