അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർഥി; കുട്ടികളിലെ വ്യക്തിത്വ പ്രശ്നങ്ങൾ അറിയാം

Mail This Article
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം കഴിഞ്ഞ ദിവസം ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്‌ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ കൂടുതലാണ്, കുട്ടികളിലും അത് അങ്ങനെ തന്നെയാണ്. പക്ഷേ ഇത്തരം സംഭവങ്ങളിൽ കുട്ടികളുടെ വ്യക്തിത്വത്തിലെ പ്രശ്നങ്ങൾ എന്തെന്ന് തിരിച്ചറിയാനും അവയെ പരിഹരിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.
ചില കുട്ടികൾ നന്നായി പഠിക്കുകയും അവരുടെ കാര്യങ്ങൾ എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യുന്നവരും ആയിരിക്കും. എന്നാൽ ഒരു പ്രശ്നം വരുമ്പോൾ, ഉദാഹരണത്തിന്, അവർ ചെയ്യാത്ത കാര്യം ചെയ്തു എന്ന് ആരെങ്കിലും ആരോപിക്കുമ്പോൾ അവർ പെട്ടെന്ന് പ്രകോപിതരാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
എന്നാൽ മറ്റു ചില കുട്ടികൾ മയക്കുമരുന്നിന് അടിമകളും തെറ്റായ കൂട്ടുകെട്ടുള്ളവരുമാണ്. ഇവർക്ക് പഠന വൈകല്യവും ഉണ്ടാവാൻ സാധ്യതയുണ്ട്. ഫോൺ മാറ്റിവെക്കാൻ പറഞ്ഞതിന് മാതാപിതാക്കളെ കൊല്ലാൻ ശ്രമിക്കുക, വീട്ടിൽ നിന്നും ഇറങ്ങിപോകും എന്ന് ഭീഷണിപ്പെടുത്തുക, മോഷ്ടിക്കുക എന്നിങ്ങനെ വളരെ ഗൗരവമേറിയ പ്രതികരണമാണ് അവരിൽ നിന്നും വരുന്നത്. എങ്ങനെ ഇത്തരം പ്രതികരണങ്ങൾ കുട്ടികളിനിന്നും വരുന്നു എന്ന് നാം അന്വേഷിക്കുമ്പോൾ അവരുടെ കുടുംബാന്തരീക്ഷം വളരെ പ്രധാനമായും അവരെ ബാധിക്കുന്നു എന്ന് മനസ്സിലാകും. ചില മാതാപിതാക്കൾ അമിതമായി സ്ട്രിക്റ്റായി കുട്ടികളെ വളർത്തുന്നവർ ആയിരിക്കും. മറ്റു ചില മാതാപിതാക്കൾ ഒരു നിയന്ത്രണങ്ങളും വെക്കാതെ കുട്ടിയെ ഇഷ്ടംപോലെ എല്ലാ കാര്യങ്ങളും സമ്മതിച്ചു കൊടുക്കുന്നവരും ആയിരിക്കും. ഈ രണ്ടു രീതികളും കുട്ടികളുടെ സ്വഭാവത്തെ വളരെ നെഗറ്റീവ് ആയി ബാധിക്കും. അവർ എടുത്തുചാട്ടമുള്ളവരും, പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവില്ലാത്തവരുമായി മാറും.
ചിലർ പറയുന്നത് കേട്ടിട്ടില്ലേ, നല്ല തല്ലുകൊടുത്തു വളർത്തിയാലേ കുട്ടികൾ നന്നാവൂ എന്ന്. ഇത് തികച്ചും തെറ്റായ ധാരണയാണ്. അമിതമായി ശിഷിക്കുമ്പോൾ കുട്ടി മാനസികമായി തകരും. പിന്നീട് എല്ലാവരോടും എതിർ മനോഭാവം കാണിച്ചു തുടങ്ങും. കുട്ടിക്ക് അമിത സമ്മർദം നൽകുന്ന എല്ലാവരെയും (അധ്യാപകർ, മുതിർന്ന മറ്റാളുകൾ) അമിതമായി തന്നെ ശിക്ഷിച്ച മാതാപിതാക്കളുടെ പ്രതീകങ്ങളായി തോന്നുകയും അവരോടെല്ലാം എതിർത്തു നിൽക്കുകയും ചെയ്യും. അതിനാൽ കുട്ടികൾക്ക് വൈകാരികമായ പ്രശ്നങ്ങളോ എടുത്തുചാട്ടമോ ഉണ്ടെന്നു കണ്ടാൽ കൂടുതൽ പ്രകോപിപ്പിക്കാതെ അവരെ കേൾക്കാൻ മാതാപിതാക്കളും അധ്യാപകരും തയ്യാറായെങ്കിൽ മാത്രമേ അവരിൽ നല്ല മാറ്റങ്ങൾ വരുത്തിയെടുക്കാൻ കഴിയൂ. അമിത ലാളനയോ അമിത സമ്മർദ്ദമോ അല്ല കുട്ടികളെ മനസ്സിലാക്കി അവരോടു ചർച്ചചെയ്തു നല്ല തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് മാതാപിതാകൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.
പുറമേ ദേഷ്യക്കാരായും അമിത ആത്മവിശ്വാസമുള്ളവരായും ഒക്കെ ഈ കുട്ടികൾ കാണപ്പെടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ സ്വയം വിലയില്ലായ്മ തോന്നുന്നവരും സാഹചര്യത്തിനനുസരിച്ചു എങ്ങനെ കാര്യങ്ങളെ കൈകാര്യം ചെയ്യണം എന്ന തിരിച്ചറിവ് ഇല്ലാത്തവരും ആയിരിക്കും. അവരെ ആരെങ്കിലും കുറ്റപ്പെടുത്തുമ്പോൾ അവിടെ അവർ ഇല്ലാതെയായി തീരുംപോലെയാണ് അവർക്ക് അനുഭവപ്പെടുക. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതോടെ അവർ മോശക്കാരായി എന്നും പിന്നെ അവർക്കു ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ അവരുടെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ടാവും. സമാധാനമായി അവർക്കൊപ്പമിരുന്നു അവരുടെ ആശങ്കകളും ദേഷ്യത്തിന്റെ കാരണങ്ങളും കേൾക്കാൻ മാതാപിതാക്കളും അധ്യാപകരും തയ്യാറാവണം. ദേഷ്യപ്പെടുന്നതിനു പകരം അവർക്കു പറയാനുള്ളത് വളരെ ധൈര്യമായി ദേഷ്യം കൂടാതെ മറ്റുള്ളവരോട് പറയാനുള്ള പരിശീലനമാണ് അവർക്കാവശ്യം. ഇതിനായി ഒരു സൈക്കോളജിസ്‌റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
മിക്ക കുട്ടികളുടെ കാര്യത്തിലും കുടുംബത്തിന്റെ അന്തരീക്ഷം ശരിയാക്കാൻകൂടി മാതാപിതാക്കളും മുൻകൈ എടുത്തേ മതിയാകൂ. അവരുടെ മാതാപിതാക്കളും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരായിരിക്കും. ആലോചന കൂടാതെ എടുത്തുചാടാതെ ക്ഷമയോടെ കാര്യങ്ങളെ പരിഹരിക്കാനുള്ള മനസ്സ് മാതാപിതാക്കളും കുട്ടികളും കൂട്ടായി വളർത്തിയെടുക്കണം. അമിതമായി ലാളിക്കാതെയും അമിതമായി ശിക്ഷിക്കാതെയും പരസ്പരം കേൾക്കാനും ക്ഷമിക്കാനും തയ്യാറാകണം.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണ്)