വിവാഹജീവിതം നല്ല രീതിയിലല്ലേ പോകുന്നത്? ഈ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലുമുണ്ടോ?

Mail This Article
വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷമായി. ഇതുവരെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കഴിയുന്നില്ല. രണ്ടു കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇത്ര കാലവും പിടിച്ചുനിന്നത്. ഇനി വയ്യ. വിവാഹജീവിതത്തിൽ ആഗ്രഹിച്ച പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഒന്നും കിട്ടിയില്ല എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. പൊരുത്തക്കേടുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ മനസ്സിലാക്കി പരസ്പര സഹകരണത്തിലൂടെ മാത്രമേ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ.
നിങ്ങളുടെ വിവാഹജീവിതം നല്ല നിലയിൽ മുന്നോട്ടു പോകുന്നില്ല എന്നതിന്റെ ലക്ഷങ്ങൾ:
പരസ്പരം സംസാരിക്കുന്നത് വളരെ കുറയുക
എന്ത് സംസാരിച്ചാലും അതു പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാതെ തെറ്റായ വ്യാഖ്യാനം നൽകുന്ന അവസ്ഥ. അതിനാൽ തന്നെ കഴിവതും പരസ്പരം മിണ്ടാതെയാവുക. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് എങ്കിൽപ്പോലും വഴക്കുണ്ടാവും എന്നതിനാൽ ചർച്ച ചെയ്യാൻ തയ്യാറാവാതെ വരിക. ചിലപ്പോൾ ഭാര്യയോ ഭർത്താവോ ആരെങ്കിലും ഒരാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നേക്കാം. അങ്ങനെ ചെയ്യുന്നതും ഒരാൾ മാത്രം സംസാരിക്കുന്നതും പ്രശ്‌നപരിഹാരത്തിന് സഹായകരമല്ല.

പരസ്പര ബഹുമാനം ഇല്ലാതെയാവുക
പങ്കാളിയെ മറ്റുള്ളവരുടെ മുന്നിൽ കളിയാക്കി സംസാരിക്കുക എന്നത് വലിയ പ്രശ്നമാണ്. തനിക്കു ഒരു വിലയും നൽകുന്നില്ല എന്ന ചിന്ത ഇതുണ്ടാക്കും. വളരെ രഹസ്യമായി പങ്കാളിയോട് പറഞ്ഞ കാര്യങ്ങൾ അവരുടെ അനുവാദമില്ലാതെ മറ്റൊരാളോട് പറയുന്നതും അവർക്കു വിലനല്കാത്തതിന്റെ ലക്ഷണമാണ്.
സ്ഥിരമായ കുറ്റപ്പെടുത്തൽ
എന്ത് തീരുമാനം എടുത്താലും കുറ്റപ്പെടുത്തുക, മുൻപ് അവരെടുത്ത തെറ്റായ തീരുമാനങ്ങളെ എല്ലാം വീണ്ടും മറ്റുള്ളവരുടെ മുന്നിൽ പറയുക എന്നിവ മാനസികമായി അകലാൻ കാരണമാകും.
പരസ്പര വിശ്വാസം ഇല്ലാതെയാവുക
പല കാര്യങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെപ്പറ്റി മനഃപൂർവ്വം സത്യം പറയാതെ ഇരിക്കുക എന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. കള്ളം പറയുക, രഹസ്യങ്ങൾ ഉണ്ടാവുക എന്നതൊക്കെ വിവാഹജീവിതത്തെ തകർക്കാൻ ഇടയാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മറ്റു ബന്ധങ്ങൾ എന്നിവയെല്ലാം ഇവയിൽപെടും.

പരസ്പരം സമയം കണ്ടെത്താൻ ശ്രമിക്കാതെ വരിക
ജോലി സ്ഥലത്തു ഒരുപാട് സമയം ചിലവഴിക്കുക, പങ്കാളിക്കൊപ്പം സമയം കണ്ടെത്താൻ ശ്രമങ്ങൾ നടത്താതെ വരിക എന്നത് അവരെ തമ്മിൽ മാനസികമായി അകറ്റും. മാനസിക സമ്മർദ്ദം കാരണമോ മറ്റു കാരണങ്ങളാലോ ഭാര്യയോ ഭർത്താവോ മനഃപൂർവ്വം ഒഴിഞ്ഞു മാറുന്നത് ബന്ധത്തിൽ അകൽച്ച ഉണ്ടാക്കും.
വിശ്വാസമില്ലായ്മയും അമിത നിയന്ത്രണവും
ഒരാൾ മറ്റെയാളുടെ ഫോൺ സ്ഥിരമായി പരിശോധിക്കുക. ഇതുവരെ പ്രശ്നമായി ഒന്നും കണ്ടെത്തിയില്ല എങ്കിലും നിരന്തരം അത് ചെയ്യുന്നത് വിശ്വാസം ഇല്ലാത്തതിന്റെ ലക്ഷണമാണ്. പങ്കാളിയെ അമിതമായി നിസ്സാര കാര്യങ്ങൾക്കു നിയന്ത്രിക്കുന്നത്, ആരോടും മിണ്ടാൻ അനുവദിക്കാത്തത് എന്നിവ കുറച്ചു നാൾ തുടരുമ്പോൾ അവരിൽ അസ്വസ്ഥത ഉണ്ടാക്കും.
പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ വരുന്നത്
ഉദാ: കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പരസ്പര ധാരണ ഇല്ലാതെ വരുന്നത് കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പരസ്പരം ദേഷ്യം കാണിക്കാനും അത് പിന്നീട് മക്കളെ വളരെ നെഗറ്റീവ് ആയി ബാധിക്കാനും സാധ്യത കൂടുതലാണ്.
ഗാർഹിക പീഡനം
ശാരീരിക ഉപദ്രവവും, വൈകാരികമായ പീഡനവും വിവാഹ ജീവിതത്തെ തകർക്കും. പങ്കാളിക്ക് വ്യക്തിത്വ വൈകല്യം (ഉദാ: ബോർഡർലൈൻ പേഴ്സണാലിറ്റി, നാർസിസ്റ്റിക് പേഴ്സണാലിറ്റി) ഉണ്ട് എങ്കിൽ അവർ ചികിത്സയിലൂടെ അത് നിയന്ത്രിക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം വിവാഹ ജീവിതം തുടരുന്നതിൽ അർത്ഥമില്ല എന്ന തോന്നൽ ഉപദ്രവമേൽകുന്ന പങ്കാളിക്ക് ഉണ്ടാകും. വിവാഹ മോചനത്തിലേക്കെത്തിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്.