സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പുരുഷന്മാരെ അറിയില്ലേ? സ്വഭാവത്തിനു പിന്നിലെ കാരണങ്ങൾ ഇതാണ്!
Mail This Article
സ്‌ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്ന പുരുഷന്മാരെ കണ്ടിട്ടില്ലേ? ഒരു സ്ത്രീയെപ്പറ്റി അധികമൊന്നും അറിയില്ല എങ്കിൽപ്പോലും, അവർ വളരെ മോശമാണ്, അല്ലെങ്കിൽ സ്ത്രീകൾ ആരും ശരിയല്ല, സ്ത്രീകളെ എന്തും പറയാം എന്നൊക്കെ ചിന്തിക്കുന്ന ചില പുരുഷന്മാർ ഉണ്ട്.
മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്ത പുരുഷന്മാരിൽ ഇങ്ങനെ ഒരു പ്രവണത കാണാൻ സാധ്യതയുണ്ട്. ഒരാൾക്ക് എന്ത് മനോഭാവമാണ് സ്ത്രീകളോട് എന്നത് അയാൾ വളർന്ന സാഹചര്യത്തെയും, അയാളുടെ സ്വഭാവത്തെയും എല്ലാം ആശ്രയിച്ചാണ്. സ്വന്തം വീട്ടിൽ സ്ത്രീകൾക്ക് യാതൊരു പ്രാധാന്യവും നൽകാത്ത അവരോട് എന്തും പറയാം, അവരെ ഉപദ്രവിക്കാം എന്ന മനോഭാവമുള്ള പുരുഷന്മാരുണ്ട്. അത്തരം പുരുഷമാരെ ചെറുപ്പകാലം മുതലേ കണ്ടു വളരുന്ന ആൺകുട്ടി പിന്നീടുള്ള കാലങ്ങളിൽ അതനുകരിക്കാൻ സാധ്യത കൂടുതലാണ്. പ്രതേകിച്ചും ആ കുട്ടിക്ക് സ്വഭാവപ്രശ്നങ്ങൾ ഉണ്ടെങ്കിൽ (ഉദാ: എടുത്തുചാട്ടം, ദേഷ്യം, കള്ളം പറയുക, കുറ്റബോധം ഇല്ലായ്മ, മറ്റുള്ളവരെ ഉപദ്രവിക്കുക). സ്ത്രീകളെ ബഹുമാനിക്കുന്ന നല്ല മാതൃകകൾ സമൂഹത്തിൽ ഉണ്ടാകേണ്ടത് ഇത്തരം മോശം പ്രവണതകൾ അവസാനിക്കാൻ അത്യാവശ്യമാണ്.
സ്ത്രീകളെ മോശമായി പരാമർശം നടത്താൻ മടിയില്ലാത്തതിന് കാരണങ്ങൾ
സാമൂഹിക പശ്ചാത്തലം:
സ്ത്രീകളെ ലൈംഗിക ഉപകരണമായി ചിത്രീകരിക്കുന്ന സിനിമകൾ, അവരോട് അശ്ലീല ഡയലോഗുകൾ പറയുന്നത് ഒക്കെ നോർമൽ ആണെന്ന് ചിന്തിക്കാൻ സിനിമകളുടെ സ്വാധീനം ഒരു പ്രധാന കാരണമാണ്. ഇങ്ങനെ മോശക്കാരായ വ്യക്തികളാണ് സ്ത്രീകൾ എന്ന് വിശ്വസിക്കുന്ന സുഹൃത്തുക്കളാണ് ഒരാൾക്ക് ഉള്ളതെങ്കിൽ അതും മോശം മനോഭാവം തുടരാൻ കാരണമാകും.
കരുത്തു കാണിക്കാനുള്ള ശ്രമം:
സ്ത്രീകളെ ഭയപ്പെടുത്തി നിയന്ത്രണത്തിലാക്കാൻ അവരെപ്പറ്റി മോശമായി പറയുന്നവർ ഉണ്ട്. “നീ വെറും പെണ്ണാണ്, നീ ഇത്രയെ ഉള്ളൂ”- ഇത്തരം ഡയലോഗുകൾ സിനിമയിൽ മാത്രമല്ല നിത്യജീവിതത്തിൽ പറയുന്ന പുരുഷന്മാർ ഉണ്ട്. സ്ത്രീകളുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി ഞാൻ വലിയ ആളാണ് എന്ന് തെളിയിക്കാനുള്ള ഗൂഡ ശ്രമമാണിത്.
അല്പം പോലും കരുണ ഇല്ലാത്ത മനോഭാവം:
കേൾക്കുന്ന വ്യക്തി എന്ത് ചിന്തിക്കും എന്നതിനും അപ്പുറം ഞാൻ ഇങ്ങനെയൊക്കെയാണ്, ഇതെന്റെ സൗകര്യമാണ് എന്ന് കരുതി സംസാരിക്കുന്ന രീതി ശരിയല്ല. അശ്ലീലം കേൾക്കാൻ താല്പര്യമില്ലാത്ത വ്യക്തിയെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ആ വ്യക്‌തിയെ ബഹുമാനിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്.
അതിർവരമ്പിനെക്കുറിച്ച് ബോധ്യം ഇല്ലാത്ത അവസ്ഥ:
ആരോട് എന്ത് പറയണം, ഒരാളുടെ പഴ്സണൽ ബൗണ്ടറിയെക്കുറിച്ചു യാതൊരു തിരിച്ചറിവും ഇല്ലായ്മ. ഇതൊക്കെ പല സ്ത്രീകളോടും ഞാൻ പറയാറുണ്ട്, ഇത് തമാശയാണ് എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല. കേൾക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ കൂടി തിരിച്ചറിയാൻ കഴിയണം.
ശ്രദ്ധ കിട്ടാനുള്ള ശ്രമം:
സ്ത്രീകളെ മോശമായി പറയുന്ന കമന്റുകൾ കേൾക്കുന്ന എല്ലാവരും അതാസ്വദിക്കുന്നു, അങ്ങനെ എല്ലാവരും തന്നെ ശ്രദ്ധിക്കും എന്ന തെറ്റായ ധാരണയുള്ള ചില പുരുഷന്മാരും ഉണ്ട്.
ഇത്തരം കമന്റുകൾ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു:
സ്ത്രീകളുടെ മനസ്സിൽ ഭയവും, സുരക്ഷിതരല്ല എന്ന തോന്നലും ഉണ്ടാകാൻ ഇത്തരം കമന്റുകൾ കാരണമാകും. സ്ത്രീ-പുരുഷ സമത്വം ഇല്ലാത്ത ഒരു സമൂഹത്തിലാണ് അവർ ഉള്ളത് എന്ന തോന്നൽ ഉണ്ടാക്കുന്നതാണ് ഇത്തരം കമന്റുകൾ. സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതത്വം ഇല്ല എന്നുമുള്ള സന്ദേശമാണ് ഇത്തരം രീതികൾ കാരണം ഉണ്ടാകുന്നത്. എന്നാൽ സ്വന്തം വില തിരിച്ചറിയുന്നവരാണ് ഇന്നത്തെ സ്ത്രീകൾ എന്നതിനാലാണ് ഇതിനോടെല്ലാം പ്രതികരിക്കാൻ അവർ മുന്നോട്ടു വരുന്നത്.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്)