സിനിമയിലെ വയലൻസ് സമൂഹത്തിലേക്കു പകരുമോ? ശാസ്ത്രീയ വശങ്ങളെക്കുറിച്ച് മനഃശാസ്ത്രജ്ഞൻ പറയുന്നു

Mail This Article
എന്റെ ചിത്രങ്ങളിൽ ഞാൻ അങ്ങേയറ്റം വയലൻസ് രംഗങ്ങൾ കാണിക്കുന്നത് ഇതു കണ്ടെങ്കിലും ആളുകൾക്ക് വയലൻസിനോട് വെറുപ്പു തോന്നട്ടെ എന്നു കരുതിയാണ്- സിനിമയിലെ വയലൻസിനെക്കുറിച്ച് നടനും സംവിധായകനുമായ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. എന്നാൽ സമൂഹത്തിൽ ആക്രമണ സ്വഭാവം വർധിച്ചുവരുന്നതിൽ സിനിമകൾക്ക് പങ്കുണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല. സിനിമയിലെ വയലൻസ് രംഗങ്ങൾ സത്യത്തിൽ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ? ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് കൊച്ചി മിബോ ഹെൽത്ത് ആൻഡ് ഹാപ്പിനസ് കെയറിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. തോമസ് റാഹേൽ മത്തായി....
സിനിമയും വയലൻസും
സിനിമകൾ വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നു എന്നവകാശപ്പെടാൻ നമ്മുടെ മുന്നിൽ കൃത്യമായ ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ സിനിമകളിലെ വയലൻസ് രംഗങ്ങൾ പ്രേക്ഷകരെ നേരിട്ട് സ്വാധീനിക്കുന്നു എന്നു ഞാൻ കരുതുന്നില്ല. സിനിമയെ സിനിമയായി കാണാനും യാഥാർഥ്യ ബോധത്തോടെ അതിനെ സമീപിക്കാനും കഴിയുന്നവരാണ് മനുഷ്യർ. രണ്ടര മണിക്കൂർ ഒരു സാങ്കൽപിക കലാസൃഷ്ടി കാണുകയാണെന്ന ബോധ്യം എല്ലാവർക്കുമുണ്ട്. അതിനെ ജീവിതത്തിലേക്കു പകർത്താൻ സ്വബോധമുള്ള ആരും തയാറാകില്ല.
പിന്നെ വയലൻസിനെ ആസ്വദിക്കുന്ന, ആഘോഷിക്കുന്ന രീതി പ്രാചീനകാലം മുതൽക്കുണ്ട്. നമ്മുടെ പുരാണങ്ങളിൽ എല്ലാം അസുര നിഗ്രഹം നടത്തുന്നത് അങ്ങേയറ്റം വയലൻസോടു കൂടിയാണ്. ഗദ കൊണ്ടു തുട അടിച്ചുതകർക്കുക, മനുഷ്യനെ നടുവേ വലിച്ചു കീറുക, വാളുകൊണ്ട് തലയറുക്കുക തുടങ്ങി വയലൻസിന്റെ അതിപ്രസരം പല കഥകളിലും കാണാം. ഇതെല്ലാം നമ്മൾ ആസ്വദിക്കുന്നതല്ലാതെ ജീവിതത്തിലേക്കു പകർത്താൻ ശ്രമിക്കാറില്ലല്ലോ. ഇത് കഥയാണെന്ന തിരിച്ചറിവുള്ളതു കൊണ്ടാണിത്.

ചിലരെ ബാധിക്കാം
സാധാരണക്കാരനായ ഒരു മനുഷ്യനെ ഇത്തരം വയലൻസ് രംഗങ്ങൾ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന, മാനസിക പ്രശ്നങ്ങളുള്ള, ചെറുപ്പത്തിലോ മറ്റോ ഇത്തരം ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുള്ള ആളുകളെ ഇതു ബാധിച്ചേക്കാം. അവിടെ സിനിമ എന്ന മാധ്യമത്തെക്കാൾ അവരുടെ ഉള്ളിലുള്ള ദൗർബല്യത്തെയോ പേടിയേയോ ട്രിഗർ ചെയ്യാൻ സാധിക്കുന്ന ഒരു സംഭവം മാത്രമാണ് വയലൻസ് രംഗങ്ങൾ. അതിനു സിനിമ തന്നെ കാണണമെന്നില്ല. അതിക്രൂരമായ വയലൻസ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ധാരാളം പ്രചരിക്കുന്നുണ്ടല്ലോ. അത്തരം ദൃശ്യങ്ങൾ കണ്ടാലും ഇവർക്ക് അസ്വസ്ഥതയും വിഭ്രാന്തിയും ഉണ്ടായേക്കാം.
സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം
പണ്ട് മദ്യവും സിഗരറ്റും മാത്രമായിരുന്നു ലഹരിവസ്തുക്കളെങ്കിൽ ഇപ്പോൾ സിന്തറ്റിക് ഡ്രഗ് അഥവാ രാസലഹരിയാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടുതലായും കുട്ടികളാണ് ഉപയോഗിക്കുന്നത് എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. മദ്യപിച്ച് ഒരു കുട്ടിക്ക് ക്ലാസിൽ വരാനോ വീട്ടിലേക്കു കയറിച്ചെല്ലാനോ സ്വാഭാവികമായും സാധിക്കില്ല. എന്നാൽ രാസലഹരി ഉപയോഗിക്കുന്ന ഒരു കുട്ടിക്ക് മറ്റുള്ളവർ അറിയാതെ ഇത് ഉപയോഗിക്കാനും ക്ലാസിലോ പൊതു സ്ഥലത്തോ സാധാരണരീതിയിൽ പോകാനും സാധിക്കും. ആരും പെട്ടെന്ന് ഇത് ശ്രദ്ധിക്കില്ല. ഇതാണ് ഇവരുടെ ധൈര്യവും. ഇത്തരം രാസലഹരി ഉപയോഗിക്കുമ്പോൾ അനിയന്ത്രിതമായ ഒരു ഊർജം ഇവർക്കു ലഭിക്കുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് അറിയില്ല. ഈ സമയത്ത് അവരെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായാൽ അവർ സർവശക്തിയുമെടുത്ത് പ്രതികരിക്കും. ഇതാണ് പല കേസുകളിലും സംഭവിക്കുന്നത്.

കുറച്ചു കാലം മുൻപ് എനിക്കൊരു അനുഭവം ഉണ്ടായി. എന്റെ പേഷ്യന്റ് ആയ ഒരു പയ്യൻ ഒരു പാർട്ടിക്കു പോയി. അവിടെ വച്ച് ചിലരുമായി പ്രശ്നമുണ്ടായി. വീട്ടിലേക്ക് തിരിച്ചെത്തിയ ഇവൻ സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ച ശേഷം ഒരു കത്തിയുമായി പാർട്ടിക്ക് തിരികെ പോകുകയും നേരത്തെ പ്രശ്നമുണ്ടായവരെ ആക്രമിക്കുകയും ചെയ്തു. ഇത്തരത്തിൽ ധൈര്യം ലഭിക്കാനും ഊർജം ലഭിക്കാനുമൊക്കെ ഡ്രഗ് ഉപയോഗിക്കുന്നത് ഇപ്പോൾ വളരെ സാധാരണമാണ്.
വയലൻസ് വിപണി
സിനിമ എന്നത് വളരെ അധികം സാധ്യതകളുള്ള ഒരു വാണിജ്യ മേഖലയാണ്. അവിടെ മറ്റേതൊരു ഇമോഷനെക്കാളും വിൽപന സാധ്യത വയലൻസിന് ഉണ്ട്. വയലൻസ് ഉള്ള ചിത്രങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഈയടുത്ത് മലയാളത്തിൽ ഇറങ്ങിയ ഒരു ചിത്രം സൂപ്പർ ഹിറ്റായത് അതിലെ വയലൻസ് രംഗങ്ങൾ കൊണ്ടാണ്. വയലൻസിന് പ്രേക്ഷകരെ പിടിച്ചിരുത്താനും എന്റർടെയ്ൻ ചെയ്യിക്കാനും സാധിക്കുന്നു എന്നിരിക്കെ സിനിമകളിൽ നിന്ന് അത് ഒഴിവാക്കണം എന്നു പറയുന്നതിൽ അർഥമില്ല. മാത്രമല്ല, സമൂഹത്തിലെ റിയാലിറ്റിയാണ് പലപ്പോഴും സിനിമകളിൽ പ്രതിഫലിക്കുന്നത്. സിനിമകൾ ഇല്ലാതാകുന്നതു കൊണ്ട് റിയാലിറ്റി മാറുന്നില്ലല്ലോ.