ADVERTISEMENT

ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ (Mental Health at Work) എന്നതായിരുന്നു. ഇക്കാലത്ത് ഏറ്റവും പ്രസക്തവും എല്ലാവരും ചർച്ച ചെയ്യേണ്ടതുമായ വിഷയമാണിത്. 

മനുഷ്യരെല്ലാം ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്. ജീവിക്കാനായി ജോലി ചെയ്യണോ, അതല്ല ജോലി ചെയ്യാൻ മാത്രമായി ജീവിക്കണോ എന്നു പലരും ചോദിക്കാറുണ്ട്. ജോലി ചെയ്ത് ജീവിക്കണോ, അതല്ല ജോലിചെയ്ത് മരിക്കണോ എന്ന ഒരു വകഭേദവും ഈ ചോദ്യത്തിനുണ്ട്. ജോലിയും ജീവിതവും എങ്ങനെ ബാലൻസ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകണം എന്നതാണ് അടിസ്ഥാനപരമായ കാര്യം. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

ജീവിതം കവരുന്ന ജോലി
നമുക്ക് ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണ്. ചിലർ ഒന്നിലേറെ ജോലിയും ചെയ്യുന്നു. ആ ജോലി നമ്മുടെ ജീവിതം കവരുന്ന അവസ്ഥ ഉണ്ടാവരുത്. ജീവിതത്തിന് ആവശ്യമായ പണം നേടാൻ ജോലി ചെയ്യുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുപോകുന്നതാണ് അടിസ്ഥാന പ്രശ്നം. നമ്മുടെ തൊഴിൽ സാഹചര്യങ്ങളിൽ നമ്മുടെ മനസ്സ് സംതൃപ്തമാണോ എന്നു നാം നിരന്തരം പരിശോധിക്കണം. 

നമ്മുടെ തൊഴിലിടം മാനസികാരോഗ്യത്തിന് ഉതകുന്നതാണോ എന്നു പരിശോധിക്കാൻ 10 കാര്യങ്ങൾ ഓർത്തിരിക്കുക. 
1) ഉത്കണ്ഠ
ഏത് ജോലിയും അതിന്റേതായ കാര്യഗൗരവത്തോടെ നിർവഹിക്കണം. ‘പോ പുല്ലേ’ എന്ന മട്ടിൽ നിസ്സാരവൽക്കരിച്ച് ഒരു ജോലിയെയും സമീപിക്കരുത്. എന്നാൽ, ചെയ്തുതീർക്കാനുള്ള ജോലി സംബന്ധിച്ച് അമിത ഉത്കണ്ഠ (hyper anxiety) സ്ഥിരമായി വരുന്നുണ്ടെങ്കിൽ അത് നമ്മുടെ മനസ്സിനെ ബാധിക്കുന്നു എന്ന് തിരിച്ചറിയണം. ജോലിയുടെ ഏത് ഘട്ടത്തിലാണ് ഉത്കണ്ഠ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കി അത് ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. അമിത ഉത്കണ്ഠ നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, ജോലിയുടെ മികവ് ഇല്ലാതാക്കുകയും ചെയ്യും. 

Photo Credit : Maridav / Shutterstock.com
Photo Credit : Maridav / Shutterstock.com

2) വിവേചനം
തൊഴിൽസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് മാനസികാരോഗ്യത്തെ ബാധിക്കും. ജെൻഡർ വിവേചനം, മത–ജാതി–വംശ വേർതിരിവുകൾ, വർണ–സൗന്ദര്യ വിവേചനം, സാമ്പത്തികനിലയുടെ പേരിലുള്ള വേർതിരിവുകൾ തുടങ്ങിയവയൊക്കെ നിർണായകമാണ്. ഇത്തരം വിവേചനങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആ ഓഫീസിലേക്കു പോകാൻ മനസ്സ് മടിക്കും. അത് ക്രമേണ ജോലിയുടെ മികവിനെ ബാധിക്കും. 

3) അവഗണന
വിവേചനവും അവഗണനയും രണ്ടാണ്. ജോലിസ്ഥലത്ത് തുല്യത, മാന്യമായ പെരുമാറ്റം, ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ മെച്ചപ്പെട്ട രീതിയിൽ ഉറപ്പാക്കുമ്പോഴും തൊഴിൽപരമായി അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാം. നന്നായി ജോലി ചെയ്താലും അംഗീകരിക്കാതിരിക്കുക, ഒരേ തരം ജോലി ചെയ്യുന്നവരിൽ ചിലർക്കുമാത്രം അംഗീകാരം നൽകുക, പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നൽകാതിരിക്കുക തുടങ്ങിയവ സംഭവിക്കാറുണ്ട്. ചിലർ ജോലി ചെയ്യാൻ മിടുക്കരാണെങ്കിലും അംഗീകരിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം, സ്വജനപക്ഷപാതം തുടങ്ങിയവയും ഇതിൽ നിർണായകമാണ്. ഇത്തരം സാഹചര്യങ്ങൾ തൊഴിൽസ്ഥലത്തെ മാനസികാരോഗ്യം ഇല്ലാതാക്കുന്ന ഘടകങ്ങളാണ്. 

4) തലവേദന, ഉറക്കമില്ലായ്മ
തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് ജീവിതത്തിന്റെ സ്വസ്ഥത കെടുത്തും. ജോലിയും ജീവിതവും രണ്ടായി കാണാൻ കഴിയണം. അല്ലാത്തപക്ഷം, ജോലിയുമായി ബന്ധപ്പെട്ട ആകുലതകളും ആശങ്കകളും നിത്യജീവിതത്തെ സദാ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ഉറക്കമില്ലായ്മ, നിരന്തരമായ തലവേദന, ശാരീരികക്ഷീണം തുടങ്ങിയവ ഇത്തരം ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. യഥാർഥത്തിൽ അവരുടെ ശരീരത്തിനല്ല പ്രശ്നം. ജോലിപരമായ സംഘർഷങ്ങൾ നിരന്തരമായി മനസ്സിനെ അലട്ടുന്നതാണ് ശാരീരിക പ്രയാസങ്ങളായി പരിണമിക്കുന്നത്. 

Representative image. Photo Credit: yacobchuk-istockphoto.com
Representative image. Photo Credit: yacobchuk-istockphoto.com

5) ഹിമാലയൻ ടാർഗറ്റ്
പല കമ്പനികളിലും ജോലിക്കാർ ദിനംപ്രതിയോ ആഴ്ചയിലോ മാസത്തിലോ ഒക്കെ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾ (target) ഉണ്ടാകും. ഇത് പലപ്പോഴും എത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ അപ്പുറമാകും. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും മേലധികാരികളുടെ നിരന്തര സമ്മർദം അനുഭവിക്കുകയും ചെയ്യേണ്ടിവരുമ്പോൾ മാനസിക സംഘർഷം രൂപപ്പെടും. ഇത് ക്രമേണ ജോലിയോടുള്ള വിരസതയിലേക്കോ തൊഴിൽക്ഷമത നഷ്ടപ്പെടുന്നതിലേക്കോ നയിച്ചേക്കാം. 

6) അനാവശ്യ താരതമ്യം
ഒരാളെ സമാന ജോലി ചെയ്യുന്ന മറ്റു വ്യക്തികളുമായി താരതമ്യം ചെയ്ത് ഇകഴ്ത്തിപ്പറയുന്നത് അയാളുടെ ജോലിയെ ബാധിക്കും. തനിക്കുമുൻപ് ഇതേ തസ്തിക വഹിച്ച ആൾ ഇതിനെക്കാൾ മികവിൽ ജോലി ചെയ്യുമായിരുന്നു, അല്ലെങ്കിൽ ഇതേ തസ്തികയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ കൊള്ളാം തുടങ്ങിയ തരത്തിലുള്ള താരതമ്യങ്ങൾ മനസ്സിനെ വിഷമിപ്പിക്കും. മറ്റുള്ളവർ നടത്തുന്ന താരതമ്യം മാത്രമല്ല, ചിലർ സ്വയം നടത്തുന്ന താരതമ്യവും ഇതേ അപകടം സൃഷ്ടിക്കും. ഞാൻ അവനെക്കാൾ മികച്ചതാണോ അതല്ല മോശമാണോ എന്ന് നിരന്തരം ആലോചിച്ചുനിന്നാൽ സ്വന്തം ജോലിയിൽ ഏകാഗ്രത ഉണ്ടാകില്ല. സ്വന്തം ജോലിയെക്കുറിച്ച് എപ്പോഴും സമഗ്രമായ അവലോകനം (revies) നടത്തണം. അതുപക്ഷേ, അനാവശ്യവും അനാരോഗ്യകരവുമായ താരതമ്യം ആയി മാറരുത്. 


Representative image. Photo Credit:valentinrussanov/istockphoto.com
Representative image. Photo Credit:valentinrussanov/istockphoto.com

7) ഏകാന്തത
ജനസമ്പർക്കമില്ലാത്തതും ഏകാന്തവുമായ ജോലികൾ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കാം. അതുകൊണ്ട് ഇത്തരം ജോലികൾ ആരും ചെയ്യാൻ പാടില്ല എന്ന് അർഥമില്ല. ഇത്തരം ജോലികളുടെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വേണം ഏറ്റെടുക്കാൻ. ജോലി കാരണമുള്ള ഏകാന്തത മറികടക്കാൻ ആവശ്യത്തിന് അവധിയെടുക്കുകയും കുടുംബത്തോടൊപ്പം ചെലവഴിക്കുകയും യാത്ര ചെയ്യുകയുമൊക്കെ വേണം. ഇങ്ങനെ കൃത്യമായ ആസൂത്രണമില്ലാതെ ഏകാന്ത ജോലികൾ ചെയ്യുന്നത് മനസ്സിനെ മടുപ്പിക്കുകയും ക്രമേണ അന്തർമുഖ സ്വഭാവത്തിലേക്കു പോവുകയും ചെയ്യും. 

8) പരസ്യമായ ആക്ഷേപം
സഹപ്രവർത്തകരെയും കീഴ്ജോലിക്കാരെയുമൊക്കെ മറ്റുള്ളവർക്കു മുൻപിൽവച്ച് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ചിലർക്ക് ഹരമാണ്. ഇത് വ്യക്തികളിൽ സൃഷ്ടിക്കുന്ന മാനസികാഘാതം ചെറുതല്ല. ഒരുപക്ഷേ, ഒരു വ്യക്തിയെക്കുറിച്ച് ആരെങ്കിലും പരാതി ഉന്നയിച്ചതായിരിക്കാം. ഉടൻതന്നെ അയാളെ വിളിച്ച് പരാതിക്കാരന്റെ മുന്നിൽവച്ചു തന്നെ ശാസിക്കുന്നത് ചിലരുടെ രീതിയാണ്. ഞാൻ ഉടനടി നടപടി എടുത്തു, ഞാൻ വലിയ കർക്കശക്കാരനാണ്, ജോലിയിൽ വീഴ്ച വരുത്തിയാൽ ഇങ്ങനെയിരിക്കും എന്നൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയാണ് ഈ മനോഭാവത്തിനുപിന്നിൽ. ഇതുപക്ഷേ, ജോലിക്കാരുടെ ആത്മവിശ്വാസം തകർക്കും. അവർ വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതാകും. ജോലിക്കാരെ ശാസിക്കരുതെന്നോ മുന്നറിയിപ്പ് നൽകരുതെന്നോ ഇതിന് അർഥമില്ല. അതുകൊണ്ട് ഗുണഫലം ലഭിക്കുന്ന വിധത്തിലാവണം എന്നതാണ് പ്രധാനം. 

Representative image. Photo Credit:Songsak C/Shutterstock.com
Representative image. Photo Credit:Songsak C/Shutterstock.com

9) വരവറിയാത്ത ചെലവ്
ജോലി ലഭിച്ച് ശമ്പളം കിട്ടിത്തുടങ്ങുമ്പോൾ തന്നെ, ഒരുപക്ഷേ അതിന് മുൻപുതന്നെ, പലർക്കും വായ്പകളുടെ ഇ.എം.ഐ. തിരിച്ചടവും തുടങ്ങും. ഇതിനിടയ്ക്ക് ചിലവുകൾ കൂടിവരും. മറുവശത്ത് കടമെടുപ്പും കൂടും. ഇ.എം.ഐ അടച്ചുതീർക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും കടം. അങ്ങനെ, കടത്തിനുമേൽ കടമായി ജോലിയിലെ ഏകാഗ്രത പോകും. തനിക്ക് എത്ര രൂപ വരുമാനമുണ്ട് എന്നു മനസ്സിലാക്കി മാത്രമേ ചെലവുകൾ നടത്താവൂ. സാമ്പത്തിക അച്ചടക്കവും ആസൂത്രണവും വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ മറ്റൊരാളെ താരതമ്യം ചെയ്ത് സ്വന്തം ആവശ്യങ്ങൾ നിശ്ചയിക്കരുത്. പകരം, സ്വന്തം സാമ്പത്തികശേഷി നോക്കി വേണം ആവശ്യങ്ങൾ നിർണയിക്കാൻ. അല്ലാത്തപക്ഷം ജോലിയും ജീവിതവും ഭാരമാകും. 

10) വിശ്രമമില്ലായ്ക
ജോലി തീർത്തിട്ട് വിശ്രമിക്കാം എന്നാണ് തീരുമാനമെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിശ്രമിക്കാൻ കഴിയില്ല. ജോലി ഒന്നിനു പിറകെ മറ്റൊന്നായി കടന്നുവന്നുകൊണ്ടിരിക്കും. ജോലി പോലെത്തന്നെ വിശ്രമവും കൃത്യമായി ആസൂത്രണം ചെയ്യണം. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയും യാത്രകൾ നടത്തുകയും വേണം. വിശ്രമം പ്രധാനവും ജോലി ഒരു സൈഡ് ബിസിനസും എന്ന രീതിയിൽ ആയിപ്പോകരുത്. എന്നും യാത്രയും വിശ്രമവും എന്നതും പാടില്ല. അതേസമയം, മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമവും ആശ്വാസവും നൽകാൻ എപ്പോഴും ജാഗ്രത വേണം. 

ലോകമൊന്നടങ്കം ജോലി ചെയ്യുന്നവരിൽ 15% പേർ ജോലി കാരണമുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതുകാരണം ഓരോ വർഷവും 1200 കോടി തൊഴിൽദിനങ്ങളാണ് നഷ്ടപ്പെടുന്നത്. തൊഴിൽസ്ഥലത്തെ മാനസികാരോഗ്യം ഉറപ്പാക്കിയാൽ ഇത്രയും പേരുടെ ആരോഗ്യവും തൊഴിൽശേഷിയുമാണ് തിരിച്ചുപിടിക്കാൻ കഴിയുക. തൊഴിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ യഥാസമയം ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകും. തൊഴിൽസമ്മർദം കാരണം ജീവിതം അവസാനിപ്പിക്കുന്നവരെ പോലും കാണാം. അതൊന്നും ഒരിക്കലും പരിഹാരമാർഗമല്ല. ജോലി നമുക്ക് ഭാഗ്യമാണോ ഭാരമാണോ എന്ന് തിരിച്ചറിയാൻ വൈകിപ്പോകരുത്. ഭാരമാകുന്നുണ്ടെങ്കിൽ അത് കൈവിടുകയല്ല, ലഘൂകരിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. 

anizeali
ഡോ. അനീസ് അലി

(ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ആയി സേവനം ചെയ്യുന്ന ഡോ. അനീസ് അലി, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ജനറൽ സെക്രട്ടറിയും കോഴിക്കോട് രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റൽ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റുമാണ്) 

English Summary:

Work-Life Balance or Work-Life Burnout? A Psychiatrist's Guide to Protecting Your Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com