ADVERTISEMENT

തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിലെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക് ഉണ്ടാകുന്ന അതിജീവിക്കാനാവാത്ത മാനസിക സംഘർഷമാണ് 'വർക്ക് സ്ട്രെസ്സ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഒരാളുടെ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവിന്റെ അപ്പുറം മാനസിക സമ്മർദ്ദം തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് ഇതെന്ന് ലളിതമായി പറയാം. സമ്മർദ്ദത്തെ അതിജീവിക്കുവാനായി മനുഷ്യർക്ക് സ്വതസിദ്ധമായ കഴിവുകൾ ഉണ്ട്. അവ, അവർ വളർന്നുവരുന്ന സാഹചര്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. അത് ഓരോരുത്തരിലും വിഭിന്നമായിരിക്കും എന്നതിൽ തർക്കമില്ല.

തൊഴിലിടങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. തൊഴിലിൽ ഒരാൾ ആർജിക്കുന്ന നൈപുണ്യവും തൊഴിലിടങ്ങളിലെ സ്ട്രെസ്സ് കുറയ്ക്കാനാവും എന്നതാണ് വാസ്തവം. എങ്കിലും പല മേഖലകളിലും ചില ബാഹ്യ ഇടപെടലുകളും തൊഴിൽ സ്വഭാവേനയുള്ള അനിശ്ചിതത്വവും എല്ലാം ഒരുവനെ സമ്മർദ്ദത്തിൽ ആക്കുന്നു. ഉദാഹരണത്തിന് പോലീസ് പോലെയുള്ള സേനകളിൽ ജോലി ചെയ്യുമ്പോൾ തൊഴിൽ സംബന്ധമായ അനിശ്ചിതത്വത്തിന്റെ അധിക സമ്മർദ്ദം ഉണ്ടാകുക സ്വാഭാവികം. അതിനൊപ്പം ബാഹ്യ ഇടപെടലുകൾ കൂടിയാകുമ്പോൾ സമ്മർദ്ദം വർധിച്ച് ഒരുപക്ഷേ പൊട്ടിത്തെറിയിലേക്ക് എത്തുന്നതായി കാണാം. ജോലിയിലുള്ള സമ്മർദ്ദത്താലാണ് പലരും പലപ്പോഴും പൊട്ടിത്തെറിക്കുന്നത്. ഒരു തൊഴിലാളികളുടെ മാനസിക സമ്മർദ്ദ കവചം എന്നത് കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന മേലധികാരികളും ഒക്കെ തന്നെയാണ് . 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

എന്താണ് സമ്മർദ്ദ കാരണങ്ങൾ?
സമ്മർദ്ദ കാരണങ്ങളെ പൊതുവായി രണ്ടായി തരം തിരിക്കാം. ഒന്ന് ബാഹ്യ ഘടകങ്ങൾ രണ്ട് ആന്തരിക ഘടകങ്ങൾ.
A) തൊഴിലിടത്തെ മോശം  സാഹചര്യങ്ങളാണ് ബാഹ്യ ഘടകങ്ങളിൽ പ്രധാനം.
1) സുരക്ഷാ ഭീഷണിയുള്ള ജോലികൾ, വളരെയധികം സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലികൾ, മോശം കാലാവസ്ഥയിലും പരിതസ്ഥിതിയിലും ചെയ്യേണ്ട ജോലികൾ, മുതലായവയാണ് ഇതിൽപ്പെടുന്നത്. 
2) സഹപ്രവർത്തകരിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദങ്ങളാണ്. 
3) ഗാർഹിക ജീവിതത്തിലെ സമ്മർദ്ദങ്ങൾ തൊഴിലിടത്തിൽ പ്രതിഫലിക്കുമ്പോൾ അത് അധികസമർദ്ദമായി മാറുന്നു. 
4) സാമൂഹ്യ സമ്മർദ്ദങ്ങൾ. 
5)ലൈംഗിക അതിക്രമങ്ങൾ. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ അത് വാക്കാലോ പ്രവർത്തിയാലോ നോട്ടമായോ ഒക്കെ വരുമെന്നതിൽ തർക്കമില്ല. 

B) ആന്തരിക ഘടകങ്ങൾ. ഒരു വ്യക്തി എന്ന നിലയിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള അപര്യാപ്തതയാണ് ഇത്.
മാനസികരോഗങ്ങളോ ശാരീരിക പരിമിതികളോ ഒക്കെ ഇതിന് ആക്കം കൂട്ടുന്നു എന്ന് മാത്രം. ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ 2016 നടത്തിയ ഒരു പഠനം പറയുന്നത് ഏതാണ്ട് മൂന്നിൽ രണ്ട് തൊഴിലാളി കൾക്കും തങ്ങളുടെ ജോലി സ്ഥലത്ത് പലതരത്തിലുള്ള അവഗണനയും സമ്മർദ്ദങ്ങളും നേരിടുന്നു എന്നുള്ളതാണ്. അതുകൊണ്ട് ഈ ഗണത്തിൽ വിഷാദാവസ്ഥയുടെ തോതും കൂടുതലാണ്. സമ്പന്ന രാജ്യങ്ങളിലാണ് തൊഴിലിടത്ത് ഇത്തരം വിവേചനപരമായ സമീപനം ഉള്ളത് എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും വിവേചനം മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ ഒളിച്ചു വയ്ക്കുന്നത് ചികിത്സയുടെ സഹായം ലഭിക്കാനുള്ള കാലതാമസം നേരിടുന്നു. 

Representative Image. Photo Credit : LeoPatrizi / iStockPhoto.com
Representative Image. Photo Credit : LeoPatrizi / iStockPhoto.com

സമ്മർദ്ദം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെ? 
ഉത്കണ്ഠ, വിഷാദരോഗങ്ങൾ, ഉറക്കകുറവ്, മുൻകോപം, ഏകാഗ്രത കുറവ്, ഓർമ്മകുറവ് ഉൾപ്പെടെ പ്രമേഹം രക്താതിസമ്മർദ്ദം, ഹൃദയാഘാതം, പ്രതിരോധശേഷി കുറയുന്നത് മൂലമുള്ള രോഗങ്ങൾ, ആർത്തവ ചക്രത്തിൽ വരുന്ന മാറ്റങ്ങൾ  മുതലായ ഒട്ടനവധി ശാരീരിക അസുഖങ്ങൾക്കും ജോലിസംബന്ധമായ സമ്മർദ്ദം കാരണമായേക്കാം. ജീവനക്കാരുടെ പ്രവർത്തനക്ഷമത കുറയുന്നതും അവധി എടുക്കുന്നതും ഉൽപാദനത്തേയും സേവനത്തെയും ബാധിച്ചേക്കാം. വൈകാരിക പ്രശ്നങ്ങൾ മൂലമുള്ള ബന്ധങ്ങളുടെ ഉലച്ചിൽ സർവ്വ സാധാരണമാണ്. പലപ്പോഴും നമ്മൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകാതെ താൽക്കാലികമായ പരിഹാരങ്ങൾ തേടുകയാണ് പതിവ്. ഇക്കാര്യത്തിലും ഇത് വിഭിന്നമല്ല.

പരിഹാരമെന്ത്?
പ്രതിരോധ പ്രവർത്തനത്തിനായി നാം അവലംബിക്കേണ്ടത് ഒരു ബഹുർമുഖമായ സമീപനമാണ്. അത് ഭരണകർത്താക്കളിൽ നിന്ന് തുടങ്ങി ഒരു വ്യക്തിയെന്ന നിലയിൽ നാം സ്വയം കൈക്കൊള്ളേണ്ട പരിവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനത്തിന് പ്രസക്തി ഉണ്ടാവുകയുള്ളൂ എന്ന് ചുരുക്കം. തൊഴിലിടങ്ങളിൽ നാം കൈക്കൊള്ളേണ്ടതും മാറ്റം വരുത്തേണ്ടതുമായ ചില കാര്യങ്ങളെ കുറച്ചുകൂടി ചിന്തിക്കാം.

ഈ പ്രശ്നത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാകേണ്ടതാണ് ഏറ്റവും പരമപ്രധാനമായ കാര്യം. പ്രശ്നമുണ്ടെന്ന് സമ്മതിക്കുന്നിടത്ത് മാത്രമാണ് പരിഹാരം കണ്ടെത്താൻ കഴിയുക. 
1)തൊഴിലിടങ്ങളിലെ മാനസികാരോഗ്യ നിർണയമാണ് ഏറ്റവും പ്രധാനം. മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടുന്നവരെ കണ്ടെത്താനും അതിനുള്ള പരിഹാരവും ചികിത്സയും നൽകുന്നതിനും നാം പ്രഥമ പരിഗണന നൽകിയേ മതിയാകൂ. റിക്രൂട്ട്മെൻറ് സമയത്ത് തുടങ്ങി പിന്നീട് പ്രതിവർഷം ഇത്തരം സ്ക്രീനിംഗുകൾ നടത്തുക  തന്നെ വേണം. 
2) ഒരു നയരേഖ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൻറെ വീക്ഷണത്തിനും വളർച്ചയ്ക്കും ഉതകത്തക്ക രീതിയിൽ ആകണം നയരേഖ രൂപപ്പെടുത്തേണ്ടത്. 
3) നയം രൂപീകരിച്ചാൽ പിന്നെ അത് നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് അടുത്ത പടി. പരാതി സെല്ലുകൾ രൂപീകരിക്കുക, നയങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയാനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക, ഭയം കൂടാതെയും രഹസ്യാത്മകമായും പ്രശ്നങ്ങളെ അവതരിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക മുതലായവ ഇതിൽ പെടും. 

Representative image. Photo Credit: yacobchuk-istockphoto.com
Representative image. Photo Credit: yacobchuk-istockphoto.com

4) അവസാനമായി പരിശീലനമാണ് . തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെ കുറിച്ചും  കടമകളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നത് തങ്ങളുടെ തൊഴിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ പരിമിതികളെ നേരിടാനുള്ള പരിശീലനവും സമ്മർദ്ദങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും എല്ലാം പരിശീലിപ്പിക്കാവുന്നതേയുള്ളൂ. ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്റെ  മേലുള്ള കടന്നുകയറ്റം ആകരുതെന്നും സമത്വം എന്നത് സഹപ്രവർത്തകരുടെ കാര്യങ്ങൾ കൂടി പരിഗണിക്കാൻ കഴിയുന്ന സഹോദര്യത്തിൽ അധിഷ്ഠിതമായ ഒന്നാണെന്ന് നാം തിരിച്ചറിയുമ്പോൾ തൊഴിലടങ്ങൾ തൊഴിൽ സൗഹൃദപരമായി തീരും. തൊഴിലിടങ്ങൾ തൊഴിലാളിക്കും തൊഴിൽ ദാതാവിനും ഒരുപോലെ അനിവാര്യമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അതുരുത്തിരിയുന്നത് കൂട്ടുത്തരവാദിത്തം എന്ന  ആശയത്തിൽ നിന്നുമാണ്. തൊഴിലാളികളും തൊഴിൽ ദാതാക്കളും ഉള്ളിടത്തോളം കാലം തൊഴിൽ സമ്മർദ്ദമുണ്ടാകും എന്നതിൽ തർക്കമില്ല. എന്നാൽ അത് പരമാവധി കുറച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നതാകണം ഇരുകൂട്ടരുടെയും ഉദ്ദേശലക്ഷ്യം. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ളതാണ്.അത് ഓരോരുത്തരും തങ്ങളുടെതായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.ഒരുവന് പ്രയോജനപ്പെടുന്ന മാർഗ്ഗം മറ്റൊരാളിൽ മാറ്റങ്ങൾ  ഉണ്ടാക്കിയെന്ന് വരികയില്ല. അത് സ്വയം കണ്ടെത്തുകയോ അതിന് സ്വയം കഴിയുന്നില്ലെങ്കിൽ വിദഗ്ദ്ധ  സഹായം തേടുകയോ ആണ് വേണ്ടത്. ഓരോ ദിവസത്തെയും സമ്മർദ്ദങ്ങളെ കൂട്ടിവെച്ച് പൊലിപ്പിക്കാതെ ദിവസേന അതിനെ ഉലച്ചു കളയുന്നതാണ് സമ്മർദ്ദം മൂലം ഉണ്ടാകുന്ന മാനസിക ശാരീരിക ആരോഗ്യപ്രശ്നത്തിന് ഉത്തമം എന്ന് ഓർമ്മിപ്പിക്കുന്നു.
(ലേഖിക കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ് ആണ്.)

English Summary:

Workplace Stress: Expert Tips to Identify & Manage It Before It's Too Late

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com