ADVERTISEMENT

നെയ്യാറ്റിൻകര സമാധി വിവാദത്തിൽ ഇടപെട്ട സമാധാനമുണ്ടാക്കാനെത്തിയ തിരുവനന്തപുരം സബ് കലക്ടർ ആൽഫ്രഡ് ഒ.വി. സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ബുദ്ധി വൈഭവത്തോടും സൗന്ദര്യത്തോടും ബൗദ്ധികമായ ഉയർന്ന നിലവാരതോടുമുള്ള സാപ്പിയോസെക്‌ഷ്വലുകളുടെ ആകർഷണമാണ് ഇതിനു പിന്നിലെ കാരണം. മഴവിൽ നിറങ്ങളുള്ള ഒരു പതാകയെ കണ്ടാൽ നമുക്ക് മനസ്സിലാകുന്നത് ലൈംഗിക വിഭിന്നതകളെ പ്രതിനിധീകരിക്കുന്ന എൽജിബിടിക്യു+ സമൂഹത്തെയാണ്. എന്നാൽ  ലൈംഗിക ആകർഷണത്തിന്റെ വിവിധ രൂപങ്ങളിൽ ഏറ്റവും സവിശേഷമായ ഒന്നാണ് സാപ്പിയോസെക്‌ഷ്വാലിറ്റി. മറ്റുള്ളവരുടെ ബുദ്ധിശക്തിയിലും ബൗദ്ധിക കഴിവുകളിലും ആകൃഷ്ടരാകുന്ന വ്യക്തികളെയാണ് നാം സാപ്പിയോസെക്ഷ്വൽ എന്ന് വിളിക്കുന്നത്. ലാറ്റിൻ പദമായ 'സാപിയൻസ്' (ജ്ഞാനം/വിവേകം) എന്നതിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. 

സാപ്പിയോസെക്‌ഷ്വാലിറ്റി എന്നത് ഒരു വ്യക്തിയുടെ ബുദ്ധിശക്തി, അറിവ്, ചിന്താശേഷി എന്നിവയിൽ ആകൃഷ്ടനാകുന്ന ഒരു ലൈംഗിക അഭിരുചിയാണ്. ലിംഗം, രൂപ സൗന്ദര്യം അല്ലെങ്കിൽ ശാരീരിക ആകർഷണം എന്നിവയേക്കാൾ അവർ മറ്റൊരാളുടെ ബുദ്ധിശക്തിയിലും മാനസിക പക്വതയിലും ആകൃഷ്ടരാവുന്നു.

മനുഷ്യരുടെ പ്രണയാഭിലാഷങ്ങളും ആകർഷണങ്ങളും പലതരത്തിലാണ് പ്രകടമാകുന്നത്. ചിലർ ശാരീരിക സൗന്ദര്യത്തിൽ ആകൃഷ്ടരാകുമ്പോൾ, മറ്റു ചിലർക്ക് മാനസിക സൗന്ദര്യമാണ് പ്രധാനം. രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവരാണ് സാപ്പിയോസെക്‌ഷ്വലുകൾ. ഇത്തരം വ്യക്തികൾ ഒരാളുടെ ബാഹ്യ സൗന്ദര്യത്തേക്കാൾ പ്രാധാന്യം കണക്കാക്കുക അവരുടെ ബുദ്ധിപരമായ കഴിവുകൾക്കാണ്. ഇവർക്ക് പ്രണയത്തിനും ആകർഷണത്തിനും ബുദ്ധിശക്തി മാത്രമാണ് മാനദണ്ഡം എന്നർത്ഥം. ഇവർ സ്ത്രീയോ പുരുഷനോ എൽജിബിടിക്യൂ സമൂഹത്തിൽ പെട്ടവരോ ആകാം. ആഴത്തിലുള്ള സംസാരവും, പുതിയ ചിന്തകളും, നല്ല വിവരവുമുള്ള ആളുകളെ കാണുമ്പോൾ അവരോട് പ്രത്യേക ഇഷ്ടം തോന്നുന്നവരാണ് സാപിയോസെക്‌ഷ്വലുകൾ

ഷാഫി പറമ്പിൽ എംഎൽഎ, എം സ്വരാജ്, പൃഥ്വിരാജ് സുകുമാരൻ, മുതുകാട് ഗോപിനാഥ്, ശശി തരൂർ, ജോസഫ് അന്നംക്കുട്ടി ജോസഫ് എന്നിവർക്ക് ലഭിക്കുന്ന ജന പിന്തുണ, അവർ നന്നായി സംസാരിക്കുന്നവരും ബുദ്ധിവൈഭവമുള്ളവരുമാണ് എന്ന കാരണത്താലാണ്. പ്രഗത്ഭരായ എഴുത്തുകാർ, സിനിമ സംവിധായകർ തുടങ്ങി പ്രഗത്ഭരായ അധ്യാപകരോട് വരെ ഇത്തരക്കാർക്ക് വലിയതോതിൽ ആകർഷണമുണ്ടാകാം.

സാപ്പിയോസെക്‌ഷ്വാലിറ്റി ഇപ്പോഴും സമൂഹത്തിൽ പൂർണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല. പലർക്കും ഇതിനെക്കുറിച്ച് അറിയില്ല, അല്ലെങ്കിൽ അതിനെ തെറ്റായി മനസ്സിലാക്കുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വളർച്ചയോടെ സാപ്പിയോസെക്‌ഷ്വാലിറ്റി എന്ന ആശയം കൂടുതൽ ചർച്ചയാക്കപ്പെടുന്നുണ്ട്.

സാപ്പിയോസെക്‌ഷ്വലുകളുടെ ചില സ്വഭാവ സവിശേഷതകൾ നോക്കാം 
∙ബൗദ്ധിക ജിജ്ഞാസ കൂടുതലായിരിക്കും 
ആഴത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനുള്ള താൽപര്യം, സങ്കീർണ്ണമായ പ്രശ്നങ്ങളിൽ ഇടപെടാനും, പരിഹരിക്കാനുള്ള കഴിവ്, തുടങ്ങിയവ കൂടുതലായിരിക്കും, ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താത്പര്യം കാണിക്കുമെന്ന് മാത്രമല്ല അറിവ് വർധിപ്പിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും പ്രകടിപ്പിക്കും. മികച്ച ഹാസ്യബോധവും സമർത്ഥമായ സംഭാഷണവും  വളരെയധികം ആകർഷകമായി തോന്നുന്നവരാണ് ഇക്കൂട്ടർ. ഇവർ വിശാലമായ മനസ്സിനുടമകളും സ്വന്തം താൽപര്യങ്ങളിലും വിനോദങ്ങളിലും ആവേശം കാണിക്കുന്നവരുമാണ്. 

സാംസ്കാരിക താൽപര്യങ്ങൾ
സാഹിത്യം, കല, സിനിമ തുടങ്ങിയ വിഷയങ്ങളിലുള്ള  ആഴത്തിലുള്ള താൽപര്യം ബൗദ്ധിക ചർച്ചകളിൽ പങ്കെടുക്കാനും കേൾക്കാനുമുള്ള ആവേശം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശാലമായ അറിവുകൾ എന്നിവ ഇവരുടെ പ്രത്യേകതയാണ്. ഇവർക്ക് പൊതുവെ വായന, സിനിമ കാണൽ, കലാപ്രകടനങ്ങൾ എന്നിവയിൽ താത്പര്യം കൂടുതലായിരിക്കും. സിനിമകളിലെയോ കായിക കായികേതര ഇനങ്ങളിലെയോ പ്രകടനങ്ങളൊന്നും തന്നെ ആയിരിക്കില്ല ഇത്തരക്കാരുടെ ആകർഷണം. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപെട്ട കാഴ്ചപാടുകളും പ്രവർത്തങ്ങളുമായിരിക്കും ഇവരുടെ ആരാധനാ പാത്രമാകുന്നതിലെ പ്രധാന മാനദണ്ഡം.

ബന്ധങ്ങളിലെ സവിശേഷതകൾ
സാപ്പിയോസെക്‌ഷ്വലുകൾക്ക് ബന്ധങ്ങളിൽ വളരെ പ്രത്യേകമായ ഒരു കാഴ്ചപ്പാടാണ്. അവർക്ക് ശാരീരിക ആകർഷണത്തേക്കാൾ ബുദ്ധിപരമായ ആകർഷണമാണ് പ്രധാനം. അവരുടെ പ്രണയം സംഭാഷണങ്ങളിലൂടെ, പരസ്പരം പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ, ആഴത്തിലുള്ള ചിന്തകൾ പങ്കുവെക്കുന്നതിലൂടെ വളരുന്നു. സാപ്പിയോസെക്‌ഷ്വാലുകൾക്ക് ഒരു ബന്ധത്തിൽ നിന്ന് ആഗ്രഹിക്കുന്നത് ആഴമുള്ള ബൗദ്ധിക ബന്ധമാണ് എന്നർത്ഥം. പരസ്പരം വളർത്തുന്ന ഒരു സൗഹൃദം, ഒപ്പം ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യാനും പുതിയ അനുഭവങ്ങൾ പരീക്ഷിക്കാനുമുള്ള ഒരു പങ്കാളി. അവർക്ക് ബന്ധങ്ങളിൽ സ്ഥിരതയേക്കാൾ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണ് പ്രധാനം. ബുദ്ധിപരമായി മുന്നിട്ടു നിൽക്കുന്ന വ്യക്തികളുമായുള്ള ആഴത്തിലുള്ള സംഭാഷണങ്ങൾ ഇത്തരക്കാരിൽ ആകർഷണം ഉണ്ടാക്കുകയും ലൈംഗികതാൽപര്യങ്ങൾ ഉണ്ടാക്കുമെന്നർത്ഥം   

Photo Credit: Representative image created using AI Image Generator
Photo Credit: Representative image created using AI Image Generator

സാപ്പിയോസെക്‌ഷ്വലുകളിൽ സ്ത്രീയും പുരുഷനും വ്യത്യാസപെട്ടിരിക്കുന്നു 
സാപ്പിയോസെക്ഷ്വൽ സ്ത്രീകൾ പൊതുവേ വിദ്യാഭ്യാസം, ബുദ്ധി, വിജ്ഞാനം എന്നിവയിൽ ആകൃഷ്ടരാകുന്നു. ഇത്തരം സ്ത്രീകൾ ശാരീരിക ആകർഷണത്തേക്കാൾ മാനസിക ബന്ധത്തിന് പ്രാധാന്യം നൽകുന്നവരാണ്. അവർ പങ്കാളിയുടെ ബുദ്ധിപരമായ കഴിവുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ സാപ്പിയോസെക്ഷ്വൽ പുരുഷന്മാർ ബുദ്ധിപരമായ സംഭാഷണങ്ങളിലും ചർച്ചകളിലും താൽപര്യം കാണിക്കുന്നതോടോപ്പം തന്നെ അവർ സ്ത്രീകളെ അപേക്ഷിച്ച് ശാരീരിക ആകർഷണത്തിനും പ്രാധാന്യം നൽകുന്നു എന്നുള്ളതാണ്.

സാപ്പിയോസെക്‌ഷ്വൽ സ്ത്രീകൾ പൊതുവേ ആഴത്തിലുള്ള ബന്ധങ്ങൾ തേടുന്നു. അവർക്ക് ഉപരിതലമായ ബന്ധങ്ങളോട് താൽപര്യം കുറവായിരിക്കും. പുരുഷന്മാർ ആഴത്തിലുള്ള ബന്ധങ്ങൾ തേടുമ്പോൾ തന്നെ, ചില സാഹചര്യങ്ങളിൽ താൽക്കാലിക ബന്ധങ്ങളോടും സൗഹൃദങ്ങളോടും കൂടുതൽ സൗഹാർദ്ദപരമായി സമീപിക്കാറുണ്ട്. ഇത്തരം സ്ത്രീകൾ കൂടുതൽ വികാരപരമായി ആശയവിനിമയം നടത്തുന്നു. അവർ സംവേദനക്ഷമതയോടെ കാര്യങ്ങൾ വിശദീകരിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നു. പുരുഷന്മാരാകട്ടെ കൂടുതൽ യുക്തിപരമായി കാര്യങ്ങൾ സമീപിക്കുകയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്യുന്നവരാണ് .

ഈ വ്യത്യാസങ്ങൾ പൊതുവായ പ്രവണതകൾ മാത്രമാണ്. ഓരോ വ്യക്തിയുടെയും സ്വഭാവ സവിശേഷതകൾ അനുസരിച്ച് ഇവയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ലിംഗഭേദമില്ലാതെ, സാപ്പിയോസെക്‌ഷ്വലുകളുടെ പൊതു സവിശേഷത ബുദ്ധിപരമായ ആകർഷണം മാത്രമാണ്. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ദുൽകർ സൽമാൻ അവതരിപ്പിച്ച അർജുൻ എന്ന കഥാപാത്രം പാർവതിയുടെ ക്യാരക്ടറായ ആർജെ സേറയോട് തോന്നുന്നത് ഇത്തരത്തിലുള്ള ആകർഷണത്തിന് ഉദാഹരണമായി പറയാം. ഡേറ്റിംഗ് ആപ്പുകളിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്, ക്വീർ എന്നീ ഓറിയന്റേഷനുകളിലുള്ളവർക്ക് സമാന ചിന്താഗതിയുള്ള എൽജിബിടിക്യുഎ+ ആളുകളെ കണ്ടുമുട്ടാൻ കഴിയും. ഡേറ്റിംഗ് അപ്ലിക്കേഷനുകളും മാട്രിമോണിയൽ സൈറ്റുകളും അവരുടെ ഓറിയന്റേഷൻ ലിസ്റ്റിലേക്ക് സാപിയോസെക്ഷ്വൽ പുതിയതായി ചേർത്തുകാണുന്നുണ്ട്. 

സാപ്പിയോസെക്‌ഷ്വാലിറ്റി എന്നത് വെറും ഒരു ഫാഷൻ ട്രെൻഡല്ല, മറിച്ച് യഥാർത്ഥ ലൈംഗിക വ്യക്തിത്വമാണ്. ഓരോ വ്യക്തിയുടെയും ആകർഷണങ്ങളും താൽപര്യങ്ങളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി, അവയെ ആദരവോടെ കാണേണ്ടതുണ്ട്. സാപ്പിയോസെക്ഷ്വൽ വ്യക്തികൾക്ക് അവരുടേതായ സവിശേഷമായ പ്രണയാനുഭവങ്ങളും ബന്ധങ്ങളും ഉണ്ടാകും, അത് മറ്റുള്ളവർ മനസ്സിലാക്കി ബഹുമാനിക്കേണ്ടതുണ്ട്.
(ലേഖകൻ ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ പ്രൊഫഷണൽ സോഷ്യൽ വർക്കർ)

English Summary:

Sappiosexual Dating: Finding Love Based on Brains, Not Just Beauty – A New Approach to Relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com