പഠനത്തിൽ പുറകോട്ടായി, മിണ്ടാട്ടവുമില്ല; യുവാവിന്റെ ജീവിതം മാറിയ അനുഭവം പങ്കുവച്ച് സൈക്യാട്രിസ്റ്റ്

Mail This Article
പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിക്കുന്ന ആ പുത്തൂരൻ അടവുമായിട്ടായിരുന്നു ആ രോഗം എന്റെ അടുത്ത് എത്തിയത്. പലരെയും കണ്ടു, ഒടുവിൽ ഒരാൾ പറഞ്ഞതനുസരിച്ചാണ് സന്തോഷ് എന്നെ മാതാപിതാക്കളോടൊപ്പം കാണുവാനിടയായത്. ഏകദേശം 20 വയസ്സ് പ്രായമുള്ള മകനെയും കൂട്ടി എത്തിയ മാതാപിതാക്കൾ പരീക്ഷീണിതരായി തോന്നി. അലസമായ വസ്ത്രധാരണവും ഒന്നിനോടും താല്പര്യമില്ലാത്ത മട്ടിലുമായിരുന്നു സന്തോഷിന്റെ ഇരിപ്പ്. അങ്ങോട്ട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ മൗനമായി ഇരിക്കുകയോ അല്ലെങ്കിൽ ഒന്നു മൂളുകയോ മാത്രം ചെയ്തിരുന്നു. പത്താംതരത്തിൽ 98% മാർക്ക് വാങ്ങിച്ചു വിജയിച്ച അവൻ പന്ത്രണ്ടാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും ആളാകെ മാറാൻ തുടങ്ങി.
പഠനത്തിൽ താല്പര്യമില്ലായ്മ ആയിരുന്നു ആദ്യ ലക്ഷണം. പലപ്പോഴും അവൻ ഏകാന്തത ഇഷ്ടപ്പെടുന്നു. സമപ്രായമുള്ള കുട്ടികളോടൊത്ത് കളിക്കാൻ പോയിരുന്ന അവൻ അതിന് താൽപര്യക്കുറവ് കാണിച്ചു തുടങ്ങി. അവനിൽ നിസ്സംഗത പതിയെ തളം കെട്ടാൻ തുടങ്ങി. ഈ ലക്ഷണങ്ങളല്ലാതെ മറ്റൊന്നും തന്നെ അവനിൽ ഉണ്ടായിരുന്നില്ല. റിസൾട്ട് വന്നപ്പോഴേക്കും വീട്ടുകാർ ഞെട്ടി എന്ന് വേണമെങ്കിൽ പറയാം. പത്താംതരത്തിൽ 98% മാർക്ക് വാങ്ങിയ കൂട്ടിക്ക് പന്ത്രണ്ടാം ക്ലാസിൽ 50 ശതമാനം മാർക്ക് ആയി കുറഞ്ഞു. അത് പഠനത്തിൽ ഉഴപ്പിയതിനാലാണ് എന്ന് കരുതി മാതാപിതാക്കൾ സമാധാനിച്ചു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം കൈവിടാതെ അവനെ എൻജിനീയറിങ്ങിന് ചേർത്തു. തുടരെത്തുടരെയുള്ള തോൽവികളായിരുന്നു പിന്നീട് അവർ കാണേണ്ടി വന്നത്. തോറ്റപ്പോൾ അവൻ വീട്ടിൽ വന്നു, തിരികെ കോളേജിൽ പോകാൻ കൂട്ടാക്കിയില്ല. ക്രമേണ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒക്കെ താല്പര്യമില്ലാത്ത അവൻ സ്വന്തം മുറിയിൽ ഒതുങ്ങിക്കൂടി.
പ്രാർഥനയും നേർച്ചയും ഫലിക്കാതെ വന്നപ്പോൾ ചികിത്സയ്ക്കായി പലയിടത്ത് കൊണ്ടുപോയെങ്കിലും രോഗം എന്താണെന്ന് പലരും പല അഭിപ്രായമാണ് പറഞ്ഞിരുന്നത്. ഇവനു മടിയാണ്, നല്ലതല്ല് കൊടുത്താൽ മാറി കിട്ടും എന്നൊക്കെയാണ് ചിലർ ഉപദേശിച്ചത്. ഇത്ര മിടുക്കനായ ഒരു കുട്ടി എങ്ങനെ ഇത്രയും അധഃപതിച്ചു എന്ന മനോവ്യഥയിലാണ് അവസാന പ്രതീക്ഷ എന്ന മട്ടിൽ എന്നെ സമീപിക്കുന്നത്. വിശദമായ പരിശോധനയിൽ ഈ കുട്ടിക്ക് സിംപിൾ സ്കിസോഫ്രേനിയ എന്ന മനോരോഗമാണ് എന്നെനിക്ക് മനസ്സിലാക്കുവാനായി സാധിച്ചു. സിമ്പിൾ എന്ന് പറഞ്ഞപ്പോൾ നിസ്സാരം എന്ന അർത്ഥത്തിൽ ആരും ഇതിനെ എടുക്കരുതേ.
രോഗനിർണയത്തിനും ചികിത്സിച്ചു ഭേദമാക്കാനും വളരെ പ്രയാസമുള്ള ഒരു രോഗാവസ്ഥയാണിത്. അതിന്റെ ലക്ഷണങ്ങൾ വ്യത്യസ്തവും, സ്കിസോഫ്രേനിയ എന്ന രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളായ മിഥ്യാ ചിന്തകളും, ചെവിയിൽ അശരീരി കേൾക്കുകയും മായ കാഴ്ച കാണുകയും ചെയ്യുന്ന അവസ്ഥകൾ ഒന്നും തന്നെ കാണുകയുമില്ല ഈ രോഗത്തിൽ.
രോഗ ലക്ഷണങ്ങൾ
പടിപടിയായയുള്ള സ്വഭാവമാറ്റം മാത്രമായിരിക്കും പ്രധാനമായും ഈ രോഗാവസ്ഥയിൽ കാണുന്നത്, എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. ഉത്സാഹക്കുറവ്, മടി, സ്വയം പിൻവാങ്ങിയുള്ള പ്രകൃതം,സാമൂഹ്യമണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറ്റം, ഇവയൊക്കെയാണ് ആദ്യം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ ഇതൊരു മാനസികരോഗമാണോ, കൗമാരപ്രായത്തിൽ ചില കുട്ടികളിൽ സ്വഭാവേന കാണാവുന്ന ഒരു മാറ്റമാണോ, അതോ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മടി മൂലമുള്ള അടവാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ വരാം.
ക്രമേണ പ്രതിലോമ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. സംസാരം കുറഞ്ഞു തുടങ്ങുക, വൈകാരിക പ്രകടനങ്ങൾ കുറയുക, മുഖഭാവങ്ങൾ കുറയുക, സ്വന്തം കാര്യം കൂടി ചെയ്യാൻ മടി കാണിക്കുക, ശാരീരിക ചേഷ്ടയില്ലാതെ യാന്ത്രികമായ സംസാരരീതി മുതലായവ കണ്ടേക്കാം. വീണ്ടും കുറെ നാളുകൾക്കു ശേഷം ഇവർ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയും പഠനത്തിലും ഔദ്യോഗിക ജീവിതത്തിലും കാര്യക്ഷമതക്കുറവ് ഉണ്ടാവുകയും ചെയ്യും. സ്കിസോഫ്രേനിയ എന്ന രോഗത്തിന്റെ പ്രകട ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഈ രോഗം സാധാരണയായി കണ്ടു വരാത്തതിനാലും രോഗനിർണയം പലപ്പോഴും സൂക്ഷ്മമായി പഠിച്ചാൽ മാത്രം പിടി തരുന്ന ഒന്നാണിത്.
ഇനി കഥയുടെ അന്ത്യത്തിലേക്ക് വന്നാൽ..
സന്തോഷ് ഒരു വർഷത്തോളം മരുന്നുകൾ മുടങ്ങാതെ കഴിച്ചെങ്കിലും പ്രകടമായ യാതൊരു മാറ്റവും അവനിൽ കണ്ടില്ല. എന്നാൽ ക്രമേണ അവനിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. പഠനം പുനരാരംഭിക്കാൻ അവനേകദേശം ഒന്നര വർഷം വേണ്ടിവന്നു. പഠനാനന്തരം അയാൾ ഇന്ന് ഗൾഫിൽ നല്ല ജോലി ചെയ്തു ജീവിക്കുന്നു. മുടങ്ങാതെ മരുന്നു കഴിക്കുന്നത് കൂടാതെ അവൻ സാമൂഹ്യമായി ഇടപ്പെട്ട് തുടങ്ങിയപ്പോൾ കിട്ടിയ ഊർജ്ജം അവനെ സാമാന്യ നിലയിലേക്ക് എത്തിക്കുവാനായി കഴിഞ്ഞു.
സ്കിസോഫ്രേനിയ എന്ന രോഗാവസ്ഥ പൂർണ്ണമായും തുടച്ചുനീക്കുവാൻ ഈ ഘട്ടത്തിൽ സാധ്യമല്ലെങ്കിലും അർത്ഥപൂർണ്ണമായതും സമ്പുഷ്ടമായതുമുള്ള ഒരു ജീവിതം പ്രദാനം ചെയ്യുവാൻ ചികിത്സയ്ക്ക് സാധ്യമാണ്. ഡയബറ്റീസ് പോലെയുള്ള രോഗങ്ങൾ ഉള്ളവരിൽ മരുന്നിന്റെ സഹായത്തോടെ സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നതുപോലെ ഇതിനെ കരുതിയാൽ മതി എന്ന് സാരം. പണ്ട് ചങ്ങലയിലും തടവിലും പാർപ്പിച്ച് മനോരോഗികളെ മനുഷ്യരായി പോലും പരിഗണിക്കാൻ കൂട്ടാക്കാതിരുന്നിടത്ത് ആധുനിക വൈദ്യം അവരെ അർത്ഥസമ്പുഷ്ടമായ സാധാരണ ജീവിതത്തിലേക്ക് നയിക്കുവാൻ പ്രാപ്തരാക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ശരിയായ ചികിത്സയും പരിചരണവുമാണ് ഓരോ രോഗികൾക്കും വേണ്ടത്. അതുകൊണ്ട് അവരെ സമൂഹത്തിൽ നിന്നും നിഷ്കാസനം ചെയ്യാതെ ചേർത്തുപിടിക്കാം.
(ലേഖിക കൊച്ചി മെഡിക്കൽ ട്രസ്റ്റിൽ കൺസൾട്ടൻ്റ് സൈക്കയാട്രിസ്റ്റ്, ഹോസ്പിറ്റൽ)