ധ്യാനം പലതരം, മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാൻ ഇവ പരിശീലിക്കാം
Mail This Article
മനസ്സ് വളരെയധികം ശാന്തവും സ്വസ്ഥവും ആയിരിക്കുന്ന സമയമാണ് പ്രഭാതം. ധ്യാനത്തിന് പറ്റിയ സമയവും ഇതു തന്നെ. മൈൻഡ്ഫുൾനെസ്സും അവബോധവും വൈകാരിക സന്തുലനവും വർധിപ്പിക്കുന്ന ഒന്നാണ് ധ്യാനം. വേദകാലഘട്ടത്തിൽ (1500–1200 ബിസിഇ) ആണ് ധ്യാനത്തിന്റെ ഉത്ഭവം. മാനസികവും വൈകാരികവും ആത്മീയമവുമായ സൗഖ്യമേകുന്ന ചില ധ്യാനമാര്‍ഗങ്ങളെ അറിയാം.
മൈൻഡ്ഫുൾനെസ്
വർത്തമാനകാലത്തെപ്പറ്റി ബോധം ഉണ്ടായിരിക്കെത്തന്നെ ശ്വസനത്തിൽ ശ്രദ്ധിക്കുകയും ശരീരത്തിന്റെ സംവേദനങ്ങളിലും ചുറ്റുപാടിലും ശ്രദ്ധകൊടുക്കുകയും ചെയ്യുന്ന ധ്യാനമാർഗമാണിത്. സ്ട്രെസ്സ് കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കുന്ന മൈൻഡ്ഫുൾനെസ് ധ്യാനം, അതിന്റെ ലാളിത്യവും ഫലപ്രാപ്തിയും കൊണ്ട് ലോകവ്യാപകമായി പ്രചാരം നേടിക്കഴിഞ്ഞു.
സെൻ ധ്യാനം
ഇരുന്ന് കൊണ്ട് ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടുള്ള ഒരു ധ്യാനരീതിയാണിത്. ശരീരവും മനസ്സും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ആണിത് പ്രകടമാക്കുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ എളുപ്പത്തിൽ നേരിടാൻ സെൻധ്യാനം സഹായിക്കും.
ലവിങ്ങ് കൈൻഡ്നെസ് മെഡിറ്റേഷൻ
ഹൃദയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ധ്യാനമാർഗമാണിത്. നിങ്ങളുടെ നേർക്കും മറ്റുള്ളവരുടെ നേർക്കും അനുകമ്പയും നന്മയും ഉണ്ടാക്കുന്ന ധ്യാനമാണിത്. പ്രതീക്ഷയും കൃതജ്ഞതയും ഇത് വർധിപ്പിക്കും. ദേഷ്യത്തെ നിയന്ത്രിക്കാനും വൈകാരികമായ സൗഖ്യത്തിനും സഹായിക്കുന്ന ധ്യാനരീതിയാണിത്.
വേദിക് മെഡിറ്റേഷൻ
വേദകാലത്ത് ആരംഭിച്ച മന്ത്രോച്ചാരണത്തിന്റെ ഈ ധ്യാനപരിശീലനം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. ഇരുപതാം നൂറ്റാണ്ടിൽ പ്രചാരം നേടിയ ട്രാൻസിഡന്റൽ മെഡിറ്റേഷൻ ഇതിലുൾപ്പെടും. മന്ത്ര ധ്യാനം എന്നും ഇതിനു പേരുണ്ട്.
വിപാസന ധ്യാനം
പുരാതന ബുദ്ധിസ്റ്റ് പ്രാക്ടീസ് ആണ് വിപാസന ധ്യാനം. ഉൾക്കാഴ്ച അല്ലെങ്കിൽ വ്യക്തമായി കാണൽ എന്നൊക്കെയാണ് വിപാസന എന്ന വാക്കിനർഥം. വികാരങ്ങളുടെ നിയന്ത്രണവും മനസ്സിന് വ്യക്തതയും നൽകാൻ ഇത് സഹായിക്കും.