ആത്മഹത്യാ ചിന്തകളുണ്ടോ? മുൻകരുതലുകളും ഭക്ഷണക്രമവും അറിയാം
Mail This Article
ആത്മഹത്യ ഒരു ഗുരുതരമായ ആഗോള ആരോഗ്യ പ്രതിസന്ധിയായാണല്ലോ കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 703,000 പേർ ആത്മഹത്യ ചെയ്യുന്നു, അതായത് ഓരോ 40 സെക്കൻഡിലും ഒരു മരണം. 2021-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏകദേശം 1.64 ലക്ഷം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് 100,000 ജനസംഖ്യയ്ക്ക് 12-13 എന്ന നിരക്കാണ്. കേരളത്തിലെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്, 100,000 ജനസംഖ്യയ്ക്ക് 24-25 എന്ന ഉയർന്ന നിരക്കിൽ.
ആത്മഹത്യയുടെ കാരണങ്ങൾ സങ്കീർണ്ണവും ബഹുമുഖവുമാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദരോഗം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫലപ്രദമായ ആത്മഹത്യ തടയൽ ശ്രമങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനും ഈ പ്രശ്നത്തെക്കുറിച്ചുള്ള സമഗ്ര ധാരണ അത്യാവശ്യമാണ്.
ആത്മഹത്യയുടെ മനഃശാസ്ത്രം
സാധാരണയായി, ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നവർ തീവ്രമായ മാനസിക വേദനയും നിരാശയും അനുഭവിക്കുന്നുണ്ട്. അവർ തങ്ങളുടെ പ്രശ്നങ്ങൾക്കു മറ്റ് പരിഹാരമാർഗങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന് വിശ്വസിക്കുകയും, ജീവിതത്തിൽ നിന്ന് രക്ഷപ്പെടുക എന്നതാണ് ഏക മാർഗമെന്ന് കരുതുകയും ചെയ്യുന്നു. നിസ്സഹായത, ഏകാന്തത, ഉയർന്നതോതിലുള്ള അപകർഷതാബോധം മൂല്യമില്ലായ്മ എന്നീ വികാരങ്ങൾ അവരെ വളരെയധികം അലട്ടുന്നു. പലപ്പോഴും നിരന്തരമായ മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം ഈ ചിന്താഗതിയിലേക്ക് നയിക്കുന്നു.
ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ഭാരമാണെന്ന് കരുതുന്നു. മറ്റു ചിലർ ആത്മഹത്യയിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു. അറ്റെൻഷൻ സീക്കിങ്നായി ആത്മഹത്യയെക്കുറിച്ചു ഇവർ തന്റെ പ്രിയപെട്ടവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും അവസാനം അത് പ്രവർത്തിക്കുകയും ചെയ്യും.
“വിഷാദവും ആത്മഹത്യാ ചിന്തകളും പെട്ടെന്നുണ്ടാകുന്ന പ്രതിഭാസങ്ങളല്ല. അവ സാധാരണയായി ഒരു ദീർഘകാല പ്രക്രിയയുടെ ഫലമാണ്. ചെറിയ വിഷാദത്തിൽ തുടങ്ങി, കാലക്രമേണ അത് കൂടുതൽ തീവ്രമാകുന്നു. ഈ വിഷാദം ക്രമേണ ഗുരുതരമായ മാനസികാവസ്ഥയിലേക്ക് വളരുകയും, അവസാനം വിഷാദം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാൻ സാധ്യതയേറുകയും ചെയ്യുന്നു”
ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും ആത്മഹത്യാ ചിന്തകൾക്ക് കാരണമാകാം. കടബാധ്യത, തൊഴിൽ നഷ്ടം, പ്രണയ പരാജയം തുടങ്ങിയ കാരണങ്ങളാൽ ചിലർ തീവ്ര നിരാശയിലാകുന്നു. ഇത് ചിലപ്പോൾ കുടുംബം മുഴുവനുള്ള ആത്മഹത്യകളിലേക്കും പങ്കാളികളുടെ ഒരുമിച്ചുള്ള ആത്മഹത്യയിലേക്കും നയിക്കാം. ഇത്തരം സാഹചര്യങ്ങളിൽ, വ്യക്തികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നുവെന്ന തെറ്റായ ധാരണയിലാണുണ്ടാവുക. ആത്മഹത്യയുടെ പ്രത്യാഘാതങ്ങൾ കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവയെ സാരമായി ബാധിക്കുന്നു എന്നുള്ളതാണ്.
ആത്മഹത്യ പരിഹാരമല്ല
ആത്മഹത്യ പ്രശ്നങ്ങളെ അവസാനിപ്പിക്കുന്നില്ല, മറിച്ച് അവ മറ്റുള്ളവരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും കടുത്ത മാനസിക വേദനയും ദുഃഖവും ഉണ്ടാക്കും. പലപ്പോഴും താൽക്കാലിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ആത്മഹത്യയെ കാണുന്നു. എന്നാൽ മിക്ക പ്രശ്നങ്ങൾക്കും കാലക്രമേണ പരിഹാരമുണ്ടാകും.
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്.
ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ, അവയെ നേരിടാനും അതിജീവിക്കാനുമുള്ള കഴിവ് നമുക്കുണ്ടെന്ന് ഓർക്കണം. സഹായം തേടുന്നതും പ്രശ്നങ്ങളെ നേരിടുന്നതും ശക്തിയുടെ അടയാളമായാണ് മനസ്സിലാക്കേണ്ടത്. ആത്മഹത്യയ്ക്ക് പകരം, പ്രൊഫഷണൽ സഹായം തേടുക, വിശ്വസ്തരായ ആളുകളോട് സംസാരിക്കുക, ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുക എന്നിവ ചെയ്യാം.
ആത്മഹത്യാ പ്രവണതയുള്ളവരെ തിരിച്ചറിയാനുള്ള പ്രധാന മാർഗ്ഗങ്ങൾ
∙സാമൂഹിക ഒറ്റപ്പെടൽ, ഉറക്കത്തിലോ ഭക്ഷണ ശീലങ്ങളിലോ ഉള്ള വ്യതിയാനങ്ങൾ, അമിതമായ മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം, അപകടകരമായ പെരുമാറ്റം തുടങ്ങിയ മാറ്റങ്ങൾ.
∙നിരന്തരമായ ദുഃഖം അല്ലെങ്കിൽ വിഷാദം, അമിതമായ ഉത്കണ്ഠ, മൂഡ് മാറ്റങ്ങൾ, കോപം അല്ലെങ്കിൽ പ്രതികാര വികാരങ്ങൾ തുടങ്ങിയ വൈകാരികമായ മാറ്റങ്ങൾ
∙മരണത്തെക്കുറിച്ച് സംസാരിക്കുക, "ഞാൻ ഇല്ലെങ്കിൽ എല്ലാവർക്കും നല്ലതാണ്" പോലുള്ള പ്രസ്താവനകൾ നടത്തുക, അമിത നിരാശയും നിസ്സഹായതയും പ്രകടിപ്പിക്കുക എന്നിങ്ങനെയുള്ള വാക്കാലുള്ള സൂചനകൾ.
∙പ്രിയപ്പെട്ടയാളുടെ മരണം, വിവാഹമോചനം അല്ലെങ്കിൽ ബന്ധം അവസാനിപ്പിക്കൽ, സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടം തുടങ്ങി ജീവിതത്തിലെ വലിയ മാറ്റങ്ങൾ എന്നിവ അംഗീകരിക്കാതിരിക്കുക.
∙മരുന്നുകൾ, ആയുധങ്ങൾ എന്നിവ ശേഖരിക്കുക, അന്ത്യ ഇച്ഛാപത്രം തയ്യാറാക്കുക, സ്വത്തുക്കൾ വിതരണം ചെയ്യുക തുടങ്ങി, സാധനങ്ങൾ ഒരുക്കലും പ്രത്യേക തയ്യാറെടുക്കലുകളും.
∙സഹായം നിരസിക്കുക, ചികിത്സ നിരസിക്കുക അല്ലെങ്കിൽ മരുന്നുകൾ കഴിക്കാതിരിക്കുക തുടങ്ങി പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ.
ഒരാൾ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് അയാൾക്ക് നിർബന്ധമായും ചികിത്സ ആവശ്യമാണ് എന്ന സൂചനയാണ് നൽകുന്നത്. ഇത് ഒരു കാരണവശാലും അവഗണിക്കരുത്. അടിയന്തിര ഇടപെടൽ ആവശ്യമാണ്. എത്രയും വേഗം ഒരു മനോരോഗ വിദഗ്ധന്റെ ചികിത്സാ സഹായം ലഭ്യമാക്കുക.
മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള സാമൂഹിക തെറ്റിദ്ധാരണകൾ ആത്മഹത്യാ പ്രവണതകളുടെ നേരത്തെയുള്ള ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു. സ്റ്റിഗ്മ, അജ്ഞത, ഭയം, സാംസ്കാരിക കാഴ്ചപ്പാടുകൾ, സാമ്പത്തിക ആശങ്കകൾ എന്നിവ ആളുകളെ സഹായം തേടുന്നതിൽ നിന്ന് തടയുന്നു. ചികിത്സ തേടുന്നത് ദുർബലതയാണെന്ന ധാരണയും, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും, മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയവും ചികിത്സയെ തടസ്സപ്പെടുത്തുന്നു. ഇത് രോഗികളുടെ അവസ്ഥ കൂടുതൽ സങ്കീർണമാക്കുകയും ആത്മഹത്യാ പ്രവണത വർധിപ്പിക്കുകയും ചെയ്യുന്നു. ബോധവത്കരണവും വിദ്യാഭ്യാസവും വഴി ഈ തെറ്റിദ്ധാരണകൾ മാറ്റേണ്ടത് അത്യാവശ്യമാണ്.
ആത്മഹത്യാ പ്രവണതയുടെ അടയാളങ്ങൾ കാണിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ
1. എല്ലാ സൂചനകളും ഗൗരവമായി എടുക്കുക. ഒരുകാരണവശാലും അവഗണിക്കരുത്.
2. തുറന്ന് സംസാരിക്കുക. അനുകമ്പയോടെ മുൻവിധിയില്ലാതെ കേൾക്കുക, ഒരിക്കലും വിധി പറയുകയുമരുത്.
3. പിന്തുണയും കരുതലും നൽകുക. വികാരങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക.
4. സുരക്ഷിതമായ പരിസരം ഉറപ്പാക്കുക. അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുക.
5. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അവരുടെ നിർദേശങ്ങൾ മാത്രം പിന്തുടരുക.
6. മരുന്നുകൾ ശരിയായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അമിത ഉപയോഗം തടയുക.
7. തുടർച്ചയായി നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ചെയ്യുക. മാറ്റങ്ങൾ ശ്രദ്ധിക്കുക.
8. സഹായം നൽകുന്നയാളും സ്വയം പരിചരണം നടത്തണം. സ്വന്തം മാനസികാരോഗ്യം പരിപാലിക്കുക.
ആത്മഹത്യയെ പ്രതിരോധിക്കാൻ സോഷ്യൽ സ്കിൽസ്
സാമൂഹിക കഴിവുകൾ ആത്മഹത്യാ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇവ ഫലപ്രദമായ ആശയവിനിമയം, ശക്തമായ ബന്ധങ്ങൾ, സാമൂഹിക പിന്തുണ എന്നിവയ്ക്ക് സഹായിക്കുന്നു. മികച്ച സാമൂഹിക നൈപുണ്യങ്ങൾ ഒറ്റപ്പെടൽ കുറയ്ക്കുകയും, വികാരങ്ങളെ കൈകാര്യം ചെയ്യാനും പ്രകടിപ്പിക്കാനും സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രശ്നപരിഹാര ശേഷി കൂട്ടി, നിസ്സഹായതയും നിരാശയും കുറയ്ക്കുന്നു, സഹായം തേടുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നു. ജോലിസ്ഥലത്തും വ്യക്തിപരമായ ബന്ധങ്ങളിലും വിജയിക്കാൻ സഹായിച്ച്, ആത്മാഭിമാനവും ജീവിതതൃപ്തിയും വർധിപ്പിക്കുന്നു. എന്നിരുന്നാലും, സോഷ്യൽ സ്കിൽസ് മാത്രം ആത്മഹത്യ തടയാൻ പര്യാപ്തമല്ല.
ആത്മഹത്യാ ചിന്തയെ ചെറുക്കാൻ ഭക്ഷണക്രമം
വിഷാദവും ആത്മഹത്യാ പ്രവണതയുമുള്ളവർക്ക് ശരിയായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. ഓമേഗ-3 സമൃദ്ധമായ മത്സ്യങ്ങൾ - സാൽമൺ, മത്തി, ചാള പോലുള്ളവ. പഴങ്ങൾ -ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം. പച്ചക്കറികൾ - പാലക്, ബ്രൊക്കോളി, കാരറ്റ്. മുഴുധാന്യങ്ങൾ - ഓട്സ്, ബ്രൗൺ റൈസ്. പയറുവർഗങ്ങൾ - ചെറുപയർ, കടല എന്നിവ ഉൾപ്പെടുത്തണം. വൈറ്റമിൻ ഡി - മുട്ട, പാൽ, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങളും ഗുണകരമാണ്. പ്രോബയോട്ടിക് അടങ്ങിയ യോഗർട്ട്, കിംചി തുടങ്ങിയ ഭക്ഷണങ്ങളും മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റും നൽകാം. ഇത് മഷ്തിഷ്കത്തിലെ ഹാപ്പി ഹോർമോണുകൾ ഉണർത്തുകയും അതിലൂടെ വിഷാദത്തെയും ആത്മഹത്യ ചിന്തകളെയും ഒരു പരിധിവരെ ചെറുക്കുകയും ചെയ്യും.
അതേസമയം, അമിത കാഫീൻ, കോഫി, ചായ, എനർജി ഡ്രിങ്കുകൾ, മദ്യം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അമിത പഞ്ചസാര അടങ്ങിയ മിഠായികൾ, സോഡ, ട്രാൻസ് കൊഴുപ്പുകളടങ്ങിയ ഫ്രൈഡ് ഫുഡ്സ്, അമിത ഉപ്പ്, കൃത്രിമ സ്വീറ്റനറുകൾ, നിറം ചേർത്ത ഭക്ഷണങ്ങൾ പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കണം. എന്നാൽ, ഭക്ഷണക്രമം മാത്രം പര്യാപ്തമല്ല. വ്യായാമം, മതിയായ ഉറക്കം, മാനസിക പിന്തുണ എന്നിവയും ഉറപ്പാക്കണം. ഏറ്റവും പ്രധാനമായി, വൈദ്യസഹായവും കൗൺസിലിങും നിർബന്ധമായും തേടണം. ശരിയായ ഭക്ഷണക്രമം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും, അത് മാത്രം വിഷാദരോഗത്തിനോ ആത്മഹത്യാ പ്രവണതയ്ക്കോ പരിപൂർണ്ണ പരിഹാരമല്ല എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഫലപ്രദമായ ചികിത്സാ രീതികൾ
ആത്മഹത്യാ വിചാരങ്ങൾക്കും അനുബന്ധ മാനസിക പ്രശ്നങ്ങൾക്കും ഫലപ്രദമായ ആധുനിക ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. ഇവയിൽ പ്രധാനമാണ് മനഃശാസ്ത്ര ചികിത്സ, പ്രത്യേകിച്ച് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ളവ. ഇതിനൊപ്പംതന്നെ, ആന്റിഡിപ്രസ്സന്റുകൾ പോലുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. ഗുരുതര കേസുകളിൽ, ഇലക്ട്രോകൺവൽസീവ് തെറാപ്പി (ECT) പരിഗണിക്കാം. മനോരോഗ വിദഗ്ധരുമായുള്ള നിരന്തര കൗൺസിലിങും വളരെ പ്രധാനമാണ്. കുടുംബം,സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള സാമൂഹിക പിന്തുണയും ചികിത്സയുടെ ഭാഗമാണ്.
ചികിത്സ നേടാൻ
ആദ്യം വിശ്വസ്തരായ ആളുകളോട് സംസാരിക്കുക, മാനസികാരോഗ്യ ഹെൽപ്പ്‌ലൈനുകളിൽ വിളിക്കുക, അല്ലെങ്കിൽ നേരിട്ട് ഒരു മനോരോഗ വിദഗ്ധനെ സമീപിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ, അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെ സമീപിക്കാം.
ആത്മഹത്യാ വിചാരങ്ങൾ വളരെ ഗൗരവമായി തന്നെ എടുക്കണം. യോഗ്യമായ ചികിത്സയും പിന്തുണയും വഴി, ആത്മഹത്യാ വിചാരങ്ങളെ നേരിടാനും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
ബോധവത്കരണം
ആത്മഹത്യാ പ്രതിരോധത്തിന് സമഗ്രമായ സമീപനം ആവശ്യമാണ്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമങ്ങളിലൂടെയും നടത്തുന്ന ബോധവത്കരണം, കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുകളും കൗൺസലിംഗ് സേവനങ്ങളും വഴിയുള്ള സാമൂഹിക പിന്തുണ, തൊഴിലുറപ്പ് പദ്ധതികളും സാമ്പത്തിക ഉപദേശവും ഉൾപ്പെടുന്ന സാമ്പത്തിക സഹായം, ലഹരി വിമുക്തി കേന്ദ്രങ്ങളും കർശന മദ്യനയവും, ആത്മഹത്യാ പ്രേരണയ്ക്കും സൈബർ ബുള്ളിയിങ്ങിനുമെതിരായ നിയമങ്ങൾ, സമൂഹാധിഷ്ഠിത മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ നടപടികൾ സർക്കാർ, സിവിൽ സമൂഹ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നടപ്പിലാക്കേണ്ടതുണ്ട്.
(ലേഖകൻ ചൈൽഡ് അഡോളസന്റ് & റിലേഷൻഷിപ് കൗൺസിലർ ആണ്)